തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

"ക്രിസ്തുവിൽ ഒന്ന്, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" 2026-ലെ ആഗോളമിഷനറിദിനത്തിന്റെ പ്രമേയം

2026-ലെ ആഗോള മിഷനറി ദിനത്തിന്റെ പ്രമേയമായി "ക്രിസ്തുവിൽ ഒന്ന്, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" എന്ന ചിന്ത ലിയോ പതിനാലാമൻ പാപ്പാ തെരഞ്ഞെടുത്തതായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു. പതിനൊന്നാം പിയൂസ് പാപ്പാ ആഗോള മിഷനറി ദിനം സ്ഥാപിച്ചതിന്റെ നൂറാം വാർഷികം കൂടിയാണ് 2026-ൽ ആചരിക്കപ്പെടുക.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഐക്യം എന്ന വിഷയത്തെ ആധാരമാക്കി 2026-ലെ ആഗോള മിഷനറി ദിനത്തിന്റെ പ്രമേയം ലിയോ പതിനാലാമൻ പാപ്പാ തെരഞ്ഞെടുത്തതായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു. ഒക്ടോബർ 31 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു വാർത്താകുറിപ്പിലൂടെയാണ്, വരും വർഷത്തെ ആഗോള മിഷനറി ദിനത്തിലേക്കായി "ക്രിസ്തുവിൽ ഒന്ന്, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" (One in Christ, united in mission)  എന്ന പ്രമേയം പാപ്പാ തിരഞ്ഞെടുത്തുവെന്ന് ഡികാസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ വ്യക്തിഗതസഭകൾക്കും വേണ്ടിയുള്ള വിഭാഗം വ്യക്തമാക്കിയത്.

വിശ്വാസ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ സംഘത്തിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പതിനൊന്നാം പിയൂസ് പാപ്പാ ആഗോള മിഷനറി ദിനം സ്ഥാപിച്ചതിന്റെ നൂറാം വാർഷികമാണ് 2026-ൽ ആചരിക്കപ്പെടുക. പതിവനുസരിച്ച്, മിഷനറി മാസമായ ഒക്ടോബറിലെ അവസാനത്തേതിന് തൊട്ടുമുൻപുള്ള ഞായറാഴ്ച, അതായത് ഒക്ടോബർ 18-നായിരിക്കും ഈ ദിനം ആചരിക്കപ്പെടുക.

പാപ്പാ തന്റെ പത്രോസിനടുത്ത നിയോഗവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തതും, ക്രിസ്തുവും പിതാവുമായുള്ള ബന്ധത്തിൽ അടിസ്ഥാനമിട്ട, വിശ്വാസത്തിലുള്ള വിശ്വാസികളുടെ ഐക്യത്തെ സൂചിപ്പിക്കുന്നതുമായ, "അവനിൽ നാം ഒന്നാണ്" (In Illo uno unum) എന്ന ആപ്തവാക്യത്തോട് ചേർന്ന ചിന്തയാണ് വരുന്ന ആഗോള മിഷനറി ദിനത്തിലേക്കായി പാപ്പാ തിരഞ്ഞെടുത്ത പ്രമേയം ഉയർത്തുന്നത്.

ഈ വർഷത്തെ ആഗോള മിഷനറി ദിനവുമായി ബന്ധപ്പെട്ട്, മിഷനറിമാർക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഒരുമിക്കുന്നതിനും, അപ്പസ്തോലികപ്രവർത്തനങ്ങളുടെ മേന്മയ്ക്കും ഈ ദിനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിനെക്കുറിച്ച് പരിശുദ്ധപിതാവ് ഒരു സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചിരുന്നു.

2026 ആദ്യം, വരും വർഷത്തെ ആഗോള മിഷനറി ദിനവുമായി ബന്ധപ്പെട്ട് പാപ്പാ തയ്യാറാക്കുന്ന പ്രത്യേക സന്ദേശം പുറത്തിറങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 നവംബർ 2025, 13:14