കുടിയേറ്റ പ്രതിസന്ധികൾക്ക് ആഗോള പ്രതികരണങ്ങൾ ആവശ്യമാണ്: കർദിനാൾ പിറ്റ്സബല്ല
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കുടിയേറ്റ ദിനാഘോഷം, നമ്മുടെ ഇടയിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ നിലവിലെ അവസ്ഥകളെ പറ്റി ചിന്തിക്കുന്നതിനും, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനും, സഭാ സമൂഹത്തെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനുമുള്ള അവസരമാണ് എന്ന് ഓർമ്മപെടുത്തിക്കൊണ്ട്, ജറുസലേമിലെ നോത്രെ ദം കത്തീഡ്രലിൽ, ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്‌സബല്ല വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. സുവിശേഷത്തിലെ ധനികന്റെയും, ലാസറിന്റെയും ഉപമയെ വിശദീകരിച്ചുകൊണ്ട്, തന്റെ വീട്ടുപടിക്കൽ കഴിഞ്ഞിരുന്ന ലാസറിനെ കാണുവാൻ ധനികനായ മനുഷ്യന് സാധിക്കാതെ പോയത്, നിർഭാഗ്യകരമാണെന്നും, ഇന്നത്തെ സമൂഹത്തിൽ അപരനെ കാണേണ്ടത് നമ്മുടെ കണ്ണുകൾ കൊണ്ടല്ല, മറിച്ച് നമ്മുടെ ഹൃദയം കൊണ്ടായിരിക്കണമെന്നു കർദിനാൾ ചൂണ്ടിക്കാട്ടി.
സ്വാർത്ഥത മാത്രം നിറഞ്ഞ ധനികനായ മനുഷ്യന്റെ ഹൃദയത്തിൽ മറ്റൊന്നിനും ഇടമില്ലായിരുന്നുവെന്നത്, ഇന്നും സത്യമാണെന്നും, അത് നമ്മുടെ ഇടയിലും പലപ്പോഴും സംഭവിക്കാറുണ്ടെന്നും കർദിനാൾ എടുത്തു പറഞ്ഞു. നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യം മാത്രമല്ല, അവരുടെ ജീവിതം പോലും നമുക്ക് കാണാൻ കഴിയുന്നില്ല എന്നത് യാഥാർഥ്യമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകൾ തങ്ങൾക്കും പ്രിയപ്പെട്ടവർക്കും മെച്ചപ്പെട്ട അവസരങ്ങൾ തേടുന്നതിനോ, കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനോ വേണ്ടി സ്വന്തം വീടുകളും കുടുംബങ്ങളും രാജ്യങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്നത് സത്യമാണെന്നും, ഈ ആഗോള കുടിയേറ്റ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നതിനു, ആഗോള പ്രതികരണങ്ങൾ ആവശ്യമാണെന്നും കർദിനാൾ പിറ്റ്സബല്ല പറഞ്ഞു.
ഇവിടെ ജനിച്ചു വളർന്ന കുട്ടികളും യുവാക്കളും വർഷങ്ങൾക്കുശേഷം തങ്ങൾ ഒരിക്കലും അറിയാത്ത ഒരു രാജ്യത്തേക്ക് പോകാൻ നിർബന്ധിതരാകുമ്പോൾ, ഭാവി അനിശ്ചിതത്വത്തിൽ ആകുന്നതും സത്യമാണെന്നു കർദിനാൾ അടിവരയിട്ടു. തുടർന്ന്, ഒക്ടോബർ ഏഴാം തീയതി നടന്ന ഭീകരാക്രമണത്തെക്കുറിച്ചും, തുടർന്നുണ്ടായ സംഘർഷങ്ങളിൽ ജീവൻ വെടിഞ്ഞവരെക്കുറിച്ചും, കർദിനാൾ അനുസ്മരിച്ചു. പാവങ്ങൾക്കുവേണ്ടി സ്വതന്ത്രവും വ്യക്തവുമായ ശബ്ദമായിരിക്കാനുള്ള ഏവരുടെയും കടമയെയും കർദിനാൾ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: