തിരയുക

കോപ്പനാഗൻ മെത്രാനും, യൂറോപ്യൻ മെത്രാൻസമിതിയുടെ ഉപാദ്ധ്യക്ഷനുമായ ബിഷപ് ചെസ്ലോ കോസോൻ കോപ്പനാഗൻ മെത്രാനും, യൂറോപ്യൻ മെത്രാൻസമിതിയുടെ ഉപാദ്ധ്യക്ഷനുമായ ബിഷപ് ചെസ്ലോ കോസോൻ 

ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംരക്ഷണം ആവശ്യപ്പെട്ട് യൂറോപ്യൻ മെത്രാൻസമിതി

ക്രൈസ്തവർക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെയും, വെറുപ്പിന്റെയും പശ്ചാത്തലത്തിൽ, ഒരു ഏകോപനപ്രസ്ഥാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ മെത്രാൻസമിതി. എല്ലാ വിശ്വാസികൾക്കും സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ കമ്മീഷന്റെയും മതനേതൃത്വങ്ങളുടെയും വാർഷികസമ്മേളനത്തിൽ യൂറോപ്യൻ മെത്രാൻസമിതി ആവശ്യപ്പെട്ടതായി ഇറ്റലിയിലെ മെത്രാൻസമിതി വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രൈസ്‌തവർക്കെതിരെയുള്ള വിദ്വേഷപരമായ അതിക്രമങ്ങളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യൂറോപ്യൻ മെത്രാൻസമിതി (COMECE). യൂറോപ്പിൽ യഹൂദ, ഇസ്ലാമിക വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വിശ്വാസസമൂഹങ്ങൾ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും, ഈ പ്രദേശത്ത് ക്രൈസ്തവർക്കെതിരെ അരങ്ങേറുന്ന വർദ്ധിച്ച അക്രമങ്ങളും വെറുപ്പും യൂറോപ്യൻ യൂണിയനുള്ളിൽ വിശ്വാസികൾ നേരിടുന്ന വിവേചനവും മൂലമാണ് ഇത്തരമൊരു അഭ്യർത്ഥന യൂറോപ്യൻ യൂണിയന് മുന്നിൽ ഇവിടുത്തെ കത്തോലിക്കാമെത്രാൻസമിതി വച്ചത്.

യൂറോപ്യൻ കമ്മീഷന്റെയും മതനേതൃത്വങ്ങളുടെയും വാർഷികസമ്മേളനത്തിൽ സംബന്ധിക്കവെ, നവംബർ 17 തിങ്കളാഴ്ച, കോപ്പനാഗൻ മെത്രാനും, യൂറോപ്യൻ മെത്രാൻസമിതിയുടെ ഉപാദ്ധ്യക്ഷനുമായ ബിഷപ് ചെസ്ലോ കോസോനാണ് (H.E. Msgr. Czeslaw Kozon) ഇത്തരമായൊരു അഭ്യർത്ഥന മുന്നോട്ടുവച്ചത്. യൂറോപ്യൻ യൂണിയന്റെ ആഭ്യന്തര-കുടിയേറ്റ കാര്യങ്ങൾക്കും, സംവാദങ്ങൾക്കും വേണ്ടിയുള്ള കമ്മീഷണർ മാഗ്നൂസ് ബ്രുണ്ണറുടെ മേൽനോട്ടത്തിലായിരുന്നു സമ്മേളനം നടന്നത്.

എല്ലാ വിശ്വാസികൾക്കും അവരുടെ ആരാധനാലയങ്ങൾക്കും വേണ്ട സംരക്ഷണം അത്യാവശ്യമാണെന്ന് ഓർമ്മിപ്പിച്ച ബിഷപ് ചെസ്ലോ, യൂറോപ്പിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവർ, വിവേചനവും, ഒഴിവാക്കലും, അക്രമങ്ങളും വെറുപ്പും നേരിടുന്നുണ്ടെന്ന് പ്രസ്താവിച്ചു.

യൂറോപ്പ് പോലെയുള്ള മതേതര സമൂഹങ്ങളിൽ മതത്തിന് രാഷ്ട്രീയത്തിലും പൊതു ഇടങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടമാക്കാനുള്ള ഇടങ്ങൾ കുറയുകയാണെന്നും, ഗർഭഛിദ്രം, ദയാവധം, വിവാഹം, കുടുംബജീവിതം തുടങ്ങിയവയെക്കുറിച്ച് പരമ്പരാഗത ക്രൈസ്തവവീക്ഷണങ്ങൾ പുലർത്തുന്ന രാഷ്ട്രീയക്കാർ വിവേചനം നേരിടുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ അവർ തങ്ങളുടെ വിശ്വാസം വ്യക്തമാക്കുന്നതിന് വിമുഖരാകുന്നുണ്ടെന്നും യൂറോപ്യൻ മെത്രാൻസമിതി ഉപാദ്ധ്യക്ഷൻ വിലയിരുത്തി.

പൊതു ഇടങ്ങളിൽ മതപരമായ അടയാളങ്ങൾക്കും, മതപരമായ വേഷത്തിനും, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രാർത്ഥനായിടങ്ങൾക്കും നേരെ എതിർപ്പുയരുന്നുണ്ടെന്ന് ബിഷപ് ചെസ്ലോ ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് തങ്ങളുടെ വിശ്വാസമനുസരിച്ച് വിദ്യാഭ്യാസം നൽകാൻ ക്രൈസ്തവമാതാപിതാക്കൾക്കുള്ള അവകാശം പലയിടങ്ങളിലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

സമ്മേളനത്തിൽ ക്രൈസ്തവരെയും, യഹൂദരെയും, ഇസ്ലാം മതവിശ്വാസികളെയും, ബുദ്ധമതക്കാരെയും പ്രതിനിധീകരിച്ച് ആളുകൾ പങ്കെടുത്തിരുന്നു. ഇറ്റലിയിലെ മെത്രാൻസമിതിയുടെ സിർ (S.I.R.) ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 14:39