നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 130 കുട്ടികൾ സ്വാതന്ത്രരാക്കപ്പെട്ടു
ജ്യാദ ആക്വിലീനോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിലെ നൈജർ (Niger) സംസ്ഥാനത്ത് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥികൾ എല്ലാവരും സ്വാതന്ത്രക്കപ്പെട്ടതായി പ്രാദേശിക പോലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു. നവംബർ 21-ന് പപ്പീരിയിലുള്ള (Papiri) സെന്റ് മേരീസ് കത്തോലിക്കാ സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 303 കുട്ടികളിൽ അവശേഷിച്ചിരുന്ന 130 പേരെയാണ് കഴിഞ്ഞ ദിവസം സ്വാതന്ത്രരാക്കാനായത്. 12 അദ്ധ്യാപകരെയും അക്രമികൾ കൊണ്ടുപോയിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
നിലവിലെ കണക്കുകൾ പ്രകാരം, അക്രമം നടന്ന അതെ ദിവസം വൈകിട്ട് അൻപതോളം കുട്ടികൾ അക്രമികളുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഡിസംബർ ആദ്യത്തോടെ നൂറോളം കുട്ടികളെക്കൂടി സ്വാതന്ത്രക്കിയതായും പ്രാദേശികവൃത്തങ്ങൾ അറിയിച്ചു. അദ്ധ്യാപകർ ഉൾപ്പെടെ ഏവരെയും സ്വാതന്ത്രരാക്കിയതായി അവകാശപ്പെട്ടു.
നവംബർ 21-നാണ് ഒരു സായുധസംഘം മധ്യ-വടക്കൻ നൈജീരിയയിലുള്ള നൈജർ സംസ്ഥാനത്തുള്ള സെന്റ് മേരീസ് സ്‌കൂളിൽ അതിക്രമിച്ചുകയറി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയത്. മുപ്പതോളം ആളുകളെ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, സ്വതന്ത്രരാക്കപ്പെട്ടവരെ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയിലേക്ക് (Minna) കൊണ്ടുപോകും.
കഴിഞ്ഞ നവംബറിൽ മാത്രം നൈജീരിയയിൽ ഏകദേശം 15 ദിവസങ്ങൾക്കുള്ളിൽ നാനൂറോളം ആളുകളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. നവംബർ 17-ന് തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ കെബ്ബിയിലെ (Kebbi) മാഗാ (Maga) എന്ന നഗരത്തിൽ 25 വിദ്യാർത്ഥികളെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതേ ദിവസങ്ങളിൽ ക്വാര (Kwara) എന്ന തെക്കൻ സംസ്ഥാനത്തുള്ള ഒരു ദേവാലയത്തിൽനിന്ന് 38 ക്രൈസ്തവരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യത്തുടനീളമുണ്ടായ തുടർച്ചയായ തട്ടിക്കൊണ്ടുപോകലുകളും, അതേത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും നിമിത്തം പ്രസിഡന്റ് ബോല ആഹ്മെദ് തിനുബു (Bola Ahmed Tinubu), രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സുരക്ഷാസേനകളിലേക്ക് കൂടുതൽ ആളുകളെ എടുക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബോർണോ (Borno) സംസ്ഥാനത്തെ ചിബോകിൽനിന്ന് (Chibok) 2014-ൽ മുന്നൂറോളം പെൺകുട്ടികളെ ബോക്കോ ഹറാമിലെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: