ബിഷപ് മരീ ഫാബിയൻ ബിഷപ് മരീ ഫാബിയൻ 

മഡഗാസ്കർ ആഭ്യന്തരയുദ്ധഭീഷണിയിൽ. സമാധാനം സ്ഥാപിക്കപ്പെടാനായി ചർച്ചകൾ ആവശ്യമെന്ന് മെത്രാൻസമിതി പ്രസിഡന്റ്

മഡഗാസ്കറിൽ തുടരുന്ന കടുത്ത സംഘർഷങ്ങൾക്കിടെ പ്രെസിഡന്റ് ആന്ദ്രി രാജോയെലീന നാടുവിട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും, രാജ്യം ആഭ്യന്തരയുദ്ധഭീഷണിയിലാണെന്നും, വത്തിക്കാൻ മാധ്യമങ്ങൾക്കനുവദിച്ച ഒരു കൂടിക്കാഴ്ചയിൽ രാജ്യത്തെ കത്തോലിക്കമെത്രാൻസമിതി പ്രസിഡന്റ് ബിഷപ് മരീ ഫാബിയൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി മഡഗാസ്കറിൽ നിലനിന്നിരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളായി വരികയാണെന്നും, രാജ്യം ആഭ്യന്തരയുദ്ധഭീഷണിയാണ് നേരിടുന്നതെന്നും രാജ്യത്തെ കാതോലിക്കാസഭാനേതൃത്വം. മഡഗാസ്കർ കത്തോലിക്കമെത്രാൻസമിതി പ്രസിഡന്റും മൊറോന്താവ രൂപതാധ്യക്ഷനുമായ ബിഷപ് മരീ ഫാബിയൻ (H.E. Msgr. Marie Fabien Raharilamboniaina) വത്തിക്കാൻ മാധ്യമങ്ങൾക്കനുവദിച്ച ഒരു അഭിമുഖത്തിലാണ് രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രസ്താവന നടത്തിയത്.

മഡഗാസ്കർ പ്രെസിഡന്റ് ആന്ദ്രി രാജോയെലീന നാടുവിട്ടതിനെത്തുടർന്ന്, "ജെൻസീ" യുവജനങ്ങൾ നടത്തിവന്നിരുന്ന പ്രതിഷേധപ്രകടനങ്ങൾ കൂടുതൽ അക്രമാസക്തമായെന്ന് ബിഷപ് മരീ ഫാബിയൻ അറിയിച്ചു. രാജ്യത്തെ പോലീസ്, സുരക്ഷാസേനകൾ പട്ടാളത്തോട് ചേർന്നുവെന്നും, അവരിൽ ഭൂരിപക്ഷവും പ്രതിഷേധക്കാർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന മാനിക്കപ്പെടണമെന്നും, സമാധാനസ്ഥാപനത്തിനായി ചർച്ചകൾ പുനരാരംഭിക്കണമെന്നും പ്രസിഡന്റ് രാജോയെലീന സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവജനങ്ങളും പ്രതിഷേധപ്രകടനങ്ങൾ തുടരുന്നവരും ഇത് അംഗീകരിച്ചിരുന്നില്ല.

യുവജനങ്ങൾക്കും പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും രാഷ്ട്രീയപ്രവർത്തകർക്കും നിലവിലെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമായിരുന്നില്ലെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ വളരെക്കുറച്ച് മാത്രമാണ് യാഥാർത്ഥ്യമായതെന്നും ബിഷപ് മരീ ഫാബിയൻ ഒസ്സെർവ്വത്തോറെ റൊമാനോയോട് പറഞ്ഞു.

രാജ്യത്തെ ജല, വൈദ്യുത ലഭ്യതക്കുറവ് മാത്രമായിരുന്നില്ല പ്രതിഷേധപ്രകടനങ്ങൾക്ക് കാരണമെന്ന് അറിയിച്ച മെത്രാൻസമിതി പ്രസിഡന്റ്, ആശുപത്രികളിൽ ഡോക്ടർമാരുടെയും, ചികിത്സാഉപകരണങ്ങളുടെയും മരുന്നുകളുടെയും കുറവുണ്ടെന്നും, ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി.

രാജ്യത്തെ യുവജനങ്ങൾ ഗവണ്മെന്റിന്റെ വ്യാജവാഗ്ദാനങ്ങൾ മൂലം മടുത്തിരിക്കുകയാണെന്നും, അവരാണ് പ്രതിഷേധം നയിക്കുന്നതെന്നും ഓർമ്മിപ്പിച്ച ബിഷപ് മരീ ഫാബിയൻ, രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സഭയുൾപ്പെടെയുള്ളവർ ഭയക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കാനും, അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കാനും രാജ്യത്തെ ജനങ്ങളോടും, ജനങ്ങൾക്കെതിരെ ആയുധമെടുക്കരുതെന്ന് സായുധസേനയോടും മെത്രാൻസമിതി പ്രസിഡന്റ് അഭ്യർത്ഥന നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഒക്‌ടോബർ 2025, 13:48