തിരയുക

അമലോത്ഭവമാതാവ് അമലോത്ഭവമാതാവ് 

അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളുമായി ബന്ധപ്പെട്ട സഭാ-ദൈവശാസ്ത്ര വിചിന്തനം
ശബ്ദരേഖ - അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയം

റവ. ഫാ. ഡോ. ജോർജ് കറുകപ്പറമ്പിൽ MSP, കോട്ടയം അതിരൂപത

പരിശുദ്ധ കന്യകാമറിയത്തോടുള്ള ആദരവും സ്നേഹവും ക്രിസ്തുമതത്തിന്റെ ആദ്യകാലം മുതൽ നിലനിന്നിരുന്നതാണ്. അതു വളർന്ന് ഇന്നും മറിയത്തോടുള്ള വണക്കത്തിനു കുറവു കൂടാതെ സഭ പാലിച്ചു പോരുന്നു. മറിയത്തോടുള്ള അതിരുകവിഞ്ഞ ഭക്തിപാരവശ്യത്തിൽ ചില വ്യതിയാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നു സഭ അംഗീകരിക്കുന്നു.

മറിയം അമലോത്ഭവ

ക്രിസ്തുമത വിശ്വാസ സത്യങ്ങളോടു ചേർന്നു പോകുന്ന നാലു മരിയൻ വിശ്വാസസത്യങ്ങളുണ്ട്; മറിയം ദൈവമാതാവാണ്, അമലോത്ഭവയാണ്, നിത്യകന്യകയാണ്, സ്വർഗ്ഗാരോപിതയാണ് എന്നിവയാണ് ഈ മരിയൻ വിശ്വസസത്യങ്ങൾ. ഈ നാലു മരിയൻ വിശ്വാസസത്യങ്ങളുടെയും അടിസ്ഥാനമായി നിൽക്കുന്നത് പരിശുദ്ധ മറിയം ദൈവമാതാവാണ് എന്നതാണ്. മറിയം ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് അവൾ അമലോത്ഭയായി ജനിച്ചു, അവൾ നിത്യകന്യകയായി ജീവിച്ചു, ആത്മശരീരങ്ങളുടെ സ്വർഗ്ഗത്തിലേക്കു കരേറ്റപ്പെട്ടു ത്രിത്വ മഹത്വത്തിൽ ത്രിലോക രാജ്ഞിയായി വാണരുളുന്നു.

മറിയം അമലോത്ഭവയായതുകൊണ്ട് അവൾ ആദത്തിന്റെ മറ്റെല്ലാ മക്കളിൽനിന്നും വിഭിന്നയായി പാപക്കറ പുലരാതെ – ഉത്ഭവപാപമില്ലാതെ - ജന്മപാപമില്ലാതെ ജനിച്ചു എന്നതാണ് മറിയം അമലോത്ഭവയായി ജനിച്ചു എന്ന വിശ്വാസത്തിന്റെ ഉള്ളടക്കം. ഈ വലിയ സത്യം ആഘോഷിക്കുന്ന തിരുനാളാണ് ഡിസംബർ മാസം 8 ആം തീയതി സഭ ആഘോഷിക്കുന്നത്.

ഉത്ഭവപാപം- ജന്മപാപം

ഉത്ഭവപാപം എന്നതു സഭയുടെ അടിസ്ഥാനപഠനമാണ്. ആദിമാതാപിതാക്കളായ ആദത്തെയും ഹവ്വയെയും ദൈവം സൃഷ്ടിച്ച് അവരിൽ എല്ലാതരത്തിലുള്ള അനുഗ്രഹവും കൃപയും നിറച്ച്, പ്രഭാവസ്ത്രത്താൽ അലംകൃതരാക്കി പറുദീസായിൽ പാർപ്പിച്ചു. (ഉല്പത്തി 1, 26-31; 2, 18-25). ദൈവകൽപ്പന ലംഘിച്ച് അവർ പാപികളായി. ആദത്തിന്റെ അല്ലെങ്കിൽ ആദി മാതാപിതാക്കന്മാരുടെ ഈ പാപാവസ്ഥ എങ്ങനെയാണ് ആദത്തിന്റെ സന്തതി പരമ്പരകളുടെ പാപമായി തീരുന്നത്?  മതബോധന ഗ്രന്ഥം ഇതിനു കൃത്യമായി ഇങ്ങനെ ഉത്തരം നൽകുന്നു; "ആദത്തിൽ-ആദിമാതാപിതാക്കളിൽ മനുഷ്യവംശം മുഴുവനും ഒരു മനുഷ്യന്റെ ശരീരം പോലെയാണ് (St Thomas Aquinas, De Malo 4, 1). മനുഷ്യവംശത്തിന്റെ ഈ ഐക്യം മൂലം സർവ്വ മനുഷ്യരും ആദത്തിന്റെ പാപത്തിൽ പങ്കുകാരായി, സർവ്വരും ക്രിസ്തുവിന്റെ നീതിയിൽ പങ്കുകാരായതു പോലെ. ആദം ഉത്ഭവവിശുദ്ധിയും നീതിയും സ്വീകരിച്ചതു തനിക്കുവേണ്ടി മാത്രമായിരുന്നില്ല, പ്രത്യുത, മനുഷ്യപ്രകൃതിക്കു മുഴുവൻ വേണ്ടിയായിരുന്നുവെന്നു വെളിപാടിലൂടെ നാം അറിയുന്നു. പ്രലോഭകനു വഴങ്ങിക്കൊടുക്കുക നിമിത്തം ആദവും ഹവ്വയും വ്യക്തിപരമായ ഒരു പാപം ചെയ്തു; ഈ പാപം മനുഷ്യ പ്രകൃതിയെ ബാധിച്ചു; ഈ പ്രകൃതിയെയാണ്, ആദിമാതാപിതാക്കന്മാർ തങ്ങളുടെ നിപതിച്ച അവസ്ഥയിൽ പിൻതലമുറകളിലേക്കു സംക്രമിപ്പിക്കേണ്ടിയിരുന്നത്. പ്രജനനത്തിലൂടെ, അതായത്, ഉത്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയുടെ സംപ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മനുഷ്യരാശിയിലേക്കും സംക്രമിക്കുന്നത്. തന്മൂലം സാധര്‍മികാർത്ഥത്തിൽ മാത്രമാണ് ഉത്ഭവപാപത്തെ പാപം എന്നു നാം വിളിക്കുന്നത്; പ്രവർത്തിച്ച പാപമല്ലിത്; പ്രത്യുത, പകർന്നു കിട്ടിയ പാപമാണ്; ഇതൊരു അവസ്ഥാവിശേഷമാണ്, പ്രവർത്തിയല്ല" (മതബോധന ഗ്രന്ഥം 404).

ആദത്തിന്റെ പരമ്പരയിൽ മനുഷ്യനായി ജനിക്കുന്ന ഏതൊരു മനുഷ്യനിലും ഉത്ഭവവിശുദ്ധിയുടെയും നീതിയുടെയും അഭാവമുണ്ടായി. പാപത്തിലേക്കുള്ള പ്രവണത മനുഷ്യനിലുണ്ടായി; പാപാസക്തി എന്ന് ഇതിനെ വിളിക്കുന്നു. തിന്മയിലേക്കുള്ള ഈ പ്രവണത അവനിൽ രൂഢമൂലമായി. അതാണ് ഉത്ഭവപാപം എന്നു പറയുന്നത്.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഈ പങ്കിലതയിൽനിന്നു ദൈവം പരിരക്ഷിച്ചു ജനിപ്പിച്ചു. മാനവവംശത്തിന്റെ രക്ഷകനായി ജനിക്കാനിരുന്ന ദൈവപുത്രനായ മിശിഹായുടെ അമ്മയായി തീരുന്നതിനു മറിയത്തെ ആ സ്ഥാനത്തിനു ആവശ്യമായ ദൈവികദാനങ്ങളാൽ അവളെ പൂർണ്ണയാക്കി. അങ്ങനെ മറിയത്തെ എല്ലാവിധ പാപക്കറുകളിൽനിന്നും ഉത്ഭവപാപത്തിൽനിന്നും ഒഴിവാക്കി നിർമലയായിത്തന്നെ ജനിപ്പിച്ചു. ഈ സത്യമാണ് അമലോത്ഭവ പ്രഖ്യാപനത്തിൽ സഭ സ്വീകരിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്.

1854-ൽ ഒമ്പതാംപിയൂസ് മാർപാപ്പാ അമലോത്ഭവ സത്യം പ്രഖ്യാപിച്ചതിന്റെ ഉള്ളടക്കം ഇതാണ്:

"അനന്യമായ ദൈവകൃപയാലും സർവ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകൾ മുൻനിർത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ (മറിയം അന്നയുടെ ഉദരത്തിൽ ജനിച്ച നിമിഷം മുതൽ) ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽനിന്നും പരിരക്ഷിക്കപ്പെട്ടു" (Pious IX, Ineffabilis Deus DS 2803; മതബോധന ഗ്രന്ഥം 491)

സർവ്വവിശുദ്ധയും (panagia) പാപസ്പർശനം ഏൽക്കാത്തവളുമായ മറിയം പരിശുദ്ധാത്മാവിനാൽ പ്രത്യേകമായ വിധം രൂപപ്പെടുത്തിയ പുതിയ സൃഷ്ടിയാണ് (ജനതകളുടെ പ്രകാശം 56). ഉത്ഭവത്തിലെ പാപരഹിതയായ മറിയം തന്റെ ജീവിതകാലം മുഴുവൻ വ്യക്തിപരമായ എല്ലാ പാപങ്ങളിൽനിന്നും (കർമ്മ പാപങ്ങളിൽനിന്നും) വിമുക്തയായിരുന്നു (മതബോധന ഗ്രന്ഥം 493). ഇത്തരത്തിൽ ആദിമാതാപിതാക്കന്മാരിൽ നിന്നു പകർന്നു കിട്ടിയ ഉത്ഭവപാപത്തിൽനിന്നും (മതബോധന ഗ്രന്ഥം 404) വ്യക്തിപരമായ പ്രവർത്തനങ്ങളിൽനിന്നുമുള്ള കർമ്മപാപത്തിൽനിന്നും മറിയം വിമുക്തയായിരുന്നു എന്നതാണ് അമലോൽഭവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അവൾ അമലോത്ഭവയായിരുന്നു; ജന്മപാപരഹിതയായിരുന്നു; അങ്ങനെ അവൾ കൃപാവര സമ്പൂർണ്ണയായി (ലൂക്ക 1, 28).  ഈ അടിസ്ഥാനത്തിലാണു മറിയം അമലോത്ഭവയായി പിറന്നു എന്നതു വിശ്വാസസത്യമായി സഭ പ്രഖ്യാപിച്ചത്.

മറിയം രക്ഷിക്കപ്പെടേണ്ടിയിരുന്നൊ?

പ്രസക്തമായ ഒരു ചോദ്യമാണിത്. അതെ, മറിയം രക്ഷിക്കപ്പെടേണ്ടവളായിരുന്നു എന്നതാണ് അതിന്റെ വ്യക്തമായ ഉത്തരം. മറിയം രക്ഷിക്കപ്പെട്ടവളാണ്. മറിയം ഉത്ഭവപാപത്തിൽനിന്നും അവൾ അന്നയുടെ ഉദരത്തിൽ ജനിച്ച ആദ്യനിമിഷം മുതൽ രക്ഷിക്കപ്പെട്ടവളാണ്. അവൾ രക്ഷിക്കപ്പെട്ടതു മിശിഹായുടെ കുരിശിലെ ബലിയുടെ ഫലത്താൽ തന്നെയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇങ്ങനെ പഠിപ്പിക്കുന്നു: "സ്വപുത്രന്റെ യോഗ്യതകളെ മുൻനിർത്തി കൂടുതൽ ഉന്നതമായ രീതിയിൽ രക്ഷിക്കപ്പെട്ടവളാണു മറിയം" (തിരുസഭ 53) മറിയം അമലോത്ഭവയാണ് എന്നു സഭ പഠിപ്പിക്കുമ്പോൾ:

1. അവൾ ദൈവപുത്രനായ മിശിഹാ (ആദിയിൽ മാതാവില്ലാതെ ജനിച്ചവൻ കാലത്തിൻ്റെ തികവിൽ പിതാവില്ലാതെ) പരിശുദ്ധാത്മാവിനാൽ ജനിച്ചതു പോലെയാണ് എന്നല്ല മനസ്സിലാക്കേണ്ടത്

2. പാപരഹിതയായി ഭൂമിയിൽ ജനിച്ചു എന്നുമല്ല

3. മറിയം സാധാരണ ഒരു യഹൂദ പൈതലായി ജനിച്ചവൾ തന്നെയാണ്

എന്നാൽ, ദൈവപുത്രൻ അവളിൽനിന്നു ശരീരം സ്വീകരിച്ച് അവളിൽ വസിക്കാൻ ഇരുന്നവളായിരുന്നതുകൊണ്ട് അവൾ അന്നയുടെ ഉദരത്തിൽ ഉരുവായ നിമിഷംമുതൽ-സാധാരണ പുരുഷ സ്ത്രീ ബന്ധത്തിൽ ഉരുവായ നിമിഷം മുതൽ അവൾ പാപരഹിതയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും സഭാപിതാക്കന്മാരും

ഉത്പ 3, 15-ൽ സാത്താന്റെ തലതകർക്കാൻ ജനിക്കുന്ന സ്ത്രീയെക്കുറിച്ചു പരാമർശിച്ചിരിക്കുന്നതു മറിയമാണ് എന്നു നിരവധി വിശുദ്ധ ഗ്രന്ഥപണ്ഡിതർ നിഗമനത്തിലെത്തുന്നു. തിന്മയുമായുള്ള അവളുടെ നിത്യമായ ശത്രുതയാണ് ഈ വാക്കുകളിൽനിന്നു നാം മനസ്സിലാക്കേണ്ടത്. തിന്മ ഇല്ലാത്തവളും തിന്മയ്ക്കെതിരെ പോരാടുന്നവളുമാണു മറിയം എന്നു ഇതു വ്യക്തമാക്കുന്നു.

കൃപ നിറഞ്ഞവളെ - കൃപയായവളെ എന്ന ഗബ്രിയേൽ ദൂതന്റെ അഭിസംബോധന (ലൂക്ക 1, 28) അവൾ ചെയ്ത നന്മ പ്രവർത്തികളുടെ ഫലമായി മനസ്സിലാക്കേണ്ടതല്ല. അവളെ ദൈവമാതാവാകാൻ തിരഞ്ഞെടുത്തു എന്നു വ്യക്തം. അവൾ ദൈവകൃപയാൽ നിറഞ്ഞവൾ എന്നത് പാപമില്ലാത്തവൾ എന്നാണ് അർത്ഥമാക്കുന്നത്. ഇത് അവളിൽ പാപത്തിന്റെ മാലിന്യമില്ല എന്നതിനു സ്വർഗ്ഗം നൽകുന്ന സാക്ഷ്യമാണ്.

നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദരഫലവും അനുഗ്രഹീതമാണ് (ലൂക്ക 1, 42) എന്ന എലിസബത്തിന്റെ പ്രഖ്യാപനം ഒന്നാമതായി, മറിയം ദൈവമാതാവാണെന്ന ഒരു മനുഷ്യസ്ത്രീയുടെ പ്രഥമ പ്രഖ്യാപനമാണ്. രണ്ടാമതായി, മറിയത്തിന്റെ പാപമില്ലാത്ത അവസ്ഥയെ അവളുടെ ഉദരഫലമായ ഈശോയുടെ പാപമില്ലായ്മയോടു താരതമ്യം ചെയ്ത് മനസ്സിലാക്കാവുന്നതാണ്.

എല്ലാ സഭാ പിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും മറിയത്തിന്റെ അമലോത്ഭവത്തെ പൂർണമായി അംഗീകരിച്ചിട്ടില്ല. അതു മറിയത്തിലുള്ള അവരുടെ വിശ്വാസക്കുറവായിട്ടല്ല മനസ്സിലാക്കേണ്ടത്. ഈശോമിശിഹായുടെ ബലിയുടെ ഫലം അവൻ ജനിക്കുന്നതിന് മുമ്പുള്ളവരുടെ നിത്യരക്ഷയെ എങ്ങനെ സാധ്യമാക്കിയെന്നു ശരിയായ വിധത്തിൽ മനസ്സിലാക്കാൻ അന്നത്തെ ദൈവശാസ്ത്രത്തിനു സാധിക്കാതിരുന്നതുകൊണ്ടാണ്. എങ്കിലും, ബഹുഭൂരിപക്ഷം പേരും അമലോത്ഭവം പൂർണമായി അംഗീകരിച്ചിട്ടുണ്ട്.

ഉത്ഭവപാപവും രക്ഷയ്ക്കുള്ള ദൈവകൃപയുടെ ആവശ്യവും നിഷേധിച്ച പെലാജിയൂസിനെതിരായി പരിശുദ്ധ കന്യകാമറിയം ഒഴിച്ച് എല്ലാ മനുഷ്യരിലും വ്യക്തിപരമായ പാപവും ഉത്ഭവപാപവും നിലനിൽക്കുന്നുവെന്ന് വിശുദ്ധ അഗസ്തിനോസ് പഠിപ്പിക്കുന്നു (De natura et Gratia - On Nature and Grace 36 CSEL 60, 263-264). വിശുദ്ധ അംബ്രോസും വിശുദ്ധ സേവേരിയൂസും ക്രീറ്റിലെ വിശുദ്ധ ആൻഡ്രൂസും അഞ്ചിറായിലെ തെയോഡോറ്റസും (On the Nativity of the Mother of God PG 96, 672) ദമാസ്കസിലെ വിശുദ്ധ യോഹന്നാനും ഇതേ ആശയം പഠിപ്പിക്കുന്ന സഭാപിതാക്കന്മാരാണ്

പരിശുദ്ധ മറിയത്തിന്റെ പാപമില്ലായ്മയെക്കുറിച്ചുള്ള പൗരസ്ത്യ സഭാപിതാവായ വിശുദ്ധ അപ്രേമിന്റെ പഠനം സുവ്യക്തവും സുന്ദരവുമണ്. വിശുദ്ധൻ ഇങ്ങനെ പാടുന്നു: "നിന്നിൽ കളങ്കമില്ലാത്തതുപോലെ, അല്ലയോ പുത്രാ നിന്റെ അമ്മയും കളങ്കരഹിതയാണ്. നീയും നിൻ്റെ അമ്മയും മാത്രമേ പൂർണമായും പാപരഹിതരായിട്ടുള്ളൂ" (Charmina Nisibis 27, 8).

ദൈവശാസ്ത്ര വിശദീകരണം

മേലുദ്ധരിച്ച വിശുദ്ധഗ്രന്ഥ ഉദ്ധരണികളുടെയും പിതാക്കന്മാരുടെ പഠനങ്ങളുടെയും ചരിത്ര സംഭവങ്ങളുടെയും ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെ (sensus fidelium) യും വെളിച്ചത്തിൽ വിലയിരുത്തി ദൈവശാസ്ത്രപരമായ അർത്ഥം മനസ്സിലാക്കുമ്പോൾ മറിയത്തിന്റെ അമലോത്ഭവം ക്രിസ്തീയ വിശ്വാസജീവിതത്തിലേക്ക് ചൈതന്യം പകർന്നുതരുന്നു എന്നു നമുക്ക് മനസ്സിലാകും.

മറിയത്തിന്റെ അമലോത്ഭവം സഭയുടെ വിശ്വാസ സത്യമായി സ്വീകരിക്കുമ്പോഴും ഒരുപക്ഷേ ഒരു സംശയം ബാക്കി നിൽക്കുന്നുവോ? ആദത്തിന്റെ വംശപരമ്പരയിൽ ജനിച്ചവളാണു മറിയം. അതുകൊണ്ട് അവളിൽ ഉത്ഭോപാപം ഉണ്ടാകണം. അങ്ങനെയല്ലാതെ മറിയത്തെ ജനിപ്പിക്കുവാൻ കഴിയുമായിരുന്നോ? അങ്ങനെയല്ലാതെ മനുഷ്യസ്ത്രീയായ മറിയത്തെ ജനിപ്പിക്കുവാൻ സാധിക്കുമായിരുന്നോ? സഭ ഇങ്ങനെയാണ് അതിനുത്തരം നൽകുന്നത്. ദൈവമാതാവാകുവാൻ തെരഞ്ഞെടുക്കപ്പെടുന്ന മറിയത്തെ അവളുടെ ജനനത്തിനു മുമ്പുതന്നെ  ദൈവപുത്രനായ മിശിഹായുടെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മാനവവംശത്തിനു ലഭ്യമാക്കിയ രക്ഷ മുൻകൂട്ടി നൽകി ജന്മപാപത്തിൽനിന്നും അവൾ പരിരക്ഷിക്കപ്പെടുന്നതിനു മിശിഹായ്ക്കു സാധ്യമായിരുന്നു. അത് അവളിൽ യാഥാർത്ഥ്യമാക്കി. മിശിഹായുടെ ഈ പ്രവർത്തനത്തെ വാഴ്ത്തപ്പെട്ട ഡൺ സ്കോട്ടസ് മൂന്നു ലത്തീൻ പദങ്ങളിലൂടെ വ്യക്തമാക്കുന്നു; potuit, decuit, ergo facit. അവ ഓരോന്നും ഇങ്ങനെ മനസ്സിലാക്കുന്നു.

Potuit - മിശിഹായ്ക്കു ദൈവമാതാവാകുവാൻ മറിയത്തെ അമലോത്ഭവയാക്കുവാൻ സാധ്യമായിരുന്നു

decuit - ദൈവപുത്രനായ മിശിഹായ്ക്കു തന്റെ മാതാവാകാനുള്ള മറിയത്തെ പാപരഹിതയായി സൃഷ്ടിക്കേണ്ടിയിരുന്നു

ergo facit - അതിനാൽ ദൈവം മറിയത്തെ അപ്രകാരം സൃഷ്ടിച്ചു

സഭാപിതാക്കന്മാരുടെ പഠനങ്ങളും ഡിസംബർ 8 എന്ന തീയതിയും മറ്റൊരു ദൈവശാസ്ത്ര അർത്ഥത്തിലേക്കും നിഗമനത്തിലേക്കും വിരൽചൂണ്ടുന്നതാണ്. സെപ്റ്റംബർ മാസം 8 ആം തീയതിയാണു പരിശുദ്ധ മറിയത്തിന്റെ ജനന ദിവസമായി ആഘോഷിക്കുന്നത്. അതിനു 9 മാസം മുമ്പ് ഡിസംബർ മാസം 8 ആം തീയതി അന്നയുടെ ഉദരത്തിൽ മറിയം പാപരഹിതയായി ജനിച്ചു എന്ന ചിന്തയിൽ നിന്നാണ് ഡിസംബർ 8 അമലോത്ഭവതിരുനാളായി ആഘോഷിക്കുന്നത്.

കാലഗണനയനുസരിച്ചു മറിയം ജനിച്ചത് ബി സി 19 സെപ്റ്റംബർ 8-നാണ്. അതനുസരിച്ച് അവൾ അന്നയുടെ ഉദരത്തിൽ രൂപം കൊണ്ടദിനം ബി സി 20 ഡിസംബർ 8 ആം തീയതിയാകണം.  ബി സി 20, ഡിസംബർ 8-ന്റെ ചരിത്രപരമായ ഒരു വലിയ പ്രത്യേകത, അന്നാണ് ഹെറോദ് രാജാവ് ജെറുസലേം ദൈവാലയത്തിന് അടിസ്ഥാന ശിലയിട്ടത്. അർത്ഥപൂർണ്ണവും വിശ്വാസപരവുമായ ഒരു കാലഗണനാസാധർമ്മ്യം ഇതിൽ വ്യക്തമാകുന്നു. എ. ഡി. 70/72- ൽ നശിപ്പിക്കപ്പെടാനുള്ള ദൈവാലയം പണി ആരംഭിച്ചതും യഥാർത്ഥ ദൈവാലയം ഭൂമിയിൽ രൂപം കൊണ്ടതും ഒരേ ദിവസമാണ്.

ഈ കാലഗണന സാധർമ്മ്യം അബദ്ധവശാൽ സംഭവിച്ചതാണെന്നു കാണേണ്ടതില്ല. അതു ദൈവീകമായ ഒരു വെളിപ്പെടുത്തലായി മനസ്സിലാക്കാമെന്നു തോന്നുന്നു. സ്വർഗ്ഗം വിട്ടിറങ്ങിയ ദൈവപുത്രൻ യഥാർത്ഥ ദേവാലയമായ മറിയത്തിലായിരുന്നു. മറിയമാണ് ഒരിക്കലും തകരാത്ത, ദൈവം രൂപം കൊടുത്ത ദൈവാലയം. ജെറുസലേം ദേവാലയത്തിൽ സൂക്ഷിച്ചിരുന്നതു മോശവഴി ദൈവം നൽകിയ കൽഫലകങ്ങളും മന്നയും പുരോഹിത ശ്രേഷ്ഠനായ അഹറോന്റെ പുഷ്പിത വടിയുമാണ്. മിശിഹായുടെ ജനനത്തോടെ ഇവയെല്ലാം പ്രതീകമായി തീരുകയാണ്. മിശിഹായിൽ ഇവയെല്ലാം പൂർത്തീകരിക്കപ്പെട്ടു. ഈ പ്രതീകങ്ങളുടെ പൂർത്തീകരണവും യാഥാർത്ഥ്യവുമായി മിശിഹാ വസിച്ച പരിശുദ്ധ ആലയമാണു മറിയം.

ദൈവാലയമായ മറിയം

മറിയത്തിന്റെ അമലോൽഭവത്തെ ഇങ്ങനെയാണു മനസ്സിലാക്കേണ്ടത്. മിശിഹായുടെ സാന്നിധ്യംകൊണ്ടു മറിയം പാപരഹിതയാകുകയായിരുന്നില്ല, മിശിഹാ ജനിക്കേണ്ടിയിരുന്ന മറിയത്തെ പാപലേശമേൽക്കാതെ ഉത്ഭവപാപരഹിതയായി ഭൂമിയിൽ ജനിക്കുന്നതിന് മുമ്പേതന്നെ അന്നയുടെ ഗർഭപാത്രത്തിൽ ഉരുവായ നിമിഷംതന്നെ അമലോൽഭവയാക്കി. യഥാർത്ഥ ദൈവാലയമായ ദൈവത്തെ വഹിച്ച ഭൂമിയിലെ ദൈവാലയം മറിയമാണെന്നു വിശ്വസിച്ചുറച്ചുകൊണ്ട് മറിയത്തിന്റെ തിരുനാളുകളിലെ ചില പ്രാർത്ഥനകളിൽ വളരെ അർത്ഥപൂർണ്ണമായ ചില ആത്മീയ ചിന്തകൾ നമുക്കു നൽകിക്കൊണ്ട് അമലോത്ഭവത്തിന്റെ അർത്ഥം കൂടുതൽ വ്യക്തമാക്കി തരുന്നു:

"ഉദരത്തിൽ അഗ്നിയെ അവൾ ഗർഭം ധരിച്ചു; ശരീരത്തിൽ അവൾ സക്രാരി വഹിച്ചു; ആത്മാവിൽ ആത്മാവു പറന്നിറങ്ങി വസിച്ചു; അവൾ സ്വർഗ്ഗമായിരുന്നു അവൾ ദൈവാലയമായിരുന്നു; അവൾ സ്വർഗ്ഗത്തേക്കാൾ മഹനീയമായി ഉയർത്തപ്പെട്ടിരിക്കുന്നു; അവൾ പാപത്താൽ പങ്കിലമാക്കപ്പെട്ടിട്ടില്ല; നിന്റെ കൃപയെ ഞങ്ങൾ വാഴ്ത്തുന്നു" (ക്രിസ്തുമസിനു ശേഷമുള്ള മറിയത്തിന്റെ തിരുനാൾ നിശാപ്രാർത്ഥന).

"അനാദിയിൽ പിതാവിൽനിന്നും കാലത്തിന്റെ തികവിൽ രണ്ടാം സ്വർഗ്ഗത്തിൽ (മറിയത്തിൽ) നിന്നും പിറന്നവനെ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. അവൾ നിത്യകന്യകയാണ്, കൃപയുടെ നിറവാണ്; സ്വർഗീയ സമ്പത്തിന്റെ നിക്ഷേപമാണ്, സ്വർഗീയ വിശുദ്ധിയുടെ ധാരയാണ്, പരിശുദ്ധാത്മാവിന്റെ മന്ദിരമാണ്" (ഓഗസ്റ്റിലെ മരിയൻ പ്രാർത്ഥനകളിൽ നിന്ന്).

 "മറിയം വിലതീരാത്തതും മഹനീയവുമായ രണ്ടാം സ്വർഗ്ഗമാണെങ്കിൽ, അവളിലാണു ദൈവം വസിക്കാൻ തയ്യാറായത്. അവൾ പാപത്താൽ പങ്കിലമാക്കപ്പെട്ടില്ല അവൾ അമലോത്ഭവമായിരുന്നു; അവൾ അമലോത്ഭവയായി തുടരുകയും ചെയ്യുന്നു. കാരണം, അവൾ സ്വർഗീയ വിശുദ്ധിയുടെ നിലയ്ക്കാത്ത ധാരയാണ്; പരിശുദ്ധാത്മാവിന്റെ അലങ്കൃത കൊട്ടാരമാണ്" (മംഗളവാർത്ത, രണ്ടാം ഞായർ നിശാപ്രാർത്ഥന)

 ഉപസംഹാരം

മറിയം ജനനത്തിന്റെ ആദ്യനിമിഷം മുതൽ, അവൾ അന്നയുടെ ഉദരത്തിൽ ഉരുവാക്കപ്പെട്ട നിമിഷം മുതൽ അതുല്യ വിശുദ്ധിയുടെ തേജസിനാൽ പ്രശോഭിതയായിരുന്നു. ഈ വിശുദ്ധി അവൾക്കു ലഭിച്ചത് ദൈവപുത്രനായ മിശിഹായിൽനിന്നാണ്. കാരണം, അവൾ പുത്രനായ മിശിഹായുടെ യോഗ്യതയിലൂടെ രക്ഷിക്കപ്പെട്ടവളാണ് (ജനതകളുടെ പ്രകാശം 53, 56). സൃഷ്ടിക്കപ്പെട്ട മറ്റേതൊരു വ്യക്തിയെക്കാൾ അധികമായി മറിയത്തെ പിതാവ് ക്രിസ്തുവിൽ സ്വർഗീയമായ എല്ലാ അനുഗ്രഹങ്ങളുകൊണ്ട് ആശീർവദിച്ചു. "തൻ്റെ മുൻപിൽ സ്നേഹത്തിൽ പരിശുദ്ധയും നിഷ്കളങ്കയുമായിരിക്കാൻ ലോകസ്ഥാപനത്തിനു മുമ്പേതന്നെ ദൈവം (നമ്മെ) ക്രിസ്തുവിൽ തെരഞ്ഞെടുത്തു" (എഫേ 2, 3-4)

പരിശുദ്ധ കന്യകാമറിയം യൊവാക്കിം-അന്ന മാതാപിതാക്കളിൽനിന്നു ജനിച്ചതു പാപത്തിന്റെ ശക്തിയും തിന്മയിലേക്കുള്ള പ്രലോഭനങ്ങളും നിറഞ്ഞ ലോകത്തിലാണ്. എന്നാൽ, ദൈവപുത്രന്റെ അമ്മയാകുവാനിരുന്ന മറിയത്തെ രക്ഷകനായ ദൈവപുത്രന്റെ രക്ഷാകരപ്രവർത്തിയുടെ ഫലം മുൻകൂട്ടി നൽകിക്കൊണ്ട് എല്ലാ പാപസാഹചര്യങ്ങളിൽനിന്നും ദൈവം പൂർണയായി വിമുക്തയാക്കി. ഇതാണ് അമലോത്ഭവത്തിന്റെ ഉള്ളടക്കം.

പാപത്തിൽ വീണ മനുഷ്യനെ രക്ഷിക്കാൻ കഴിയുന്ന പാപ വിമോചകനായ ദൈവത്തിന് ഒരുവനെ പാപത്തിൽനിന്നു കാത്തുസൂക്ഷിക്കാനും കഴിയും എന്നതു സത്യമാണല്ലോ? ഈശോമിശിഹായിലൂടെ മനുഷ്യവംശത്തിനു ലഭിച്ച പാപമോചനവും രക്ഷയും മറിയത്തിന് അവൾ ഭൂലോകത്തു മനുഷ്യ വ്യക്തിയായി ജനിച്ചതിനുമുമ്പേ നൽകപ്പെട്ടു. അവൾ ദൈവത്തിന്റെ രക്ഷാകര പദ്ധതി ആവശ്യമില്ലാത്തവളായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. അവൾ ദൈവപുത്രൻവഴിതന്നെ രക്ഷിക്കപ്പെട്ടവളാണ്.

 നാം മറിയത്തെപോലെ ജനിച്ചവരല്ല. എന്നാൽ, മിശിഹായുടെ രക്ഷാകരപദ്ധതിവഴി നമുക്കെല്ലാം ഉത്ഭവപാപത്തിൽനിന്നും കർമ്മ പാപത്തിൽനിന്നും മോചനം നേടാൻ കൃപ ലഭിച്ചിരിക്കുന്നവരാണ്. സഭയിലെ വിശുദ്ധ കൂദാശകൾ വഴിയാണു നമുക്ക് ഇതു ലഭ്യമാകുന്നത്. അതുകൊണ്ട് മറിയത്തോടൊപ്പം നമുക്കും സന്തോഷിക്കാം. പാപം ഇല്ലാതെ ജനിച്ച്, പാപമില്ലാതെ ജീവിച്ച്, വിശുദ്ധയായി ത്രിത്വൈക മഹത്വത്തിൽ പങ്കുകാരിയായിരിക്കുന്ന മറിയത്തോടൊപ്പം നമുക്കും സ്വർഗ്ഗത്തിൽ സ്ഥാനമുണ്ട്. ആ വിശുദ്ധിയിലേക്കാണു കൂദാശകൾവഴി സഭയിലൂടെ ദൈവം നമ്മെ ക്ഷണിക്കുന്നത്. പാപമോചനം ലഭിച്ചവരും ലഭിക്കുമെന്ന വിശ്വാസത്തോടെ കൂദാശകൾ സ്വീകരിച്ചു സഭയിൽ ആയിരിക്കുന്ന നമുക്കും കൃപനിറഞ്ഞ മറിയത്തെപോലെ ഈ ഭൂലോകത്തിൽതന്നെ നിർമ്മലതയിലും വിശുദ്ധിയിലും ശരീരവും മനസ്സും കാത്തുസൂക്ഷിക്കുവാൻ അപേക്ഷിക്കാം.  യുഗാന്ത്യത്തിൽ കർത്താവിന്റെ മഹത്വത്തിലുള്ള പ്രത്യാഗമനത്തിൽ അവന്റെ മഹത്വത്തിൽ രൂപാന്തരപ്പെട്ട് മഹത്വപൂർണ്ണരായി മറിയത്തോടൊപ്പം നമുക്കും ത്രിത്വത്തിന്റെ മഹത്വത്തിൽ പങ്കുകാരാകാൻ ആഗ്രഹിക്കാം.

നിത്യത സത്യമാണെന്നും അതു സാധ്യമാണെന്നുമാണു മറിയത്തിന്റെ അമലോത്ഭവം നമുക്കു നൽകുന്ന പ്രബോധനവും ആഹ്വാനവും വിളിയും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഡിസംബർ 2025, 10:05