ബിഷപ് ഷാൻ-മരീ ലോവി കഴിഞ്ഞ ദിവസത്തെ അഗ്നിബാധയുടെ ഇരകൾക്കുവേണ്ടി വിശുദ്ധ ബലിയർപ്പിക്കുന്നു ബിഷപ് ഷാൻ-മരീ ലോവി കഴിഞ്ഞ ദിവസത്തെ അഗ്നിബാധയുടെ ഇരകൾക്കുവേണ്ടി വിശുദ്ധ ബലിയർപ്പിക്കുന്നു  (ANSA)

ക്രാൻസ്-മൊന്താന അഗ്നിബാധയുടെ ഇരകൾക്ക് സാമീപ്യമറിയിച്ച് പ്രാദേശിക കത്തോലിക്കാസഭ

ജനുവരി ഒന്നാം തീയതി, സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊന്താന എന്നയിടത്തുള്ള സ്കീ-റിസോർട്ടിലുണ്ടായ അപകടത്തിൽ നാല്പതിലധികം ആളുകൾ മരണമടയുകയും നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഇരകളായവർക്കും, അവരുടെ പ്രിയപ്പെട്ടവർക്കും അനുശോചനവും സാമീപ്യവുമറിയിച്ച് പ്രാദേശിക കത്തോലിക്കാസഭ. വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ, സിയോൺ രൂപതാദ്ധ്യക്ഷൻ ബിഷപ് ഷാൻ-മരീ ലോവി, നിലവിലെ സ്ഥിതിഗതികൾ പങ്കുവച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാൽപ്പതിലധികം ആളുകളുടെ മരണത്തിനും, നൂറിലധികം ആളുകൾക്ക് പരിക്കിനും കാരണമായ ക്രാൻസ്-മൊന്താന (Crans-Montana) സ്കീ റിസോർട്ട് അഗ്നിബാധയിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തങ്ങളുടെ സാമീപ്യമറിയിച്ച് പ്രാദേശിക കത്തോലിക്കാസഭ. അപകടവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ, സിയോൺ (Sion) രൂപതാദ്ധ്യക്ഷൻ ബിഷപ് ഷാൻ-മരീ ലോവി (H.E. Msgr. Jean-Marie Lovey), സഭ ഈ അപകടത്തിന്റെ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും, പ്രത്യാശയുടെ പ്രകാശം അവർക്ക് ലഭിക്കാനായി ആശംസിക്കുന്നുവെന്നും പ്രസ്താവിച്ചു.

ഈ ദാരുണാപകടത്തിന്റെ ഇരകൾക്കായി അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് ബിഷപ് ലോവി അർപ്പിച്ച വിശുദ്ധ ബലിയിൽ നാനൂറിലധികം ആളുകൾ പങ്കുചേർന്നിരുന്നു. അപകടം നടന്നയിടത്ത് അദ്ദേഹം സന്ദർശനം നടത്തുകയും പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ ജനങ്ങൾ കനത്ത വികാരവിക്ഷോഭത്തോടെയാണ് ഈ സംഭവത്തെ കാണുന്നതെന്നും, ഈ അപകടം സംബന്ധിച്ച വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും രൂപതാദ്ധ്യക്ഷൻ അറിയിച്ചു.

സ്വിറ്സർലണ്ടിൽനിന്ന് മാത്രമല്ല, വിവിധ രാജ്യങ്ങളിൽനിന്നും എത്തുന്ന ടുറിസ്റ്റുകളും സന്ദർശകരും എത്തുന്നതും, സീസൺ കാലത്ത് മാത്രം ആളുകൾ നിറയുന്നതുമായ ഒരു പ്രദേശത്താണ് ഈ അപകടം ഉണ്ടായതെന്ന് ബിഷപ് ലോവി വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട് ദുഃഖമനുഭവിക്കുന്നവർക്ക്, ക്രൈസ്തവമായ പ്രത്യാശ ആശ്വാസം പകരട്ടെയെന്നാണ് താൻ ആശംസിക്കുന്നതെന്ന് സിയോൺ രൂപതാദ്ധ്യക്ഷൻ പ്രസ്താവിച്ചു. ഈ അഗ്നിബാധ കൊണ്ടുവന്ന വിഷമത്തിനുമപ്പുറം, ക്രിസ്തുമസും, എപ്പിഫനിയും കൊണ്ടുവരുന്ന സന്ദേശം, അപകടത്തിന്റെ ഇരകൾക്കും അവരുടെ ബന്ധുമിത്രാദികൾക്കും പ്രകാശമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ക്രാൻസ്-മൊന്താന അപകടത്തിന്റെ ഇരകളുടെ ദുഃഖം പങ്കിട്ടും തന്റെ സാമീപ്യമറിയിച്ചും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കഴിഞ്ഞ ദിവസം ഒരു ടെലെഗ്രാം സന്ദേശം അയച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2026, 13:26