നൈജീരിയയിൽ ഒരു വൈദികൻ കൂടി വധിക്കപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയയിൽ മാത്യു ഇയ എന്ന ഇടവക വൈദികൻ വെടിയേറ്റു മരിച്ചു.
നൈജീരിയായുടെ തെക്കുകിഴക്കൻ സംസ്ഥാനമായ എനൊഗുവിലെ എൻസുക്ക രൂപതയിൽപ്പെട്ട വിശുദ്ധ ചാൾസിൻറെ നാമധേയത്തിലുള്ള ഇടവകയുടെ വികാരിയായിരുന്ന അദ്ദേഹത്തിനു 35 വയസ്സായിരുന്നു പ്രായം.
സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച തൻറെ ഇടവകയിലേക്കു മടങ്ങുകയായിരുന്ന ഫാദർ മാത്യുവിനെ സായുധരായഅക്രമികൾ കാത്തു നിന്ന് നിറയൊഴിക്കുകയായിരുന്നു. മോട്ടോർസൈക്കിളിൽ എത്തിയ അക്രമികൾ ആദ്യം കാറിനെ മറികടന്ന് അദ്ദേഹത്തിൻറെ ചക്രത്തിനു വെടിവെച്ച് വാഹനം നിറുത്തിച്ച ശേഷം ഇറങ്ങിച്ചെന്ന് അദ്ദേഹത്തെ നിർദ്ദയം വെടിവെച്ചുകൊല്ലുകയായിരുന്നു.
വൈദികൻറെ ഘാതകരെക്കുറിച്ചു വിവരം നല്കുന്നവർക്ക് ഏകദേശം ആറുലക്ഷം രൂപയ്ക്ക് തുല്യമായ ഒരു തുക പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി 38 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കത്തോലിക്കാവൈദികർക്കും സന്ന്യസ്തർക്കും അല്മായ വിശ്വാസികൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്നാട്ടിൽ പതിവായിരിക്കയാണ്. 2000-മുതൽ ഇങ്ങോട്ട് ഏതാണ്ട് 62000 ക്രൈസ്തവർ നൈജീരിയായിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. കഴിഞ്ഞവർഷം മാത്രം 3100 ക്രൈസ്തവർ വധിക്കപ്പെടുകയും 2800-ലേറെപ്പേർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. ഫുലാനി ഗോത്രവർഗ്ഗക്കാരായ മുസ്ലീം ഭീകരാണ് ക്രിസ്തീയവിരുദ്ധാക്രമണങ്ങൾക്കു പിന്നിൽ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: