തിരയുക

വിശുദ്ധ വാതിൽ കടക്കുന്ന വിശ്വാസികൾ - വിശുദ്ധ പത്രോസിന്റെ ബസലികയിൽനിന്നുള്ള ദൃശ്യം വിശുദ്ധ വാതിൽ കടക്കുന്ന വിശ്വാസികൾ - വിശുദ്ധ പത്രോസിന്റെ ബസലികയിൽനിന്നുള്ള ദൃശ്യം 

പ്രാദേശികസഭകളിലെ "പ്രത്യാശയുടെ ജൂബിലിവർഷം" അവസാനിച്ചു

"പ്രത്യാശയുടെ ജൂബിലി" വർഷവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയിരുന്ന "സ്‌പേസ് നോൺ കൊൺഫൂന്തിത്" പ്രകാരം, ഡിസംബർ 28-ന് പ്രാദേശികസഭകളിലെ ജൂബിലി വർഷം പരിസമാപ്തിയിലേക്കെത്തി. 2024 ഡിസംബർ 29-നായിരുന്നു, വിവിധ പ്രാദേശികസഭകളിൽ ജൂബിലി വർഷം ആരംഭിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025-ലെ ജൂബിലി വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ "സ്‌പേസ് നോൺ കൊൺഫൂന്തിത്" പ്രകാരം 2024 ഡിസംബർ 29-ന് ആരംഭിച്ച പ്രാദേശികസഭകളിലെ ജൂബിലി വർഷം അവസാനിച്ചു. 2025 ഡിസംബർ 28 ഞായറാഴ്ചയാണ്, ലോകമെങ്ങുമുള്ള പ്രാദേശികസഭകളിൽ, ക്രൈസ്തവമായ പ്രത്യാശയുടെ സന്ദേശം പരത്തിയ ജൂബിലി വർഷത്തിന് പര്യവസാനമായത്.

"പ്രത്യാശയുടെ വർഷം" പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭാഗമായി റോമിലെ വിശുദ്ധ പത്രോസിന്റെ ബസലിക്ക, മേരി മേജർ ബസലിക്ക, റോം രൂപതയുടെ കത്തീഡ്രൽ ദേവാലയം കൂടിയായ ജോൺ ലാറ്ററൻ ബസലിക്ക, റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്ക എന്നിവിടങ്ങളിലും, റേബിബ്ബിയയിലുള്ള ജയിലിലും ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം വിശുദ്ധ വാതിലുകൾ തുറന്നുവെങ്കിലും, ദൂരദേശങ്ങളിലുള്ള ആളുകൾക്ക് വിശുദ്ധ വാതിൽ കടക്കാനും, ദണ്ഡവിമോചനം നേടാനുമുള്ള സാധ്യത എളുപ്പമല്ലാത്തതുകൊണ്ട്, വിവിധ രൂപതകളിൽ "ജൂബിലിയ്ക്കായി" പ്രത്യക ചാപ്പലുകൾ തിരഞ്ഞെടുക്കാൻ പരിശുദ്ധ പിതാവ് അനുമതി നൽകിയിരുന്നു.

ഭാവിയെക്കുറിച്ച് സംശയങ്ങളോടെയും ദോഷൈകഭാവത്തിലും നോക്കിക്കാണാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് ക്രൈസ്തവമായ പ്രത്യാശയുടെ സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു "പ്രത്യാശയുടെ ജൂബിലി വർഷം" പ്രഖ്യാപിക്കപ്പെട്ടത്. നന്മയ്ക്കായുള്ള ആഗ്രഹവും കാത്തിരുപ്പുമായി, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിലുള്ള പ്രത്യാശയെ പുനരുദ്ധരിക്കുകയായിരുന്നു പാപ്പാ ഈ വർഷത്തിലൂടെ ഉദ്ദേശിച്ചത്.

റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിലെ വിശുദ്ധ വാതിൽ അടക്കപ്പെട്ടതും, പ്രാദേശികസഭകളിലെ ജൂബിലി വർഷം അവസാനിച്ച ഡിസംബർ 28 ഞായറാഴ്ച തന്നെയായിരുന്നു.

അതേസമയം, മേരി മേജർ ബസലിക്കയിലെ വിശുദ്ധ വാതിൽ, ബസലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരവും, ജോൺ ലാറ്ററൻ ബസലിക്കയിലേത്, റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാർ ജനറൽ, കർദ്ദിനാൾ ബാൾദോ റെയ്‌ന മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 27 ശനിയാഴ്ച രാവിലെയും അടയ്ക്കപ്പെട്ടിരുന്നു.

മേജർ പേപ്പൽ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിൽ അവസാനമായി അടയ്ക്കപ്പെടുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വാതിലായിരിക്കും. ജനുവരി ആറാം തീയതി ചൊവ്വാഴ്ച ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങോടെ ആഗോള കത്തോലിക്കാ സഭയിലെ "പ്രത്യാശയുടെ ജൂബിലി വർഷം" അവസാനിക്കും.

എന്നാൽ റോമിലെ റേബിബ്ബിയയിലുള്ള ജയിലിൽ തുറന്ന വിശുദ്ധ വാതിൽ അടയ്ക്കുന്ന തീയതി വ്യക്തമായിട്ടില്ല. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഡിസംബർ 2025, 13:38