ക്രിസ്തുമസ്: സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുവിശേഷകരിൽ വിശുദ്ധ ലൂക്കയാണ്, യേശുവിന്റെ ജനനം സംബന്ധിച്ച വിവരങ്ങൾ കൂടുതലായി രേഖപ്പെടുത്തുന്നത്. ഒരു വൈദ്യനും ചിത്രകാരനുമൊക്കെയായി കരുതപ്പെടുന്ന ലൂക്കാ സുവിശേഷകൻ സ്നേഹത്തിന്റെയും കരുണയുടെയും മനോഹരമായ വർണ്ണങ്ങൾ ചാലിച്ചാണ് തന്റെ സുവിശേഷത്തിൽ നിങ്ങളും ഞാനുമുൾപ്പെടുന്ന ഓരോ മനുഷ്യരെയും ഒരപ്പന്റെ സ്നേഹത്തോടെ കരുതുന്ന ഒരു ദൈവപിതാവിനെയും, അവന്റെ ഹിതമനുസരിച്ച് മാംസമായി, നമ്മിലൊരുവനായി, നമ്മുടെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിനെയും വരച്ചുവയ്ക്കുന്നതെന്ന് നമുക്കറിയാം.
എളിയവരും ചെറിയവരുമായ മനുഷ്യർ
തന്റെ ഒന്നാം അദ്ധ്യായത്തിൽ വിശുദ്ധ ലൂക്കാ കുറിച്ചുവയ്ക്കുന്ന, പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തിൽ ചെറുതായ, ലാളിത്യം നിറഞ്ഞ മനുഷ്യരോടുള്ള ദൈവത്തിന്റെ കരുതലും കാരുണ്യവും വാഴ്ത്തപ്പെടുന്നത് നമുക്ക് കാണാം (ലൂക്ക 1, 48-55). ഉണ്ണിയേശുവിനെ കാണാനെത്തുന്ന പൂജരാജാക്കന്മാരും അവന്റെ ജീവിതത്തിന്റെ വിവിധ ഏടുകളിൽ പേര് ചേർക്കപ്പെടുന്ന വലിയ മനുഷ്യരുമൊക്കെ ഉണ്ടെന്നത് ശരി തന്നെയാണ്, എങ്കിലും, യേശുവിന്റെ ജീവിതത്തിൽ, ജനനം മുതൽ മരണം വരെ കുറെ പാവപ്പെട്ട മനുഷ്യർ, വലിയവരായിരിക്കുമ്പോഴും ചെറിയവരാകാൻ, തല കുനിക്കാൻ അറിയാവുന്ന കുറെ മനുഷ്യർ കടന്നുവരികയും സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്.
ചെറിയ മനുഷ്യരോടുള്ള ദൈവത്തിന്റെ പ്രത്യേക പരിഗണന, വിശുദ്ധ ലൂക്കായുടെ തന്നെ സുവിശേഷത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ, യേശുവിന്റെ ജനനത്തെക്കുറിച്ച് ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം രേഖപ്പെടുത്തപ്പെടുന്നയിടത്തും നാം കാണുന്നുണ്ട്. ഒരുപക്ഷെ ക്രിസ്തുമസിന്റെ അർത്ഥം ഏറെ ഭംഗിയായി വർണ്ണിക്കപ്പെടുന്ന ഒരു സുവിശേഷഭാഗവുമാണത്. "സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു" (ലൂക്ക 2, 10), എന്ന ക്രിസ്തുവിലൂടെ നൽകപ്പെടുന്ന സാർവത്രികമായ രക്ഷയുടെ സാധ്യതയാണ് സകല മനുഷ്യർക്കും മുന്നിൽ അറിയിക്കപ്പെടുന്നത്. സകല ജനത്തിനും വേണ്ടിയുള്ള രക്ഷകൻ, കർത്താവായ ക്രിസ്തു ഇതാ ജനിച്ചിരിക്കുന്നു. എല്ലാ മനുഷ്യർക്കും ഒരുപോലെ സ്വീകാര്യമാകേണ്ട, പ്രിയപ്പെട്ടതാകേണ്ട ഒരു സന്ദേശമാണ്, വാഗ്ദാനമാണ് ക്രിസ്തുമസ് നമുക്ക് മുന്നിൽ വയ്ക്കുന്നത്.
ലിയോ പതിനാലാമൻ പാപ്പായുടെ ചില ക്രിസ്തുമസ് ചിന്തകൾ
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പാ, 2025 ഡിസംബർ 22-ന് വത്തിക്കാന്റെ വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അനുവദിച്ച കൂടിക്കാഴ്ചയിൽ പങ്കുവച്ച ചിന്തകളിൽ ഒന്ന് ഏറെ ചിന്തോദ്ദീപകമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് വേദിയായ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലെ പുൽക്കൂട്ടിലേക്ക് ഏവരുടെയും ശ്രദ്ധ ആർഷിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പുൽക്കൂടിന്റെ ഒരു പ്രത്യേകത, അവിടെ പല തരത്തിലുള്ള രൂപങ്ങൾ, സാന്നിദ്ധ്യങ്ങൾ ഉണ്ട് എന്നതാണ്. നമുക്കും നമ്മുടെ വീടുകളിലോ ഇടവകകളിലോ സ്ഥാപിച്ചിട്ടുള്ള പുൽക്കൂടുകളിലും ഇത് കാണാനാകുന്ന ഒന്നാണ്. പുൽക്കൂട്ടിൽ പ്രധാനപ്പെട്ട ഒരു ഇടത്ത് ഉണ്ണിയേശുവിന്റെ രൂപവും, പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും ഒക്കെ രൂപവും നമുക്ക് കാണാം. രണ്ടാമതായി, അവിടേക്കെത്തുന്ന ആട്ടിടയന്മാരുടെ രൂപം ഉണ്ടാകും. ഉണ്ണിയേശുവിന്റെ ജനനത്തിൽ സന്തോഷിക്കുന്ന, അവനിലേക്ക് ജിജ്ഞാസയോടെ നോക്കിയിരിക്കുന്ന വ്യക്തിത്വങ്ങളാണവ.
പുൽക്കൂട്ടിൽ ഇങ്ങനെ ആനന്ദം അനുഭവിക്കുന്ന ചില മുഖങ്ങൾക്ക് പുറമെ, പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ചില ആളുകളുടെ രൂപവും നമ്മൾ വയ്ക്കാറുണ്ട്. ഒരു തടിപ്പണിക്കാരന്റേതാകാം, കൊല്ലന്റേതാകാം, കൃഷി ചെയ്യുന്നയാളുടേതാകാം, അങ്ങനെ പലതും. ഈ രൂപങ്ങളുടെ ഒക്കെ ഒരു പ്രത്യേകത, അവർ, പുൽക്കൂട്ടിലെ ശിശുവിലേക്ക്, രക്ഷകനായി പിറന്ന ക്രിസ്തുവിലേക്ക് നോക്കി അത്ഭുതം തൂകുന്നതിന് പകരം, തങ്ങളുടേതായ അനുദിനപ്രവൃത്തികളിൽ തുടരുകയാണ് എന്നതാണ്. ലോകത്ത് സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു യാഥാർത്ഥ്യത്തിലേക്കാണ് പരിശുദ്ധ പിതാവ് ഈ ചിന്തയിലൂടെ വിരൽ ചൂണ്ടിയത്. തങ്ങളുടെ ജീവിത വ്യഗ്രതകളിൽ മുഴുകിയിരിക്കുന്നവർ, അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം എത്തിച്ചേരാനായി നെട്ടോട്ടമോടുന്ന മനുഷ്യർ. അവർക്ക് പുൽക്കൂടിന്റെ ദാരിദ്ര്യത്തിലെ ക്രിസ്തുവിനെ കാണാൻ സാധിക്കുന്നുണ്ടാകില്ല.
ഒറ്റ നോട്ടത്തിൽ, കുറ്റപ്പെടുത്തലിന്റെ ഭാവമുള്ള ഈ വിചിന്തനത്തിനൊടുവിൽ പാപ്പാ പറയുന്നുണ്ട്, ഈ ലോകത്ത് അവർക്കും സ്ഥാനമുണ്ടെന്നാണ്, അവരുടെ ജീവിതങ്ങളും യേശുവിന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന പുൽക്കൂട്ടിൽ ഇടം കണ്ടെത്തുന്നുണ്ടെന്നാണ് നാം മനസ്സിലാക്കേണ്ടത്. തങ്ങളുടെ അനുദിന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന അവരുടെ ജീവിതങ്ങൾക്കും പുൽക്കൂട്ടിൽ, ദൈവസന്നിധിയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. കർത്താവിനെക്കുറിച്ചോ സഭയെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ചിന്തിക്കാത്തവർ എന്ന് നാം കരുതുന്ന മനുഷ്യർ പോലും, അവരുടെ വിളിയും ഉത്തരവാദിത്വവും, കുടുംബത്തോടും മക്കളോടുമുള്ള സ്നേഹവും കടമകളും ശരിയായി ജീവിക്കുമ്പോൾ, അവരും ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിക്കുന്നുണ്ട്. ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള പുൽക്കൂട്ടിൽ, ദൈവികമായ പദ്ധതിയിൽ ഭാഗഭാക്കുകളായി, പുൽത്തൊട്ടിയിലെ ഉണ്ണിയേശുവിന്റെ അനുഗ്രഹമേറ്റുവാങ്ങിയാണ് അവരുടെയും ജീവിതം മുന്നോട്ടു നീങ്ങുന്നത്. ആർദ്രമായ സ്നേഹത്താൽ മാനവികതയെയാകെ സ്നേഹിക്കുന്ന കർത്താവിന്റെ സ്നേഹം ലോകത്തെ മുഴുവൻ പൊതിയുന്നുണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് അത് ചൊരിയപ്പെടുന്നത്. ഏറെ പ്രത്യാശ നൽകുന്ന ഒരു ചിന്തയാണിത്.
സാധാരണ മനസ്സുകളിലെ ക്രിസ്തുമസ്
സാധാരണയായി ക്രിസ്തുമസ് എന്ന വാക്ക് കേൾക്കുമ്പോഴേ, മത, ദേശ ചിന്തകൾക്കതീതമായി, പുൽക്കൂടും, ക്രിസ്തുമസ് ട്രീയും, അലങ്കാരങ്ങളും, ആഘോഷങ്ങളും, ക്രിസ്തുമസ് കരോളും, പ്രാർത്ഥനകളും, ദേവാലയത്തിലെ മനോഹരമായ വിശുദ്ധബലിയും, തിരുപ്പിറവിയുടെ ചടങ്ങുകളും, കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനങ്ങളും, ഒരുമിച്ചുള്ള ഭക്ഷണവും പോലെയുള്ള ഏറെ മനോഹരമായ ചില ചിന്തകളും ചിത്രങ്ങളുമാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. ക്രിസ്തുവിന്റെ ജനനം നൽകുന്ന പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും ഒരവസരമായി നാമൊക്കെ ക്രിസ്തുമസിനെ കാണാറുണ്ട്. തിരുപ്പിറവിയുടെ അവസരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ആശംസകൾ സ്നേഹത്തിന്റെയും, ആർദ്രതയുടെതുമൊക്കെയാണ്. ജൂബിലി വർഷത്തിൽ നാം ഒരുപാട് വട്ടം വിചിന്തനം ചെയ്ത പ്രത്യാശയുടെ ചൈതന്യം ക്രിസ്തുമസിന്റെ അവരത്തിലും തെളിഞ്ഞു നിൽക്കാറുണ്ട്. ഇതിനൊക്കെ അടിസ്ഥാനമായി നിൽക്കുന്നത്, നിബന്ധനകളില്ലാതെ, അളവുകളില്ലാതെ മാനവികതയെ സ്നേഹിക്കുന്ന ഒരു ദൈവസങ്കൽപ്പമാണ്, പൈതൃകമായ വാത്സല്യമൊരുക്കുന്ന ദൈവപിതാവിന്റെ കരുണയാണ്, അതിലൊക്കെയുപരി, ഒരു ശിശുവിന്റെ ജന്മമേകുന്ന, ദൈവപുത്രന്റെ സാന്നിദ്ധ്യമേകുന്ന പ്രതീക്ഷയും ആശ്വാസവും വിശ്വാസവുമൊക്കെയാണ്.
ചില കയ്പ്പേറിയ യാഥാർത്ഥ്യങ്ങൾ
ക്രിസ്തുമസിന്റെ മനോഹാരിതയും അതുപകരുന്ന പ്രത്യാശയുമൊക്കെ ഡിസംബർ മാസത്തിൽ നാം പ്രത്യേകമായി ആഘോഷിക്കുമ്പോൾ, നമ്മെ തന്റെ മക്കളായി കരുതി, രക്ഷിക്കാനും വീണ്ടെടുക്കാനും, ദൈവമക്കളാക്കി സ്വർഗ്ഗത്തിന്റെ അവകാശികളാക്കി മാറ്റാനും, അങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹതിന്റെയും ഒക്കെ അനുഭവങ്ങളിൽ ജീവിക്കാനും ക്ഷണിക്കുന്ന ഒരു ദൈവത്തെ നാം ധ്യാനിക്കുകയാണ് ചെയ്യുക എന്നത് സത്യം തന്നെ. അതേസമയം, ലോകം കടന്നുപോകുന്ന, ലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്ന പല യാഥാർത്ഥ്യങ്ങളും, ക്രിസ്തുവിന്റെ, ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെ ചിന്തകൾ കടന്നുചെല്ലാത്ത ഇരുളടഞ്ഞ ഇടങ്ങളാണെന്ന് നമുക്കറിയാം. വികലമതചിന്തകളിൽപ്പെട്ട് ഒരു ക്രിസ്തുമസ് നക്ഷത്രത്തിന്റെ പ്രകാശത്തെയോ, സാന്താ ക്ളോസിന്റെ തൊപ്പിയെയോ പോലും അംഗീകരിക്കാനാകാത്തത്ര ചെറിയ മനുഷ്യരായി പലരും മാറിയിരിക്കുന്നു. ഒരുകാലത്ത്, എല്ലാ മതവിശ്വാസികളും ആഘോഷപൂർവ്വം പങ്കുവച്ചു ജീവിച്ചിരുന്ന ക്രിസ്തുമസിന്റെ ആനന്ദം ഇന്ന് പലയിടങ്ങളിലും ചുരുക്കം ചില സന്മനസ്സുള്ള വ്യക്തികളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. പലയിടങ്ങളിലും ക്രിസ്തുമസിന്റെ വിശ്വാസപരമായ മാനം നഷ്ടപ്പെട്ട്, ഈ ഭൂമിയെന്ന മനോഹരമായ ദേവാലയത്തിന്റെ ചില കോണുകളിലെ കച്ചവട ദീപാലങ്കാരങ്ങളിലേക്കും, ആഗോള സാംസ്‌കാരിക, വ്യാവസായിക കൈമാറ്റ ഉത്സവങ്ങളിലേക്കും അത് തരം താണിരിക്കുന്നു.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിക്കുന്ന പടക്കങ്ങളും കമ്പിത്തിരികളും ചിലയിടങ്ങളിൽ കുട്ടികളുടെ കണ്ണുകളിൽ ആനന്ദം പ്രതിഫലിപ്പിക്കുമ്പോൾ, മറ്റു ചിലയിടങ്ങളിൽ, ജീവനെടുക്കാനായി ശത്രുരാജ്യങ്ങൾ തൊടുക്കുന്ന മിസൈലുകളും ഡ്രോണുകളുമാണ് കുട്ടികളുടെയും സാധാരണ ജനങ്ങളുടേയുമൊക്കെ കണ്ണുകളിൽ അക്രമത്തിന്റെ രൗദ്രാഗ്നിയായി തിളങ്ങുകയും, എന്നന്നേക്കുമായി ആ കണ്ണുകളുടെ തിളക്കം കെടുത്തുന്നതെന്നുമുള്ള ദുഃഖസത്യവും നമുക്ക് മുന്നിലുണ്ട്. മത, വർണ്ണ, വർഗ്ഗ ജാതിഭേദങ്ങളെ കൂട്ടുപിടിച്ച് പരസ്പര ശത്രുത വളർത്തുകയും ജീവനെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇരുണ്ട സംസ്കാരവും കുറുകിയ മനസ്സുകളും ലോകത്തെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്.
സർവ്വമതസൗഹാർദ്ദവും, സാർവ്വത്രികസ്നേഹവും, സോദരത്വവും വിളിച്ചോതുകയും, ലോകത്ത് മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും വക്താക്കളും, പാവപ്പെട്ടവന്റെയും ദരിദ്രന്റെയും സംരക്ഷകരുമാണ് തങ്ങളെന്നുമൊക്കെ സ്വയം അവകാശപ്പെടുമ്പോഴും, സകല ജനത്തിനും വേണ്ടിയുള്ള ക്രിസ്തുമസിന്റെ സദ്വാർത്ത പോലെ ഏവർക്കും സ്വീകാര്യവും മനോഹരമായ ഒരു ആഘോഷവും വിശ്വാസവും ജീവിക്കാൻ അനുവദിക്കാത്ത കപട മാനവികതയുടെ വക്താക്കളും നമുക്കിടയിലുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
യുദ്ധയിടങ്ങളിൽ, ശത്രുമുഖങ്ങളിൽ അഭയമേകിയ ക്രൈസ്തവർക്ക് ക്രിസ്തുവിന്റെ നാട്ടിൽ പോലും ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിനും, ക്രിസ്തുമസ് ആഘോഷിക്കുന്നതിനും തടസ്സം നിൽക്കുന്ന മനഃസാക്ഷിയില്ലാത്ത ചില മനുഷ്യരെ; മത, രാഷ്ട്രീയ, സാമൂഹിക, പാരമ്പര്യ അന്യായകാരണങ്ങൾ നിരത്തി വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുന്ന കപട വിശാല മനസ്കരെ; വിദ്യാഭ്യാസത്തെയും വികസനത്തെയും വിശ്വാസത്തെയും സത്യത്തെയും എതിർക്കുന്ന, അത് നൽകുന്നവരെ വെറുക്കുന്ന പ്രത്യാശശാസ്ത്രങ്ങളെ; വോട്ടിനുവേണ്ടി മനഃസാക്ഷി വിറ്റ് ജീവിക്കുന്ന അവസരവാദി രാഷ്ട്രീയ നേതൃത്വങ്ങളെ ഒക്കെ ഈ ക്രിസ്തുമസ് ആഘോഷദിനങ്ങളിലും നമുക്ക് കാണാം. ക്രിസ്തുവിന്റെ ജനനം കൊണ്ടുവരുന്ന അറിവിന്റെയും നന്മയുടെയും ദൈവികതയുടെയും വെളിച്ചം ആ മനസ്സുകളിലേക്കും ഒരൽപം വീശിയിരുന്നെങ്കിൽ!
ക്രൈസ്തവ വിശ്വാസം നൽകുന്ന വിളി
പാപത്തിന്റെയും മരണത്തിന്റെയും തിന്മകളുടെയും വീഴ്ചകളുടെയും ഇരുണ്ട താഴ്‌വാരങ്ങളിൽ ദൈവികതയുടെയും നന്മയുടെയും ജീവന്റെയും സ്നേഹത്തിന്റെയും കരുണയുടേയുമൊക്കെ പ്രകാശം പരത്താൻ കടന്നുവന്ന ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്തുമസ്, ഓരോ ക്രൈസ്തവനും, ക്രിസ്തുവിശ്വാസിക്കും നൽകുന്ന വിളി, ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും സ്വരവും കരവുമാകാനുള്ളതാണ്.
ലിയോ പതിനാലാമൻ പാപ്പാ 2025 ഡിസംബർ 22-ന് റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ കൂടിക്കാഴ്ചയിൽ, ക്രൈസ്തവവിശ്വാസം നൽകുന്ന വിളികളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ഭിന്നതകൾ നിലനിൽക്കുന്ന ഇന്നിന്റെ ലോകത്ത് ഐക്യത്തിന്റെയും സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിത്തുകൾ പാകാനും, വളർത്താനും ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നു.
പിതാവിന്റെ ഹിതം ജീവിച്ചുകൊണ്ട് മാനവികതയിലേക്ക് ജന്മമെടുക്കുന്ന ക്രിസ്തുവിനെപ്പോലെ, സഭയും അതിന്റെ സ്വഭാവത്തിലും വിളിയിലും മറ്റുള്ളവരിലേക്ക് തുറന്ന മനോഭാവത്തോടെ ജീവിക്കാനായി ക്ഷണിക്കപ്പെട്ടിരിക്കുന്നവളാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, സഭാഗാത്രത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രൈസ്തവവിശ്വാസികൾ എന്ന നിലയിൽ, നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതും, സമാധാനത്തിന്റെയും കരുണയുടെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അതോടൊപ്പം രക്ഷയുടെയും ചിന്തകൾ ജീവിക്കാനും മറ്റുള്ളവരിലേക്ക് പകരാനുമാണ്.
വിശുദ്ധ യൗസേപ്പിനെപ്പോലെയും പരിശുദ്ധ അമ്മയെപ്പോലെയും ദൈവഹിതം അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനും, ഭൂമിയിലേക്ക് മനുഷ്യനായി അവതരിച്ച ദൈവപുത്രനെ അമ്മ ഉദരത്തിൽ വഹിച്ചതുപോലെ, രക്ഷയും നിത്യജീവനുമേകുന്ന ക്രിസ്തുവിനെ ഉള്ളിൽ കൊണ്ടുനടക്കാനും മറ്റുള്ളവരിലേക്ക് പകരാനും, വിശ്വാസജീവിതം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ സഹിക്കാനും, പുൽക്കൂടിന്റെ ദാരിദ്ര്യത്തെയും എളിമയെയും സ്നേഹിക്കാനും, ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ. ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറം, ദൈവം ഉള്ളിൽ പിറക്കുന്ന അനുഭവം ജീവിക്കാൻ ഈ തിരുപ്പിറവിയുടെ കാലം നമ്മെ ഒരുക്കട്ടെ. ലോകം മുഴുവനിലും എല്ലാ മാനവഹൃദയങ്ങളിലും സമാധാനവും ശാന്തിയും സ്നേഹവും നിറയട്ടെ. ക്രിസ്തുവിന്റെ ജനനമേകുന്ന ആശ്വാസവും ആനന്ദവും അനുഗ്രഹങ്ങളും നിറഞ്ഞ നല്ലൊരു ക്രിസ്തുമസ് ഏവർക്കും ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: