തിരയുക

കടലിനെ ശാന്തമാക്കുന്ന ക്രിസ്തു കടലിനെ ശാന്തമാക്കുന്ന ക്രിസ്തു 

പിശാചിനും കടലിനുമിടയിൽ തളർന്നുപോയ മനുഷ്യരും രക്ഷകനായെത്തുന്ന യേശുവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവാ-മൂശാക്കാലം ഏഴാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: മത്തായി 8, 23 – 9, 8
ശബ്ദരേഖ - പിശാചിനും കടലിനുമിടയിൽ തളർന്നുപോയ മനുഷ്യരും രക്ഷകനായെത്തുന്ന യേശുവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രകൃതിശക്തികളുടേയും നാരകീയശക്തികളുടേയും ഇടപെടൽ മൂലം ജീവിതം ഭയ, ദുഃഖ, ദുരിതപൂർണ്ണരായ മനുഷ്യർക്ക് ആശ്വാസവും സ്വാതന്ത്ര്യവും അതുവഴി സമാധാനവും നൽകുന്ന യേശുക്രിസ്തുവിനെക്കുറിച്ചാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അദ്ധ്യായം ഇരുപത്തിമൂന്ന് മുതൽ ഒൻപതാം അദ്ധ്യായം എട്ടു വരെയുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നത്. ശിഷ്യർക്കൊപ്പം കടലിൽ യാത്ര ചെയ്യുമ്പോൾ അവരുടെ ജീവനുപോലും ഭീഷണിയായി ഉയരുന്ന കൊടുങ്കാറ്റിനെ ഈശോ ശമിപ്പിക്കുന്നതും, ഗദറായക്കാരുടെ ദേശത്ത് വഴിപോക്കരായ മനുഷ്യരെപ്പോലും പേടിപ്പിക്കുന്ന വിധത്തിൽ, രണ്ട് മനുഷ്യരുടെമേൽ കയറിക്കൂടിയ പിശാചിൽനിന്ന് അവർക്ക് മോചനം നൽകുന്നതും, തളർവാതരോഗിക്ക് സൗഖ്യം നൽകുന്നതുമായ മൂന്ന് അത്ഭുതങ്ങളാണ് ഇവിടെ നാം കാണുക.

വിശുദ്ധ മത്തായി തന്റെ സുവിശേഷത്തിന്റെ എട്ട്, ഒൻപത് അദ്ധ്യായങ്ങളിലായി മൂന്ന് ഗണം അത്ഭുതങ്ങളെക്കുറിച്ചാണ് എഴുതുന്നത്. യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നത്, ശതാധിപന്റെ ഭൃത്യനെ തളർവാതത്തിൽനിന്ന് സുഖപ്പെടുത്തുന്നത്, പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നത്, കൊടുങ്കാറ്റിനെ ശാന്തമാക്കുന്നത്, പിശാചുബാധിതരെ സുഖപ്പെടുത്തുന്നത്, തളർവാതരോഗിയെ സുഖപ്പെടുത്തുന്നത്, രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നത്, ഭരണാധികാരിയുടെ മകളെ ജീവനിലേക്ക് തിരികെ കൊണ്ടുവരുന്നത്, അന്ധർക്ക് കാഴ്ച നൽകുന്നത്, ഊമനെ സുഖമാക്കുന്നത് എന്നിവയാണവ. ഇവയ്ക്കിടയിൽ യേശു നടത്തുന്ന പ്രഭാഷണങ്ങളും, ശിഷ്യത്വത്തെക്കുറിച്ചുള്ള ഉദ്‌ബോധനങ്ങളും നമുക്ക് കാണാം. ഇതിൽ രണ്ടാമത്തെ ഗണം അത്ഭുതങ്ങളാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.

വിശുദ്ധ മർക്കോസും വിശുദ്ധ ലൂക്കായും ചെറിയ വ്യത്യാസങ്ങളോടെ ഈ മൂന്ന് സംഭവങ്ങളും തങ്ങളുടെ സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്.

അത്ഭുതങ്ങളും മനുഷ്യരും

സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന മൂന്ന് അത്ഭുതങ്ങളും മനുഷ്യനെ സ്വതന്ത്രനാക്കുന്ന, അവന്റെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്ന, അവന് സമാധാനമേകുന്ന കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് നമുക്ക് കാണാം.

കടലിൽ മുങ്ങി മരിക്കുമെന്ന് ഭയന്ന ശിഷ്യന്മാർക്ക് മുന്നിൽ, കടലിനെ ശാന്തമാക്കി അവർക്ക് ആശ്വാസം നൽകുന്ന യേശുവിനെയാണ് ആദ്യം നാം കാണുക. പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച്, അതിനെ ക്രമപ്പെടുത്തിയ ദൈവത്തിന് മുന്നിൽ പ്രകൃതിശക്തികൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന്, ജീവിതത്തിലുണ്ടായേക്കാവുന്ന കൊടുങ്കാറ്റുകൾക്കും തിരമാലകൾക്കും മുന്നിൽ ദൈവത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് ഈ അത്ഭുതം നമ്മോട് പറയുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അധികാരങ്ങൾക്കും ശക്തികൾക്കും മേലെയാണ് ദൈവമെന്ന് മാംസമായിത്തീർന്ന തിരുവചനം വ്യക്തമാക്കുന്നു.

മനുഷ്യാന്തസ്സിനെപ്പോലും ഇല്ലാതാക്കുന്ന വിധത്തിൽ തിന്മ, നരകീയശക്തി അടിമയാക്കിത്തീർത്ത രണ്ടു വ്യക്തികളെ അവരുടെ മഹത്വത്തിലേക്ക് തിരികെ നയിക്കുന്ന, ദൈവമക്കളെന്ന നിലയിലുള്ള അവരുടെ അഭിമാനവും സ്വാതന്ത്ര്യവും തിരികെ നൽകുന്ന, യേശുവിനെയാണ് രണ്ടാമത്തെ അത്ഭുതത്തിൽ നാം കാണുന്നത്. ദൈവമാണ് ദൈവസൃഷ്ടിയായ മനുഷ്യർക്ക് അവരുടെ യഥാർത്ഥ മൂല്യം നൽകുന്നതും അവരെ സൃഷ്ടിലോകത്തിലെ മറ്റു ജീവജാലങ്ങളെക്കാൾ മുകളിലായി ഉയർത്തിനിറുത്തുന്നതുമെന്ന് വചനം പഠിപ്പിക്കുന്നു.

തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവത്തിലാകട്ടെ, രണ്ടു കാര്യങ്ങളാണ് നടക്കുന്നത്. ഒന്നാമതായി അവന് അവന്റെ ശാരീരികമായ സ്വാതന്ത്ര്യം, സ്വന്തമായി നടക്കാനും ചലിക്കാനുമുള്ള കഴിവും ശക്തിയും ദൈവപുത്രൻ നൽകുന്നു. രണ്ടാമതായി ക്രിസ്തു അവന്റെ പാപങ്ങൾ മോചിപ്പിക്കുന്നത് നാം കാണുന്നുണ്ട്. മനുഷ്യനെ തിന്മയുടെ അടിമയാക്കുന്ന, സ്വർഗ്ഗത്തോളം ഉയരാനുള്ള അവന്റെ ആത്മാവിന്റെ ചിറകുകൾ തളർത്തിക്കളയുന്ന പാപത്തിൽ നിന്ന് മോചനമേകുന്നത് ദൈവപുത്രനാണ്.

ജീർണ്ണിച്ച മൂല്യങ്ങൾ

രണ്ടാമത്തെയും മൂന്നാമത്തെയും അത്ഭുതങ്ങളിൽ, ദൈവത്തിൽ പോലും കുറ്റം കണ്ടുപിടിക്കാൻ കഴിവുള്ള മനുഷ്യനിലെ തിന്മയും നമുക്ക് കാണാം. പന്നിക്കൂട്ടം കടലിൽ ചാടിയതിന്റെ പേരിൽ യേശുവിനെ തങ്ങളുടെ ദേശത്തുനിന്ന് ഓടിക്കുന്ന മനുഷ്യർ. തളർന്നുപോയ മനുഷ്യന്റെ പാപങ്ങൾ ക്ഷമിക്കുന്ന ദൈവപുത്രനെ അംഗീകരിക്കാൻ മടിയുള്ള നിയമജ്ഞർ. പിശാചിനെപ്പോലെ മനുഷ്യന്റെ ജീവിതത്തെ പാപത്തിന്റെ അടിമയാക്കുന്ന തിന്മയുടെ ശക്തികളെയും, തെറ്റായ പ്രവണതകളെയും ചോദ്യം ചെയ്യുമ്പോൾ, പാരമ്പര്യങ്ങളുടെയും, സങ്കുചിതമതചിന്തകളുടെയും, അസാധാരണമായ കപട പ്രകൃതി, മൃഗസംരക്ഷണത്തിന്റെയും തെറ്റായ സാമൂഹികചിന്തകളുടെയും ഒക്കെ പേരിൽ, സാധാരണക്കാരായ മനുഷ്യരുടെ മൂല്യം തിരിച്ചറിയാനും അംഗീകരിക്കാനും മടിയുള്ള, നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങൾക്കും, മറ്റുള്ളവരുടെ ജീവനെടുക്കുന്ന കുറ്റവാളികൾക്കും, മയിലിനും പട്ടിക്കും പശുവിനും പാമ്പിനും പന്നിക്കുമൊക്കെ മനുഷ്യനേക്കാൾ അവകാശങ്ങൾ നൽകുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ ജീവിക്കുന്ന നമുക്ക് ഈ ചിന്തകൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

യേശുവെന്ന ദൈവപുത്രൻ

സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന മറ്റൊരു പ്രധാന ചിന്ത യേശുക്രിസ്‌തുവിന്റെ യഥാർത്ഥ സത്വത്തെയും സ്വഭാവത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ബോധ്യമാണ്. കാറ്റും കടലും പോലും അനുസരിക്കുന്ന (മത്തായി, 8, 23-27), പൈശാചികശക്തിയെ നിയന്ത്രിക്കാനും അകറ്റാനും, മനുഷ്യന്റെ അന്തസ്സ് തിരികെ നൽകാനും കഴിവുള്ള (മത്തായി 8, 28-34), സൗഖ്യം നൽകാനും പാപം ക്ഷമിക്കാനും അധികാരമുള്ള (മത്തായി 9, 1-8) ദൈവപുത്രനാണവൻ.

ലോകാവസാനത്തെയും അന്ത്യവിധിയെയും ദൈവരാജ്യത്തിന്റെ വരവിനെയും കുറിച്ചുമുള്ള ചിന്തകളും ഈ വചനഭാഗം ഉയർത്തുന്നുണ്ട്. ജീവന്റെ നാഥനായ യേശുവിന്റെ കുരിശിലെ മരണസമയത്തും, ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് പറയുന്നിടത്തുമൊക്കെ (മത്തായി 24, 7) ഭൂമി കുലുങ്ങുന്നതിനെക്കുറിച്ചും പാറകൾ പിളർക്കപ്പെടുന്നതിനെക്കുറിച്ചുമൊക്കെ, പ്രകൃതിശക്തികൾ ഇളകുന്നതിനെക്കുറിച്ച്, നാം വായിക്കുന്നുണ്ട്. കടലിനെയും കാറ്റിനേയുമൊക്കെ നിയന്ത്രിക്കാൻ ദൈവത്തിന് കഴിയുമെന്ന ഒരു ചിന്ത ഇവിടെ നമുക്ക് കാണാം. പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവത്തിലാകട്ടെ, തിന്മ പരാജയപ്പെടുന്ന, നരകീയശക്തികൾ തോൽപ്പിക്കപ്പെടുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്ത കൂടുതൽ വ്യക്തമാണ്. പിശാചബാധിതൻ അവനോട് ചോദിക്കുന്നുണ്ട്, "ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിന് മുൻപ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ? (മത്തായി 8, 29). പാപം മോചിക്കാനുള്ള അധികാരം ദൈവത്തിനാണെന്ന ചിന്ത, ക്ഷമിക്കാനും സൗഖ്യപ്പെടുത്താനും നിത്യതയുടെ ഭവനത്തിലേക്ക് സ്വീകരിക്കാനും കഴിവുള്ളവൻ ദൈവമാണെന്ന ബോധ്യം തളർവാദാരോഗിയെ സുഖപ്പെടുത്തുന്ന സംഭവം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട് (മത്തായി 9, 1-8).

ഉപസംഹാരം

ഇന്നത്തെ സുവിശേഷവചനങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക്, യേശുവിനോട് ചേർന്ന് നമ്മുടെ ജീവിതതോണി മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കാം. ജീവിതത്തിന്റെ കാറ്റും കോളും തിരമാലകളും നിറഞ്ഞ അവസ്ഥകളിൽ നിരാശരും ഭയചകിതരുമാകുന്നതിന് പകരം, വിശ്വാസപൂർവ്വം ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കാം, അവന്റെ കരം പിടിച്ച് മുന്നോട്ടുപോകാം.

ജീവിതത്തിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ, ദൗർബല്യങ്ങളുടെ നിമിഷങ്ങളിൽ തിന്മയുടെയും പൈശാചികശക്തികളുടെയും അടിമകളായിത്തീർന്നിട്ടുണ്ടെങ്കിൽ, ദൈവപുത്രനായ ക്രിസ്തുവിനെ വിളിച്ചപേക്ഷിച്ച് സ്വാതന്ത്ര്യം സ്വന്തമാക്കാം, ദൈവപുത്രരെന്ന മഹത്വവും അന്തസ്സും തിരികെ നേടാം.

ദൈവത്തിലേക്ക് കണ്ണുകളും മനസ്സും നട്ട്, സ്വർഗ്ഗോന്മുഖരായി ജീവിക്കാൻ വിളിക്കപ്പെട്ട നമ്മുടെ പാദങ്ങൾക്ക് ശക്തി നശിച്ചുപോയിട്ടുണ്ടെങ്കിൽ, എഴുന്നേൽക്കാനാകാത്തവിധം പാപഭാരം നമ്മെ തളർത്തിക്കളഞ്ഞിട്ടുണ്ടെങ്കിൽ കർത്താവിന്റെ മുന്നിൽ നമ്മെത്തന്നെ സമർപ്പിക്കുകയും, അവന്റെ അനന്തമായ കരുണയും ശക്തമായ സഹായവും അപേക്ഷിക്കുകയും ചെയ്യാം. നമ്മുടെ ജീവിതത്തിന് ദൈവം നൽകിയ ഭംഗിയും മൂല്യവും വിശുദ്ധിയും തിരികെ സ്വന്തമാക്കാം.

ദൈവമാതാവും, മക്കളെപ്പോലെ നമ്മെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന പരിശുദ്ധ കന്യകാമറിയം നമുക്ക് വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഒക്‌ടോബർ 2025, 18:56