അമൂല്യമായ ജ്ഞാനവും ജീവിതത്തിലെ ശരിതെറ്റുകളും ദൈവാനുഗ്രഹങ്ങളും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതങ്ങളുടെ പുസ്തകത്തെക്കുറിച്ചുള്ള ആമുഖത്തിലും മുൻ അദ്ധ്യായങ്ങളിലും നാം കണ്ടതുപോലെ, ഒരു പിതാവ് തന്റെ പുത്രനും ഗുരു തന്റെ ശിഷ്യനും നൽകുന്ന പ്രായോഗിക, ആദ്ധ്യാത്മിക ജീവിതങ്ങളിലേക്കുള്ള ഉപദേശങ്ങൾ ഉൾക്കൊള്ളുന്നതും, ജാതി, മത, വർഗ്ഗ, ദേശഭേദമന്യേ ഏവർക്കും സ്വീകരിക്കാവുന്നതുമായ ചിന്തകളാണ് സുഭാഷിതങ്ങളുടെ പുസ്തകം മൂന്നാം അദ്ധ്യായത്തിലും നാം കണ്ടുമുട്ടുന്നത്. യഹൂദ, ക്രൈസ്തവ മതങ്ങൾ പോലെ, പഴയനിയമത്തെ സ്വീകരിക്കുന്ന വിശ്വാസപരമ്പര്യങ്ങളിൽപ്പെട്ടവർക്ക് കൂടുതൽ അടുത്തുള്ള ചിന്തകളാണ് ഇവിടെ നാം കാണുക. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നാം കാണുന്ന പത്ത് പ്രബോധകപ്രഭാഷണങ്ങളിലെ (1, 8-19; 2; 3,1-12; 3, 21-35; 4, 1-9; 4, 10-19; 4, 20-27; 5; 6, 20-35; 7) മൂന്നും നാലും പ്രബോധനങ്ങൾ (3,1-12; 3, 21-35) ഈ അദ്ധ്യായത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കർത്താവിനോടുള്ള വിശ്വസ്തതയിൽ ജീവിക്കേണ്ടതിന്റെ ആവശ്യകതയും അത് നൽകുന്ന അനുഗ്രഹങ്ങളുമാണ് ഇവയിൽ ഒന്നാമത്തേത് (സുഭാ. 3,1-12). രണ്ടാമത്തെ പ്രബോധനത്തിലാകട്ടെ, ഒരുവൻ തന്റെ ജീവിതത്തിൽ ഒഴിവാക്കേണ്ട തെറ്റായ മനോഭാവങ്ങൾ വിവരിക്കുകയും അതുവഴി അവന് ലഭിക്കുന്ന നന്മകളും, തെറ്റായ മനോഭാവങ്ങൾ വച്ചുപുലർത്തുന്നവർ നേരിടേണ്ടിവരുന്ന തിന്മകളുമാണ് പരമർശിക്കപ്പെടുന്നത്. ഇവയ്ക്കിടയിലുള്ള ഭാഗത്ത് ജ്ഞാനത്തിന്റെ അമൂല്യതയും, അതിന്റെ പ്രവർത്തനങ്ങളും അവളെ സ്നേഹിക്കുന്നതിലൂടെ കൈവരുന്ന അനുഗ്രഹങ്ങളും സുഭാഷിതകർത്താവ് വിവരിക്കുന്നു.
ജ്ഞാനത്തോട് ചേർന്ന് നിൽക്കാനുള്ള ആഹ്വാനം
മൂന്നാം അദ്ധ്യായത്തിന്റെ ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഭാഗത്ത് ഒരു പ്രബോധനപാരമ്പരയാണ് നാം കാണുന്നത്. പ്രധാനമായും ആറ് ഉപദേശങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ആദ്യ അഞ്ചെണ്ണത്തിൽ ജ്ഞാനത്തെ സ്നേഹിക്കുകയും അവളോട് ചേർന്നുനിൽക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലങ്ങളാണ് ഗ്രന്ഥം വിവരിക്കുക. തന്റെ ഉപദേശങ്ങൾ വിസ്മയിക്കാതിരിക്കുകയും, കല്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ദീർഘായുസ്സും സമൃദ്ധമായ ഐശ്യര്യവും ലഭിക്കും (സുഭാ. 3, 1-2); കരുണയും വിശ്വാസ്തതയും കാത്തുസൂക്ഷിക്കുകയും, അവയെ കഴുത്തിൽ ധരിക്കുകയും ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും ചെയ്‌താൽ, ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ പ്രീതിയും സത്‌കീർത്തിയും നേടാം (സുഭാ. 3, 3-4); സ്വന്തം ബുദ്ധിയെ ആശ്രയിക്കാതെ, കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുകയും, ദൈവവിചാരത്തോടെ പ്രവർത്തിക്കുകയും ചെയ്‌താൽ അവിടുന്ന് നിനക്ക് വഴി കാണിച്ചുതരും (സുഭാ. 3, 5-6); ജ്ഞാനിയെന്ന് ഭാവിക്കാതെ, കർത്താവിനെ ഭയപ്പെട്ട് തിന്മയിൽനിന്നകന്ന് ജീവിച്ചാൽ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് അനായാസതയും ലഭിക്കും (സുഭാ. 3, 7-8); കർത്താവിനെ സമ്പത്തുകൊണ്ടും ആദ്യഫലങ്ങൾകൊണ്ടും ബഹുമാനിച്ചാൽ ധാന്യപ്പുരകൾ നിറയുകയും ചക്കിൽ വീഞ്ഞ് നിറഞ്ഞുകവിയുകയും ചെയ്യും (സുഭാ. 3, 9-10) എന്നിവയാണവ. ആറാമത്തെ ഉപദേശമാകട്ടെ, കർത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കാതെയും അവന്റെ ശാസനത്തിൽ മടുപ്പ് തോന്നാതെയും ജീവിക്കാനുള്ള ആഹ്വാനവും, ഒരു പിതാവ് പുത്രനോടെന്നപോലെ, കർത്താവ് താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നുവെന്ന (സുഭാ. 3, 11-12) ഓർമ്മപ്പെടുത്തലുമാണ്. സുഭാഷിതങ്ങളുടെ പുസ്തകത്തിലുടനീളം കാണുന്ന അദ്ധ്യയനപ്രക്രിയയും, തന്റെ ഉദ്ബോധനങ്ങൾ സ്വീകരിക്കാനും, തന്നിലും, അതിലുപരി ദൈവത്തിലും വിശ്വസിക്കാനുമുള്ള ക്ഷണത്തിന്റെയും ചിന്തകൾ ഇവിടെ നാം കണ്ടുമുട്ടുന്നുണ്ട്. ദൈവത്തിലാണല്ലോ അദ്ധ്യയനത്തിന്റെ പൂർത്തീകരണം.
ജ്ഞാനത്തിന്റെ അമൂല്യതയും പ്രാധാന്യവും
മൂന്നാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗം, ലോകസൃഷ്ടിയെക്കുറിച്ചുള്ള ചിന്തകൾ കൂടി ഉണർത്തി, ജ്ഞാനത്തിന്റെ അമൂല്യതയെയും, അതിന്റെ പ്രാധാന്യത്തെയും ജ്ഞാനത്തെ സ്നേഹിച്ച്, സ്വന്തമാക്കി ജീവിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ്. വെള്ളിയും സ്വർണ്ണവും കൊണ്ട് നേടാവുന്നതിനപ്പുറം മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ജ്ഞാനം രത്നങ്ങളെക്കാൾ അമൂല്യവും ചിന്തകൾക്ക് അതീതവുമാണ് (സുഭാ. 3, 13-15); ദീർഘായുസ്സും, സമ്പത്തും, ബഹുമതിയും അവളുടേതാണ് (സുഭാ. 3, 16); പ്രസന്നവും സമാധാനപൂർണ്ണവുമായ അവളുടെ മാർഗ്ഗത്തിൽ ചരിക്കുകയും അവളെ സ്വന്തമാക്കുകയും ചെയ്യുന്നവർക്ക് ജീവനും സന്തുഷ്ടിയും ലഭിക്കുന്നു (സുഭാ. 3, 17-18). ഉൽപ്പത്തിപ്പുസ്തകത്തിൽ നാം കാണുന്ന ചിന്തകളെ അനുസ്മരിപ്പിച്ചുകൊണ്ട്, പ്രപഞ്ചസൃഷ്ടിയിൽ, ഭൂമിയെ സ്ഥാപിക്കുന്നതിലും, ആകാശത്തെ ഉറപ്പിക്കുന്നതിലും, സമുദ്രങ്ങളുടെ ആരംഭത്തിലും തുടങ്ങിയ കാര്യങ്ങളിൽ കർത്താവ് ജ്ഞാനം ഉപയോഗിച്ചുവെന്നും (സുഭാ. 3, 19-20) ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നു.
ജ്ഞാനവും ജീവിതത്തിലെ അരുതുകളും
സുഭാഷിതങ്ങളുടെ പുസ്തകത്തിലെ പത്ത് പ്രബോധനപ്രഭാഷണങ്ങളിൽ നാലാമത്തേതാണ് മൂന്നാം അദ്ധ്യായം ഇരുപത്തിയൊന്ന് മുതൽ മുപ്പത്തിയഞ്ച് വരെയുള്ള വാക്യങ്ങളിൽ (സുഭാ. 3, 21-35) നാം കാണുന്നത്. മുൻപുള്ള വാക്യങ്ങളിൽ നാം കണ്ടതുപോലെ, അമൂല്യമായ ജ്ഞാനം തേടാനും അതനുസരിച്ച് ജീവിക്കാനും പിതാവ് തന്റെ പുത്രനോടെന്നപോലെ ആഹ്വാനം ചെയ്യുന്ന സുഭാഷിതഗ്രന്ഥം, ആത്മാവിന് ജീവനും കണ്ഠത്തിന് ആഭരണവുമാകുന്ന ജ്ഞാനവും വിവേചനാശക്തിയും കാത്തുസൂക്ഷിക്കുന്നത് സുരക്ഷിതമായി നടക്കാനും, നിർഭയം ജീവിക്കാനും സുഖനിദ്ര ലഭിക്കാനും സഹായിക്കുമെന്നും, നിന്റെ ആശ്രയവും, നിന്റെ സംരക്ഷകനുമായ കർത്താവ് നിന്നോടൊപ്പമുള്ളതിനാൽ കിടിലം കൊള്ളിക്കുന്ന സംഭവങ്ങളോ, ദുഷ്ടരുടെ നാശമോ കണ്ട് നീ ഭപ്പെടേണ്ടന്നും ഉപദേശിക്കുന്നു (സുഭാ. 3, 21-26).
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളിൽ കണ്ട ആറ് ഉപദേശങ്ങൾക്ക് സമാന്തരമായി, ഇരുപത്തിയേഴ് മുതൽ മുപ്പത്തിനാല് വരെയുള്ള വാക്യങ്ങളിൽ ഒരുവൻ ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങളും കർത്താവിന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ഒരു ചിന്തയുമാണ് ഒരു സുഭാഷിതഗ്രന്ഥം അവതരിപ്പിക്കുന്നത്.
ചെയ്യാൻ കഴിയുന്ന നന്മ, അതിന് അവകാശമുള്ളവർക്ക് നിഷേധിക്കരുത് (സുഭാ. 3, 27); അയൽക്കാരന്റെ ആവശ്യം നാളത്തേക്ക് മാറ്റിവയ്ക്കരുത് (സുഭാ. 3, 28); നിന്നെ വിശ്വസിച്ച് ജീവിക്കുന്ന അയൽക്കാരനെ ദ്രോഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത് (സുഭാ. 3, 29); നിന്നോട് ഉപദ്രവം ചെയ്യാത്തവനുമായി കലഹിക്കരുത് (സുഭാ. 3, 30); അക്രമിയുടെ വളർച്ചയിൽ അസൂയപ്പെടുകയോ അവന്റെ മാർഗ്ഗം സ്വീകരിക്കുകയോ ചെയ്യരുത് (സുഭാ. 3, 31) എന്നിവയാണ് നാം ചെയ്യരുതാത്ത പ്രവർത്തികൾ. താൻ സ്നേഹിക്കുന്നവനെ കർത്താവ് ശാസിക്കുന്നു എന്ന പന്ത്രണ്ടാം വാക്യത്തോട് ചേർത്തുവയ്ക്കാവുന്ന ചില ചിന്തകളാണ് മൂന്നാം അദ്ധ്യായത്തിന്റെയും ഈ പ്രബോധനത്തിന്റെയും അവസാനം കൂടിയായ മുപ്പത്തിരണ്ടുമുതലുള്ള വാക്യങ്ങളിൽ നാം കാണുക. ദുർമാർഗ്ഗികളെ വെറുക്കുകയും ദുഷ്ടരുടെ ഭവനത്തെ ശപിക്കുകയും, മറ്റുള്ളവരെ നിന്ദിക്കുന്നവരെ നിന്ദിക്കുകയും ചെയ്യുന്ന കർത്താവ്, സത്യസന്ധരോട് സൗഹൃദം പുലർത്തുകയും, നീതിമാന്മാരുടെ ഭവനത്തെ അനുഗ്രഹിക്കുകയും വിനീതരുടെമേൽ കാരുണ്യം പൊഴിക്കുകയും ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്ന സുഭാഷിതവാക്യങ്ങൾ, ജ്ഞാനികൾ ബഹുമതി ആർജ്ജിക്കുമെന്നും ഭോഷർക്ക് അവമതിയുണ്ടാകുമെന്നും ഓർമ്മിപ്പിക്കുന്നു (സുഭാ. 3, 32-35).
ഉപസംഹാരം
ജ്ഞാനത്തിന്റെ മൂല്യത്തെയും, അത് സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് പഠിപ്പിക്കുന്ന സുഭാഷിതഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായം, അതിനൊപ്പം, ദൈവചിന്തയും വിവേകവുമുള്ള ഏതൊരു മനുഷ്യനും, തന്റെ ജീവിതെത്തിൽ പാലിക്കേണ്ട ചില നയങ്ങളും സ്വീകരിക്കേണ്ട ചില തീരുമാനങ്ങളും, അവന്റെ പ്രവൃത്തികളിൽ ഉണ്ടാകേണ്ട മൂല്യങ്ങളും സംബന്ധിച്ചുകൂടിയാണ് ഒരു പിതാവിനും ഗുരുവിനുമടുത്ത മനോഭാവത്തോടെ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അതേസമയം, ദൈവവിശ്വാസമില്ലാത്ത വ്യക്തികൾക്ക് പോലും തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനാകുന്ന ചിന്തകളും ഉദ്‌ബോധങ്ങളുമാണ് ഇവയെന്ന് നമുക്ക് കാണാം. ജ്ഞാനത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിഞ്ഞ്, നന്മകൾ ചെയ്ത്, കർത്താവിനോടുള്ള വിശ്വസ്തതയിലും സ്നേഹത്തിലും ആയിരിക്കാനും, തിന്മകളിൽനിന്നകന്നും, വെറുപ്പിന്റെയും അക്രമത്തിന്റെയും പാത കൈവെടിഞ്ഞും ജീവിക്കാനും, അങ്ങനെ കർത്താവിന്റെ അനുഗ്രഹങ്ങളും കൃപകളും സാമീപ്യവും സ്വന്തമാക്കാനുമുള്ള സുഭാഷിതപുസ്തകത്തിലെ ആഹ്വാനം നമുക്കും സ്വീകരിക്കുകയും, ദൈവത്തിന് സ്വീകാര്യവും പ്രീതികരവുമായ നന്മയുടെ ജീവിതം നയിക്കുകയും ചെയ്യാം. തന്റെ സ്നേഹവും അനുഗ്രഹങ്ങളും കാരുണ്യവും അവൻ നമ്മിലും ചൊരിയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: