തിരയുക

യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

സമ്പത്തും അധികാരവും ദൈവമക്കൾക്കടുത്ത വിവേകവും

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയഞ്ചാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: ലൂക്ക 16, 1-13
ശബ്ദരേഖ - സമ്പത്തും അധികാരവും ദൈവമക്കൾക്കടുത്ത വിവേകവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഭൗമികസാമ്പത്തിന്റെ ഉപയോഗത്തിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും സാമ്പത്തിനോടുള്ള മനോഭാവത്തിലും ഉണ്ടാകേണ്ട വിവേകവും, ലൗകികസമ്പത്തിനെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണവും, വ്യക്തമാക്കുന്ന ഒരു സുവിശേഷഭാഗമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനാറാം അദ്ധ്യായം ഒന്ന് മുതൽ പതിമൂന്ന് വരെയുള്ള ഭാഗത്ത് നാം വായിക്കുന്നത്. ഈ വചനഭാഗത്തെ നമുക്ക് രണ്ടായി തിരിക്കാൻ സാധിക്കും. ഒന്ന് മുതൽ എട്ടു വരെയുള്ള ഒന്നാം ഭാഗത്ത് അവിശ്വസ്ഥനും നീതിരഹിതനുമായ ഒരു കാര്യസ്ഥനെക്കുറിച്ചും, ഒൻപത് മുതൽ പതിമൂന്ന് വരെയുള്ള ഭാഗത്ത്, ധനത്തിന്റെ ശരിയായ ഉപയോഗം, എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കേണ്ട വിശ്വസ്തതാപൂർവ്വമായ ജീവിതം, ലൗകികസമ്പത്തുമായും ദൈവവുമായും ഉള്ള ബന്ധത്തിന്റെ പ്രത്യേകതകൾ എന്നീ മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളുമാണ് നാം കാണുന്നത്.

നീതിരഹിതനായ കാര്യസ്ഥൻ

അവിശ്വസ്‌തനും നീതിരഹിതനുമായ കാര്യസ്ഥനെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോട് പറയുന്ന ഭാഗം മനസ്സിലാക്കാൻ, പാലസ്തീനായിൽ ധനാഢ്യന്മാരുടെ ജോലിക്കാരായി അവരുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ആളുകളെക്കുറിച്ചുള്ള ചെറിയൊരു അറിവ് നമുക്ക് ആവശ്യമുണ്ട്. തങ്ങളുടെ യജമാനന്മാരുടെ ധനവും ധാന്യവും എണ്ണയും മറ്റു വസ്തുക്കളുമൊക്കെ മറ്റുള്ളവർക്ക് കടമായി നൽകുമ്പോൾ, അന്യായമായ രീതിയിൽ പലിശ വാങ്ങുകയും സത്യസന്ധമല്ലാത്ത രീതിയിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അവർക്കിടയിൽ നിലനിന്നിരുന്നു എന്ന് മാത്രമല്ല, അത് അവരുടെ അവകാശമായി അവർ കരുതുകയും ചെയ്തുപോന്നു. ഇങ്ങനെ അന്യന്റെ പണം കള്ളത്തരത്തിൽ സ്വന്തമാക്കിയിരുന്നതുകൊണ്ടുതന്നെ അവർ ആഡംബരപൂർവ്വം ജീവിക്കുകയും ചെയ്തുപോന്നിരുന്നു. നമ്മുടെയൊക്കെ ആധുനികസമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലും, അത്, രാഷ്ട്രീയമാകട്ടെ, മതമാകട്ടെ, സാമൂഹ്യസേവനവിഭാഗങ്ങളാകട്ടെ, ഇതുപോലെ അന്യായമായും സത്യസന്ധമല്ലാത്ത രീതിയിലും സമ്പത്ത് നേടുകയും, ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിക്കൊണ്ട് അവിവേകപൂർവ്വം ജീവിക്കുകയും ചെയ്യുന്ന അനേകരെ നമ്മൾ കണ്ടുമുട്ടാറുണ്ട്.

തന്റെ യജമാനന്റെ സ്വത്ത് ദുർവ്യയം ചെയ്തതിന്റെ പേരിലാണ് നമ്മൾ വചനത്തിൽ കണ്ടുമുട്ടിയ കാര്യസ്ഥൻ കുറ്റം ചുമത്തപ്പെടുന്നത്. സത്യസന്ധനായ ഒരു കാര്യസ്ഥനായി കണക്കാക്കപ്പെടാൻ പാടില്ലാത്ത വിധത്തിൽ അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. എന്നാൽ, താൻ പിടിക്കപ്പെട്ടുവെന്നും പുറത്താക്കപ്പെടുമെന്നും ബോധ്യമായ ഈ കാര്യസ്ഥൻ അവന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരിക്കേണ്ടിയിരുന്ന വിവേകപൂർവ്വമായ ഒരു പ്രവർത്തിക്ക്, നാളെയെക്കുറിച്ചുള്ള വിചിന്തനത്തിന് തയ്യാറാകുന്നു. അവൻ തെറ്റായ രീതിയിൽ കൈവശപ്പെടുത്താൻ ശ്രമിച്ചത് എന്ന് സുവിശേഷവ്യാഖ്യാതാക്കൾ വിശേഷിപ്പിക്കുന്ന, അന്യായമായി എഴുതിച്ചേർത്ത കണക്കുകൾ തിരുത്താൻ, തനിക്ക് ദുർവ്യയം ചെയ്യാനായി ലഭിക്കുമായിരുന്ന സമ്പത്ത് വേണ്ടെന്ന് വയ്ക്കാൻ അവൻ തയ്യാറാകുന്നു. സുവിശേഷത്തിൽ നാം കാണുന്ന ബാത്തും, കോറുമൊക്കെ വലിയ അളവുകളാണ്. സത്യസന്ധനല്ലാതിരുന്നിട്ടുകൂടി, മറ്റ് ആളുകളുടെ മുന്നിൽ സ്വീകാര്യനാകാൻ വേണ്ടി താൻ എഴുതിയ കള്ളക്കണക്കുൾ തിരുത്താൻ തയ്യാറായതുകൊണ്ടാണ് അവന്റെ യജമാനൻ ആ കാര്യസ്ഥനെ അഭിനന്ദിക്കുന്നത്.

തന്റെ ജോലി നഷ്ടപ്പെടുമെന്നും, ഇനിമേൽ അന്യന്റെ സ്വത്തുപയോഗിച്ച് ജീവിക്കാനാകില്ലെന്നും മനസ്സിലാക്കുന്ന ഈ കാര്യസ്ഥനെപ്പോലെ, ജീവിതത്തിലെ വലിയ പ്രതിസന്ധികളുടെയും ചോദ്യങ്ങളുടെയും മുന്നിലാണ് നമ്മിൽ പലരും നമ്മുടെ പ്രവൃത്തികളെക്കുറിച്ചും നാളെയെക്കുറിച്ചുമൊക്കെ ശരിയായി ചിന്തിക്കുന്നത്.

വിവേകപൂർണ്ണമായ ജീവിതം

എട്ടാം വാക്യത്തിന്റെ രണ്ടാം പകുതി മുതൽ പതിമൂന്നാം വാക്യം വരെയുള്ള തിരുവചനഭാഗം യഥാർത്ഥത്തിൽ ഈ ഉപമയോടനുബന്ധിച്ച് യേശു പറഞ്ഞ വാക്യങ്ങളല്ലെന്നും, മറ്റ് അവസരങ്ങളിൽ യേശു പറഞ്ഞ ചില ഉപദേശങ്ങൾ വിശുദ്ധ ലൂക്കാ ഇവിടെ ഒരുമിച്ചു വയ്ക്കുകയായിരുന്നുവെന്നുമാണ് സുവിശേഷവ്യഖാതാക്കൾ പറയുന്നത്. ഇത് നാമെല്ലാവരും, പ്രത്യേകിച്ച് ഓരോ ക്രൈസ്തവനും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കേണ്ട മൂല്യങ്ങളാണ്. പ്രധാനമായും മൂന്ന് ചിന്തകളാണ് ഇവിടെ നാം കാണുക.

ഇതിൽ ഒന്നാമത്തേത് സമ്പത്തിന്റെ വിവേകപൂർണ്ണമായ ഉപയോഗമാണ് (ലൂക്ക 16, 9). അവിവേകപൂർവ്വം, സത്യസന്ധതയില്ലാതെ ജീവിച്ച അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ജീവിതത്തിന്റെയും ലോകത്തിന്റെയും അന്ത്യത്തെക്കുറിച്ചുള്ള ഓർമ്മകളോടെ, വിവേകപൂർവ്വം ജീവിക്കാൻ പരിശ്രമിക്കുക. അന്യായമായി ഒന്നും സമ്പാദിക്കാതിരിക്കാൻ, മറ്റുള്ളവർക്ക് അർഹമായത് പിടിച്ചെടുക്കാതിരിക്കാൻ, പാവപ്പെട്ടവനെ പിഴിഞ്ഞ് ജീവിക്കാൻ ശ്രമിക്കാതെ, തിരികെ നൽകാനുള്ളവ തിരികെ നൽകാൻ തയ്യാറാകുക. മനുഷ്യനെ കൂടുതൽ അത്യാഗ്രഹിയും പിശുക്കനും അന്യായം പ്രവർത്തിക്കുന്നവനുമാക്കുന്ന ധനത്തോടുള്ള ആസക്തിയിൽനിന്ന് വിടുതൽ നേടുക. പങ്കുവയ്ക്കൽ മനോഭാവത്തോടെ ജീവിക്കാൻ തയ്യാറാകുക.

ഈ സുവിശേഷഭാഗത്ത് കാണുന്ന രണ്ടാമത്തെ ഒരു ഉദ്‌ബോധനം നാം ആയിരിക്കുന്ന ജീവിതാവസ്ഥകളോടും, നാം ചെയ്യുന്ന ജോലികളോടും, നമ്മിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോടും എപ്പോഴും ഉണ്ടായിരിക്കേണ്ട വിശ്വസ്തതയെക്കുറിച്ചുള്ളതാണ് (ലൂക്ക 16, 10-12). എത്ര ചെറുതായ കാര്യങ്ങളാണെങ്കിൽ പോലും വിശ്വസ്തതയോടെ ചെയ്യാൻ പഠിക്കുക. ചെറിയ തെറ്റുകൾ പോലും ഒഴിവാക്കാൻ ശ്രമിക്കുന്നവർക്കേ വലിയ പ്രലോഭനങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ. സുവിശേത്തിലെ ഉപമയിലും ഇന്നത്തെ സമൂഹത്തിലുമൊക്കെ നാം കാണുന്നതുപ്പോലെ, പിടിക്കപ്പെടാൻ എല്ലാ സാധ്യതകളും ഉള്ള ഇടങ്ങളിൽപ്പോലും, യാതൊരു വീണ്ടുവിചാരങ്ങളുമില്ലാതെ കള്ളവും കളവും നടത്തുന്നെങ്കിൽ, അധാർമ്മികമായി പെരുമാറുന്നെങ്കിൽ, നമ്മുടെ വിശ്വസ്തതയും വ്യക്തിത്വവും എത്ര തരം താഴ്ന്നതാണെന്ന് ചിന്തിക്കുക. മനുഷ്യർക്കും ദൈവത്തിനും മുന്നിൽ വിശ്വസ്തതയോടെ ജീവിക്കാൻ പരിശ്രമിക്കുക.

വിവേകപൂർവ്വം, ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് മൂന്നാമതായി വചനം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ജീവിതം ഒരേ സമയം രണ്ടു യജമാനന്മാർക്ക്  നന്മയ്ക്കും തിന്മയ്ക്കും, സ്വർഗ്ഗീയാനന്ദത്തിനും ലൗകികസുഖങ്ങൾക്കും, ദൈവത്തിനും ധനമെന്ന മാമ്മോനും വീതിച്ചുനൽകാനാകില്ലെന്നാണ് ഇവിടെ ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. വിശുദ്ധ ലൂക്കായുടെ തന്നെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിരണ്ട് മുതലുള്ള വചനങ്ങളിൽ നാം വായിക്കുന്നതുപോലെ നമുക്ക് ആവശ്യമായവ കൃത്യമായ സമയത്ത് നൽകാൻ കഴിവുള്ള പിതാവിൽ, ദൈവപരിപാലനയിൽ, പൂർണ്ണമായി ആശ്രയം വച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് യേശു നമ്മെ പഠിപ്പിക്കുന്നതും സ്വജീവിതം കൊണ്ട് കാണിച്ചുതരുന്നതും എന്ന് മറക്കാതിരിക്കാം.

വചനം ജീവിതത്തിൽ

ദരിദ്രരെയും പാവപ്പെട്ടവരെയും ചൂഷണം ചെയ്യുന്ന, കള്ളക്കച്ചവടം ചെയ്യുന്ന മനുഷ്യരുടെ പ്രവൃത്തികൾ താൻ ഒരിക്കലും മറക്കുകയില്ലെന്ന് ആമോസ് പ്രവാചകന്റെ പുസ്തകം എട്ടാം അദ്ധ്യായത്തിൽ (ആമോസ് 8, 4-7) ദൈവമായ കർത്താവ് ശപഥം ചെയ്തു പറയുന്നത് നാം വായിക്കുന്നുണ്ട്. നൂറ്റിപന്ത്രണ്ടും നൂറ്റിപ്പത്തിമൂന്നും സങ്കീർത്തനങ്ങളിൽ നാം വായിക്കുന്നതുപോലെ, തന്നെ ഭയപ്പെടുകയും തന്റെ കൽപ്പനകൾ പാലിക്കുകയും സത്യസന്ധതയിൽ ജീവിക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കുന്ന, നമ്മെ നാമായിരിക്കുന്ന വിധത്തിൽ അറിയുന്ന, ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തി പ്രഭുക്കന്മാർക്കൊപ്പം ഇരുത്തുന്ന ദൈവത്തിൽ (സങ്കീ. 112-113) വിശ്വാസവും ശരണവുമർപ്പിച്ച് വിവേകത്തോടെയും വിശ്വസ്ഥതയോടെയും ജീവിക്കാൻ പരിശ്രമിക്കാം. ദൈവത്തിനും സ്വർഗ്ഗത്തിനും പ്രീതികരമായ വിധത്തിൽ സത്യസന്ധതയോടെയും നീതിബോധത്തോടെയും പ്രവർത്തിക്കുകയും, നമ്മിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവ്വം നിർവ്വഹിക്കുകയും നന്മ ചെയ്യാൻ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ ദൈവമക്കൾക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 സെപ്റ്റംബർ 2025, 17:43