തിരയുക

പാപ്പാ വചനത്താൽ ആശീർവദിക്കുന്നു പാപ്പാ വചനത്താൽ ആശീർവദിക്കുന്നു  

ദൈവത്തോടുള്ള അനുസരണത്തിലാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുവാൻ സാധിക്കുന്നത്

സീറോ മലബാർ സഭ ആരാധനക്രമം മംഗളവാർത്താക്കാലം മൂന്നാം ഞായറാഴ്ച്ചയിലെ വായനകൾ ആധാരമാക്കിയ വചന വിചിന്തനം. (ലൂക്ക 1, 57-66)
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നമ്മുടെ രക്ഷകനായ ഈശോയുടെ തിരുപ്പിറവിക്കായി, ക്രിസ്തുമസിനായി ഒരുങ്ങുന്ന മംഗളവാർത്താക്കാലത്തിന്റെ ധന്യമായ മൂന്നാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ആത്മീയമായ ഒരു തീർത്ഥാടനം പോലെയാണ് ഈ കാലഘട്ടം സഭ നമുക്ക് ക്രമീകരിച്ചു തന്നിരിക്കുന്നത്. പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും നാളുകളാണിവ.

കഴിഞ്ഞ രണ്ടാഴ്ചകളിലെ നമ്മുടെ ആത്മീയ യാത്രയിലേക്ക്  ഒന്ന് തിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും. മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച, ദേവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്ത് വെച്ച് അവിശ്വസിച്ചതിലൂടെ മൂകനായിത്തീർന്ന സഖറിയായെ നാം കണ്ടു. ദൈവത്തിന്റെ പദ്ധതിക്ക് മുൻപിൽ മനുഷ്യന്റെ യുക്തി പരാജയപ്പെട്ടപ്പോൾ ഉണ്ടായ മൗനമായിരുന്നു അത്. രണ്ടാം ഞായറാഴ്ചയാകട്ടെ, "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞ് ദൈവഹിതത്തിന് മുന്നിൽ പൂർണ്ണമായി തന്നെത്തന്നെ വിട്ടുകൊടുത്ത പരിശുദ്ധ അമ്മയെ സുവിശേഷം നമുക്ക് കാട്ടിത്തന്നു. അവിശ്വാസത്തിന്റെ മൗനവും, സമർപ്പണത്തിന്റെ വചനവും കടന്ന് ഇന്ന് മൂന്നാം ഞായറാഴ്ചയിലേക്ക് എത്തുമ്പോൾ, 'വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ്' സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ഇന്നത്തെ സുവിശേഷ ഭാഗം (ലൂക്കാ 1:57-66) സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ഒത്തുചേരലാണ്. ഇവിടെ നാം പ്രധാനമായും ധ്യാനവിഷയമാക്കുന്നത്, നമ്മുടെ ക്രൈസ്തവജീവിതം എങ്ങനെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റാം എന്നതാണ്. ഇതിനായി മൂന്ന് പ്രധാന ചിന്തകൾ തിരുവചനം നമുക്ക് നൽകുന്നു.

ഒന്നാമതായി, അപമാനങ്ങളെ മാറ്റുന്ന ദൈവകരുണ:

സുവിശേഷം ആരംഭിക്കുന്നത് എലിസബത്തിന്റെ പ്രസവവും അതിനെത്തുടർന്നുള്ള സന്തോഷവും വിവരിച്ചുകൊണ്ടാണ്. സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം പൂർത്തിയാക്കി ഒരു പുത്രന് ജന്മം നൽകുന്നു. വെറുമൊരു കുഞ്ഞിന്റെ ജനനം എന്നതിലുപരി, വന്ധ്യയെന്നും, ദൈവാനുഗ്രഹം ഇല്ലാത്തവളെന്നും സമൂഹം മുദ്രകുത്തിയിരുന്ന ഒരു സ്ത്രീയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അത്. "മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് എന്നെ കടാക്ഷിച്ചു" എന്ന എലിസബത്തിന്റെ വാക്കുകൾ എത്രയോ ഹൃദയസ്പർശിയാണ്!

പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതത്തിലും നിരാശയുടെയും അപമാനത്തിന്റെയും നിമിഷങ്ങൾ ഉണ്ടായേക്കാം. 'എല്ലാം അവസാനിച്ചു' എന്ന് ലോകം വിധിയെഴുതുന്ന ചില സന്ദർഭങ്ങൾ. എന്നാൽ ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എലിസബത്ത്. അയൽക്കാരും ബന്ധുക്കളും അവളോടൊപ്പം ചേർന്ന് കർത്താവിന്റെ വലിയ കാരുണ്യത്തിൽ സന്തോഷിക്കുന്നത് കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും മാതൃകയാണ്. ദൈവത്തിന്റെ സമയം വരെ കാത്തിരിക്കാൻ തയ്യാറായാൽ, നമ്മുടെ അപമാനങ്ങളെ അലങ്കാരങ്ങളാക്കി മാറ്റാൻ ദൈവത്തിന് സാധിക്കും.

രണ്ടാമതായി, പാരമ്പര്യങ്ങളേക്കാൾ വലുതാണ് ദൈവഹിതം:

ഈ സുവിശേഷഭാഗത്തെ ഏറ്റവും സംഘർഷഭരിതമായ നിമിഷം കുട്ടിക്ക് പേരിടുന്ന ചടങ്ങാണ്. പിതാവിന്റെ പേരായ സഖറിയാ എന്ന് വിളിക്കാനാണ് ബന്ധുക്കൾ ആഗ്രഹിച്ചത്. അത് ലോകത്തിന്റെ രീതിയായിരുന്നു, കുടുംബത്തിന്റെ പാരമ്പര്യമായിരുന്നു. എന്നാൽ എലിസബത്തും സഖറിയായും  അതിനെ തിരുത്തുന്നു. അവർ അവന് 'യോഹന്നാൻ' എന്ന് പേരിട്ടു.

ഇവിടെ ഒരു വലിയ ആത്മീയ സത്യമുണ്ട്. 'യോഹന്നാൻ' എന്ന നാമത്തിന്റെ അർത്ഥം 'ദൈവം കരുണയുള്ളവനാകുന്നു' അഥവാ 'ദൈവത്തിന്റെ സമ്മാനം' എന്നാണ്. ലോകത്തിന്റെ പാരമ്പര്യങ്ങളേക്കാൾ ഉപരിയായി, ദൈവത്തിന്റെ പദ്ധതിക്ക് മുൻഗണന നൽകാൻ ആ മാതാപിതാക്കൾ തയ്യാറായി. എലിസബത്ത് പറയുന്നു: "അല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം." സഖറിയ എഴുത്തുപലകയില്‍ എഴുതിക്കാണിക്കുന്നു: "അവന്റെ പേര് യോഹന്നാന്‍ എന്നാണ്." ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ അവർ തിടുക്കം കാട്ടുകയാണ്.

ക്രിസ്തുമസിന് ഒരുങ്ങുന്ന നമ്മളോടും ദൈവം ചോദിക്കുന്നത് ഇതാണ്: ലോകത്തിന്റെ വഴികളിലൂടെയാണോ അതോ ദൈവത്തിന്റെ വഴികളിലൂടെയാണോ നാം സഞ്ചരിക്കേണ്ടത്? പലപ്പോഴും നമ്മുടെ പ്ലാനുകളും, കരിയർ സ്വപ്നങ്ങളും, വിവാഹാലോചനകളും ഒക്കെ ലോകത്തിന്റെ കണക്കുകൂട്ടലുകൾ മാത്രമായി ചുരുങ്ങിപ്പോകാറില്ലേ? എന്നാൽ, "ലോകം എന്ത് പറയും" എന്ന ചിന്തയിൽ നിന്ന് "ദൈവം എന്ത് ആഗ്രഹിക്കുന്നു" എന്ന ചിന്തയിലേക്ക് വളരുമ്പോഴാണ് യഥാർത്ഥ ക്രൈസ്തവ ജീവിതം ആരംഭിക്കുന്നത്.

മൂന്നാമതായി, അനുസരണത്തിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം:

ഇന്നത്തെ സുവിശേഷത്തിലെ ഏറ്റവും മനോഹരമായ നിമിഷം സഖറിയായുടെ നാവ് സ്വതന്ത്രമാകുന്നതാണ്. എപ്പോഴാണ് അത് സംഭവിച്ചത്? ദൈവഹിതമനുസരിച്ച് "അവന്റെ പേര് യോഹന്നാൻ എന്ന് വിളിക്കണം" എന്ന് എഴുത്തുപ്പലകയിൽ എഴുതിയ അതേ നിമിഷം!

ദൈവത്തിന്റെ വെളിപാടിനുമുന്പിൽ ദേവാലയത്തിൽ വെച്ച് തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയ ജീവിച്ചത്. ആ ഒൻപത് മാസവും അദ്ദേഹം ഒരു ധ്യാനത്തിലായിരുന്നു. ഒടുവിൽ ദൈവഹിതത്തിന് പൂർണ്ണമായി കീഴ്വഴങ്ങിയപ്പോൾ, അവിശ്വാസം മൂലം നഷ്ടപ്പെട്ട സംസാരശേഷി വിശ്വാസത്തിന്റെ സാക്ഷ്യമായി തിരികെ ലഭിക്കുന്നു. ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് സഖറിയ തന്റെ മൗനം വെടിയുന്നത്. നമ്മുടെ ജീവിതത്തിലെ പല തടസ്സങ്ങളും, പല കെട്ടുകളും മാറിക്കിട്ടാൻ ചിലപ്പോൾ ആവശ്യം ദൈവഹിതത്തിനുള്ള ഒരു പൂർണ്ണമായ 'ആമേൻ' മാത്രമായിരിക്കും.

സ്നേഹമുള്ളവരെ,

ദൈവേഷ്ടം തിരിച്ചറിയുകയും അത് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ക്രിസ്തുമസ് നമുക്ക് നൽകുന്ന സന്ദേശം. പഴയനിയമത്തിൽ ഇതിന് മനോഹരമായ ഉദാഹരണങ്ങളുണ്ട്. ഉത്പത്തി പുസ്തകം 24-ാം അദ്ധ്യായത്തിൽ, അബ്രാഹം തന്റെ മകൻ ഇസഹാക്കിനു വേണ്ടി വധുവിനെ തേടുന്ന സന്ദർഭമുണ്ട്. ദാസൻ റബേക്കയെ കണ്ടെത്തുകയും, കാര്യം അവതരിപ്പിക്കുകയും ചെയ്യുമ്പോൾ റബേക്കായുടെ വീട്ടുകാർ പറയുന്ന മറുപടി ശ്രദ്ധേയമാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്. നമ്മുടെ കുടുംബജീവിതങ്ങളിലും ഇത്തരമൊരു മനോഭാവം ഉണ്ടോ എന്ന് നാം ചിന്തിക്കണം.

മറ്റൊരു ഉദാഹരണം ഉത്പത്തി 45-ാം അധ്യായത്തിൽ കാണാം. സഹോദരങ്ങളാൽ വിൽക്കപ്പെട്ട ജോസഫ്, വർഷങ്ങൾക്ക് ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായി സഹോദരങ്ങൾക്ക് മുമ്പിൽ നിൽക്കുന്നു. “ഞാൻ ജോസഫാണ്” എന്ന് പറഞ്ഞ് അവൻ വെളിപ്പെടുത്തിയപ്പോൾ സഹോദരങ്ങൾ ഭയന്നുവിറച്ചു. എന്നാൽ ജോസഫ് അവരോട് പറയുന്നു: ”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട… കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”.

എത്ര ആഴമേറിയ ആത്മീയതയാണിത്! സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും, ചതിയെപ്പോലും ദൈവത്തിന്റെ പദ്ധതിയായി കാണാൻ, ദൈവത്തിന്റെ ഇഷ്ടമായി കാണാൻ മാത്രം ജോസഫ് വളർന്നിരിക്കുന്നു. ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്.

ഇന്നത്തെ സുവിശേഷത്തിൽ സഖറിയായുടെ  കുടുംബത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. ദൈവേഷ്ടം അന്വേഷിച്ചപ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറായപ്പോൾ അവിടെ ദൈവകൃപയുടെ വസന്തോത്സവമായി. ചങ്ങലകളെല്ലാം അഴിഞ്ഞു, സഖറിയാസ് സ്വതന്ത്രനായി. ദൈവത്തിന്റെ കരം ആ കുടുബത്തിൽ ദർശിക്കുവാൻ അയൽക്കാർക്കും ബന്ധുക്കൾക്കും സാധിച്ചു.

ഈ അവസരത്തിൽ, സഖറിയായെപ്പോലെ ഒരു പിതാവാകാൻ, എലിസബത്തിനെപ്പോലെ ഒരു മാതാവാകാൻ നമുക്ക് സാധിക്കുമോ എന്ന് ചിന്തിക്കാം.

ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കൾ നന്മയിൽ വളരണമെന്നാണ്. എന്നാൽ മക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. കേവലം ലൗകികമായ സ്വപ്നങ്ങൾക്കപ്പുറം, മക്കളെക്കുറിച്ച് ആത്മീയമായ ദർശനങ്ങൾ മാതാപിതാക്കൾക്ക് ഉണ്ടാകണം. അതിന് പരിശുദ്ധാത്മാവിന്റെ നിറവ് അനിവാര്യമാണ്.

പ്രിയപ്പെട്ടവരെ,

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ സംഭവിക്കുമ്പോൾ, സഭയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, നമ്മുടെ വ്യക്തിജീവിതത്തിൽ തകർച്ചകൾ ഉണ്ടാകുമ്പോൾ, പതറാതെ നിൽക്കാൻ നമുക്ക് സാധിക്കണം. അതിനുള്ള വഴി ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങുക  എന്നത് മാത്രമാണ്.

ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള സൂത്രവാക്യം ഈശോ പഠിപ്പിച്ചു തന്ന പ്രാർത്ഥനയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് ഈ പ്രാർത്ഥനയുടെ ശക്തികൊണ്ടാണ്. എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ വിജയം കൊയ്യുന്നത് ഈ സമർപ്പണം കൊണ്ടാണ്. പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് ഈ മനോഭാവം കൊണ്ടാണ്.

ഈ ക്രിസ്തുമസ് ഒരുക്കക്കാലത്ത്, നമുക്ക് നമ്മളെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുക്കാം. സഖറിയായെപ്പോലെ, എലിസബത്തിനെപ്പോലെ, പഴയനിയമത്തിലെ ജോസഫിനെപ്പോലെ, എല്ലാറ്റിലും ദൈവത്തിന്റെ കരം ദർശിക്കാൻ നമുക്ക് സാധിക്കട്ടെ. ദൈവം നമ്മെയും നമ്മുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഡിസംബർ 2025, 14:47