ഉഗാണ്ടയിൽനിന്നുള്ള മെത്രാന്മാരുടെ ഒരു ചിത്രം ഉഗാണ്ടയിൽനിന്നുള്ള മെത്രാന്മാരുടെ ഒരു ചിത്രം 

ഭരണഘടനാവിരുദ്ധമായി കത്തോലിക്കാ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടു: ഫീദെസ്

ഉഗാണ്ടയിലെ മസാക രൂപതയിൽനിന്ന് ഡിസംബർ മൂന്നാം തീയതി തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുത്തപ്പെട്ട ഫാ. സെകാബീര എന്ന വൈദികനെ രാജ്യത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായിരുന്നുവെന്ന് ഡിസംബർ 14-ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫാ. സെകാബീരയുടെ അറസ്റ് ഭരണഘടനാവിരുദ്ധമെന്ന് രാജ്യത്തെ കത്തോലിക്കാ അഡ്വക്കേറ്റുമാരുടെ അസോസിയേഷൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉഗാണ്ടയിൽ ഡിസംബർ 3 ബുധനാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുതപ്പെട്ടിരുന്ന ഫാ. ദെവുസ്ദെദിത് സെകാബീര (Fr. Deusdedit Ssekabira) എന്ന വൈദികനെ രാജ്യത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായിരുന്നുവെന്ന് ഡിസംബർ 14-ന് രാജ്യത്തെ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാൽ തികച്ചും നിഗൂഢമായ രീതിയിൽ ഫാ. സെകാബീരയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ഭരണഘടനാവിരുദ്ധമാണെന്ന് രാജ്യത്തെ കത്തോലിക്കാ അഡ്വക്കേറ്റുമാരുടെ അസോസിയേഷൻ (Uganda Catholic Lawyers Society UCLS) അഭിപ്രായപ്പെട്ടു.

ഉഗാണ്ടയിലെ മസാക (Masaka) രൂപതാവൈദികനായ ഫാ. സെകാബീരയെ ആയുധധാരികളായ ആളുകൾ, സുരക്ഷാസേനയുടെ അടയാളങ്ങളില്ലാത്ത വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും, പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകാതിരിക്കുകയുമാണ് ചെയ്തതെന്ന് പ്രാദേശിക വൃത്തങ്ങളെ അധികരിച്ച് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അറസ്റ്റ് ചെയ്തുകൊണ്ടുപോകപ്പെട്ട് രണ്ട് ആഴ്ചകൾക്ക് ശേഷമാണ്, പ്രതിരോധമന്ത്രാലയം വൈദികന്റെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചതെന്നും, പ്രത്യേകം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വാഹനത്തിന്റെ ഉപയോഗവും, ആരാണ് തങ്ങളെന്ന് അറിയിക്കാത്ത സുരക്ഷാസേനയും, രഹസ്യാത്മകമായി വൈദികനെ തടവിൽ വച്ചതും, ഏറെ താമസിച്ച് മാത്രം അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതും, നിയമപരമല്ലാത്ത സുരക്ഷാനടപടികളുടെ ഭാഗമാണെന്നും, നിയമവാഴ്ചയെ പോർവിളിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കത്തോലിക്കാ അഡ്വക്കേറ്റുമാരുടെ അസോസിയേഷൻ പ്രസ്താവിച്ചതായി ഫീദെസ് അറിയിച്ചു.

"രാജ്യത്തിനെതിരെയുള്ള അക്രമാസക്ത വിധ്വംസക പ്രവർത്തനങ്ങൾ" നടത്തി എന്ന ആരോപണമാണ് ഫാ. സെകാബീരയുടെ അറസ്റ്റിന് പിന്നാലെ സുരക്ഷാസേന ഉയർത്തിയിരുന്നത്. എന്നാൽ ഇത്തരം കുറ്റാരോപണം, ഭരണഘടന നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കാനോ, തട്ടിക്കൊണ്ടുപോകലിനെ ന്യായീകരിക്കാനോ, രഹസ്യമായി തടവിൽ വായിക്കാനോ, നീതിപൂർവ്വമായ നിയമടപടികൾ അനുവദിക്കാതിരിക്കാനോ മതിയായ കാരണമല്ലെന്ന് അഡ്വക്കേറ്റുമാർ പ്രസ്താവിച്ചു.

ഉഗാണ്ടയിലെ 1995-ലെ ഭരണഘടനയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയോ, ജാമ്യത്തിൽ വിട്ടയക്കുകയോ ചെയ്യേണ്ടതാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2025, 13:57