മേജർ ആർച്ച് ബിഷപ്പ് ക്ലൗധിയു ലുഷാൻ പോപ്പിനൊപ്പം കർദിനാൾ ക്ലൗദിയോ ഗുജറോത്തി മേജർ ആർച്ച് ബിഷപ്പ് ക്ലൗധിയു ലുഷാൻ പോപ്പിനൊപ്പം കർദിനാൾ ക്ലൗദിയോ ഗുജറോത്തി   (Foto Arcieparchia di Bla)

ഗ്രീക്ക് കത്തോലിക്കാ സഭ ആഗോളസഭയുടെ അഭിമാനവും, പ്രതീക്ഷയുമാണ്: കർദിനാൾ ഗുജറോത്തി

ബ്ലാജ് കത്തീഡ്രലിൽ വച്ച് ശനിയാഴ്ച്ച നടന്ന റൊമാനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ക്ലൗധിയു ലുഷാൻ പോപ്പിന്റെ സിംഹാസനാരോഹണ ചടങ്ങിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് പങ്കെടുത്തു.

ജോവാന്നി സാവാത്ത, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗ്രീക്ക് കത്തോലിക്കാ സഭ, ഒരു പൗരസ്ത്യ സഭയെന്ന നിലയിലും, വേദനിക്കുന്ന സഭയെന്ന നിലയിലും, പാപ്പയുമായി കൂട്ടായ്മയിലുള്ള സഭയെന്ന നിലയിലും, സവിശേഷമാർന്നതാണെന്നും, ഈ സഭ എന്നും ആഗോളസഭയുടെ അഭിമാനവും, പ്രതീക്ഷയുമാണെന്ന്, പൗരസ്ത്യ  സഭകൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ ക്ലൗദിയോ ഗുജറോത്തി പറഞ്ഞു. ബ്ലാജ് കത്തീഡ്രലിൽ വച്ച് ശനിയാഴ്ച്ച നടന്ന റൊമാനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ക്ലൗധിയു ലുഷാൻ പോപ്പിന്റെ സിംഹാസനാരോഹണ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കവെയാണ് കർദിനാൾ ഇക്കാര്യങ്ങൾ പരാമർശിച്ചത്.

ഇത്തരുണത്തിൽ സഭയുടെ കൂട്ടായ്മ പ്രകടമാക്കുന്നതിനു, റോമിലേക്ക് ക്ഷണിക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. നവംബർ ആറാം തീയതിയാണ്, റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സിനഡ്, ക്ലൗധിയു ലുഷാൻ പോപ്പിനെ പുതിയ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കുന്നതും തുടർന്ന് പാപ്പാ അംഗീകാരം നൽകുന്നതും.

സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ  മാതാവിന്റെ സ്നേഹനിർഭരവും വികാരഭരിതവുമായ കണ്ണുകൾ, സന്തോഷത്തോടും സാഹോദര്യത്തോടും കൂടി നമ്മുടെ ഒത്തുചേരലിനെ എടുത്തുകാണിക്കുവാനുതകുന്ന  ഏറ്റവും അനുയോജ്യമായ ചിത്രമാണെന്നും കർദിനാൾ എടുത്തു പറഞ്ഞു. പൗരസ്ത്യ സഭകളുടെ സുഗമമായ നടത്തിപ്പിനും, വിശ്വാസികളുടെ  ആവശ്യങ്ങൾക്കും ഉതകും വിധം എന്തെല്ലാം കാര്യങ്ങൾ  ചെയ്യുവാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ഡിക്കസ്റ്ററി കൂടുതൽ പഠനങ്ങൾ  നടത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, ലിയോ പതിനാലാമൻ പാപ്പായുടെ അനുഗ്രഹാശ്ശിസുകളും അറിയിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇരുണ്ട വർഷങ്ങൾക്ക് ശേഷം റോമുമായി ഐക്യപ്പെട്ട റൊമാനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ നേതാവായിരുന്ന, കർദ്ദിനാൾ ലൂസിയൻ മുറേഷന്റെ ജീവിതം ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. ജൂൺ 2-ന്, വാഴ്ത്തപ്പെട്ട ഗ്രീക്ക് കത്തോലിക്കാ രക്തസാക്ഷികളുടെ തിരുനാളിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സിസ്റ്റൈൻ കപ്പേളയിൽ തങ്ങളെ സ്വീകരിച്ചത്, മേജർ ആർച്ച് ബിഷപ്പ് ക്ലൗധിയു ലുഷാൻ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 നവംബർ 2025, 13:02