വിശുദ്ധനാട്ടിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച റിപ്പോർട്ടുമായി "റോസിങ് സെന്റർ"
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം ജെറുസലേമിലും ഇസ്രയേലിന്റെ മറ്റു ഭാഗങ്ങളിലുമായി സമർപ്പിതരുൾപ്പെടെയുള്ള ക്രൈസ്തവർക്കും ദേവാലയാളങ്ങളുൾപ്പെടെയുള്ള ക്രൈസ്തവമതസ്ഥാപനങ്ങൾക്കും നേരെ 111 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് "റോസിങ് സെന്റർ" (Rossing Center) മാർച്ച് 31 തിങ്കളാഴ്ച വൈകുന്നേരം ജറുസലേമിൽ വെളിപ്പെടുത്തി. യഹൂദ, ക്രൈസ്തവ ബന്ധങ്ങൾക്കായുള്ള ജറുസലേമിലെ കേന്ദ്രത്തിന്റെ ഭാഗമായി, ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന സമാധാനത്തിനും മതാന്തരസംവാദങ്ങൾക്കും വേണ്ടിയുള്ള പ്രസ്ഥാനമാണ് "റോസിങ് സെന്റർ". ആക്രമണങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവരായ വ്യക്തികൾക്കെതിരായാണ് നടന്നതെങ്കിലും, ഇവയിൽ 35 എണ്ണം ദേവാലയങ്ങൾക്കും, ആശ്രമങ്ങൾക്കും, പൊതു ഇടങ്ങളിലുള്ള മതചിഹ്നങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളായിരുന്നുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി.
ആക്രമണങ്ങളിൽ ഭൂരിഭാഗത്തിനും പിന്നിൽ ദേശീയ-മതതീവ്രവാദ ഗ്രൂപ്പുകളിൽപ്പെട്ട തീവ്ര ഓർത്തഡോക്സ് യഹൂദയുവാക്കളാണെന്ന് "റോസിങ് സെന്റർ" വ്യക്തമാക്കി. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് വലിയ പ്രതിസന്ധിയാണ്, ഇസ്രായേൽ ഭരണകേന്ദ്രങ്ങളിൽപ്പോലും പിടിപാടുകളുള്ള ഇത്തരം സംഘങ്ങൾ സൃഷ്ടിക്കുന്നതെന്ന് പ്രസ്താവിച്ച സംഘടന, രാജ്യത്തെ ക്രൈസ്തവയുവജനങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത 30 വയസ്സിൽ താഴെയുള്ള 48 ശതമാനം ക്രൈസ്തവയുവാക്കളും രാജ്യം വിടാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും, ഇവരിൽ 77 ശതമാനവും, രാജ്യത്തെ ക്രൈസ്തവർക്ക് നേരെയുള്ള വിവേചനവും ആക്രമണങ്ങളും, രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയസ്ഥിതിയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തിയെന്നും അറിയിച്ചു.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾ നൽകേണ്ടിവരുന്ന നികുതി സംബന്ധിച്ചും പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രാർത്ഥനയ്ക്കായുള്ള ഇടങ്ങളൊഴിച്ച്, സ്‌കൂളുകളും, യുവജനങ്ങൾക്കായുള്ള കേന്ദ്രങ്ങളും, തീർത്ഥാടകർക്കായുള്ള സ്ഥലങ്ങളുമൊക്കെ നികുതി നല്കേണ്ടിവരുന്ന ഇടങ്ങളാണ്. വിശുദ്ധനാട്ടിൽ കത്തോലിക്കാസഭയുടെ മേൽനോട്ടത്തിലുള്ള ഉൾപ്പെടെയുള്ള ഇടങ്ങൾ സംബന്ധിച്ചും മുൻസിപ്പൽ സ്ഥാപനങ്ങൾക്കെതിരെ ഫ്രാൻസിസ്കൻ വൈദികരുടെ പരാതികൾ നിലനിൽക്കുന്നുണ്ട്.
അറബ് ഭാഷക്കാരായ ആളുകൾ വസിക്കുന്ന ഇടങ്ങളിൽ വളർന്നുവരുന്ന മാഫിയ പ്രസ്ഥാനങ്ങൾ, ഗലീലി പ്രദേശത്തും വടക്കൻ ഭാഗങ്ങളിലും നിയമവ്യവസ്ഥ അംഗീകരിച്ചും ശാന്തമായും ജീവിക്കുന്ന ക്രൈസ്തവർക്ക് ഭീഷണിയുയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരുന്നൂറ്റിമുപ്പതോളം കൊലപാതകങ്ങളാണ് ഇത്തരം സംഘടിതമാഫിയയുടെ പ്രവർത്തനഫലമായുണ്ടായത്.
ഇസ്രായേലിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾക്കായുള്ള കേന്ദ്രം പ്രസിദ്ധീകരിച്ച പൊതുവിവരക്കണക്കുകൾ പ്രകാരം 2024-ൽ ഇസ്രായേലിലെ ജനസംഖ്യ ഒരു കോടിയായി. ഇവരിൽ എഴുപത്തിയേഴ് ലക്ഷവും യഹൂദവംശജരും ഇരുപത്തിയൊന്ന് ലക്ഷം അറബ് വംശജരുമാണ്. ഇസ്രായേലിൽ ജീവിക്കുന്ന ക്രൈസ്തവർ കേവലം ഒരുലക്ഷത്തിഎൺപത്തിനായിരം മാത്രമാണ്. ഇവരിൽ 80 ശതമാനവും അറബ് വംശജരാണ്. ഇസ്രായേലിലെ അറബ് ക്രൈസ്തവർ, രാജ്യത്തെ അറബ് വംശജരുടെ ഏഴ് ശതമാനം മാത്രമാണ്.
നിലവിൽ ജറുസലേം നഗരത്തിൽ 61 ശതമാനം ആളുകളും യഹൂദരാണ്. ഏതാണ്ട് ആറുലക്ഷം (5.91.000) യഹൂദരാണ് ഇവിടെയുള്ളത്. നാലുലക്ഷത്തിനടുത്ത് (3.85.000) അറബ് വംശജരും പതിമൂവായിരം ക്രൈസ്തവരുമാണ് തലസ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ ജറുസലേമിലെ യഹൂദരുടെ സാന്നിദ്ധ്യം അര ശതമാനം വർദ്ധിച്ചിട്ടുണ്ട്. സർക്കാർ താല്പര്യപ്രകാരം ജെറുസലേമിന്റെ യഹൂദവത്കരണം മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി, കിഴക്കൻ ജറുസലേമിൽ 11500 പുതിയ വാസയിടങ്ങൾ പണിതുയർത്താനുള്ള പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധനാട്ടിലെ 29 ശതമാനം ജനങ്ങളും തങ്ങൾ ഓർത്തഡോക്സ് യഹൂദരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: