രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ, പ്രകൃതിദുരന്ത ബാധിതർക്ക് താമസത്തിനായി പള്ളികൾ തുറന്നു കൊടുത്ത് ഫിലിപ്പൈൻ സഭ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ ഏറെ ദുരിതം വിതയ്ക്കുന്ന നാടായ ഫിലിപ്പൈൻസിൽ, പുതിയ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ, ആയിരക്കണക്കിന് ആളുകളെയാണ് കുടിയൊഴിപ്പിക്കേണ്ടതായി വന്നത്. പുതിയ കൊടുങ്കാറ്റ് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പർവതപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ഈ സാഹചര്യങ്ങളിൽ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യുന്നവർക്കു ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുവാൻ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, കത്തോലിക്കാ സഭയുടെ എല്ലാ ദേവാലയങ്ങളും ആളുകളുടെ സൗകര്യങ്ങൾക്കായി തുറന്നുകൊടുക്കുവാൻ, സഭാനേതൃത്വം തീരുമാനമെടുത്തു. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.
ബിക്കോൾ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ ഏകദേശം 1,500 പേർ നിലവിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഫിലിപ്പൈൻ തീരസംരക്ഷണ സേന റിപ്പോർട്ട് ചെയ്തു. ബുവലോയ് കൊടുങ്കാറ്റിന്റെ പാതയിലുള്ള പ്രദേശങ്ങളിൽ ഭക്ഷണം, മരുന്ന്, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാൽ മുഴുവൻ ജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അടിസ്ഥാന ആവശ്യങ്ങൾ പര്യാപ്തമാകുമോ എന്നത് സംശയകരമാണെന്നും ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു.
രാജ്യവ്യാപകമായി വിവാദങ്ങൾ ഉയരുകയും, കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം തടയാൻ ഉദ്ദേശിച്ചുള്ള 'നടപ്പിലാകാത്ത പദ്ധതികളെ' കുറിച്ച് രാഷ്ട്രീയ ചർച്ചകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, കത്തോലിക്കാ സഭ, ദുർബലരായവരുടെ സേവനത്തിനായി സഹായങ്ങൾ നൽകുന്നത്. "ഈ കൊടുങ്കാറ്റിനെ നേരിടുമ്പോൾ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം," എന്ന് ലെഗാസ്പി രൂപതയിലെ മെത്രാൻ ജോയൽ ബെയ്‌ലോൺ വിശ്വാസികളോട് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: