ഫ്രാൻസിസ് പാപ്പായുടെ ഒരു ചിത്രവുമായി ഫാ. ഗബ്രിയേൽ റൊമനെല്ലി ഫ്രാൻസിസ് പാപ്പായുടെ ഒരു ചിത്രവുമായി ഫാ. ഗബ്രിയേൽ റൊമനെല്ലി 

ഫ്രാൻസിസ് പാപ്പായുടെ സാമീപ്യത്തിനും സമാധാനശ്രമങ്ങൾക്കും നന്ദി പറഞ്ഞ് ഗാസാ ഇടവക

കഴിഞ്ഞ ദിവസങ്ങളിലും ഫ്രാൻസിസ് പാപ്പാ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, സമാധാനത്തിനായുള്ള പാപ്പായുടെ അഭ്യർത്ഥനയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. നീതിയിലാണ് യഥാർത്ഥ സമാധാനം കെട്ടിപ്പടുക്കുകയെന്നും, ആളുകളെ അവരുടെ അവകാശങ്ങൾ നിഷേധിച്ച് വസ്തുക്കളെപ്പോലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ദിവസങ്ങളിലും പാപ്പാ തങ്ങളെ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചുവെന്നു, സമാധാനത്തിനായുള്ള പാപ്പായുടെ തുടർച്ചയായ അഭ്യർത്ഥനകൾക്ക് തങ്ങൾ നന്ദി പറയുന്നുവെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുന്ന പാപ്പാ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് തിരികെയെത്തിയതിന് ശേഷം ഗാസയിലെ ഇടവകയിലേക്ക് വിളിച്ചുവെന്നറിയിച്ച ഇടവകവികാരി,, പരിശുദ്ധ പിതാവ് തങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്നതിൽ നന്ദിയുണ്ടെന്നും ഫാ. റൊമനെല്ലി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെത്തിയ പാപ്പായെ കാണാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഗാസാ വികാരി, ഇപ്പോഴും ഗാസയിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും, എന്നാൽ, പാപ്പായുടെ സാമീപ്യവും പ്രാർത്ഥനയും തങ്ങൾക്കൊപ്പമുണ്ടെന്നത് തങ്ങൾക്ക് സന്തോഷമേകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഏപ്രിൽ 6 ഞായറാഴ്‌ച ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ച് പാപ്പാ നൽകിയ സന്ദേശത്തിൽ പറഞ്ഞതുപോലെ, ഗാസായിലെ ജീവിതം ചിന്തിക്കാനാകുന്നതിലുമപ്പുറം ദുർഘടമാണെന്ന് വ്യക്തമാക്കിയ ഫാ. റൊമനെല്ലി, സമാധാനത്തിനായി പ്രാർത്ഥിക്കാനും പ്രയത്നിക്കാനും അഭ്യർത്ഥിച്ചു. ഇപ്പോഴുള്ള സായുധസംഘർഷങ്ങൾ തുടരുന്നിടത്തോളം, സമാധാനം അസാധ്യമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടവകയിലെ അഞ്ഞൂറ് അഭയാർത്ഥികളും ഇടവകയോടടുത്ത് താമസിക്കുന്ന ഇസ്ലാം മത വിശ്വാസികളും നിലവിൽ സുരക്ഷിതരാണെന്നും, എന്നാൽ ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ കുറഞ്ഞുവരികയാണെന്നും ഫാ. റൊമനെല്ലി അറിയിച്ചു.

ഗാസ ഒരു തടവറയായി മാറിക്കഴിഞ്ഞുവെന്ന് അപലപിച്ച  ഫാ. റൊമനെല്ലി, ഇടവകയ്ക്കടുത്തുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ നൂറുകണക്കിന് ആളുകളെ തങ്ങൾ സഹായിക്കുന്നുണ്ടെന്നും, ഏവർക്കും സമാധാനത്തിന്റെ ഒരു ഉപകരണമായി മാറാൻ ഈ ഇടവക ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഗാസാ മുനമ്പിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാ. റൊമനെല്ലി, പൗരത്വമോ, മതമോ കണക്കാക്കാതെ, മനുഷ്യരുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, ഇവിടെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തോളം പലസ്തീൻകാരും മനുഷ്യനാണെന്ന് ഓർക്കണമെന്നും പ്രസ്താവിച്ചു. സ്വന്തമായി അല്പം മണ്ണുണ്ടാവുക എന്നത് ഏവരുടെയും അവകാശമാണെന്നും, വ്യക്തികൾ വസ്തുക്കളല്ലെന്നും, ജീവൻ സംരക്ഷിക്കപ്പെടാൻ ഉൾപ്പെടെയുള്ള അവരുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും ഓർമ്മിപ്പിച്ച തിരുക്കുടുംബദേവാലയം വികാരി, യഥാർത്ഥ സമാധാനം നീതിയിലാണ് സ്ഥാപിക്കപ്പെടുകയെന്ന് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2025, 15:38