തിരയുക

ആസിയാൻ സമ്മേളനവേദിയിൽനിന്നുള്ള ഒരു ചിത്രം ആസിയാൻ സമ്മേളനവേദിയിൽനിന്നുള്ള ഒരു ചിത്രം  (EPA)

ആസിയാൻ സംഘടനയിൽ ചേർന്നത് കിഴക്കൻ തിമോറിന് ഉപകാരപ്രദമാകും: കത്തോലിക്കാ മെത്രാൻസമിതി

ആസിയാൻ (ASEAN) സംഘടനയിൽ കിഴക്കൻ തിമോർ അംഗമായത്, രാജ്യത്തെ കൂടുതൽ വളർത്തുമെന്നും, വിശ്വാസകാര്യത്തിലുൾപ്പെടെ പങ്കുവയ്ക്കൽ കൂടുതൽ പ്രോത്സാഹിക്കപ്പെടുമെന്നും രാജ്യത്തെ കത്തോലിക്കമെത്രാൻസമിതിയുടെ വക്താവ് ഫാ. പെരൈര. 2025 ഒക്ടോബർ 26-നാണ് രാജ്യം ദക്ഷിണ പൂർവ്വ ഏഷ്യൻ രാജ്യങ്ങളുടെ ഈ സംഘടനയിൽ അംഗമായത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കിഴക്കൻ തിമോർ (East Timor - Democratic Republic of Timor-Leste) ആസിയാൻ സംഘടനയിൽ അംഗമായത് രാജ്യത്തിന്റെ വളർച്ചയിലുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് രാജ്യത്തെ കത്തോലിക്കാ മെത്രാൻസമിതി. യുവജനങ്ങൾ ഉൾപ്പെടെ രാജ്യത്തെ പൊതുജനത്തിന് വലിയ പ്രതീക്ഷകളും പ്രത്യാശകളുമാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ളതെന്നും കിഴക്കൻ തിമോർ മെത്രാൻസമിതിയുടെ വക്താവും മാധ്യമ, വാർത്താവിനിമയവിഭവം തലവനുമായ ഫാ. ബെന്തോ പെരൈര ഫീദെസ് ഏജൻസിയോട് പറഞ്ഞു.

കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി രാജ്യം മുഴുവൻ കാത്തിരുന്ന ഒരു കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഫാ. പെരൈര, ഇതുവഴി ആസിയാൻ രാജ്യങ്ങളുടെ വളർച്ചയ്‌ക്കൊപ്പം നീങ്ങാൻ തങ്ങൾക്കും സാധിക്കുമെന്നും, സാമ്പത്തിക, വിശ്വാസ കാര്യങ്ങളിലുൾപ്പെടെ കൈമാറ്റവും വളർച്ചയും ഉണ്ടാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വീകരിക്കാൻ മാത്രമല്ല, തങ്ങളുടെ രാജ്യത്തിൻറെ വ്യക്തിത്വവും, സംസ്കാരവും, വിഭവസമ്പന്നതയും, വിശ്വാസവുമുൾപ്പെടെയുള്ള കാര്യങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കുടിയേറ്റ കാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികൾ തങ്ങൾ കാണുന്നില്ലെന്നും, മറുഭാഗത്ത്, ഏവർക്കും, പ്രത്യേകിച്ച് തങ്ങളുടെ യുവജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ, പരിശീലന സാധ്യതകൾക്കുള്ള വഴിയാണ് തങ്ങൾ മുന്നിൽ കാണുന്നതെന്നും കത്തോലിക്കാസഭയുടെ പ്രതിനിധി അറിയിച്ചു.

വിദേശങ്ങളിലേക്ക് ചേക്കേറുന്ന കിഴക്കൻ തിമോർ പൗരന്മാർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും, അവർ ആയിരിക്കുന്ന ഇടങ്ങളിൽ സുവിശേഷത്തിന്റെ സാക്ഷ്യമേകാൻ അവർക്ക് സാധിക്കുമെന്നും ഫാ. പെരൈര പറഞ്ഞു. കുടിയേറ്റക്കാർ മിഷനറിമാർ കൂടിയാകുന്ന ഇന്നത്തെ ലോകത്ത്, കിഴക്കൻ തിമോറിലെ ജനങ്ങൾക്ക് മുന്നിലും ഇത്തരമൊരു സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് പതിമൂന്ന് ലക്ഷം ജനങ്ങളാണ് കിഴക്കൻ തിമോറിലുള്ളത്. ഇവരിൽ ഭൂരിഭാഗവും കാത്തോലിക്കാരാണ്. ആസിയാൻ സംഘടനയിലെ പതിനൊന്നാമത്തെ അംഗമായാണ് രാജ്യം 2025 ഒക്ടോബർ 26-ന് ചേർന്നിട്ടുള്ളത്. സാമ്പത്തികമായ വലിയ ശക്തിയില്ലാത്ത രാജ്യത്തിന്, എഴുപത് കോടിയോളം വരുന്ന ആളുകളുള്ള ഒരു സാമ്പത്തികവ്യവസ്ഥയുടെ ഭാഗമാകാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പോർച്ചുഗീസ് കോളനിയായിരുന്ന രാജ്യം 1975-ൽ സ്വാതന്ത്രമായെങ്കിലും, ഏറെത്താമസിയാതെ ഇന്തോനേഷ്യ ഈ രാജ്യത്തിന്റെ ഭരണം പിടിച്ചടക്കിയിരുന്നു. ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം 1999-ൽ ഐക്യരാഷ്ട്രസഭയുടെ കൂടി നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി 2002-ലാണ് ഔദ്യോഗികമായി രാജ്യം സ്വാതന്ത്രമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഒക്‌ടോബർ 2025, 13:32