നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ മെത്രാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നെയ്യാറ്റിൻകര ലത്തീൻരൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് സെൽവരാജൻ ദാസനെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
ഈ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്ന അദ്ദേഹത്തെ ലിയൊ പതിനാലാമൻ പാപ്പാ ഒക്ടോബർ 18-ന് ശനിയാഴ്ചയാണ് രൂപതാഭരണസാരഥിയായി ഉയർത്തിയത്.
പ്രസ്തുത രൂപതയുടെ അജപാലകനായിരുന്ന ബിഷപ്പ് വിൻസെൻറ് സാമുവേൽ കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ നിയമനം നടത്തിയത്.
1962 ജനുവരി 27-ന് വലിയവിളയിൽ ജനിച്ച ബിഷപ്പ് സെൽവരാജൻ ദാസൻ 1987 ഡിസമ്പർ 23-ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് നെയ്യാറ്റിൻകര രൂപത നിലവിൽ വന്നപ്പോൾ പ്രസ്തുത രൂപതയിൽ ചേരുകയുമായിരുന്നു. 2025 ഫെബ്രുവരി 8-ന് നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായ അദ്ദേഹത്തിൻറെ മെത്രാഭിഷേകം മാർച്ച് 25-നായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: