തിരയുക

പാലസ്തീൻ അഭയാർത്ഥികൾ ഒരു സ്‌കൂൾ പരിസരത്ത് ക്യാമ്പടിച്ചിരിക്കുന്നു പാലസ്തീൻ അഭയാർത്ഥികൾ ഒരു സ്‌കൂൾ പരിസരത്ത് ക്യാമ്പടിച്ചിരിക്കുന്നു  (ANSA)

പാലസ്തീനയിൽനിന്നുള്ള അദ്ധ്യാപകർക്ക് ജോലി അനുമതിക്കായി ജറുസലേമിലെ ക്രൈസ്തവസ്‌കൂളുകൾ പ്രതിഷേധത്തിൽ

പാലസ്തീന പ്രദേശത്തുനിന്നുള്ള അദ്ധ്യാപകർക്ക് ജറുസലേമിൽ പ്രവർത്തനാനുമതി ചുരുക്കി ഇസ്രായേൽ നടത്തുന്ന നീക്കത്തിനെതിരെ ക്രൈസ്തവസ്‌കൂളുകൾ പ്രതിഷേധത്തിൽ. പതിനായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്ന ഇസ്രയേലിന്റെ തീരുമാനം പാലസ്തീൻ പ്രദേശത്തുള്ള അധ്യാപന, വിദ്യാഭ്യാസ സാദ്ധ്യതകളെ ദോഷകരമായി ബാധിച്ചേക്കാം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജെറുസലേമിലുള്ള സ്‌കൂളുകളിൽ ജോലി ചെയ്തിരുന്ന പാലസ്തീനയിൽനിന്നുള്ള അദ്ധ്യാപകർക്ക് പ്രവർത്തനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികാരികൾ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രദേശത്തെ ക്രൈസ്തവസകൂളുകൾ. പുതിയ നിയന്ത്രണങ്ങൾ മൂലം ജെറുസലേമിലുള്ള വിവിധ ക്രൈസ്തവസകൂളുകളിലെ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് സ്‌കൂൾവിദ്യാഭ്യാസം പുനഃരാരംഭിക്കാൻ സാധിക്കാത്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവിടെയുള്ള 12 ക്രൈസ്തവ സ്‌കൂളുകളുടെ ഡയറക്ടർമാർ പ്രതിഷേധസമരം പ്രഖ്യാപിച്ചത്.

അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശത്തുനിന്നുള്ള 171 അദ്ധ്യാപകർക്ക് ജറുസലേമിൽ പ്രവർത്തനാനുമതി പുതുക്കി നൽകില്ലെന്ന് ഇസ്രായേൽ അധികാരികൾ തീരുമാനമെടുത്തതിനെ പരാമർശിച്ചുകൊണ്ട്, അത്തരം നടപടികൾ, വിദ്യാഭ്യാസ, അദ്ധ്യാപന ജീവിതം ആഗ്രഹിക്കുന്നവരെ ദോഷകരമായി ബാധിക്കുമെന്ന്, ജറുസലേമിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമിതി സെക്രെട്ടറി ജനറൽ ജനുവരി പത്താം തീയതി പുറത്തുവിട്ട പ്രതിഷേധക്കുറിപ്പിൽ എഴുതി.

അദ്ധ്യാപകർക്കുള്ള പ്രവർത്തനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കഴിഞ്ഞ വേനൽക്കാലത്ത് തന്നെ ആരംഭിച്ചിരുന്നുവെന്നും, ജനുവരി 11 വരെ മാത്രമാണ് അവർക്ക് ഈ അനുവാദം നല്കപ്പെട്ടതെന്നും, ശനിയാഴ്ച ക്‌ളാസുകൾ ഉള്ള ദിവസമായിട്ടും ആ ദിവസങ്ങളിൽ പ്രവർത്തനാനുമതി നല്കപ്പെട്ടിരുന്നില്ലെന്നും ല സാൽ കോളേജിന്റെ ഡയറക്ടർ ബ്രദർ ദാവൂദ് കാസാബ്രി (Daoud Kassabry) വിശദീകരിച്ചു.

പാലസ്തീൻ പാഠ്യപദ്ധതിയിൽ വിദ്വേഷപ്രബോധനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇസ്രയേലിന്റെ നിലനിൽപ്പിനെ നിഷേധിക്കുന്നുവെന്നും അപലപിക്കുന്ന ഇസ്രായേൽ, ഗ്രാന്റുകൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥയായി ഇസ്രയേലിന്റെ പാഠ്യപദ്ധതി അംഗീകരിക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് മേൽ സമ്മർദ്ധം ചെലുത്തുന്നതായി പരാതിയുയരുന്നുണ്ട്. യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഏറെ സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

ക്രൈസ്തവസകൂളുകളുടെ പ്രതിഷേധത്തെത്തുടർന്ന്, ചില അദ്ധ്യാപകർക്ക് ആഴ്ചയിലെ ഏഴ് ദിവസങ്ങൾക്ക് പകരം അഞ്ചു ദിവസങ്ങളിലേക്ക് പ്രവർത്തനാനുമതി പുതുക്കി നൽകാൻ ഇസ്രായേൽ അധികാരികൾ തയ്യാറായിട്ടുണ്ട്.

നിലവിൽ വെസ്റ്റ് ബാങ്കില്നിന്നുള്ള പാലസ്തീൻകാർക്ക് ഇസ്രായേൽ പ്രദേശത്ത് ജോലി ചെയ്യാനുള്ള അനുമതി താത്കാലികമായി മാത്രമാണ് നൽകുന്നത്. പാലസ്തീൻ പ്രദേശങ്ങളിൽ പഠിച്ച അധ്യാപകർക്ക് ജോലി നൽകുന്നത് നിരോധിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു നിയമപദ്ധതി 2025-ൽ മുന്നോട്ട് വയ്ക്കപ്പെട്ടിരുന്നു. ജറുസലേമിലെ അദ്ധ്യാപകരിൽ അറുപത് ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്.

വിദ്യാഭ്യാസത്തിനായുള്ള പാലസ്തീൻ മന്ത്രിയും സമരത്തെ അനുകൂലിച്ചെത്തി. ജറുസലേമിൽ പാലസ്തീൻ പാഠ്യപദ്ധതിയനുസരിച്ച് വിദ്യാഭ്യാസം നൽകാനുള്ള പാലസ്തീന്റെ അവകാശത്തെ ഹനിക്കാനുള്ള ആക്രമണമാർഗ്ഗമാണ് ഇതെന്ന് അദ്ദേഹം അപലപിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജനുവരി 2026, 13:04