ഐക്യത്തിന്റെ ചാലകശക്തി ഹൃദയമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഹൃദയത്തിന്റെ പ്രതീകാത്മകതയ്ക്ക് എന്നും പ്രാധാന്യം കല്പിച്ചിട്ടുള്ള മതമാണ് ക്രൈസ്തവമതം. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവായ ദൈവത്തെ, മനസിലാക്കുവാനും, സ്നേഹം പ്രകടിപ്പിക്കുവാനും നാം എടുക്കുന്ന പാത ഹൃദയത്തിന്റേതാണ്. അടയാളങ്ങളിലൂടെയും സംഭവങ്ങളിലൂടെയും തന്റെ ജനത്തിന് തന്നെ വെളിപ്പെടുത്താൻ മുൻകൈയെടുത്ത ദൈവത്തിന്റെ ഹിതപൂർത്തീകരണമാണ് യേശു എന്ന വ്യക്തിയിൽ സമന്വയിക്കുന്നത്. ദൈവത്തിന്റെ ഹൃദയമാണ് യേശുവിന്റെ പഠനങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്നത്. ഹൃദയത്തിന്റെ പാത പിന്തുടരുന്നതിലൂടെയാണ് ദൈവീക രഹസ്യങ്ങളെ മനസ്സിലാക്കുവാനും, വിശ്വാസത്തോടെ ജീവിക്കുവാനും നമുക്ക് സാധിക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥത്തിൽ നിരവധി തവണ ഹൃദയം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ആത്മീയതയെക്കുറിച്ചു പറയുന്നതുപോലെ തന്നെ ഹൃദയത്തിന്റെ ബൈബിൾ ആത്മീയതയെക്കുറിച്ചും ഈ വചനങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ഹൃദയം എന്ന വാക്കിന്റെ അർത്ഥം, " ചിന്തിക്കുക, അറിയുക, മനസിലാക്കുക, അറിയുക " എന്നൊക്കെയാണ്. ഇത് കേവലം ശാരീരികമായ ഒരു അവയവത്തിന്റെ ലളിതമായ ആശയമല്ല, മറിച്ച് എല്ലാവിധ പുണ്യങ്ങളുടെയും കേന്ദ്രമായിട്ടാണ് ഹൃദയത്തെ അവതരിപ്പിക്കുന്നത്. ഇത് ദൈവവുമായുള്ള ഐക്യത്തിന്റെയും, വിശ്വസ്തതയുടെയും പാലം കൂടിയാണ്.
ഹൃദയത്തിന്റെ മറ്റൊരു അർത്ഥം അതൊരു സ്മരണയാണെന്നുള്ളതാണ്. ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം സ്മരണകൾ എപ്പോഴും ജീവിതഗന്ധിയാണ്. പൂർവികരെ പറ്റിയുള്ള ഓർമ്മകൾ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് അവരെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നാം വികാരഭരിതരാകുന്നത്. ലത്തീൻ ഭാഷയിൽ ഹൃദയം എന്ന വാക്കിനോട് ചേർന്നാണ് സ്മരണ എന്ന വാക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരാതന ഭാഷകളിൽ വളരെ സാധാരണമായി ഈ ഹൃദയാത്മകമായ സ്മരണ നമുക്ക് കാണാവുന്നതാണ്. ഇപ്രകാരം വിശുദ്ധ ഗ്രന്ഥത്തിലും, പഴയനിയമത്തിൽ ദൈവത്തിന്റെ ഉടമ്പടിയോടുള്ള സജീവമായ സ്മരണയാണ് അവരുടെ പ്രാർത്ഥനയുടെ അടിസ്ഥാനമായി വിവരിക്കപ്പെടുന്നത്. ഇതാണ് തുടർന്ന് പ്രത്യാശയുടെ പോഷണമായും ഇസ്രായേൽ ജനതയുടെ ജീവിതത്തിൽ നാം കാണുന്നത്.
ഈ 2025 ജൂബിലി വർഷത്തിൽ യേശുവിനെ കുറിച്ചുള്ള സജീവവും ഹൃദയാത്മകവുമായ സ്മരണയാണ് പ്രത്യാശയിലേക്കുള്ള തീത്ഥാടനത്തിൽ നമ്മെ സഹായിക്കുന്നത്. പരിശുദ്ധ അമ്മയെപ്പോലെ, എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതുപോലെ, ഹൃദയത്തിൽ ദൈവത്തിനു സ്ഥാനം നൽകിക്കൊണ്ടും, ദൈവത്തിന്റെ തിരുഹൃദയത്തിൽ ഇടം നേടിക്കൊണ്ടും ക്രിസ്തുവിന്റെ സ്മരണയിൽ ജീവിക്കുന്നതിനു ഈ ചാക്രികലേഖനം നമ്മെ ക്ഷണിക്കുന്നു.
"ഹൃദയം" എന്ന വാക്കിന്റെ മൂന്നാമത്തെ പ്രതീകാത്മക അർത്ഥം മനുഷ്യന്റെ ആന്തരിക വികാരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, ഇതിൽ വ്യത്യസ്തങ്ങളായ ഭാവങ്ങൾ ഉൾക്കൊള്ളുന്നു. സന്തോഷവും, വേദനയും, കഷ്ടപ്പാടുകളും, നന്മയും, തിന്മയും, വിശ്വാസവും, നിരാശയും, ഭയവും, സ്‌നേഹവും, വെറുപ്പും, ഉൾച്ചേർക്കലും എന്നിങ്ങനെ മനുഷ്യജീവിതത്തോടു ബന്ധപ്പെട്ട എല്ലാ വികാരങ്ങളെയും ഹൃദയം ഉൾക്കൊള്ളുന്നു. ഇതിനർത്ഥം ഹൃദയത്തിന്റെ വിശാലതയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയത്തിന്റെ മാസ്മരികത. ദൈവത്തിന്റെ ഹൃദയത്തിന്റെ പ്രത്യേകതയുംഇതുതന്നെയാണ്, അവിടെ എല്ലാവർക്കും സ്ഥാനം കണ്ടെത്തുവാൻ സാധിക്കുന്നു.
യുദ്ധങ്ങളാലും, രോഗങ്ങളാലും, മറ്റു ദുരിതങ്ങളാലും, ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ശിഥിലമാക്കപ്പെടുന്ന ബന്ധങ്ങളും, അകലങ്ങളിലേക്ക് യാത്രയാകുന്ന മനുഷ്യമനസുകളും ഇന്നിന്റെ യാഥാർഥ്യങ്ങളാണ്, എന്നാൽ എല്ലാവരെയും ഉൾക്കൊള്ളുവാൻ ആർക്കു കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ദിലെക്സിത് നോസ് എന്ന ചാക്രികലേഖനത്തിന്റെ പ്രാധാന്യം ഏറുന്നത്. പതിനേഴുമുതൽ ആരംഭിക്കുന്ന ലേഖനഭാഗത്തിനു പാപ്പാ നൽകുന്ന ശീർഷകം "ചിതറിക്കപ്പെട്ടവയെ ഒന്നിപ്പിക്കുന്ന ഹൃദയം" എന്നുള്ളതാണ്. സുഭാഷിതങ്ങളുടെ പുസ്തകം നാലാം അധ്യായം ഇരുപത്തിമൂന്നാം തിരുവചനത്തിൽ ഹൃദയത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: "നിന്റെ ഹൃദയം ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽ നിന്നുമാണ് ഒഴുകുന്നത്." ജീവന്റെ ഉറവിടമായ ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുവാൻ, ദൈവത്തിന്റെ തിരുഹൃദയത്തോട് ചേർന്ന് നില്ക്കണം എന്നാണ് തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. ഹൃദയത്തിനു പ്രാധാന്യം കൽപ്പിക്കാതെ മാത്സര്യത്തിൽ മുൻപോട്ടു പോകുന്ന ഒരു ലോകത്തിൽ യഥാർത്ഥ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ തിരുഹൃദയഭക്തിക്കു സാധിക്കുമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. ഹൃദയശൂന്യമായ ഒരു ലോകം, അപരനെ തിരിച്ചറിയാതെ പോകുന്നുവെന്നും, അഹങ്കാരത്തിന്റെ വേലിയേറ്റത്തിൽ, അത് ആഗ്രഹങ്ങളുടെ നിഷ്കാസനത്തിനു കാരണമാകുകയും ചെയ്യുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
ഹൈഡഗ്ഗറിന്റെ പ്രസിദ്ധമായ ഒരു വചനവും പാപ്പാ അടിവരയിടുന്നുണ്ട്. ഒരു പക്ഷെ ഇന്നത്തെ ലോകത്തിൽ നമുക്ക് ഏറ്റവും അവശ്യം വേണ്ടതുമായ കാര്യത്തെയാണ് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നത്: "ദൈവീകതയെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കണമെങ്കിൽ നാം 'അതിഥികൾക്കു വേണ്ടി ഭവനം' പണിയുന്നവരാകണം." സാഹോദര്യത്തിൽ മാത്രമാണ് യഥാർത്ഥ ദൈവീകഭക്തി ജീവിതത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളൂവെന്നു ഈ വാചകം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത് പരനും, അപരനും വേണ്ടി നരനായ ക്രിസ്തുവിന്റെ മാതൃക ക്രൈസ്തവ ജീവിതത്തിൽ പാലിക്കുവാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഒരാളുടെ യഥാർത്ഥസ്വത്വം തിരിച്ചറിയണമെങ്കിൽ, മറ്റുള്ളവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കണമെന്നും, മറ്റുള്ളവരെ തിരിച്ചറിഞ്ഞുകൊണ്ട് അവരെ ഉൾക്കൊള്ളുവാൻ സാധിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു. ഇപ്രകാരമാണ് ശിഥിലമാക്കപ്പെട്ട ലോകജനതയെ ഒന്നിപ്പിക്കുവാൻ ഹൃദയത്തിനു സാധിക്കുക.
പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിന്റെ മാതൃകയും പാപ്പാ വരച്ചുകാട്ടുന്നു. ഹൃദയത്തിന്റെ പ്രാധാന്യം എന്താണെന്ന് പരിശുദ്ധ അമ്മയുടെ ഹൃദയാത്മകമായ സുവിശേഷധ്യാനത്തെ അടിവരയിട്ടുകൊണ്ട് പാപ്പാ പറയുന്നത്: എല്ലാം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ധ്യാനിച്ച പരിശുദ്ധ അമ്മയുടെ ജീവിതമാണ്. ഹൃദയത്തിൽ ധ്യാനിക്കുക എന്നതിനർത്ഥം കേട്ടതും, കണ്ടതും സ്വയം സംവാദത്തിനു വിഷയമാക്കുക എന്നുള്ളതാണ്. സ്വയം സംവാദത്തിനു തയാറാകണമെങ്കിൽ, മറ്റുള്ളവരോട് ചേർന്ന് കൊണ്ട് ചിന്തിക്കേണ്ടത് ഏറെ ആവശ്യമാണ്. ഇന്നത്തെ ലോകത്തിൽ, തിരക്കുകൾക്കിടയിൽ ഇപ്രകാരം സ്വയം സംവാദത്തിനോ, സമൂഹസൃഷ്ടിക്കോ സമയം കണ്ടെത്തുവാൻ സാധിക്കാതെ പോകുമ്പോൾ, പരിശുദ്ധ പിതാവ് നമുക്ക് നൽകുന്ന ആഹ്വാനം ആവശ്യമായതിനെ തിരിച്ചറിയുന്നതിനും, പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനുമാണ്.
തുടർന്ന്, നിർമ്മിതബുദ്ധിയുടെ അധിനിവേശത്താൽ അന്യം നിന്ന് പോകുന്ന കുടുംബബന്ധങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുന്നു. ഇതിനു അസാധാരണമായ കാര്യങ്ങളല്ല പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. മറിച്ച്, കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ലളിതവും, ആർദ്രവുമായ പെരുമാറ്റങ്ങളാണ് ഹൃദയങ്ങളെ കൂട്ടിച്ചേർക്കുന്നതെന്നും ഇത് ലോകത്തിനു മാതൃകയാണെന്നും ലേഖനത്തിൽ പാപ്പാ എടുത്തുകാണിക്കുന്നു. അതിനാൽ സ്നേഹത്തിന്റെ ഇരിപ്പിടമായ ഹൃദയത്തിനു മാത്രമേ സമൂഹത്തിന്റെ നിർമ്മിതിക്ക് കാരണമാകുവാൻ സാധിക്കൂ. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പൂർണ്ണത വെളിവാക്കുന്ന ഘടകവും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയുള്ള മനുഷ്യന്റെ ജീവിത അഭിലാഷത്തിനു മറുപടി നൽകുവാൻ ഹൃദയത്തിനു മാത്രമേ സാധിക്കൂ.
വേദനയും ഭയവും അടയാളപ്പെടുത്തുന്ന ഈ ലോകത്തിൽ, ഹൃദയ ഐക്യത്തിന്റെ ഭാവം ഉൾക്കൊള്ളുന്നതിനാണ് പാപ്പാ തന്റെ ചാക്രികലേഖനത്തിൽ ക്ഷണിക്കുന്നത്. അപ്രകാരം ചിതറിക്കപ്പെട്ട ജനത അല്ലെങ്കിൽ കുടിയേറിയ ജനതയെ വീണ്ടും ഒന്നിപ്പിക്കുന്നതിനു നമുക്കുള്ള കടമയെയും പാപ്പാ ഈ ചാക്രിക ലേഖനത്തിൽ എടുത്തുകാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: