നൈജീരിയയിൽ ബന്ദികളായിരുന്ന രണ്ടു വൈദികർ മോചിതരായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്ന രണ്ടു കത്തോലിക്കാ വൈദികർ മോചിപ്പിക്കപ്പെട്ടതായി ഫീദെസ് പ്രേഷിത വാർത്താ ഏജൻസി വെളിപ്പെടുത്തി.
ഫെബ്രുവരി 22-ന് നൈജീരിയയുടെ വടക്കൻ സംസ്ഥാനമായ അദമാവ്വയിൽ നിന്ന് സായുധർ തട്ടിക്കൊണ്ടുപോയ ജലിംഗൊ രൂപതാവൈദികൻ അബ്രഹാം സൗമാം, യോള രൂപതാ വൈദികൻ മാത്യു ഡേവിഡ് ദത്ത്സെമി എന്നിവരെ പൊലീസ് ഇടപെട്ടാണ് മോചിപ്പിച്ചത്. ബന്ദികർത്താക്കളെന്നു കരുതപ്പെടുന്നവരിൽ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. ഇവരെ മോചിപ്പിക്കുന്നതിന് മോചനദ്രവ്യമൊന്നും നല്കിയില്ലെന്നും വൈദികർക്ക് പരിക്കുകളൊന്നുമില്ലെന്നും പൊലീസ് വെളിപ്പെടുത്തി.
മത-വംശീയ സംഘർഷങ്ങളുടെ വേദിയായ, നൈജീരിയയിൽ വൈദികർ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായിരിക്കയാണ്. ഫെബ്രുവരി പന്ത്രണ്ടാം തീയതി കത്തോലിക്കാ വൈദികൻ ലിവിനസ് മൗറിസ് ഉൾപ്പടെ മൂന്നുപേർ അവിടെ തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. അവരെ അഞ്ചാം ദിവസം ബന്ദികർത്താക്കൾ വിട്ടയച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: