പാവങ്ങൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കെടുക്കുന്നു പാവങ്ങൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കെടുക്കുന്നു   (@VATICAN MEDIA)

ദരിദ്രരോടുള്ള അടുപ്പം സുവിശേഷപ്രേരിതമാണ് ; 'ദിലെക്സി തെ' അപ്പസ്തോലിക പ്രബോധനം

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te)എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെപതിമൂന്നു മുതൽ പതിനഞ്ചു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. പ്രത്യയശാസ്ത്രങ്ങളുടെ തെറ്റിദ്ധാരണകൾക്കു മദ്ധ്യേ, ദരിദ്രരോടുള്ള ആർദ്രമായ അടുപ്പം വിലകുറച്ചുകാണരുതെന്നു പാപ്പാ മുന്നറിയിപ്പ് നൽകുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ ചരിത്രത്തിലും പ്രബോധനങ്ങളിലും ദാനധർമ്മത്തിന് സവിശേഷമായ സ്ഥാനമുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രത്യക്ഷമായ പ്രകടനമായി ദാനധർമ്മത്തെ സഭ കാണുന്നു. ദരിദ്രരെയും ദുർബലരെയും സഹായിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. കത്തോലിക്കാ സഭ ദാനധർമ്മത്തെ കേവലം ഒരു സാമൂഹിക പ്രവർത്തനം എന്നതിലുപരി, ആത്മീയമായ ഒരു കടമയായിട്ടാണ് കാണുന്നത്. ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ് സഹജീവികളോടുള്ള സ്നേഹം എന്ന് സഭ പഠിപ്പിക്കുന്നു. ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ക്രിസ്തുവിനെ കാണാൻ സഭ നമ്മെ ഓർമ്മിപ്പിക്കുന്നു.

സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ, ദാനധർമ്മം നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാന ഘടകമായി ഉയർത്തിക്കാട്ടുന്നു. സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാനും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പാക്കാനും ദാനധർമ്മം സഹായിക്കുന്നു. സഭയുടെ വിവിധ സ്ഥാപനങ്ങളായ ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയെല്ലാം ദാനധർമ്മത്തിന്റെ പ്രായോഗിക രൂപങ്ങളാണ്. ഇവയിലൂടെ, സഭ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് സഹായം നൽകുന്നു.

ഒന്നാം നൂറ്റാണ്ടിലെ ആദ്യകാല ക്രിസ്ത്യാനികൾക്കിടയിൽ, തങ്ങളുടെ സ്വത്തുക്കൾ പങ്കുവെക്കുകയും ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ഒരു രീതി നിലനിന്നിരുന്നു. ഇത് ദാനധർമ്മത്തിന്റെ ഒരു മാതൃകയായി സഭ ഇന്നും ഉയർത്തിപ്പിടിക്കുന്നു.

ക്രിസ്തു തന്റെ പരസ്യജീവിതത്തിൽ ഉടനീളം ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണന കാണിച്ചു. വിശുദ്ധ ലൂക്കയുടെ സുവിശേഷം 4:18-19 വാക്യങ്ങളിൽ, ക്രിസ്തു ഇപ്രകാരം പറയുന്നു: "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്; എന്തുകൊണ്ടെന്നാൽ ദരിദ്രരോട് സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു." ഇത് വഴി തന്റെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്തു പ്രഖ്യാപിക്കുന്നത്, ദരിദ്രരായവരോടുള്ള ദൈവത്തിന്റെ അടുപ്പം പ്രകടമാക്കുക എന്നതാണ്.

ക്രിസ്തുവിന്റെ അത്ഭുതങ്ങൾ പലപ്പോഴും ദരിദ്രരെയും രോഗികളെയും സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. വിശക്കുന്നവർക്ക്  ഭക്ഷണം നൽകുകയും രോഗികളെ സുഖപ്പെടുത്തുകയും പാപികളോട് കരുണ കാണിക്കുകയും ചെയ്തു. കൂടെക്കൂടെ ക്രിസ്തു ദരിദ്രരുടെ ഭവനങ്ങളിൽ ഭക്ഷണം കഴിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

ധനികനായ യുവാവിനോട്  തന്റെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് നൽകാൻ ക്രിസ്തു ആവശ്യപ്പെട്ടത് ദരിദ്രരോടുള്ള അവന്റെ പരിഗണന എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ ഉപമകളിലും ദരിദ്രരോടുള്ള സ്നേഹം പ്രതിഫലിക്കുന്നുണ്ട്. നല്ല സമരിയാക്കാരന്റെ ഉപമ, ലാസറിന്റെയും ധനവാന്റെയും ഉപമ എന്നിവയെല്ലാം ദരിദ്രരോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ദരിദ്രരെ സഹായിക്കുന്നത് ദൈവത്തെത്തന്നെ സഹായിക്കുന്നതിന് തുല്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു.

വിശ്വാസം, ശരണം, സ്നേഹം (ദാനധർമ്മം) എന്നിവയാണ് മൂന്ന് ദൈവിക പുണ്യങ്ങൾ. ഇവയിൽ, സ്നേഹമാണ് ഏറ്റവും ശ്രേഷ്ഠമായ പുണ്യം എന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നു. 1 കോറിന്തോസ്  13:13-ൽ, "വിശ്വാസം, ശരണം, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ ഇവയിൽ ഏറ്റവും വലിയത് സ്നേഹമാണ്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ദാനധർമ്മം എന്നത് കേവലം പണം നൽകുന്നതിൽ ഒതുങ്ങുന്നില്ല. അത്, സമയം, കഴിവുകൾ, സ്നേഹം, കരുണ എന്നിവ പങ്കുവെക്കുന്നതും ഉൾപ്പെടുന്നു. ആവശ്യമുള്ളവരെ കേൾക്കാനും അവരെ ആശ്വസിപ്പിക്കാനും അവർക്ക് കൂട്ടിരിക്കാനും കഴിയുന്നത് വലിയൊരു ദാനധർമ്മമാണ്.

ദാനധർമ്മം ചെയ്യുന്നതിലൂടെ ഒരാൾക്ക് ആത്മീയമായ വളർച്ച കൈവരിക്കാൻ സാധിക്കുന്നു. ഇത് സ്വാർത്ഥത ഇല്ലാതാക്കാനും മറ്റുള്ളവരോട് സഹാനുഭൂതി വളർത്താനും സഹായിക്കുന്നു. ദാനധർമ്മം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. "കൊടുക്കുന്നതിലാണ് വാങ്ങുന്നതിനേക്കാൾ കൂടുതൽ സന്തോഷം" എന്ന് ക്രിസ്തു പഠിപ്പിച്ചു.

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ, ഓരോ വ്യക്തിയും തങ്ങളുടെ കഴിവുകൾക്കനുസരിച്ച് ദാനധർമ്മം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇത് സമൂഹത്തിൽ നീതിയും സമാധാനവും വളർത്താൻ സഹായിക്കുന്നു. ദാനധർമ്മം ചെയ്യുന്നതിലൂടെ, ക്രിസ്തുവിന്റെ ശിഷ്യന്മാരായി ജീവിക്കാനും അവന്റെ സ്നേഹം ലോകത്തിന് നൽകാനും നമുക്ക് സാധിക്കും.

എന്നാൽ ഇന്ന് ക്രിസ്തു പഠിപ്പിച്ച ഈ കാര്യങ്ങളിൽ  രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം  തെറ്റിദ്ധാരണ പടർത്തുന്ന വലിയ  വിപത്ത് നാം അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെപ്പറ്റിയും പരിശുദ്ധ പിതാവ്, ‘ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പതിമൂന്നു മുതലുള്ള ഖണ്ഡികകൾ, ‘പ്രത്യയശാസ്ത്രപരമായ മുൻവിധികൾ’, എന്ന ശീർഷകത്തോടെയാണ് വിവരിക്കുന്നത്. 

ആധുനികയുഗത്തിൽ, പുറത്തു നാം കാണുന്നതിൽ നിന്നും, കേൾക്കുന്നതിൽ നിന്നും തികച്ചും വ്യത്യാസമാണ് യാഥാർഥ്യം എന്നുള്ളതാണ് ഈ ഖണ്ഡികകളിലൂടെ പാപ്പാ നമ്മെ പഠിപ്പിക്കുന്നത്. ദരിദ്രരുടെ സ്ഥിതികളെ കുറിച്ച് പുറത്തു പറയുന്നതിനേക്കാൾ എത്രയോ മടങ്ങു അധികമാണ്, ആ യാഥാർഥ്യങ്ങളെ നിശ്ശബ്ദരാക്കുവാൻ പരിശ്രമിക്കുന്നവർ. ഇനി ഇത്തരത്തിലുള്ള അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലും, അവയെ തെറ്റായി വ്യാഖ്യാനിക്കുന്നതും ഇന്ന് ഏറി വരുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക നിയങ്ങൾ ഇന്ന് അധികമായി നിലനിൽക്കുന്നുണ്ടെങ്കിലും, അവ സമഗ്രമായ മാനവികവികസനത്തിനു ഫലപ്രദമായ മാർഗ്ഗങ്ങൾ  കാട്ടിത്തരുന്നില്ലെന്നും. സമ്പത്തിന്റെ അസമത്വമായ വിതരണം ഇന്ന് ദാരിദ്ര്യത്തിന്റെ പുതിയ മുഖങ്ങൾ  രൂപപ്പെടുവാൻ കാരണമായിട്ടുണ്ടെന്നും പാപ്പാ അടിവരയിടുന്നു.

ഇന്ന് സമൂഹത്തിൽ സർക്കാരുകൾ ഘോരഘോരം, ദാരിദ്ര്യ നിർമ്മാർജ്ജനം നടത്തിയിട്ടുണ്ടെന്ന് പറയുമ്പോൾ, അവയെ, ഇന്നത്തെ യാഥാർത്ഥ്യവുമായി താരതമ്യപ്പെടുത്താനാവാത്ത മറ്റ് കാലഘട്ടങ്ങളിലെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അത് അളക്കുന്നതിനാലാണെന്ന സത്യം പാപ്പാ എടുത്തു പറയുന്നു. രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വലിയ വ്യത്യാസങ്ങളെ അവഗണിക്കാതിരിക്കുന്നതാണ്, യഥാർത്ഥ ദാരിദ്ര്യ നിർമ്മാർജ്ജനമെന്നതും പാപ്പാ അടിവരയിടുന്നു. അതായത്, പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ മാറി. ഇന്ന് ആ കാലഘട്ടത്തിലേതുപോലെ കാര്യങ്ങൾ ചെയ്തു കൊടുത്തിട്ട്, ദാരിദ്ര്യം നിർമ്മാർജ്‌ജനം ചെയ്തുവെന്ന് പറയുക, മനുഷ്യജനതയോടുള്ള അനീതിയാണെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

യഥാർത്ഥമായ ദാരിദ്ര്യാവസ്ഥ ഒരിക്കലും ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ബലമായി ഒരാൾ അഭിമുഖീകരിക്കുന്ന അവസ്ഥയാണെന്നും പാപ്പാ എടുത്തു പറയുന്നു. എന്നാൽ ഇത് വെറും തിരഞ്ഞെടുപ്പാണെന്നും, അതിനാൽ ദരിദ്രരെ ഗൗനിക്കേണ്ടത് ആവശ്യമില്ലെന്നും പ്രചരിപ്പിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടെന്നതും പാപ്പാ വിശദീകരിക്കുന്നു. ഒരുപക്ഷേ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന പൂർവ്വികർ ദരിദ്രരായി മരിച്ചതുകൊണ്ട്,  ആ നിരാശയിൽ ജോലി ചെയ്യാൻ പോലും താത്പര്യം ഇല്ലാതെ കഴിയുന്ന ദരിദ്രരെയും നാം കണ്ടെന്നു വരും. ഇത് ഒരു ധാർഷ്ട്യത്തിന്റെയല്ല, മറിച്ച് ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ  നൽകുന്ന മനസിന്റെ മടുപ്പാണ്. 

അതികഠിനമായ ജോലികൾ ചെയ്യുന്ന ആളുകൾക്കു ജീവിതത്തിൽ ഒന്നും ശേഖരിക്കുവാൻ സാധിക്കുന്നില്ല എന്നത് ഒരു വിഷമം തന്നെയായി തുടരുകയാണ്. ഈ ശ്രമം, അതിജീവിക്കാൻ മാത്രമേ സഹായിക്കൂ എന്നും ഒരിക്കലും അവരുടെ ജീവിതം യഥാർത്ഥത്തിൽ മെച്ചപ്പെടുത്തുന്നില്ലെന്നും, തിരിച്ചറിഞ്ഞുകൊണ്ടുപോലും, ദാരിദ്ര്യത്തിൽ തുടരുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവർ അങ്ങനെ ആണെന്നും, അവർ അത് മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പറഞ്ഞു സമൂഹം മുദ്രകുത്തുന്ന സാഹചര്യങ്ങളും നമുക്ക് അറിയാം. പാപ്പാ ഇവയെ ‘അർഹതയുടെ തെറ്റായ ദർശനം’ എന്നാണ് വിളിക്കുന്നത്.

ഈ ഒരു ചിന്ത ക്രൈസ്തവരുടെ ഉള്ളിൽ പോലും കടന്നുകൂടിയിരിക്കുന്നത് തെറ്റായ ഒരു പ്രവണതയായിട്ടാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും ലൗകിക പ്രത്യയശാസ്ത്രങ്ങളാൽ അടയാളപ്പെടുത്തിയ മനോഭാവങ്ങളാൽ സ്വാധീനിക്കപ്പെടാൻ  സ്വയം വിട്ടുകൊടുക്കുന്നതുകൊണ്ട്, അത് അന്യായമായ സാമാന്യവൽക്കരണങ്ങളിലേക്കും തെറ്റിദ്ധരിപ്പിക്കുന്ന നിഗമനങ്ങളിലേക്കും നയിക്കുന്നുവെന്നാണ് പാപ്പാ എടുത്തുപറയുന്നത്. ഇവിടെ ദാനധർമ്മ പ്രവൃത്തികളെ ആക്ഷേപിക്കുകയും, അവ നടത്തുനന്ത ആവശ്യമില്ല എന്ന് വാദിക്കുകയും ചെയ്യുന്നു. അതിനാൽ പാപ്പാ ഈ ഒന്നാം അധ്യായം അവസാനിപ്പിച്ചുകൊണ്ട് പറയുന്ന വാക്കുകൾ ഇതാണ്: "സുവിശേഷത്തിൽ നിന്ന് വരുന്നതും, ചരിത്രത്തിന്റെ ഓരോ നിമിഷത്തെയും സമ്പന്നമാക്കുന്നതുമായ സഭയുടെ ജീവസുറ്റ പ്രവാഹം ഉപേക്ഷിക്കാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ, നമുക്ക് ദരിദ്രരെ മറക്കാൻ കഴിയില്ല."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 നവംബർ 2025, 12:53