നൈജീരിയ: ഫാ. സിൽവസ്റ്റർ ഒകെചുക്വുവിന്റെ കൊലപാതകികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേർ പിടിയിലായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കദുന (Kaduna) സംസ്ഥാനത്തുള്ള കഫഞ്ചൻ (Kafanchan) അതിരൂപതയിലെ ഫാ. സിൽവസ്റ്റർ ഒകെചുക്വു (Fr. Sylvester Okechukwu) എന്ന വൈദികന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്നു കരുതപ്പെടുന്ന രണ്ടുപേർ പിടിയിലായി. ഓപ്പറേഷൻ സേഫ് ഹാവെൻ എന്ന പ്രത്യേക മിലിട്ടറി സംഘം മാർച്ച് 24-ന് നടത്തിയ ഒരു റെയ്‌ഡിലാണ് പ്രധാന പ്രതിയെ കീഴടക്കിയതെന്ന് ഫീദെസ് വാർത്താ ഏജൻസി മാർച്ച് 26 ബുധനാഴ്ച അറിയിച്ചു.
തുടർന്ന് നടന്ന മറ്റൊരു മിലിട്ടറി ഇടപെടലിലൂടെയാണ്, തച്ചിറയിലുള്ള അഗ്വാൻ സാർക്കി എന്നയിടത്തുവച്ച് രണ്ടാമത്തെ പ്രതിയെ പിടിക്കാനായതെന്ന് മിലിട്ടറി വക്താവ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ ആദ്യചോദ്യം ചെയ്യലിൽ, ഫാ. സിൽവസ്റ്ററിനൊപ്പമുണ്ടായിരുന്ന ഒരാളാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടതെന്ന്, സംഭവത്തിന് പിന്നിലെ പ്രധാന പ്രതിയെന്നു കരുത്തപ്പെടുന്നയാൾ വെളിപ്പെടുത്തി.
ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിച്ചുവരികയാണെന്ന് മീഡിയ വിഭാഗം തലവൻ അറിയിച്ചിരുന്നു.
2021 ഫെബ്രുവരി 11-നാണ് ഫാ. സിൽവെസ്റ്റർ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് മാർച്ച് ആറാം തീയതി ഫീദെസ് വാർത്താ ഏജൻസിയെ അധികരിച്ച് വത്തിക്കാൻ ന്യൂസ് അറിയിച്ചിരുന്നു. അടുത്തിടെയായി നൈജീരിയയിൽ നിരവധി വൈദികരും സെമിനാരിക്കാരും തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു.
മാർച്ച് നാലാം തീയതി വൈകുന്നേരം തച്ചിറയിലുള്ള (Tachira) സെന്റ് മേരീസ് ഇടവകയിലെ വൈദികമന്ദിരത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. സിൽവസ്റ്ററിനെ അഞ്ചാം തീയതി വിഭൂതിബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: