നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഹോങ്കോങ്ങിലെ ത്രിദിനസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഹോങ്കോങ്ങിലെ ത്രിദിനസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം 

നിർമ്മിതബുദ്ധിയും അജപാലനശുശ്രൂഷയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്‌ത്‌ ഏഷ്യയിലെ സഭ

നിർമ്മിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ ചർച്ച ചെയ്തും, വിദ്യാഭ്യാസവും, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അറിവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാനവികസ്വതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടിയും ഏഷ്യയിലെ മെത്രാന്മാർ. ഇതിന്റെ ഭാഗമായി ഹോങ്കോങ്ങിൽ നടന്ന ത്രിദിനസമ്മേളനത്തിൽ വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ പൗളോ റുഫീനിയും സംബന്ധിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിർമ്മിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും സംബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പായും ലോകനേതൃത്വങ്ങളും സംസാരിക്കുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് ത്രിദിന പഠനസമ്മേളനമൊരുക്കി ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ (Federation of Asian Bishops’ Conferences). ഡിസംബർ പത്ത് മുതൽ പന്ത്രണ്ട് വരെ തീയതികളിൽ ഹോങ്കോങ്ങിലെ സെന്റ് ഫ്രാൻസിസ് യൂണിവേഴ്സിറ്റിയിൽ, "നിർമ്മിത ബുദ്ധിയും ഏഷ്യയിലെ അജപാലന വെല്ലുവിളികളും" എന്ന പേരിൽ നടക്കുന്ന ഈ സമ്മേളനത്തിൽ വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ പൗളോ റുഫീനിയും (Paolo Ruffini) ആശയങ്ങൾ പങ്കുവച്ചു.

നിർമ്മിത ബുദ്ധിയെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതിന്റെയും, സാങ്കേതിക മേഖലയിലെ വളർച്ച മനുഷ്യാന്തസ്സും, ധാർമ്മികതയും സഭയുടെ മിഷനറി നിയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം സമ്മേളനം ചർച്ച ചെയ്തു.

നിർമ്മിതബുദ്ധിയെ ഒരു ദൈവദാനമായി കണക്കാക്കാമെന്നും, എന്നാൽ അതിന്റെ ഉപയോഗം മാനവികതയുടെ നന്മയ്ക്കും സൃഷ്ടലോകത്തിന്റെ സംരക്ഷണത്തിനും വേണ്ടിയുളളതാകുന്നുവെന്നത് ഉറപ്പാക്കണമെന്നും, സമ്മേളനത്തിന്റെ ആരംഭത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ ഹോങ്കോങ് മെത്രാൻ കർദ്ദിനാൾ സ്റ്റീഫൻ ചൗ SJ (Cardinal Stephen Chow, SJ) ഓർമ്മിപ്പിച്ചു. പ്രത്യാശയോടെ, എന്നാൽ വിവേകപൂർവ്വവും വ്യക്തമായ ധാർമ്മിക മൂല്യങ്ങളോടെയും സാങ്കേതികനേട്ടങ്ങളെ സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്കാ മീഡിയ ധാർമ്മിക വിശ്വാസം ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

നിർമ്മിതബുദ്ധി സഭയ്ക്കും സമൂഹത്തിനും മുന്നിൽ വയ്ക്കുന്ന നല്ലതും ചീത്തയുമായ സാധ്യതകളെക്കുറിച്ച് വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ പൗളോ റുഫീനി സംസാരിച്ചു. മാദ്ധ്യമരംഗത്തെ കപട, വ്യാജ സന്ദേശങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെയും സാന്നിദ്ധ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സത്യത്തേക്കാൾ, വ്യവസായിക, ആശയ താത്പര്യങ്ങളാൽ നയിക്കപ്പെടാനുള്ള അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. പരിശുദ്ധ പിതാവിന്റെ വാക്കുകളെ പരാമർശിച്ചുകൊണ്ട്, മാനവികസ്വതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി, വിദ്യാഭ്യാസത്തിന്റെയും, മീഡിയ രംഗത്തെ അറിവിന്റെയും ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിർമ്മിതബുദ്ധി, സഭയുടെ മിഷൻപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച, ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ എക്സിക്യൂട്ടീവ് സെക്രെട്ടറി ഫാ. ജോൺ മി ഷെൻ (Fr. John Mi Shen), നിർമ്മിത ബുദ്ധി ഒരു ഉപകരണം മാത്രമാണെന്നും, ആശയവിനിമയത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നുമുള്ള കാര്യങ്ങൾ മറന്നുപോകരുതെന്ന് ഓർമ്മിപ്പിച്ചു.

വിയറ്റ്നാം, ജപ്പാൻ, ശ്രീലങ്ക, തായ്‌വാൻ, തായ്‌ലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാരുടെ പ്രാതിനിധ്യവും സമ്മേളനത്തിൽ ഉണ്ടായിരുന്നു. ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മുപ്പതിലധികം ആളുകൾ മീറ്റിങ്ങുകളിൽ പങ്കെടുത്തു.

വളർന്നുവരുന്ന സാങ്കേതികവിദ്യകളുണത്തുന്ന വെല്ലുവിളികളുടെയും സാധ്യതകളുടെയും മുന്നിൽ, അജപാലനമുൾപ്പെടെയുള്ള മേഖലകളിൽ രൂപതകളെ സഹായിക്കുകയെന്നതാണ് ഈ ത്രിദിനസമ്മേളനത്തിലെ പഠനങ്ങളിലൂടെയും ആശയ കൈമാറ്റങ്ങളിലൂടെയും മെത്രാൻസമിതികൾ ഉദ്ദേശിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഡിസംബർ 2025, 13:42