തിരയുക

മഡഗാസ്കറിൽനിന്നുള്ള ഒരു ചിത്രം മഡഗാസ്കറിൽനിന്നുള്ള ഒരു ചിത്രം  (© WFP/Sandaeric Nirinarison)

ആഗോളതാപനത്തിന്റെ ദുരിതഫലങ്ങൾ നേരിടുന്ന മഡഗാസ്കറിൽ സഹായവുമായി കത്തോലിക്കാസഭ

കനത്ത മഴയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന മഡഗാസ്കറിലെ ജനത്തിന് കത്തോലിക്കാസഭയുടെ കൈത്താങ്ങ്. രാജ്യത്തെ ദേശീയ കാരിത്താസ് സംഘടനയാണ് ഈ അടിയന്തിരാവസ്ഥ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനസമൂഹത്തിനായുള്ള പദ്ധതികൾ മറ്റ് കാരിത്താസ് സംഘടനകളുടെ സഹായത്തോടെ മുന്നോട്ട് വച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഗോളതാപനത്തിന്റെ ഫലമായി, മഡഗാസ്കറിലെ സാധാരണജനം അനുഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള ദുരിതാവസ്ഥയിൽ കൈത്താങ്ങായി കത്തോലിക്കാസഭ. ദേശീയ കാരിത്താസ് സംഘടനയുടെ സഹായത്തോടെയാണ്, രാജ്യത്ത് വിവിധ മാനവികസഹായപ്രവർത്തനപദ്ധതികൾ സഭ ആരംഭിച്ചത്. ഇതിൽ ഇറ്റലിയിലെ കാരിത്താസ് സംഘടന ഉൾപ്പെടെ, വിവിധ ദേശീയ കാരിത്താസ് സംഘടനകൾ സഹായമേകുന്നുണ്ടെന്ന്, ആഫ്രിക്കൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഇറ്റാലിയൻ കാരിത്താസ് സംഘടനയുടെ പ്രതിനിധി ഫബ്രീത്സിയോ കവല്ലെത്തി (Fabrizio Cavalletti) പ്രസ്താവിച്ചു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സാധനസാമഗ്രികൾ എത്തിച്ചുകൊടുക്കുന്നതിന് പകരം, അവർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വേണ്ട വസ്തുവകകൾ വാങ്ങാൻ സഹായകമാകുന്ന വിധത്തിൽ സാമ്പത്തികസഹായമെത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് കവല്ലെത്തി അറിയിച്ചു. ഇത്തരമൊരു നയം, പ്രാദേശികമായി ചെറുകിട വ്യവസായങ്ങൾ വളരാനും, സമൂഹത്തിലേക്ക് പണമെത്താനും സഹായകരമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തെ പ്രാദേശിക കത്തോലിക്കാസഭയുടെ വിവിധ ഘടനകൾ വഴിയാണ്, ആളുകളിലേക്ക് സഹായങ്ങളെത്തിക്കുന്നതെന്നും, അതുവഴി യഥാർത്ഥത്തിൽ സഹായമാവശ്യമുള്ളവരെ കൃത്യമായി  കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും കാരിത്താസ് പ്രതിനിധി വ്യക്തമാക്കി. രാഷ്ട്രീയപരമായി എളുപ്പമല്ലാത്ത സ്ഥിതിയിലും സഭയുടെ സേവനപ്രവർത്തനങ്ങളെ പ്രാദേശികാധികാരനേതൃത്വങ്ങൾ അംഗീകരിക്കുകയും, അതിനോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും കവല്ലെത്തി പ്രസ്താവിച്ചു. എന്നാൽ ആഫ്രിക്കൻ പ്രദേശങ്ങളിലെ വസ്തുതകളെപ്പറ്റി ആഗോളമാധ്യമങ്ങൾ അപൂർവ്വമായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം അപലപിച്ചു. ഇറ്റലിയിലെ കത്തോലിക്കാസഭയുടെ "ആയിരത്തിനെട്ട്" എന്ന സാമ്പത്തികപദ്ധതിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കുറച്ചുവർഷങ്ങളായി മഡഗാസ്കറിൽ കനത്ത മഴയും, കൊടുങ്കാറ്റുകളും, കരകവിഞ്ഞൊഴുകുന്ന പുഴകളും, സാധാരണ സംഭവമെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളിൽ നിരവധി പേർ മരിക്കുകയും അനേകർക്ക് പരിക്കുകളേൽക്കുകയും ചെയ്തതിന് പുറമെ, നിരവധി വീടുകളും സ്ഥാപനങ്ങളും തകരുകയും, കൃഷിയിടങ്ങളിലും ഫാമുകളിലും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ രൂപം കൊണ്ട്, ഡിസംബർ 23-ന് രാജ്യത്ത് വീശിയടിച്ച "ഗ്രാന്റ്" കൊടുങ്കാറ്റാണ് മഡഗാസ്കർ ദ്വീപ് നേരിട്ട അവസാന ദുരിതം. എന്നാൽ മണിക്കൂറിൽ 147 കിലോമീറ്റർ വരെ വേഗതയിൽ 2025 ജനുവരി 15-ന് ആഞ്ഞുവീശിയ "ദിക്കലെദി" ആയിരുന്നു കഴിഞ്ഞ ഒരു വർഷം രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജനുവരി 2026, 13:30