നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക; അന്ത്യവിധിക്കായുള്ള ഒരുക്കങ്ങൾ
ഫാ. ബെനഡിക്ട് വാരുവിള, പാറശാല രൂപത
ആരാധനാക്രമവത്സരത്തിലെ അവസാന കാലമായ സ്ലീബാ കാലത്തിലെ, അവസാന ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് വിചിന്തനത്തിനായി നൽകിയിരിക്കുന്ന വചനഭാഗം വിശുദ്ധ മത്തായി എഴുതിയ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം മുപ്പത്തിയൊന്നു മുതൽ നാല്പത്തിയാറു വരെയുള്ള തിരുവചനങ്ങളാണ്. മരണാനന്തര ജീവിതത്തിലെ ഓരോ വ്യക്തിയുടേയും വിധി എന്താകും, എന്തൊക്കെയായിരിക്കും വിധിയുടെ മാനദണ്ഡങ്ങൾ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ നാം എങ്ങനെ ജീവിക്കണം എന്നതാണ് ഇന്നത്തെ വചനത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.. ഈ വചനഭാഗത്തെ അഞ്ചായി തിരിക്കാം. ഒന്നാമതായി ക്രിസ്തുവിന്റെ രാജകീയ തിരിച്ചു വരവ്, രണ്ടാമതായി പൊതുവിധിയുടെ മാനദണ്ഡം, മൂന്നാമതായി നീതിയും കരുണയും, നാലാമതായി വിശ്വാസവും പ്രവൃത്തിയും, അഞ്ചാമതായി കാരുണ്യപ്രവർത്തികളിലൂടെയുള്ള രക്ഷ.
1. ക്രിസ്തുവിന്റെ രാജകീയ തിരിച്ചു വരവ്
ആദിമ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്വർഗ്ഗരോഹണത്തിനു ശേഷം ക്രിസ്തുവിന്റെ തിരിച്ചു വരവിനെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് ഇന്നും തുടരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് വിശുദ്ധ മത്തായി എഴുതിയ സുവിശേഷം ഇരുപത്തിനാലാമധ്യായം മുപ്പതാം തിരുവചനത്തിൽ പറയുന്നത് "അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്‌ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്‌തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും." ക്രിസ്തുവിന്റെ രണ്ടാം വരവ് ശക്തിയിലും മഹത്വത്തിലുമായിരിക്കും. അവൻ ശക്തിയോടും മഹത്വത്തോടും കൂടി എഴുന്നള്ളുന്നത് നീതി രാജാവായി മനുഷ്യരെ വിധിക്കാനായിട്ടാണ്. വിശുദ്ധ മർക്കൊസേഴുതിയ സുവിശേഷം പതിമൂന്നാമധ്യായം ഇരുപത്തിയാറാം വചനം അവന്റെ രാജകീയ വരവിനെ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്, "അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്‌തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും." ക്രിസ്തുവിന്റെ രണ്ടാം വരവ് രാജകീയമാണ്. ക്രിസ്തു വാനമേഘങ്ങളിൽ വരുന്നത് നീതിയോടെ വിധിക്കാൻ വേണ്ടിയാണ്. ഈ സത്യത്തെ വെളിപാടിന്റെ പുസ്തകം പത്തൊൻപതാമധ്യായം പതിനൊന്നാം തിരുവചനത്തിൽ അടിവരയിടുന്നു, "സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു."
ക്രിസ്തു തന്റെ രണ്ടാം വരവിൽ നീതിയോടെ മനുഷ്യന്റെ പ്രവർത്തികൾക്കനുസരിച്ച് നമ്മെ വിധിക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇതിനെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ് "അന്ത്യവിധിക്കായുള്ള ക്രിസ്തുവിന്റെ തിരിച്ചു വരവിന്റെ സമയവും മണിക്കൂറും പിതാവായ ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ. അന്ത്യവിധിയിൽ പുത്രനിലൂടെ അവിടുന്ന് ലോകചരിത്രം മുഴുവന്റേയും വിധി നി നിർണയിക്കും. സൃഷ്ടിയുടെ സമ്പൂർണ്ണ അർത്ഥവും, രക്ഷകരചരിത്രത്തിന്റെ വ്യാപ്തിയും, ദൈവകരുണയിൽ സൃഷ്ടിയെ നയിച്ച ദൈവത്തിന്റെ ഔദാര്യവും അന്ത്യവിധിയിൽ വെളിവാക്കപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവിൽ നീതിയോടെ, നീതിരഹിതമായി പ്രവർത്തിച്ച എല്ലാ സൃഷ്ടികളേയും അവരുടെ പ്രവർത്തികൾക്കനുസരിച്ച് അവൻ വിധിയ്ക്കും. ക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യവിധിയും ദൈവസ്നേഹം മരണത്തേക്കാൾ ശക്തമാണ് എന്നതിന്റെ അടയാളവും തെളിവുമാണ്." (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1040)
2. പൊതുവിധിയുടെ മാനദണ്ഡം
ക്രിസ്തുവിന്റെ രണ്ടാംവരവ് പൊതു വിധിക്കായിട്ടാണ്.. പൊതുവിധിയുടെ മാനദണ്ഡം മനുഷ്യന്റെ പ്രവൃത്തികളാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനം രണ്ടാമധ്യായം ആറാം തിരുവചനത്തിൽ അതു വ്യക്തമായി പറയുന്നു "എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും." ക്രിസ്തുവിന്റെ രണ്ടാം വരവിൽ എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്നിൽ നിൽക്കേണ്ടിവരും. കോറിന്തോസുകാർക്കേഴുതിയരണ്ടാം ലേഖനം അഞ്ചാം അധ്യായം പത്താം തിരുവചനത്തിൽ വിശുദ്ധ പാലോസ് ശ്ലീഹാ പറയുന്നതു പോലെ "എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്‌തുവിന്റെന്യായാസനത്തിനു മുമ്പില്‍ വരണം." എല്ലാവരും വലിയവരാണെങ്കിലും ചെറിയവരാണെങ്കിലും ദരിദ്രരാണെങ്കിലും ധനികരാണെങ്കിലും ക്രിസ്തുവിന്റെ മുന്നിൽ വിധിക്കായി നിൽക്കേണ്ടി വരും. വെളിപാടിന്റെ പുസ്തകം ഇരുപതാമധ്യായം പന്ത്രണ്ടാം വചനത്തിൽ വളരെ വ്യക്തമായി പറയുന്നു, "മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്‌ഥമാണ്. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു." കാരണം ഹെബ്രായർക്കെഴുതിയ ലേഖനം നാലാമധ്യായം പതിമൂന്നാം വചനത്തിൽ ഇപ്രകാരം പറയുന്നു, "അവന്റെ മുന്‍പില്‍ ഒരു സൃഷ്‌ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്‌തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്."
പൊതുവിധിയെകുറിച്ച് തന്റെ പരസ്യജീവിത കാലത്ത് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം അഞ്ചാമധ്യായം ഇരുപതിയെട്ടാം വചനത്തിൽ ഇങ്ങനെ നാം വായിക്കുന്നു, "ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു."
അതായത് വിശുദ്ധ പൗലോസ് ശ്ലീഹാ കൊറിന്തോസ്കാർക്കെഴുതിയ രണ്ടാം ലേഖനം അഞ്ചാം അധ്യായം പത്താം തിരുവചനത്തിൽ പറയുന്ന പോലെ
"എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മ കള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്‌തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ വരണം."
അവന്റെ ന്യായാസനത്തിന് മുന്നിൽ നിൽക്കുമ്പോൾ അവൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിച്ചു നിർത്തും. എന്നു പറഞ്ഞാൽ ഓരോരുത്തരുടെയും ഇഹലോക ജീവിത പ്രവർത്തികളെ പരിശോധിച്ച് നന്മ ചെയ്‍തവരെയും തിന്മ ചെയ്തവരേയും അവൻ വേർതിരിച്ചു നിർത്തും.
3. നീതിയും കരുണയും
തനതു വിധിയും പൊതുവിധിയും മരണശേഷം നമ്മെ കാത്തിരിക്കുന്നതു കൊണ്ടുതന്നെ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നീതിയോടും കരുണയോടും കൂടി ജീവിയ്ക്കാൻ നാം കടപ്പെട്ടിരിക്കുന്നു. നീതിയും കരുണയുമാണ് അന്ത്യവിധിയുടെ മാനദണ്ഡങ്ങൾ. അതുകൊണ്ടുതന്നെ നാമെങ്ങനെ ഭൂമിയിൽ ജീവിയ്ക്കണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.
മിക്കാ പ്രവാചകന്റെ പുസ്തകം ആറാമധ്യായം എട്ടാം വചനത്തിൽ ഇങ്ങനെ പറയുന്നു, "മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?" കാരണം സങ്കീർത്തനം എൺപത്തിയഞ്ചാമധ്യായം പത്താം തിരുവചനത്തിൽ പറയുന്ന പോലെ
"കാരുണ്യവും വിശ്വസ്‌തതയും തമ്മില്‍ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും."
കരുണയോടെ ജീവിക്കാതിരുന്നാൽ വിധിയെങ്ങനെയായിരിക്കുമെന്ന് യാക്കോബ് ശ്ലീഹായെഴുതിയ ലേഖനം രണ്ടാമധ്യായം പതിമൂന്നാം വചനത്തിൽ പറയുന്നുണ്ട്, "കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും.
അതെന്തു കൊണ്ടാണെന്നു ഏശയ്യാ പ്രവാചകന്റെ പുസ്തകം അറുപതിയൊന്നാം അധ്യായം എട്ടാം വചനത്തിൽ നാം കാണുന്നു, "
കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്‌ടപ്പെടുന്നു. കൊള്ളയും തിന്‍മയും ഞാന്‍ വെറുക്കുന്നു." കപടനാട്യത്തേയും നീതിയില്ലായ്മയെയും കാരുണ്യരാഹിത്യത്തേയും ദൈവം എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഈശോ നിയമജ്‌ഞരോട് സംസാരിക്കുന്നതിൽ നിന്നും നമുക്ക് മനസിലാക്കാം. വിശുദ്ധ മത്തായിയെഴുതിയ സുവിശേഷം ഇരുപതിമൂന്നാമധ്യായം ഇരുപത്തിമൂന്നാം തിരുവചനത്തിൽ ഈശോ പറയുന്നു,
"കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്‌ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ." ഈ വചനത്തിൽ ഈ ഭൂമിയിൽ ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് പറയുന്നു. വിശ്വസ്തതയോടും കരുണയോടും സ്നേഹത്തോടും നീതിയോടും കൂടി ഈ ഭൂമിയിൽ ജീവിക്കാനാണ് ദൈവം നമ്മെ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
4. വിശ്വാസവും പ്രവർത്തിയും
വിശ്വാസം ഉണ്ടായിരുന്നാൽ മാത്രം പോരാ, വിശ്വസിക്കുന്ന കാര്യങ്ങൾ ജീവിക്കാനും നമുക്കാകണം. യാക്കോബ് ശ്ലീഹായെഴുതിയ ലേഖനം രണ്ടാമധ്യായം പതിനാലുമുതൽ പതിനേഴുവരെയുള്ള വചനങ്ങളിൽ നാം ഇപ്രകാരം നാം കാണുന്നു, "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്‌ഷിക്കാന്‍ കഴിയുമോ?. ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്‌ത്രമോ ഭക്‌ഷണമോ ഇല്ലാതെ കഴിയുമ്പോള്‍. നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്."
വിശ്വാസം ജീവിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നീതിപൂർവ്വമായ വിധിയാണെന്നുള്ളത് നമ്മെ വിശ്വാസം ജീവിക്കാൻ പ്രേരിപ്പിക്കണം. അന്ത്യവിധിയിൽ വിശ്വാസത്തിന്റെ പ്രവർത്തികൾക്കനുസരിച്ചുള്ള കാരുണ്യമാണ് ക്രിസ്തു വിലയിരുത്തുന്നത് എന്നു നാം എപ്പോഴും ഓർക്കണം.
5. കാരുണ്യപ്രവർത്തികളിലൂടെയുള്ള രക്ഷ
ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്നും, എന്തൊക്കെയായിരിക്കും അന്ത്യവിധിയുടെ മാനദണ്ഡങ്ങളും, ചോദ്യങ്ങളും? എന്ന് ഇന്നത്തെ വചനത്തിൽ നാം കണ്ടു. എനിക്കു വിശന്നു, എനിക്കു ദാഹിച്ചു, ഞാൻ നഗ്നനായിരുന്നു, ഞാൻ രോഗിയായിരുന്നു, ഞാൻ കാരാഗൃഹത്തിലായിരുന്നു, ഞാൻ പരദേശിയായിരുന്നു നിങ്ങൾ എങ്ങനെയാണ് എന്നോട് പെരുമാറിയത്.. അതനുസരിച്ചാണ് നമ്മുടെ വിധി.
എന്നു പറഞ്ഞാൽ മറ്റുള്ളവരിൽ, വേദനിക്കുന്നവരിൽ, വിശക്കുന്നവരിൽ, ദാഹിക്കുന്നവരിൽ, നഗ്നരിൽ, നിനക്ക് ക്രിസ്തുവിനെ കാണാൻ പറ്റുന്നുണ്ടോ. വിശുദ്ധ മദർ തെരേസ ഒരിക്കൽ പറഞ്ഞു നിങ്ങൾ എനിക്ക് കോടികൾ തന്നാലും കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ എനിക്കാവില്ല.. ഞാനിത് ചെയ്യുന്നത് അവരിൽ ക്രിസ്തുവിനെ ദർശിക്കുന്നത് കൊണ്ടാണ്.
കരുണയുടെ മുഖങ്ങളായി ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിയ്ക്കുന്നത്. ഈശോ, നമ്മെ വിശുദ്ധ ലൂക്കോസ് എഴുതിയ സുവിശേഷം ആറാമധ്യായം മുപ്പത്തിയാറാം തിരുവചനത്തിൽ പഠിപ്പിക്കുന്നു,
"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍." ദൈവസ്നേഹം ജീവിക്കാൻ നമുക്ക് കഴിയണമെങ്കിൽ വിശ്വാസം ജീവിയ്ക്കാൻ നമുക്ക് കഴിയണം. വിശുദ്ധ യോഹന്നാൻ ശ്ലീഹായെഴുതിയ ഒന്നാം ലേഖനം മൂന്നാമധ്യായം പതിനേഴും പതിനെട്ടും തിരുവചനങ്ങളിൽ ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നപോലെ, "ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്." പഴയ നിയമത്തിൽ മറ്റുള്ളവരോട് ദയകാണിക്കുന്നവരോട് ദൈവം കാണിക്കുന്ന ദയയെകുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകം പത്തൊൻപതാം അധ്യായം പതിനേഴാം തിരുവചനത്തിൽ പറയുന്നത് ഇങ്ങനെയാണ്, "ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും."
തിരുസഭ നമ്മെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. രണ്ടുതരത്തിലുള്ള കാരുണ്യപ്രവർത്തികൾ ചെയ്യണമെന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്: ശരീരികമായ കാരുണ്യപ്രവർത്തികളും ആത്മീയമായ കാരുണ്യപ്രവർത്തികളും.
ശരീരികമായ ഏഴ് കാരുണ്യ പ്രവർത്തികൾ ഇവയാണ്:
1. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത്
2. ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്
3. വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നത്
4. പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം കൊടുക്കുക
5. രോഗികളേയും തടവുകാരേയും സന്ദർശിക്കുന്നത്
6. അവശരെ സഹായിക്കുന്നത്
7. മരിച്ചവരെ അടക്കുന്നത്
ആത്മീയമായ ഏഴ് കാരുണ്യ പ്രവർത്തികൾ ഇവയാണ്:
1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
2. സംശയമുള്ളവരുടെ സംശയം തീർക്കുന്നത്
3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്
4. തെറ്റു ചെയ്യുന്നവരെ തിരുത്തുന്നത്
5. ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്
6. അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്
7. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിയ്ക്കുന്നത്.
നിത്യശിക്ഷയിലേയ്ക്ക് അഥവാ നിത്യ നരകത്തിലേയ്ക്ക് പ്രവേശിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. നിത്യ രക്ഷയിലേയ്ക്കും സ്വർഗ്ഗത്തിലേയ്ക്കും പ്രവേശിക്കാൻ കാരുണ്യമായി നമ്മിലേയ്ക്ക് വരുന്ന വിശുദ്ധ കുർബ്ബാനയിൽ നിന്നും ശക്തി സ്വീകരിച്ച് മറ്റുള്ളവരിൽ ക്രിസ്തുവിനെ കണ്ട് നമ്മുടെ ജീവിതം ദൈവകരുണയുടെ അടയാളമാണ് എന്ന ബോധ്യത്തിൽ ദൈവത്തിൽ നിന്നും നാം സ്വീകരിയ്ക്കുന്ന കരുണ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തുകൊണ്ട് നമുക്ക് ജീവിക്കാം. അങ്ങനെ കരുണയുടെ അടയാളങ്ങളായി ദൈവകരുണയുടെ മുഖങ്ങളായി മറ്റുള്ളവരിലേക്ക് ദൈവകരുണ പകർന്നു നൽകി സ്വർഗ്ഗരാജ്യത്തിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: