വിശുദ്ധ യൗസേപ്പും പരിശുദ്ധ അമ്മയും യേശുവിന്റെ ജനനത്തിനായുള്ള കാത്തിരിപ്പും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാനവകുലത്തെ അതിന്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാനായി, പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറവായി പരിശുദ്ധ അമ്മയുടെ ഉദരത്തിൽ വചനം മാംസമായി പിറന്ന ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് ചിന്തിക്കുന്ന ഇക്കാലത്ത്, യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് വിശുദ്ധ യൗസേപ്പിനുണ്ടായ ദർശനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സുവിശേഷഭാഗമാണ് വിശുദ്ധ മത്തായിയുടെ ഒന്നാം അദ്ധ്യായം പതിനെട്ടു മുതലുള്ള തിരുവചനങ്ങൾ. വിശുദ്ധ മത്തായിയുടെ തന്നെ സുവിശേഷത്തിന്റെ ആദ്യ അധ്യായത്തിൽ യേശുവിന്റെ വംശാവലിയെക്കുറിച്ച് പറയുന്ന "യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽനിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1, 16) എന്ന ഒരു വചനത്തിന്റെ വിശദീകരണമാണ് നാം ഇവിടെ കാണുന്നത്. അനാദിമുതലേ ദൈവം മനുഷ്യർക്കായി തയ്യാറാക്കിയ വിമോചനത്തിന്റെ പദ്ധതിയുടെ ആവിഷ്കാരമാണ് ക്രിസ്തുവിലൂടെ സംഭവിക്കുന്നത്. ഈയൊരു സത്യം തന്നെയാണ് വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ ഒന്നാം അധ്യായത്തിന്റെ ആദ്യഭാഗത്തും പറഞ്ഞുവയ്ക്കുന്നത്. ദാവീദിന്റെ വംശത്തിൽ പിറന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയാണ് പൗലോസും തന്റെ ജീവിതത്തിലും വാക്കുകളിലും പ്രഘോഷിക്കുക. ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്ന് ജനിച്ച, വിശുദ്ധ ലിഖിതങ്ങളിൽ പ്രവാചകന്മാർ മുഖേന ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സുവിശേഷമാണ് ക്രിസ്തു (cf. റോമാ. 1, 2-3)
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നാം കാണുന്ന ഒരു വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ് പരിശുദ്ധ അമ്മയിലൂടെയുള്ള ക്രിസ്തുവിന്റെ ജനനം. " "അതിനാൽ കർത്താവുതന്നെ നിനക്ക് ഒരു അടയാളം തരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും" (ഏശയ്യ 7, 14).
ഇന്നത്തെ സുവിശേഷത്തിൽ പ്രധാനപ്പെട്ട ഒരു വ്യക്തി വിശുദ്ധ യൗസേപ്പാണ്. സുവിശേഷം വിശുദ്ധ യൗസേപ്പിനെ വിശേഷിപ്പിക്കുന്നത് നീതിമാൻ എന്ന സംജ്ഞയോടെയാണ്. അനീതി പ്രവർത്തിക്കാത്ത ഒരുവൻ. ശരിതെറ്റുകൾ തിരിച്ചറിഞ്ഞ്, നിയമത്തിന്റെയും മനഃസാക്ഷിയുടെയും മുന്നിൽ കടമകളും അവകാശങ്ങളും കണക്കിലെടുത്ത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒരുവനാണ് നീതിമാൻ. എന്നാൽ വിശുദ്ധ യൗസേപ്പിന്റെ കാര്യത്തിൽ ഇതിലുമപ്പുറത്തേക്ക് നീതി എന്ന ആശയത്തിന്റെ അർത്ഥം വളരുന്നുണ്ട്. യഥാർത്ഥത്തിൽ സുവിശേഷമനുസരിച്ചുള്ള നീതി എന്നത്, നിയമത്തിന്റെ മുന്നിൽ ശരിയായത് ചെയ്യുക എന്നത് മാത്രമല്ല എന്ന് നാം ഇവിടെ തിരിച്ചറിയുന്നു. വചനം പറയുക ഇപ്രകാരമാണ് "അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. നീതിപൂർവ്വം മാത്രം പ്രവർത്തിക്കുന്ന ഒരുവനെ സംബന്ധിച്ച് തന്റെ ഭാര്യയാകാൻ തീരുമാനിച്ചുറപ്പിച്ചവൾ വിവാഹത്തിന് മുൻപ് തന്നിൽനിന്നല്ലാതെ ഗർഭിണിയായി കാണപ്പെട്ടാൽ അവളെ ഉപേക്ഷിക്കുക എന്ന ഒരു കാര്യമാണ് മുന്നിലുള്ളത്. എന്നാൽ യൗസേപ്പെന്ന വ്യക്തിയുടെ മുന്നിൽ, മോശയിലൂടെ ഇസ്രായേൽ ജനത്തിന് ലഭിച്ച നിയമത്തിന്റെ അനുശാസനം മാത്രമല്ല ഉള്ളത്. ഒരു സ്ത്രീയുടെയും അവളുടെ ഉള്ളിൽ വളരുന്ന ശിശുവിന്റെയും ജീവിതം കൂടിയാണ് അവന് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ, അവളെ അപമാനിതയാക്കാൻ, യഹൂദനിയമമനുസരിച്ച് പരസ്യമായ ശിക്ഷയ്ക്ക് വിട്ടുകൊടുക്കാൻ യൗസേപ്പ് തയ്യാറാകുന്നില്ല. ഈയൊരർത്ഥത്തിൽ, മറ്റൊരുവനെ ഉപദ്രവിക്കാൻ മനസ്സാകാത്തവൻ കൂടിയാണ് യൗസേപ്പ്.
വിശുദ്ധ ഗ്രന്ഥത്തിൽ വലിയവരായി നാം കാണുന്ന പല വ്യക്തികളും, ദൈവത്തിന്റെ ഹിതത്തിനനുസരിച്ച് തങ്ങളുടെ ജീവിതങ്ങളെ, ആഗ്രഹങ്ങളെ, തീരുമാനങ്ങളെ ഒക്കെ വ്യത്യസ്തമായി ക്രമപ്പെടുത്താൻ തയ്യാറായവരാണ്. പഴയനിയമ പ്രവാചകന്മാരും, രാജാക്കന്മാരും തുടങ്ങി, ഇസ്രായേലിലെ സാധാരണക്കാരായ ജനങ്ങൾ വരെ, പലപ്പോഴും ദൈവത്തോട് മറുതലിച്ചിട്ടുണ്ടെങ്കിലും, പിന്നീടെപ്പോഴെങ്കിലും, അനുതപിച്ച്, ദൈവഹിതത്തിന് അനുരൂപരായി തങ്ങളുടെ ജീവിതത്തെ മാറ്റിയവരാണ്. ദൈവത്തോട് എതിർത്തുനിന്നവരൊക്കെ കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോയിട്ടുള്ളവരാണ്, ചെറിയവരായി കണക്കാക്കപ്പെട്ടവരാണ്. ഇന്നത്തെ സുവിശേഷത്തിൽ കാണുന്ന പരിശുദ്ധ കന്യകാമറിയാമാകട്ടെ, വിശുദ്ധ യൗസേപ്പിതാവാകട്ടെ, തങ്ങളുടെ ജീവിതങ്ങളെ ദൈവവചനമനുസരിച്ച് മാറ്റുവാൻ തയ്യാറായവരാണ്.
പരിശുദ്ധ കന്യകാമറിയം അത്തരമൊരു വ്യക്തിത്വമാണ്. വിവാഹം നിശ്ചയിക്കപ്പെട്ട ഒരു കന്യകയായിരുന്നിട്ടും, ദൈവദൂതന്റെ കല്പനയ്ക്കനുസരിച്ച് സ്വന്തം ജീവിതവും ആഗ്രഹങ്ങളും ദൈവത്തിന് പൂർണ്ണമായി വിട്ടുകൊടുത്തവൾ. ഇതാ കർത്താവിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ. പരിശുദ്ധ അമ്മയുടെ ജീവിതത്തിലുടനീളം അവൾ പാലിച്ച ഒരു ജീവിതതത്വം കൂടിയാണിതെന്ന് നമുക്ക് കാണാം. അങ്ങനെയൊരു ആത്മസമർപ്പണവും, ത്യാഗമനോഭാവവുമാണ്, കുരിശിൽ മരിച്ച്, ലോകത്തിന്റെ രക്ഷയ്ക്കായി ഉയർത്തെണീറ്റ ക്രിസ്തുവിന്റെ അമ്മയായി മാറുവാൻ അവളെ യോഗ്യയാക്കിയത്.
വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലും ഈ ഒരു ത്യാഗമനോഭാവവും സമർപ്പണവുമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ നാം കാണുന്നത്. ഏതൊരു യുവാവിനെയും പോലെ, സ്വന്തം കുടുംബത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി കാത്തിരുന്ന ഒരുവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവമാണ് വിശുദ്ധന്റെ ജീവിതത്തിലും സംഭവിക്കുന്നത്. താൻ വിവാഹം കഴിക്കാനിരിക്കുന്ന യുവതി തന്റേതല്ലാത്ത ഒരു കുഞ്ഞിനെ ഉള്ളിൽ പേറുന്നു എന്ന വാർത്ത. ഒരു പുരുഷനെയും സ്ത്രീയെയും ഭർത്താവും ഭാര്യയുമാക്കി മാറ്റുന്ന വിവാഹത്തിന്റെ ആദ്യപടിയാണ് വിവാഹനിശ്ചയം. അതിനു ശേഷം സംഭവിക്കുന്ന അവിശ്വസ്തത വ്യഭിചാരമായാണ് കണക്കാക്കപ്പെടുക. അത്തരമൊരു ജീവിതാനുഭവത്തിന് മുന്നിലും സാധാരണ മാനുഷികതയ്ക്കപ്പുറം പോകുന്ന ഹൃദയവിശാലത വിശുദ്ധ യൗസേപ്പിന്റെ ജീവിതം കാണിക്കുന്നുണ്ട്. മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യയാക്കാതെ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാനുള്ള തീരുമാനം, അന്നത്തെ സമൂഹത്തിൽ യൗസേപ്പിനെ വ്യത്യസ്തനാക്കുന്നുണ്ട്. പൂർവ്വയൗസേപ്പിനുണ്ടായതുപോലെ, ദൈവത്തിന്റെ ഹിതം വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലും സ്വപ്നത്തിലൂടെയാണ് വെളിവാക്കിക്കിട്ടുന്നത്. വീണ്ടും സ്വപ്നത്തിൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്, ദൈവജനത്തിന്റെ പാപമോചനത്തിനായുള്ള ദൈവികപദ്ധതിയുടെ രഹസ്യം വെളിവാക്കുമ്പോൾ, വിശുദ്ധ യൗസേപ്പും ദൈവഹിതത്തിനനുസരിച്ച് തന്റെ ജീവിതം വ്യത്യസ്തമായി ക്രമപ്പെടുത്തുവാൻ തയ്യാറാകുന്നു. ദൈവം തന്റെ സംരക്ഷണത്തിനേൽപ്പിച്ച കന്യകാമറിയത്തെ ദൈവഹിതമനുസരിച്ച് സ്വീകരിക്കാൻ, ദൈവപുത്രന്റെ വളർത്തുപിതാവായി ജീവിതം സമർപ്പിക്കുവാൻ വിശുദ്ധ യൗസേപ്പ് തയ്യാറാകുന്നു. ദൈവത്തിന്റെ കല്പനകൾക്കു മുന്നിൽ അടിയറവു പറയുന്ന വലിയ മനുഷ്യൻ.
മറിയത്തിന്റെ പുത്രനായി ജനിച്ച ശിശുവിന് വിശുദ്ധ യൗസേപ്പ് യേശു എന്ന പേരാണ് ഇടുന്നത്. യഹൂദജനത്തിനിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ജോഷ്വ എന്ന ഹെബ്രായനാമത്തിന് ദൈവം സഹായിക്കുന്നു, ദൈവം രക്ഷിക്കുന്നു എന്നൊക്കെയുള്ള അർത്ഥവ്യാഖ്യാനങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ "ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും" എന്ന ദൈവികവാഗ്ദാനത്തിന്റെ പൂർത്തീകരണമെവിടെ എന്ന ഒരു ചോദ്യം നമ്മിലുണ്ടായേക്കാം. വിശുദ്ധ മത്തായിയുടെ തന്നെ സുവിശേഷത്തിന്റെ ഇരുപത്തിയെട്ടാം അധ്യായത്തിൽ ഇതിനുള്ള ഉത്തരം നമുക്ക് കണ്ടെത്താനാകും. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകുന്ന ഒരു വാഗ്ദാനം ഇന്നത്തെ സുവിശേഷത്തിൽ ദൈവദൂതൻ നൽകുന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് എന്ന് നമുക്ക് പറയാൻ സാധിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ജനതകൾക്ക് ജ്ഞാനസ്നാനം നൽകുവാനുള്ള കൽപ്പനയ്ക്ക് ശേഷം അവിടെ യേശു പറയുന്നുണ്ട് "യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്തായി 28, 20). ദൈവത്തിന്റെ വാഗ്ദാനങ്ങൾ കാലാന്തരങ്ങൾക്കുമപ്പുറം ജീവിക്കുന്ന സത്യമായി മാറിയിട്ടുണ്ട്. പരിശുദ്ധ കന്യകയിൽനിന്ന് പിറന്ന്, നീതിമാനായ യൗസേപ്പിന്റെ സംരക്ഷണയിൽ വളർന്ന യേശു, ക്രിസ്തുവായി, എമ്മാനുവേലായി, എന്നും കൂടെ വസിക്കുന്ന ദൈവമായി പരിശുദ്ധ കുർബാനയിൽ നമ്മോടൊപ്പം വസിക്കുന്നുണ്ട്.
യേശുക്രിസ്തുവിന്റെ ജനനത്തിനൊരുങ്ങുന്ന നമുക്ക് കൂടുതൽ ഒരുക്കമുള്ളവരായി ഈ ദിനങ്ങൾ ജീവിക്കാൻ പരിശ്രമിക്കാം. പ്രവാചകരിലൂടെയും, ദൈവദൂതരിലൂടെയും അറിയിക്കപ്പെട്ട രക്ഷയുടെ സുവിശേഷമായ ക്രിസ്തുവിനെ ജീവിതത്തിൽ യോഗ്യമായ പുൽക്കൂടൊരുക്കി സ്വീകരിക്കുവാൻ നമുക്ക് നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കാം. പരിശുദ്ധ അമ്മയുടെ തിരുവുദരം പോലെ, വചനമായ, ജീവനായ യേശുവിന് വസിക്കുവാൻ തക്ക വിശുദ്ധിയുള്ളതാകട്ടെ നമ്മുടെ ഹൃദയങ്ങളും. നമ്മുടെ തീരുമാനങ്ങളെക്കാൾ ദൈവഹിതത്തിനു മുന്നിൽ എളിമയോടെ, അനുസരണയോടെ ജീവിക്കുന്ന വ്യക്തികളാകാൻ പരിശ്രമിക്കാം. നീതിയുള്ള മനുഷ്യരായി, എന്നാൽ വിശുദ്ധ യൗസേപ്പിനെപ്പോലെ കരുണയോടെ, ക്ഷമയോടെ മറ്റുള്ളവരുടെ ജീവിതങ്ങളെ മാനിക്കാനും, വിശുദ്ധൻ ക്രിസ്തുവിനും പരിശുദ്ധ അമ്മയ്ക്കും സംരക്ഷണമേകിയതുപോലെ, മറ്റുള്ളവർക്ക് കരുതലേകുന്ന മനുഷ്യരായി ജീവിക്കുവാനും നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിനെ സ്വീകരിച്ച് ഈ ലോകത്തിൽ അവനെ പ്രഘോഷിച്ച് ജീവിക്കാനുള്ള നമ്മുടെ വിളിയിൽ ക്രിസ്തുവിന്റെ വരവിനു യോജിച്ച വാസസ്ഥലങ്ങളായി മാറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എമ്മാനുവേലായി, കൂടെയുള്ള ദൈവമായി കർത്താവ് എന്നും നമ്മോടുകൂടെ വസിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: