ഡൽഹി ആക്രമണം: തീവ്രവാദത്തിനെതിരെ ഇന്ത്യയിലെ കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കാനും, ജാഗ്രതയോടെ ജീവിക്കാനും, പ്രാർത്ഥിക്കാനും ആവശ്യപ്പെട്ട് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (CBCI). നവംബർ 10 തിങ്കളാഴ്ച ഡൽഹിയിലെ റെഡ് ഫോർട്ടിന് സമീപം, എട്ട് പേരുടെ മരണത്തിനും, നിരവധി ആളുകൾക്ക് പരിക്കിനും കാരണമായ കാർ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം ഇന്ത്യൻ മെത്രാൻസമിതി ഇത്തരമൊരു കുറിപ്പിറക്കിയതായി നവംബർ 12-ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നിരപരാധികളായ ആളുകൾ മരണമടയുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവത്തിൽ ഇന്ത്യയിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകൾ ഉൾപ്പെടുന്ന മെത്രാൻസമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ സംഭവത്തിന്റെ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത മെത്രാൻസമിതി, പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് തങ്ങളുടെ കുറിപ്പിൽ എഴുതി.
തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്ത ഭാരതത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, സംശയാസ്പദമായ കാര്യങ്ങൾ ജാഗ്രതാപൂർവ്വം കാണാനും, പോലീസിനെ അറിയിക്കാനും രാജ്യത്തെ എല്ലാ പൗരന്മാരെയും ആഹ്വാനം ചെയ്തു. ഇടവക വികാരിമാരും, സംശയാസ്പദമായ കാര്യങ്ങളും, ദേവാലയങ്ങളോടടുത്ത ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വസ്തുക്കളും സംബന്ധിച്ചും ഉടൻ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കണമെന്നും തങ്ങളുടെ കുറിപ്പിലൂടെ മെത്രാൻസമിതി ആവശ്യപ്പെട്ടു.
ഒരു സമൂഹമെന്ന നിലയിൽ ഒരുമിച്ച് നിൽക്കാമെന്നും, സമാധാനം കാത്തുസൂക്ഷിക്കാമെന്നും, രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷയും നന്മയും ഉറപ്പുവരുത്താനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും മെത്രാൻസമിതി എഴുതി. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കാനും മെത്രാൻസമിതി ആഹ്വാനം ചെയ്തു.
റെഡ് ഫോർട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പുൽവാമയിൽ അഞ്ചുപേരെയെങ്കിലും അറസ്റ്റ് ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫരീദാബാദിൽ തീവ്രവാദവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന മറ്റൊരു സംഘത്തിലെ എട്ടുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നവംബർ 11-ന് പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള ഒരു കോടതിയുടെ സമീപത്തും ഒരു ആക്രമണം ഉണ്ടായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: