യേശുവിന്റെ കുരിശുരൂപം യേശുവിന്റെ കുരിശുരൂപം  

നമ്മുടെ കഷ്ടപ്പാടുകൾ ക്രിസ്തുവിന്റെ സഹനവുമായി ചേർത്തുവയ്ക്കണം

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 158 മുതൽ 163 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. അനുതാപം നമ്മുടെ പ്രവൃത്തിയുടെ ഫലമല്ല, മറിച്ച് ഒരു കൃപയാണ്
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ മർഗരീത്ത മറിയം അലക്കോക്കിന് ഈശോയുടെ തിരുഹൃദയത്തിന്റെ ദർശനം ലഭിച്ചത് ക്രൈസ്തവ ഭക്തി മാർഗത്തിലെ  ഒരു സുപ്രധാന സംഭവമാണ്. 17-ാം നൂറ്റാണ്ടിൽ ഫ്രാൻസിലെ പാരാ-ലെ-മോണിയൽ എന്ന സ്ഥലത്തുള്ള ഒരു മഠത്തിലെ കന്യാസ്ത്രീയായിരുന്നു വിശുദ്ധ മർഗരീത്ത. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ ഏറെ പങ്കുവഹിച്ച ഈ വിശുദ്ധയുടെ ഓർമ്മദിവസമാണ്, ഒക്ടോബർ പതിനാറാം തീയതി.

1647-ൽ ഫ്രാൻസിലെ ഒരു ധനിക കുടുംബത്തിലാണ് മർഗരീത്ത മറിയം അലക്കോക്ക് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അവൾക്ക് കന്യാസ്ത്രീയാകാൻ ആഗ്രഹമുണ്ടായിരുന്നു. 1671-ൽ അവൾ പാരാ-ലെ-മോണിയലിലെ മഠത്തിൽ അംഗമായിരിക്കുമ്പോഴാണ്,  അവൾക്ക് ഈശോയുടെ തിരുഹൃദയത്തിന്റെ ദർശനങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഈ ദർശനങ്ങളിൽ, ഈശോ തന്റെ ഹൃദയം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമാണെന്ന് അവൾക്ക് വെളിപ്പെടുത്തി. ഈശോ തന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാൻ മർഗരീത്തയോട് ആവശ്യപ്പെട്ടു.

ഈശോയുടെ നിർദ്ദേശമനുസരിച്ച്, മർഗരീത്ത തിരുഹൃദയഭക്തി പ്രചരിപ്പിക്കാൻ തുടങ്ങി. തുടക്കത്തിൽ അവൾക്ക് ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലും, അവളുടെ ആത്മാർത്ഥതയും വിശ്വാസവും കാരണം, ഈ ഭക്തി ക്രമേണ പ്രചാരത്തിലായി. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചുള്ള അവളുടെ എഴുത്തുകൾ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചു.

1690-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മർഗരീത്ത മറിയം അലക്കോക്കിനെ 1920-ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇന്നത്തെ ലോകത്ത്, തിരുഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യമുണ്ട്. സ്നേഹം, ദയ, ക്ഷമ, അനുകമ്പ എന്നിവയുടെ പ്രാധാന്യം തിരുഹൃദയം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകം, ഇന്ന്  അക്രമം, വിദ്വേഷം, അസഹിഷ്ണുത എന്നിവയാൽ നിറഞ്ഞിരിക്കുമ്പോൾ, ഈശോയുടെ തിരുഹൃദയം സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്നു. നമ്മുടെ ഹൃദയങ്ങളെ സ്നേഹം കൊണ്ട് നിറയ്ക്കാനും മറ്റുള്ളവരോട് കരുണ കാണിക്കാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു.

ഈശോയുടെ തിരുഹൃദയം സകല സ്നേഹത്തിന്റെയും ഉറവിടമാണ്. ദൈവസ്നേഹം, മാനുഷിക സ്നേഹം, സഹോദരസ്നേഹം എന്നിങ്ങനെ സ്നേഹത്തിന്റെ എല്ലാ മാനങ്ങളും, തിരുഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നു. തിരുഹൃദയത്തോടുള്ള ഭക്തിയിലൂടെ, നമുക്ക് ദൈവസ്നേഹത്തിൽ ആഴത്തിൽ വേരൂന്നാനും മറ്റുള്ളവരെ സ്നേഹിക്കാനും പഠിക്കുവാൻ സാധിക്കുന്നുവെന്നുള്ളതാണ് സത്യം. ഇതാണ് വിശുദ്ധ മാർഗരീത്ത നമ്മെ പഠിപ്പിക്കുന്നതും.

ഫ്രാൻസിസ് പാപ്പായുടെ അവസാന ചാക്രിക ലേഖനമായ ദിലെക്സിത്ത് നോസ്, ഇത്തരത്തിൽ ആധുനികയുഗത്തിലെ സംഘർഷങ്ങൾക്ക്  മദ്ധ്യേ,  തിരുഹൃദയഭക്തിയുടെ  പ്രാധാന്യം എടുത്തു പറയുന്നതാണ്. അവൻ നമ്മെ സ്നേഹിച്ചു എന്നത്, ഭൂതകാലത്തിൽ നടന്ന ഒരു ചരിത്രമായിട്ടല്ല പാപ്പാ എടുത്തുകാണിക്കുന്നത്, മറിച്ച് അത് നമുക്ക് നൽകുന്ന  ഒരു ഉറപ്പാണ്. പഴയകാലത്ത് നമ്മെ സ്നേഹിച്ച ദൈവം ഇന്നു നമ്മെ സ്നേഹിക്കുന്നുവെന്നും, ഇനിയും നമ്മെ സ്നേഹിക്കുമെന്നുമുള്ള  ഉറപ്പ്.

ലേഖനത്തിന്റെ നൂറ്റിയൻപത്തിയെട്ടാം ഖണ്ഡിക മുതൽ നമുക്ക് പറഞ്ഞുതരുന്നത്, കർത്താവിന്റെ തിരുഹൃദയം രക്തം ചിന്തി നമുക്കായി നേടിത്തന്ന രക്ഷയെ പറ്റി നാം ധ്യാനിക്കേണ്ടതിന്റെ  ആവശ്യകതയാണ്. നമ്മുടെ വേദനകളും, കഷ്ടപ്പാടുകളും, ബന്ധനങ്ങളും എല്ലാം യാഥാർഥ്യം ആണെന്നു ലേഖനം അടിവരയിടുമ്പോൾ, ഈ അവസരത്തിൽ കർത്താവിങ്കലേക്കു തിരിയുവാൻ നാം പരാജയപ്പെട്ടു പോകുന്നുവെന്നുള്ള മാനുഷികമായ ബലഹീനതയെയും എടുത്തുപറയുന്നു. അതിനാൽ മാനസാന്തരത്തിന്റെ ഒരു അനുഭവത്തിലേക്ക് തിരുഹൃദയം നമ്മെ ക്ഷണിക്കുന്നുവെന്നും, ഇവിടെ നമ്മുടെ കണ്ണുനീർ നമ്മെ ശുദ്ധീകരിക്കുന്നുവെന്നും പാപ്പാ എടുത്തു പറയുന്നു. അത് നമ്മിൽ തന്നെ ഒതുങ്ങി നിൽക്കുവാൻ അനുവദിക്കാതെ നമ്മിൽ നിന്നും പുറത്തുകടന്നുകൊണ്ട്, ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്നു.

ഇവിടെ ഒരു തിരിച്ചറിവിന്റെ അനുഭവത്തിലേക്കാണ് ലേഖനം നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ ന്യൂനതകളെയും, പാപങ്ങളെയും തിരിച്ചറിയുവാൻ നമുക് സാധിക്കണം. ഇതിനുള്ള വലിയ മാതൃകയാണ് യേശുവിന്റെ സഹനങ്ങളെപ്പറ്റിയുള്ള ധ്യാനം. ഹൃദയം സ്വന്തം തിന്മ കാണുകയും സ്വയം ഒരു പാപിയാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനു സ്വയം വിട്ടുകൊടുക്കുവാൻ തയാറാകും എന്നുള്ളതാണ് പാപ്പാ എടുത്തു കാണിക്കുന്നത്.  ദൈവത്തെ പാപത്താൽ ദുഃഖിപ്പിച്ചതിൽ ഗൗരവമായി അനുതപിക്കുക, ഇതാണ് തിരുഹൃദയ ഭക്തി മുൻപോട്ടു വയ്ക്കുന്നത്. അതായത് എന്റെ പാപങ്ങൾക്കുമുൻപിൽ, നഗ്നനാക്കപ്പെടുകയും, ചമ്മട്ടികളാൽ അടിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും ചെയുന്ന കർത്താവിനെ കുറിച്ചുള്ള ഒരു സ്മരണ നമ്മെ അനുതാപത്തിലേക്ക് നയിക്കുമ്പോൾ, അതിനും മുകളിൽ തന്റെ തിരുഹൃദയം തിരികെ നമ്മെ സ്നേഹത്തിലേക്ക് ക്ഷണിക്കുന്നു. അനുതാപം നമ്മുടെ പ്രവൃത്തിയുടെ ഫലമല്ല, മറിച്ച് ഒരു കൃപയാണ്, അതിനാൽ പ്രാർത്ഥനയിൽ നാം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറയുന്നു.

ഒരുപക്ഷെ ഇങ്ങനെയുള്ള ഭക്താഭ്യാസങ്ങളെ പരിഹസിക്കുന്ന ഒരു പ്രവണത, സഭയ്ക്കുള്ളിൽ പോലും വളർന്നുവരുന്നതുകൊണ്ടാവണം, പാപ്പാ തുടർന്നു പറയുന്നത്: "ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനങ്ങളുടെ തീക്ഷ്ണമായ വിശ്വാസ പ്രകടനങ്ങളെ ആരും പരിഹസിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു" എന്ന്. യേശു നമുക്കായി സഹിച്ച കഷ്ടപ്പാടുകളിൽ, ആ സഹനങ്ങളോട് ചേർന്ന് നിൽക്കുവാനും , അവനു ആശ്വാസം കൊടുക്കുവാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തെ വിലകുറച്ചു കാണരുതെന്നും, ഈ വിശ്വാസപ്രകടനങ്ങൾ , തുടർന്ന് അവരുടെ ജീവിതത്തിൽ, അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഇടവരുത്തുമെന്നും പാപ്പാ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ഇത് എല്ലാ അനുതാപങ്ങളുടെയും അടിസ്ഥാന ഭാവമായ വികാരങ്ങളെയും, സാധാരണ വിശ്വാസപ്രകടനങ്ങളെയും എടുത്തു കാണിക്കുന്നു.

ഇപ്രകാരം, കർത്താവിൽ പൂർണ്ണമായി ആശ്രയം വയ്ക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ നമുക്ക് ആശ്വാസം കൈവരിക. നമ്മുടെ ഹൃദയങ്ങളിൽ നാം അനുഭവിക്കുന്ന വേദന പൂർണ്ണ വിശ്വാസത്തിന് വഴിമാറുന്നു എന്നാണ് പാപ്പാ കുറിക്കുന്നത്. സഹതാപം ആത്മാവിന്റെ ഭാരങ്ങൾ ലഘൂകരിക്കുന്നു എന്നു പറയുമ്പോൾ, കർത്താവിന്റെ തിരുഹൃദയത്തോടുള്ള  നമ്മുടെ സഹതാപം, നമുക്ക് പകരുന്ന ആർദ്രതയും, സ്നേഹവും, ലാളനയും നമുക്ക് വിസ്മരിക്കുവാനാകുമോ. നമ്മുടെ കഷ്ടപ്പാടുകൾ കുരിശിലെ ക്രിസ്തുവിന്റെ സഹനവുമായി ചേർത്തുവയ്ക്കണം.  അതിനാൽ നമ്മോടൊപ്പം വേദനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്ന ഒരു കർത്താവിനെയാണ് തിരുഹൃദയഭക്തിയിൽ കണ്ടുമുട്ടുകയും അനുഭവിക്കുകയും ചെയ്യുന്നത്.

എന്നാൽ കർത്താവിന്റെ ഈ ആശ്വാസം മറ്റുള്ളവർക്കും അനുഭവവേദ്യമാകുവാൻ, നമ്മുടെ ജീവിതങ്ങളെയും പരിപൂർണ്ണമായി സമർപ്പിക്കുവാൻ കർത്താവ് ക്ഷണിക്കുന്നുവെന്നു ലേഖനം ചൂണ്ടിക്കാണിക്കുന്നു. അതായത്, ദൈവസ്നേഹത്തിന്റെ അനുഭവം, മാനവിക കൂട്ടായ്‍മയിലേക്ക് നമ്മെ ക്ഷണിക്കുന്നുവെന്നും, അവിടെ അപരനെ ചേർത്ത് നിർത്തുവാനും, ആശ്വാസം നല്കുവാനുമുള്ള നമ്മുടെ കടമയെ മറന്നുപോകരുതെന്നും, ഈ ചാക്രികലേഖനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ ഒരു കൂട്ടായ്മയിലാണ് യഥാർത്ഥത്തിൽ കർത്താവ് സന്തോഷിക്കുന്നത്. 

ദൈവത്തോടുള്ള നമ്മുടെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു എന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു അടിസ്ഥാന തത്വമാണ്. ഇത് കേവലം ഒരു ആഗ്രഹം മാത്രമല്ല, ക്രിസ്തീയ ജീവിതത്തിന്റെ കാതലാണ്.  ഓരോ മനുഷ്യനും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനാണ്, അതിനാൽ ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിക്കപ്പെടേണ്ടതുണ്ട്. ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം വാക്കുകളിൽ ഒതുങ്ങരുത്, പ്രവൃത്തികളിലൂടെ പ്രകടമാകണം.

നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ, നമ്മൾ യഥാർത്ഥത്തിൽ ദൈവത്തെയാണ് സ്നേഹിക്കുന്നത്, ഇതാണ് ഈ ലേഖനം മുൻപോട്ടു വയ്ക്കുന്ന പ്രധാന ആശയം. നമ്മൾ ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണ്. അതുകൊണ്ട്, ഒരു അംഗത്തിന് വേദനിക്കുമ്പോൾ, ശരീരം മുഴുവൻ വേദനിക്കുന്നുവെന്നുള്ള തത്വവും ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ സഹജീവികളോടുള്ള കരുണയും സ്നേഹവും നമ്മുടെ വിശ്വാസത്തിന്റെ ആഴത്തെയും ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെയും വെളിപ്പെടുത്തുന്നു. ഇത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് നമ്മുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. അങ്ങനെ, ദൈവത്തോടുള്ള നമ്മുടെ സ്നേഹം നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും മറ്റുള്ളവരെ സഹായിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് സ്വർഗ്ഗരാജ്യം പണിതുയർത്തുവാനുള്ള മാർഗ്ഗവും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2025, 13:54