"ഹൃദയം" മാനവികതയുടെ സ്വത്വം വെളിപ്പെടുത്തുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാമൂഹിക പ്രസക്തങ്ങളായ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനം. ഫ്രാൻസിസ് പാപ്പാ ഒപ്പിട്ട ആദ്യചാക്രികലേഖനമായ ലുമെൻ ഫിദെയിയുടെ ഒരു പ്രതിധ്വനിയും ഈ ചാക്രികലേഖനത്തിൽ നമുക്ക് കാണാവുന്നതാണ്. പുരാതനമായ ഭക്തിമാർഗമായ യേശുവിന്റെ തിരുഹൃദയം ഇന്നത്തെ ലോകത്തിനു ഏറെ ആവശ്യമാണെന്നും, തന്റെ പ്രവാചകദൗത്യമായി ആ ഭക്തിയെ ഒരിക്കൽക്കൂടി വിശ്വാസജീവിതത്തിൽ അരക്കിട്ടുറപ്പിക്കുവാൻ, ഈ ചാക്രികലേഖന രചന അനിവാര്യമായി പാപ്പായ്ക്ക് തോന്നിയെന്നുള്ളതും വരികളിൽ നിന്നും ഏറെ വ്യക്തം. ആധുനികതയുടെ വിഷലിപ്തമായ സാഹചര്യങ്ങൾക്കെതിരെ പടപൊരുതുവാൻ മാനുഷികമായ ശക്തി മാത്രം പോരെന്നും, അതിനെ നേരിടുവാൻ ലോകത്തെ പൂർണ്ണമായി ദൈവ തിരുഹൃദയത്തിനു സമർപ്പിക്കണമെന്നതും പാപ്പാ അടിവരയിട്ടു പറയുന്നു. അപ്രകാരം ആധുനികതയ്ക്കുള്ള ഒരു മറുമരുന്നാണ് യേശുവിന്റെ തിരുഹൃദയഭക്തി.
ഉപരിപ്ലവമായ ബന്ധങ്ങൾക്കുമപ്പുറം യഥാർത്ഥ കാരുണ്യത്തിന്റെയും, ഐക്യത്തിന്റെയും സുദൃഢമായ കൂട്ടായ്മ നേടിത്തരുന്ന ഒരു വലിയ സ്നേഹം വീണ്ടും കണ്ടെത്തുന്നതിന് നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ചാക്രികലേഖനം. പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തിയപ്പോൾ, അവിടെനിന്നും വെള്ളവും രക്തവും ഒഴുകിയെങ്കിൽ, മുറിയപ്പെട്ടത് തിരുഹൃദയം തന്നെയാണ്. അതിനാൽ അപരനുവേണ്ടി തുറക്കപ്പെട്ട ഹൃദയമാണ് യേശുവിന്റേത്. മുറിവേൽപ്പിച്ചവനെ തന്നെ സൗഖ്യം നൽകി കൂടെച്ചേർക്കുവാൻ ഈ തിരുഹൃദയത്തിന്റെ ശക്തി വെളിപ്പെടുത്തിയ ഇടമാണ് കാൽവരി. അവൻ നമ്മെ സ്നേഹിച്ചു: ചാക്രികലേഖനത്തിനു ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന ഈ ശീർഷകം , സന്ദേശത്തിന്റെ സ്വരം പ്രതിധ്വനിക്കുന്നതാണ്. തിരുവെഴുത്തുകൾ ആധാരമാക്കിക്കൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴത്തിലേക്കും, സ്ഥിരതയിലേക്കും പരിശുദ്ധ പിതാവ് ഓരോരുത്തരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഇവിടെ ദൈവീക സ്നേഹത്തിന്റെ പൂർണ്ണത മാത്രമല്ല, മറിച്ച് മാനുഷിക സ്നേഹത്തിന്റെയും പൂർണ്ണത യേശു വെളിപ്പെടുത്തുന്നു. ഇത് ആർദ്രത, ത്യാഗം, സഹനങ്ങൾ, കരുതൽ, കൂട്ടായ്മ എന്നിങ്ങനെയുള്ള പുണ്യങ്ങൾ ഉൾച്ചേർക്കുന്നു.വിഭജനത്തിന്റെയും, വേർതിരിവിന്റെയും, വ്യക്തിവാദത്തിന്റെയും, അസൂയയുടെയും, അഹങ്കാരത്തിന്റെയും, ചേരിതിരിവിന്റെയും തിന്മകൾ അരങ്ങുവാഴുന്ന ഒരു ലോകത്തിൽ, യേശുവിന്റെ തിരുഹൃദയം സഹാനുഭൂതിയുടെയും, ധാരണയുടെയും ആഹ്വാനം മനുഷ്യമനസ്സുകളിൽ നൽകുന്നു.
അതിനാൽ ഈ ചാക്രികലേഖനം ദൈവശാസ്ത്രപരമായ ഒരു പ്രതിഫലനം മാത്രമല്ല, മറിച്ച് പരിവർത്തനത്തിലേക്കുള്ള ക്ഷണക്കത്തു കൂടിയാണ്. ക്രിസ്തുവിന്റെ സ്നേഹത്താൽ നമ്മുടെ ഹൃദയങ്ങൾ രൂപാന്തരപ്പെടുവാൻ അനുവദിക്കണമെന്നും, അങ്ങനെ നാം ആയിരിക്കുന്ന സമൂഹങ്ങളിൽ രോഗശാന്തിയുടെയും, ഐക്യത്തിന്റെയും പ്രേക്ഷിതരായി നാം മാറണമെന്നും ഈ ചാക്രികലേഖനം നമ്മെ പ്രേരിപ്പിക്കുന്നു. ആവശ്യമായവയിൽ നിന്നും നമ്മെ അകറ്റുന്ന, ഭൗതിക വാദത്തിന്റെയും, നിരീശരത്വത്തിന്റെയും നാഗരികതയ്ക്കു പകരമായി, സ്നേഹത്തിന്റെ ഒരു നാഗരികത പടുത്തുയർത്തുവാൻ ഈ ലേഖനം ആഹ്വാനം ചെയ്യുന്നു. ഈ ലേഖനത്തിന്റെ പരമമായ ലക്‌ഷ്യം നമ്മുടെതന്നെ ഹൃദയങ്ങളെ കണ്ടെത്തുവാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അപ്രകാരം ദൈനംദിനമുള്ള നമ്മുടെ ചെയ്തികളിൽ, യേശുവിനെ മറ്റുള്ളവർക്ക് സമ്മാനിക്കുവാൻ നമുക്ക് സാധിക്കും. ഈ ജൂബിലി വർഷത്തിൽ ഈ ഒരു ആഹ്വാനത്തിന്റെ പ്രസക്തി വളരെയധികം ഏറുന്നു. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ വീക്ഷിക്കുവാനും, ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് തീർത്ഥാടനം നടത്തുവാനും ഈ ലേഖനം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തെ ആഴത്തിലാക്കാനും, നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, ആത്യന്തികമായി യേശുവിന്റെ അതിരറ്റ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ നമ്മുടെ ജീവിതങ്ങളെ മാറ്റുവാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ഈ വിളിയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഈ ചാക്രികലേഖനത്തിന്റെ ഒൻപതുമുതൽ പതിനാറു വരെയുള്ള ഖണ്ഡികകൾ നമുക്ക് വിശകലനം ചെയ്യാം.
"ഹൃദയത്തിലേക്ക് മടങ്ങിപ്പോവുക", അല്ലെങ്കിൽ "ഹൃദയത്തിലേക്ക് തിരികെ വരിക" എന്ന ഉപശീർഷകത്തോടെയാണ് ഒൻപതുമുതലുള്ള ഖണ്ഡികകൾ പരിശുദ്ധ പിതാവ് എഴുതുന്നത്. ഇത് ഒരു ആഹ്വാനമാണ്, പിതൃസഹജമായ വാത്സല്യത്തോടെ, തിരുഹൃദയത്തിലേക്ക് നോക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ തിരിച്ചറിയുന്നതിനും, പാപ്പാ നൽകുന്ന ഒരു ക്ഷണം. അസ്ഥിരതയുടെയും, അനിശ്ചിതത്വത്തിന്റെയും അവസ്ഥയെ സിഗ്മണ്ട് ബൗമാൻ വിശദീകരിക്കുന്ന 'ദ്രാവക ലോകം' എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ, ഹൃദയത്തിന്റെ ആവശ്യകതയെ എടുത്തു കാണിക്കുന്നത്. തിരക്കേറിയ ഒരു ലോകത്തിൽ എന്തിനൊക്കെയോ വേണ്ടി അലയുന്ന മനുഷ്യന് ആന്തരിക ജീവിതത്തെ കുറിച്ച് ഓർക്കുവാൻ പോലും സാധിക്കാതെ വരുന്നത് ഏറെ പരിതാപകരമാണെന്നാണ് പാപ്പാ വിശദീകരിക്കുന്നത്.
ഈ ഒരു ചിന്തയുടെ കുറവാണ് മനുഷ്യനെ അക്ഷമരാക്കുന്നതെന്നും, ഇത് ഏറെ കലുഷിതമായ അവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു. ബന്ധങ്ങളിലെ വിള്ളലുകൾ പോലും ഇപ്രകാരം ഹൃദയാത്മകമായ ഒരു ജീവിതത്തിന്റെ അഭാവം മൂലമാണ് രൂപം കൊള്ളുന്നതെന്നും പ്രത്യേകം ചാക്രികലേഖനം അടിവരയിടുന്നു. ഹൃദയത്തിനു ഇടം നൽകാതെ, വെറും അടിസ്ഥാനരഹിതമായ യുക്തിസഹവും , സാങ്കേതിക മാനവും നിറഞ്ഞ ജീവിതങ്ങളാണ് ഇന്ന് വ്യാപകമായി കാണപ്പെടുന്നതെന്ന ദുഖവും പാപ്പാ എടുത്തു കാട്ടുന്നു. അതിനാൽ ഹൃദയത്തിന്റെ മൂല്യം വീണ്ടെടുത്തുകൊണ്ട്, ഹൃദയാത്മകമായ ഒരു മഹത്തായ ദാർശനിക പാരമ്പര്യം ഊട്ടിയുറപ്പിക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. യുക്തി, ഇച്ഛാശക്തി അല്ലെങ്കിൽ സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ചിന്താധാരകൾ, ഹൃദയത്തിന്റെ മൂല്യം കൂടി തിരിച്ചറിയുമ്പോഴാണ് യഥാർത്ഥ സമൂഹത്തിനു രൂപം നൽകുവാൻ സാധിക്കുകയുള്ളൂ.
നമ്മുടെ മാനുഷിക ശക്തികളിൽ നിന്നും വികാരങ്ങളിൽ നിന്നും ഹൃദയത്തെ മാറ്റിനിർത്തുന്ന ഒരു പ്രവണതയും പാപ്പാ എടുത്തു പറയുന്നു. അതിനാൽ ഹൃദയത്തിന്റെ ശക്തിയെ തിരിച്ചറിയുവാൻ ഏവരെയും പാപ്പാ ആഹ്വാനം ചെയ്യുന്നു. ഹൃദയത്തിൽ നിന്ന് സംസാരിക്കുക, ഹൃദയം കൊണ്ട് പ്രവർത്തിക്കുക, ഹൃദയത്തെ വളർത്തിയെടുക്കുക, ഹൃദയം കൊണ്ട് സുഖപ്പെടുത്തുക എന്നിങ്ങനെയുള്ള ആശയങ്ങൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാകണമെങ്കിൽ, ആദ്യം ഹൃദയത്തിന്റെ വില തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഹൃദയം എന്നാൽ ഒരു 'പാലം' എന്നനിലയിലാണ് ചാക്രികലേഖനത്തിന്റെ പതിനൊന്നും പന്ത്രണ്ടും ഖണ്ഡികകൾ വിവരിക്കുന്നത്. ജീവിതത്തിൽ അപരനെ കണ്ടെത്തുവാനും, അവനെ തിരിച്ചറിയുവാനും അവനുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുവാനും ഉപരിപ്ലവമായ ചില അടുപ്പങ്ങൾ പോരാ, മറിച്ച് ഹൃദയങ്ങൾ തമ്മിൽ ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കണം. ചരിത്രം നിർമ്മിച്ചിരിക്കുന്നത് ഹൃദയത്തിന്റെ ശക്തിയാൽ ആണെന്ന പാപ്പായുടെ വരികൾക്ക്, ഹൃദയം നഷ്ടപ്പെട്ടാൽ ചരിത്രവും ഉന്മൂലനം ചെയ്യപ്പെടുന്നു എന്നാണ് അർത്ഥം. ഇത്തരത്തിൽ ഹൃദയത്തിന്റെ ജീർണ്ണാവസ്ഥയിൽ മനുഷ്യർ അപരിചിതരും, അന്യരുമായി പരിണാമം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു.
അതിനാൽ ഹൃദയമാകണം നമ്മുടെ ചിന്തകളെയും, പ്രവൃത്തികളെയും നിയന്ത്രിക്കേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ തിന്മയെ ചെറുത്തുകൊണ്ട്, നന്മയെ മുറുകെ പിടിക്കുന്നതിനും, ഭാവനയും വികാരങ്ങളും ഹൃദയാത്മകമായി തീരുകയും ചെയ്യൂ. ഇപ്രകാരം നമ്മുടെ യഥാർത്ഥ സ്വത്വം തിരിച്ചറിയുന്നതിനും, അതിനനുസരണം ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിനും നമുക്ക് സാധിക്കും. ബുദ്ധിയെ കൃത്രിമമായി നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെങ്കിലും, ഹൃദയത്തെ അപ്രകാരം ഒരു കൃത്രിമത്വത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുകയില്ല. "ഹൃദയം എന്ന വാക്ക് തത്ത്വചിന്തയ്ക്കും ദൈവശാസ്ത്രത്തിനും ഒരു സമഗ്ര സമന്വയത്തിലെത്താനുള്ള ശ്രമങ്ങളിൽ അതിന്റെ മൂല്യം തെളിയിക്കുന്നുവെന്നാണ്" പാപ്പാ എടുത്തു പറയുന്നത്. അതിനർത്ഥം, ഏതെങ്കിലുമൊരു ശാസ്ത്ര- സാമൂഹിക വിഷയങ്ങളിൽ മാത്രം തളച്ചിടപ്പെടുന്ന ഒരു കേന്ദ്രമല്ല ഹൃദയമെന്നും, അതിനു മനുഷ്യനെ ശാരീരിക-ആത്മീയ വ്യക്തി എന്ന നിലയിൽ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ പ്രാപ്തരാക്കുന്നുവെന്നു പാപ്പാ ലേഖനത്തിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. തത്ത്വചിന്ത ഒരു ലളിതമായ ആശയത്തിലോ ഉറപ്പിലോ അല്ല ആരംഭിക്കുന്നത്,മറിച്ച് അത് ഹൃദയത്തിൽ ഉരുത്തിരിയുന്ന പ്രേരണയിൽ ആണെന്ന ഹൈഡഗറിന്റെ ആശയവും പാപ്പാ അടിവരയിടുന്നു. അതിനാൽ തത്വചിന്തകൾ യുക്തിയുടെ മാത്രം പ്രവൃത്തിയല്ലെന്നും, മറിച്ച് അത് ഹൃദയാത്മകവുമാണെന്നും, അതാണ് അസ്തിത്വത്തെ അർത്ഥപൂർണ്ണമാക്കുന്നതെന്നുമുള്ള സന്ദേശത്തോടെയാണ് പതിനാറാം ഖണ്ഡിക ഉപസംഹരിക്കുന്നത്. ഈ ചിന്തകളിലൂടെ, ഹൃദയത്തെ തിരിച്ചറിയുവാനും, ആ ഹൃദയ ആത്മീയതയിലേക്ക് തിരികെ പോകുവാനുമുള്ള ആവശ്യകതയെ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: