തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
തിരുഹൃദയ ഐക്കൺ ചിത്രം തിരുഹൃദയ ഐക്കൺ ചിത്രം  

തിരുഹൃദയഭക്തി ഇന്നത്തെ കാലഘട്ടത്തിനു ഏറെ ആവശ്യം

'ദിലെക്സിത് നോസ്' എന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനത്തെ അധികരിച്ചുള്ള ചിന്തകൾ.(ആമുഖം)
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉപരിപ്ലവമായ സ്നേഹം അരങ്ങുവാഴുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്നേഹം നടിച്ചുകൊണ്ട്, മറ്റുള്ളവരെ തങ്ങളുടെ ആവശ്യാനുസരണം  ആകർഷിക്കുകയും, എന്നാൽ ആത്മാർഥത ഒട്ടും ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്ന ഒരു മായികലോകം. ഈയൊരു സന്ദർഭത്തിലാണ് ദൈവവും മനുഷ്യനും, മനുഷ്യർ തമ്മിൽ തമ്മിലുമുള്ള ഹൃദ്യമായ സ്നേഹത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടും, ഈ സ്നേഹത്തിന്റെ നിത്യതയെ  അടിവരയിട്ടുകൊണ്ടും ഫ്രാൻസിസ് പാപ്പാ തന്റെ നാലാമത്തെ ചാക്രികലേഖനം രചിക്കുന്നത്. അതിനു പരിശുദ്ധ പിതാവ് നൽകിയ പേരാണ് ഏറ്റവും പ്രധാനം: ‘ദിലെക്സിത് നോസ്’. ലത്തീൻ ഭാഷയിലെ ഈ രണ്ടു വാക്കുകൾക്ക് അഗാധമായ അർത്ഥമുണ്ട്. ‘അവൻ നമ്മെ സ്നേഹിച്ചു’ എന്നാണ് മലയാളത്തിൽ പരിഭാഷപ്പെടുത്തുമ്പോൾ നമുക്ക് ലഭിക്കുന്ന അർത്ഥം.

വാക്കുകൾക്കുമപ്പുറം, ഈ ശീർഷകത്തിന്റെ അർത്ഥം  മനസ്സിലാക്കണമെങ്കിൽ, വിശുദ്ധ ഗ്രന്ഥവും,  പാരമ്പര്യവും, ജീവിതസാക്ഷ്യങ്ങളും , യേശുവിന്റെ ആകെ ജീവിതവും സമന്വയിപ്പിച്ചു മനസിലാക്കിയെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളൂ. കാരണം യേശുവിന്റെ സ്നേഹത്തെ കേവലം ചില വാക്കുകളിൽ ഒതുക്കിനിർത്തുവാൻ  സാധിക്കുകയില്ല. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ എഴുതിയത് അവൻ നമ്മെ സ്നേഹിച്ചു എന്ന്. ഇത് ഭൂതകാലത്തിൽ അവസാനിച്ച ഒരു സ്നേഹമല്ല മറിച്ച് സ്നേഹിച്ചതിന്റെ അനുഭവങ്ങൾ  2025 വർഷങ്ങൾക്കു ശേഷവും ഇന്നും സജീവമായി ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും നിലനിൽക്കുന്നതിനാലാണ് പാപ്പാ പറയുന്നത് അവൻ നമ്മെ സ്‌നേഹിച്ചു എന്ന്. ഇത് ഒരു അരക്കിട്ടുറപ്പിക്കൽ കൂടിയാണ്. ഒരു പക്ഷെ ഇന്നത്തെ തലമുറയെ സ്നേഹത്തിന്റെ യാഥാർഥ്യം എന്താണെന്നു കാണിച്ചുകൊടുക്കുന്നതിനും, അവനിലേക്ക്‌ തിരിയുന്നതിനുമുള്ള ഒരു ക്ഷണം കൂടിയാണ് ഈ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്.

ഇത് ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ്. 2013 ൽ രചിച്ച ലുമെൻ ഫിദെയി ആണ് ആദ്യത്തേത്. തുടർന്ന് 2015 ൽ ലൗദാത്തോ സി എന്ന സാമൂഹ്യ ചാക്രികലേഖനവും അതെ തുടർന്ന്, 2020 ൽ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനവും ഫ്രാൻസിസ് പാപ്പാ രചിച്ചിട്ടുണ്ട്. മറ്റു ചാക്രികലേഖനങ്ങളിൽ നിന്നും ദിലെക്സിത് നോസ് എന്ന ഈ ചാക്രികലേഖനത്തിന്റെ പ്രത്യേകത, ഇതിന്റെ രചനാ പശ്ചാത്തലം തന്നെയാണ്. 1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച  ദർശനങ്ങളാണ്  തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്. 

ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നൽകിയ നിർദേശമായിരുന്നു. 2023 ലാണ് ആദ്യ ദർശനത്തിന്റെ മുന്നൂറ്റിയൻപതാമത് വാർഷികം ആഘോഷിക്കപ്പെട്ടത്. ഇതേതുടർന്ന് ഈ ഭക്തിയുടെ പ്രചാരം ലോകത്തിലെങ്ങും കൂടുതൽ തീക്ഷ്ണതയോടുകൂടി മുൻപോട്ടു കൊണ്ടുപോകുവാൻ തക്കവണ്ണം ഒരു രേഖ പ്രസിദ്ധീകരിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആലോചിക്കുകയും, മുൻകാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ താൻ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാർത്ത 2024 ജൂൺ മാസം ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തു.  ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ തിരുഹൃദയ ഭക്തി സഹായകരമാകുമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഈ ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. 2024 ഒക്ടോബർ  മാസം ഇരുപതിനാലാം തീയതിയാണ് ഫ്രാൻസിസ് പാപ്പായുടെ ഈ നാലാമത്തെ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 

സഭയുടെ മുഴുവൻ ആത്മീയ സൗന്ദര്യം വീണ്ടെടുക്കുന്നതിനായി ഈ തിരുഹൃദയഭക്തി നിർദ്ദേശിക്കപ്പെടണം എന്ന ഒരേ ഒരു ലക്‌ഷ്യം മാത്രമേ ഈ ചാക്രികലേഖനത്തിനു ഉള്ളുവെന്ന് പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. "സഭാ നവീകരണത്തിന്റെ പാതയെ പ്രകാശിപ്പിക്കാനും ഹൃദയം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്തോട് അർത്ഥവത്തായ സന്ദേശം നൽകുവാൻ സാധിക്കുന്ന  കർത്താവിന്റെ സ്നേഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് നമ്മെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾ ഈ ചാക്രികലേഖനം വായിക്കുന്നതിനു ഓരോരുത്തരെയും ക്ഷണിക്കുന്നതിനു സമമാണ്.

 പാപ്പാ തന്റെ ഈ ചാക്രികലേഖനത്തിനു ആധാരമായി എടുത്തിരിക്കുന്ന മുൻകാലങ്ങളിലെ പാപ്പാമാരുടെ രേഖകളെ പറ്റി പരാമർശിക്കുന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. ലിയോ പതിമൂന്നാമൻ പാപ്പായുടെ, 1899 മെയ് മാസം 25 നുള്ള  ചാക്രികലേഖനമായ  ആനും സാക്‌റും (Annum Sacrum) ആണ് ഇവയിൽ ഏറ്റവും ആദ്യത്തേത്. യേശുവിന്റെ തിരുഹൃദയത്തിനു മനുഷ്യകുലത്തെ മുഴുവൻ സമർപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ രചിച്ച ഈ ചാക്രികലേഖനം, ജൂബിലിവർഷത്തിൽ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചറിയുന്നതിനു ഏവരെയും ക്ഷണിക്കുന്നതാണ്.

യേശുക്രിസ്തുവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകവും സുതാര്യവുമായ പ്രതിച്ഛായയുമാണ് തിരുഹൃദയം എന്നും, യേശുവിന്റെ ഈ സ്നേഹത്തിനു പകരം നൽകുവാൻ അയോഗ്യമെങ്കിലും നമ്മുടെ സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും ലിയോ പതിമൂന്നാമൻ പാപ്പാ പറയുന്നു. അതിനാൽ നമ്മെത്തന്നെ യേശുക്രിസ്തുവിന് സമർപ്പിക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് തിരുഹൃദയഭക്തിയുടെ ഏറ്റവും മഹത്തായ ഭാവമെന്നും പാപ്പായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

മറ്റു രേഖകൾ  1928 ൽ പ്രസിദ്ധീകരിച്ച പതിനൊന്നാം പീയൂസ് പാപ്പായുടെ ചാക്രികലേഖനമായ മിസെരെന്തെസിമൂസ് രെദേമ്പ്തോർ (Miserentissimus Redemptor), 1932 ൽ അദ്ദേഹം രചിച്ച കാരിത്താതെ ക്രിസ്റ്റി കൊമ്പുൽസി (Caritate Christi compulsi),1956  ൽ പ്രസിദ്ധീകരിച്ച പന്ത്രണ്ടാം  പീയൂസ് പാപ്പായുടെ ചാക്രികലേഖനമായ ഹയൂരിയെത്തിസ് അക്വാസ് (Haurietis aquas),എന്നിവയും, ആനും സാക്ക്റും ലേഖനത്തിന്റെ നൂറാം വാർഷികമായ 1999 ൽ ജോൺ  പോൾ രണ്ടാമൻ പാപ്പാ പ്രസിദ്ധീകരിച്ച കത്തും, ഹയൂരിയെത്തിസ് അക്വാസിന്റെ അൻപതാം വാർഷികമായ 2006 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ പ്രസിദ്ധീകരിച്ച കത്തുമാണ്.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് തന്റെ മുൻഗാമികളുടെ രേഖകൾക്കു പുറമെ, തന്നെ സ്വാധീനിച്ച, മറ്റു കുറിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, അർജന്റീനിയയിലെ ഈശോസഭാവൈദികനായ ഫാ. ഡീയേഗോ ഫാരെസിന്റേതാണ്. 2022 ൽ  66 മത്തെ വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ചിന്തകളെല്ലാം ഹൃദയത്തിന്റെ മനോഹാരിതയെ കുറിച്ചായിരുന്നു. ചാക്രികലേഖനത്തിന്റെ ആമുഖത്തിൽ ഈ വൈദികന്റെ ചിന്തകൾ പാപ്പാ പ്രത്യേകം അടിവരയിട്ടു പറയുന്നുണ്ട്.

അഞ്ചു അധ്യായങ്ങളായി പ്രതിപാദിച്ചിരിക്കുന്ന ഈ ചാക്രികലേഖനത്തിന്റെ ഒന്നാം അധ്യായം മുഴുവൻ ഹൃദയത്തിന്റെ പ്രധാന്യത്തെ എടുത്തു കാണിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലും,  പ്രാചീന ഗ്രീക്ക് നാഗരികതയിലും ഹൃദയത്തെ സംബന്ധിക്കുന്ന പരാമർശങ്ങളെ പാപ്പാ തന്റെ ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. ഈ ഹൃദയപ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ ഊട്ടിയുറപ്പിക്കുവാൻ പാപ്പാ ഒന്നാം അധ്യായത്തിൽ ക്ഷണിക്കുന്നു. രണ്ടാം അധ്യായത്തിൽ ഈ നിർവ്വചനങ്ങളെ പ്രാവർത്തികമാക്കുന്നതിനുള്ള മാർഗങ്ങൾ  നിർദേശിക്കുന്നു.

തുടർന്ന് മൂന്നാം അധ്യായത്തിൽ തിരുഹൃദയ ഭക്തിയെ പരാമർശിക്കുകയും, യേശുവിന്റെ തിരുഹൃദയ സ്നേഹത്തിന്റെ വ്യതിരിക്തത മനസിലാക്കിത്തരുകയും ചെയ്യുന്നു. തുടർന്ന്, നാലാം അധ്യായത്തിൽ തിരുഹൃദയത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെ വിശദമായി അപഗ്രഥിക്കുന്നു. അഞ്ചാം അധ്യായത്തിൽ ക്രിസ്തുവിന്റെ സ്നേഹനിർഭരമായ ഹൃദയവുമായുള്ള കൂടിക്കാഴ്ചയോടുള്ള മനുഷ്യന്റെ പ്രതികരണത്തെക്കുറിച്ച് പാപ്പാ വിശദീകരിക്കുന്നു. ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രേഷിതമാനത്തെയും പാപ്പാ പ്രത്യേകം അടിവരയിട്ടു സൂചിപ്പിക്കുന്നു.

യേശുവിന്റെ സ്നേഹത്തിന്റെ പ്രത്യേകത ആമുഖത്തിൽ പാപ്പാ അടിവരയിടുന്നുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ പറയുന്നത്: ഈ സ്നേഹത്തിൽ നിന്നും ആർക്കും, ഒരു ശക്തിക്കും നമ്മെ വേർപെടുത്തുവാൻ കഴിയുകയില്ല എന്ന്. ഈ ദൈവസ്നേഹം പോലെ, യാഥാർത്ഥവും നിലനിൽക്കുന്നതുമായ സ്നേഹം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് സാഹോദര്യം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു ക്ഷണവും തുടർന്ന് നൽകുന്നുണ്ട്. യാതൊരു  ഉപാധികളുമില്ലാത്ത ദൈവസ്നേഹത്തിനു പകരമായി നാമും ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കണമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. ഹൃദ്യമായ സ്നേഹത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ‘ദിലെക്സിത് നോസ്’ ചാക്രിക ലേഖനം, ഇന്നത്തെ കാലഘട്ടത്തിൽ സമാധാനവും ശാന്തിയും കൊണ്ടുവരുവാൻ ഉപകാരപ്പെടട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2025, 12:59
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930