പ്രായമായവർക്ക് വിശുദ്ധ കുർബാന വീടുകളിൽ നൽകുന്നു പ്രായമായവർക്ക് വിശുദ്ധ കുർബാന വീടുകളിൽ നൽകുന്നു   (AFP or licensors)

തിരുഹൃദയ ഭക്തി ഒരു വലിയ ബന്ധത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്നു

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 154 മുതൽ 157 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. യേശുവിന്റെ തിരുഹൃദയം നമുക്ക് നൽകുന്ന സന്ദേശം, നിസ്വാർത്ഥമായ സ്നേഹവും ക്ഷമയും കരുണയുമാണ്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഹൃദയം, മാനവചരിത്രത്തിൽ സ്നേഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമാണ്. അത് ബന്ധങ്ങളുടെ പ്രതീകവും ജീവന്റെ തുടിപ്പുമാണ്. മനുഷ്യന്റെ ഏറ്റവും ആഴമേറിയ വികാരങ്ങളെയും ആഗ്രഹങ്ങളെയും ഉൾക്കൊള്ളുന്ന ഒരിടം. ഈ ഹൃദയം, കേവലം ഒരു ജൈവിക അവയവം എന്നതിലുപരി, ആത്മാവിന്റെയും വികാരങ്ങളുടെയും ഇരിപ്പിടമായി നാം കരുതുന്നു. പരസ്പര സ്നേഹവും വിശ്വാസവും പങ്കുവെക്കുമ്പോഴാണ് ബന്ധങ്ങൾക്ക് ജീവൻ വയ്ക്കുന്നത്. ഈ സ്നേഹബന്ധങ്ങളുടെ കേന്ദ്രബിന്ദുവായി ക്രൈസ്തവ വിശ്വാസത്തിൽ നാം യേശുവിന്റെ തിരുഹൃദയത്തെ കാണുന്നു.

യേശുവിന്റെ തിരുഹൃദയം, ഈ ലോകത്തിലെ സകല ചരാചരങ്ങളോടും തനിക്കുള്ള ആഴമായ ബന്ധത്തെയും അളവില്ലാത്ത സ്നേഹത്തെയും എടുത്തു കാണിക്കുന്നു. അത് വെറുമൊരു ശാരീരിക ആംഗ്യമല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യത്തിന്റെയും മനുഷ്യരാശിയോടുള്ള അനന്തമായ സ്നേഹത്തിന്റെയും പ്രതീകമാണ്. പാപത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ സ്വയം ബലിയായി തീർന്ന യേശുവിന്റെ സ്നേഹത്തിന്റെ തീവ്രത ആ തിരുഹൃദയത്തിൽ പ്രതിഫലിക്കുന്നു.

കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴും, തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചപ്പോഴും, രോഗികളെ സുഖപ്പെടുത്തിയപ്പോഴും, പാപികളോട് കരുണ കാണിച്ചപ്പോഴും ആ തിരുഹൃദയം സ്നേഹത്താൽ നിറഞ്ഞു നിന്നുവെന്നുള്ളത് വചനം അടിവരയിടുന്നുണ്ട്. എന്നാൽ ഈ സ്നേഹം ഏതെങ്കിലും പ്രത്യേക വിഭാഗത്തിലുള്ളവർക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് ലോകം മുഴുവനുമുള്ള മനുഷ്യവർഗ്ഗത്തിന് വേണ്ടിയായിരുന്നു. അതിനാൽ യേശുവിന്റെ തിരുഹൃദയം നമുക്ക് നൽകുന്ന സന്ദേശം, നിസ്വാർത്ഥമായ സ്നേഹവും ക്ഷമയും കരുണയുമാണ്.

യേശുവിന്റെ തിരുഹൃദയത്തിന്റെ സ്പന്ദനം ഏറ്റവും അടുത്തറിഞ്ഞ വ്യക്തി പരിശുദ്ധ കന്യകാമറിയമാണ്. തന്റെ ഉദരത്തിൽ യേശുവിനെ വഹിച്ചതു മുതൽ, അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, അവന്റെ സഹനങ്ങളിലും, മരണത്തിലും, ഉയിർപ്പിലും മറിയം യേശുവിന്റെ ഹൃദയത്തോട് ചേർന്നു നിന്നു. ഒരു അമ്മ എന്ന നിലയിൽ, മറിയത്തിന് യേശുവിന്റെ സ്നേഹത്തിന്റെ ആഴവും അത്  വേദനയുടെയും  സന്തോഷത്തിന്റെയും മിടിപ്പുകളെ  പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞു.

അതുകൊണ്ട് തന്നെ, മറിയം നമ്മുടെ ഹൃദയങ്ങളെ, നമ്മുടെ വേദനകളെയും ആഗ്രഹങ്ങളെയും മനസ്സിലാക്കുന്നു. യേശുവിനോടുള്ള നമ്മുടെ പ്രാർത്ഥനകൾ മറിയം വഴി സമർപ്പിക്കുമ്പോൾ, നമ്മുടെ ആവശ്യങ്ങൾ അമ്മയുടെ ഹൃദയത്തിലൂടെ യേശുവിന്റെ തിരുഹൃദയത്തിൽ എത്തുന്നു എന്ന വിശ്വാസം നമുക്കുണ്ട്. അമ്മയുടെ മാദ്ധ്യസ്ഥം വഴി, യേശുവിന്റെ സ്നേഹം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രകാശിക്കുന്നു.

നമ്മുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കുമ്പോളാണ് നമുക്ക് അപരന്റെ ഹൃദയങ്ങളെയും വേദനകളെയും ആഗ്രഹങ്ങളെയും സത്യസന്ധമായി മനസ്സിലാക്കാൻ സാധിക്കുന്നത്. ഒക്ടോബര് മാസം ജപമാല പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട്, നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോൾ, യേശുവിനോട് പരിശുദ്ധ അമ്മയുടെ ഹൃദയത്തിന്റെ ആർദ്രതയും നാം ഉൾക്കൊള്ളണം.

സ്വാർത്ഥതയിൽ നിന്നും ലോകബന്ധങ്ങളിൽ നിന്നുമുള്ള മോചനം ഈ സമർപ്പണത്തിലൂടെ സാധ്യമാകുന്നു. യേശുവിന്റെ സ്നേഹത്തെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ വിശാലമാകുകയും മറ്റുള്ളവരോട് കരുണയും ദയയും കാണിക്കാൻ നാം പ്രേരിതരാകുകയും ചെയ്യുന്നു. അപരന്റെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി മാറുന്നു, അവരുടെ സന്തോഷം നമ്മുടെ സന്തോഷവും അവരുടെ ദുഃഖം നമ്മുടെ ദുഃഖവുമായി നാം കാണാൻ തുടങ്ങുന്നു. ഈ സ്നേഹം നമ്മെ ഒന്നിപ്പിക്കുകയും, സമൂഹത്തിൽ സമാധാനവും ഐക്യവും വളർത്തുകയും ചെയ്യുന്നു.

യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി, കേവലം ഒരു അനുഷ്ഠാനം എന്നതിലുപരി, ഒരു ജീവിതചര്യയാണ്. അത് സ്നേഹത്തിന്റെ വഴികളിലൂടെ നടക്കാനും, പരസ്പരം ക്ഷമിക്കാനും, പങ്കുവയ്ക്കുവാനും, മറ്റുള്ളവരിൽ യേശുവിനെ കാണാനും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പാപങ്ങളെയും കുറവുകളെയും ഏറ്റുപറഞ്ഞ്, അവന്റെ കാരുണ്യത്തിൽ ആശ്രയിക്കുമ്പോൾ, ആ തിരുഹൃദയം നമ്മെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്റെ തിരുഹൃദയം നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നത്, ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ വാതിലാണ്. ആ വാതിലിലൂടെ പ്രവേശിച്ച്, സ്നേഹത്തിന്റെ പൂർണ്ണതയിൽ ജീവിക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കണം എന്ന ആഗ്രഹത്തോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസ് വിശ്വാസികൾക്ക് സമർപ്പിക്കുന്നത്.

നൂറ്റിയമ്പതിനാലാമത്തെ ഖണ്ഡിക മുതൽ ഫ്രാൻസിസ് പാപ്പാ, ഈ തിരുഹൃദയഭക്തിയുടെ വിശ്വാസികൾക്കിടയിലെ പ്രചാരത്തെയാണ് എടുത്തു പറയുന്നത്. ഭക്തിയുടെ ദൈവശാസ്ത്ര പാണ്ഡിത്യത്തിനുമപ്പുറം, സാധാരണ വിശ്വാസികളുടെ ഹൃദയമസൃണമായ ഉൾച്ചേരലാണ് ഏറ്റവും പ്രധാനമെന്നു പറയുന്ന പാപ്പാ, മാനുഷികയുക്തിക്കും അതീതമായ ഒരു കൂട്ടായ്മയിലേക്ക് ഈ ഭക്തിയിലൂടെ കടന്നുവരുവാനും ഏവരെയും ക്ഷണിക്കുന്നു. യുക്തി മാത്രം ഉപയോഗപ്പെടുത്തികൊണ്ട്, യേശുവിന്റെ തിരുഹൃദയത്തെ മനസിലാക്കുവാനോ, ഈ ഭക്തി ജീവിതത്തിൽ ഏറ്റെടുക്കുവാനോ സാധിക്കുകയില്ല. മറിച്ച്, യേശുവിന്റ പീഡാനുഭവത്തിൽ വിശ്വാസത്തോടെ പങ്കെടുക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ, അവന്റെ ഹൃദയത്തിന്റെ ദിവ്യത്വം തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ. ഒരു ലളിതമായ ഓർമ്മയേക്കാൾ വലുതാണ്, ഈ അനുഭവം ഇതാണ് ബോധ്യത്തിൽ അടിസ്ഥാനപ്പെടുത്തിയ ദൈവശാസ്ത്രം.  അതിനാൽ ഈ ഭക്തി യേശുവിന്റെ ആത്മദാനത്തെക്കുറിച്ചു ധ്യാനിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം ഈ ധ്യാനം നമ്മുടെ അയോഗ്യതകളെ കുറിച്ച് ചിന്തിക്കുവാനും, നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശു വഹിച്ച ദിവ്യ കുമാരനെ കൂടുതൽ സ്നേഹിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നു.

യേശു ഉയിർത്തെഴുന്നേറ്റതിനാൽ ഈ ഹൃദയത്തിന്റെ പ്രാധാന്യം എന്താണെന്നു നമ്മിൽ പലരും ചോദിച്ചേക്കാം. അതിനു പാപ്പാ നൽകുന്ന മറുപടി ഇതാണ്: "ഉയിർത്തെഴുന്നേറ്റ യേശു തന്റെ ഹൃദയത്തെയും, മാറിന്റെ മുറിവിനെയും മനുഷ്യവംശത്തിനു സ്ഥിരമായ   ഒരു ഓർമ്മയായി നിലനിർത്തുന്നു." കാരണം ഇത് അവനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പീഡാനുഭവത്തിൽ പങ്കുചേരുന്നതിനും നമ്മെ സഹായിക്കുന്നു. തന്റെ തുറക്കപ്പെട്ട മാറിലൂടെ യേശു നമുക്ക് നൽകിയത് തന്റെ സ്നേഹിക്കുന്ന ആത്മാവിനെത്തന്നെയാണ് എന്നാണ് പതിനൊന്നാം പീയൂസ് പാപ്പാ പറയുന്നത്. ഓരോ ആത്മാവും ദൈവസ്നേഹത്താൽ ജ്വലിച്ചിരിക്കുന്നു, കാരണം തന്റെ മുറിവുകളാൽ നമ്മെ സുഖപ്പെടുത്തുകയും, മനുഷ്യരുടെ പാപങ്ങളും കുറ്റകൃത്യങ്ങളും മൂലം  മരണം വരിക്കുകയും ചെയ്ത കർത്താവിനെയാണ് ആത്മാക്കൾ ധ്യാനിക്കുന്നത്.

അതിനാൽ യേശുവിന്റെ പീഡാനുഭവങ്ങളിൽ ആത്മാർത്ഥമായി പങ്കുചേരണമെങ്കിൽ, നമ്മുടെ പാപങ്ങൾ മൂലം അവനെ വീണ്ടും കുരിശിലേക്ക് തള്ളിവിടരുതെന്നും, മറിച്ച് "ക്രിസ്തുവിന്റെ കഷ്ടപ്പാടുകളിൽ കുറവുള്ളത് ഞാൻ എന്റെ ജഡത്തിൽ പൂർത്തിയാക്കുന്നു" എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പാലിക്കുവാൻ സാധിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ഇത് ഒരു വലിയ ബന്ധത്തിന്റെ അനുഭവമാണ്. ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യത്തിൽ, സ്നേഹത്തിന്റെ പ്രവൃത്തികളിലും ആന്തരിക അനുഭവത്തിലും ജീവിക്കുവാനുള്ള ക്ഷണമാണ് തിരുഹൃദയഭക്തി നമുക്ക് നൽകുന്നത്. ക്രിസ്തുവിന്റെ ഈ സഹനങ്ങളിലും, കഷ്ടപ്പാടുകളിലും നമ്മുടെ വേദനകളെയും ചേർത്ത് വയ്ക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. യേശുവിന്റെ മുറിവുകളിൽ, നമ്മുടെ സ്വന്തം കഷ്ടപ്പാടുകൾ പ്രകാശിപ്പിക്കപ്പെടുകയും, രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നാണ് പാപ്പാ പറയുന്നത്. ക്രിസ്തു ആദ്യം നമ്മുടെ ജീവിതത്തിൽ പങ്കുചേരാനും, തന്റെ സഭാ ശരീരം അനുഭവിക്കേണ്ടിയിരുന്ന മുറിവുകളിൽ ആശ്വാസം  നൽകുവാനും ആഗ്രഹിച്ചുവെന്നും, അതിനാൽ നാം ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് കർത്താവു തന്നെയാണ് ആശ്വാസം പകരുന്നതെന്നും പാപ്പാ ലേഖനത്തിൽ   എടുത്തു പറയുന്നു.

ഈ പരസ്പര പങ്കാളിത്തം ഒരു ആത്മീയ അനുഭവമായി മാറുന്നത് നാം ദൈവകൃപയിൽ ജീവിക്കുമ്പോൾ മാത്രമാണ്. വിശ്വാസികൾ പുനരുത്ഥാനത്തിന്റെ സന്തോഷം അനുഭവിക്കുമ്പോൾ, കർത്താവിന്റെ വേദനയുടെ നിമിഷങ്ങളെ മറന്നുപോകരുതെന്നും പാപ്പാ അനുസ്മരിപ്പിക്കുന്നു. സമാശ്വാസത്തിന്റെ ഭക്തി, സഭയുടെ യാത്രയിൽ അത് മാംസവും രക്തവുമായി മാറുന്നുവന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ നൂറ്റിയൻപത്തിയേഴാമത്‌ ഖണ്ഡിക അവസാനിപ്പിക്കുന്നത്. മനുഷ്യവർഗം മുഴുവനും വേദനയുടെ നടുവിലൂടെ കടന്നു പോകുന്ന ഒരു സമയമാണിത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ യുദ്ധത്തിന്റെ ഭീകരത അലയടിക്കുമ്പോൾ, മനുഷ്യർക്ക് നൽകുവാൻ കഴിയുന്ന ആശ്വാസത്തിനും, സഹായങ്ങൾക്കും പരിമിതികളുണ്ട്. ഈ സമയങ്ങളിലെല്ലാം മനുഷ്യവർഗ്ഗത്തിനു കടന്നുചെല്ലാവുന്ന ഒരിടമാണ് യേശുവിന്റെ തിരുഹൃദയം. അതിനാൽ ഈ ഭക്തി നമ്മുടെ ജീവിതത്തിൽ ഏറ്റെടുക്കുവാനും, ഈ അനുഭവത്തിൽ വളരുവാനും നമ്മെ ക്ഷണിക്കുന്നതാണ് ദിലെക്സിത്ത് നോസ് എന്ന ചാക്രിക ലേഖനം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഒക്‌ടോബർ 2025, 12:58