നൈജീരിയ: കഫഞ്ചൻ അതിരൂപതാംഗമായ ഒരു കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിൽ കത്തോലിക്കാ വൈദികർക്കും വിശ്വാസികൾക്കും എതിരെയുള്ള അക്രമസംഭവങ്ങളുടെ തുടർച്ചയായി, തെക്കൻ നൈജീരിയയിലെ കഫഞ്ചൻ (Kafanchan) അതിരൂപതയിലെ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു. മാർച്ച് നാലാം തീയതി വൈകുന്നേരം തച്ചിറയിലുള്ള (Tachira) സെന്റ് മേരീസ് ഇടവകയിലെ വൈദികമന്ദിരത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട സിൽവസ്റ്റർ ഒകെചുക്വു (Fr. Sylvester Okechukwu) എന്ന വൈദികനെ അഞ്ചാം തീയതി വിഭൂതിബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കഫഞ്ചൻ അതിരൂപതാ ചാൻസലർ ഫാ. ജേക്കബ് ഷാനെറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ ന്യൂസിന് ലഭ്യമാക്കിയത്.
2021 ഫെബ്രുവരി 11-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ഫാ. സിൽവെസ്റ്ററിന്റെ മരണത്തിൽ അതിരൂപത അതീവദുഃഖിതമാണെന്ന് പറഞ്ഞ ഫാ. ഷാനെറ്റ്, സഭയിൽ നിസ്വാർത്ഥസേവനം ചെയ്‌തിരുന്ന അദ്ദേഹത്തിന്റെ മരണം അതിരൂപതയ്ക്കും ഇടവകാംഗങ്ങൾക്കും വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി.
ഫാ. സിൽവെസ്റ്ററിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. അദ്ദേഹത്തെ കൊലചെയ്തവർക്കായുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്ന് കദുന സംസ്ഥാനത്തെ പോലീസ് മേധാവികൾ അറിയിച്ചു.
തെക്കൻ നൈജീരിയയിലെതന്നെ എഡോ സംസ്ഥാനത്തുള്ള ഔചി രൂപതയിലെ (Auchi) ഫിലിപ്പ് എകേലി എന്ന വൈദികനെയും പീറ്റർ ആൻഡ്രൂ എന്ന സെമിനാരിക്കാരനെയും മാർച്ച് 2 ഞായറാഴ്ച രാത്രി പതിനൊന്നരയോടെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. നൈജീരിയയിലെ യോല, ജലിങ്കോ രൂപതകളിൽനിന്നായി ഫെബ്രുവരി 22-ന് തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു വൈദികരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: