തിരയുക

തായ്ലാൻഡ് മെത്രാന്മാർ തായ്ലാൻഡ് മെത്രാന്മാർ 

മനുഷ്യാന്തസ്സിനെ ബഹുമാനിക്കുകയും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക: ജനങ്ങളോട് തായ്ലൻഡ് മെത്രാന്മാർ

ഫെബ്രുവരി മാസം എട്ടാം തീയതി, പൊതുതിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന തായ്‌ലൻഡിൽ, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുകയും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക എന്ന ആഹ്വാനവുമായി കത്തോലിക്കാ മെത്രാന്മാർ മുൻപോട്ടു വന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഓരോ വ്യക്തിയുടെയും മൂല്യത്തെയും അന്തസ്സിനെയും ബഹുമാനിക്കുകയും, വ്യക്തിപരമായ നേട്ടത്തേക്കാൾ പൊതുനന്മയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, തായ്‌ലൻഡിലെ മെത്രാന്മാർ ഇടയലേഖനം പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി 8-നാണ് പൊതു തിരഞ്ഞെടുപ്പ്.

ജനപ്രതിനിധിസഭയെ തിരഞ്ഞെടുക്കുന്നതിനാണ് ഈ തിരഞ്ഞെടുപ്പ്. ചിയാങ് മായ് ബിഷപ്പും തായ്‌ലൻഡിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ ഫ്രാൻസിസ് സേവ്യർ ഒപ്പിട്ട ലേഖനം, "ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്നതിൽ ക്രിസ്ത്യാനികളുടെ അവകാശങ്ങളും കടമകളും" എന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചത്.

തിരഞ്ഞെടുപ്പുകൾ സത്യത്തിന്റെയും നീതിയുടെയും പാത പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു ധാർമ്മിക ദൗത്യമായും സാമൂഹിക മനസ്സാക്ഷിയായും പ്രവർത്തിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നു ഫീദെസ് ഏജൻസിക്കയച്ച ഒരു കത്തിൽ എടുത്തു പറയുന്നു. സമ്മതിദാനം നൽകൽ കേവലം ഒരു നിയമപരമായ ബാധ്യതയല്ല, മറിച്ച് നമ്മുടെ സമൂഹത്തോടുള്ള പങ്കിട്ട ഉത്തരവാദിത്തമെന്ന നിലയിൽ എല്ലാ പൗരന്മാരും പങ്കിടുന്ന ഒരു ധാർമ്മിക കടമയാണെന്നു ഇടയലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

"ഈ അവകാശത്തെ അവഗണിക്കുന്നത് പൊതുനന്മയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തത്തിൽ പരാജയപ്പെടുന്നതിന് തുല്യമാണ്."  "ഈ കടമ ബാലറ്റ് പെട്ടിയിൽ അവസാനിക്കുന്നില്ല; രാഷ്ട്രീയ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ധാർമ്മിക സത്യങ്ങൾ നിരീക്ഷിക്കുന്നതും സംരക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും ലേഖനത്തിലൂടെ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.

 മനുഷ്യന്റെ അന്തസ്സ്, മനുഷ്യാവകാശങ്ങൾ, പൊതുനന്മ എന്നെ ധാർമ്മിക അടിത്തറകൾ ഇല്ലാതെയാകുമ്പോൾ, ജനാധിപത്യം  ജനങ്ങളെ അടിച്ചമർത്തുന്ന ഒരു മറഞ്ഞിരിക്കുന്ന സ്വേച്ഛാധിപത്യമായി മാറുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തെ യഥാർത്ഥ സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കും എങ്ങനെ നയിക്കണമെന്ന് അറിയാവുന്ന, ശക്തമായ ധാർമ്മികതയും സൃഷ്ടിപരമായ പൊതുനയങ്ങളുമുള്ള നേതാക്കളെ തിരഞ്ഞെടുക്കണമെന്നും, അതിനായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവും ലേഖനത്തിൽ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2026, 12:26