ഫാദർ ജോൺ ഉബേച്ചു മോചിതനായി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രൈസ്തവർക്കു നേരെ നിരവധി അക്രമങ്ങൾ ദിനംതോറും നടക്കുന്ന നൈജീരിയയിൽ, മാർച്ചുമാസം ഇരുപത്തിമൂന്നാം തീയതി, ഒവേരി അതിരൂപതാംഗമായ ഫാദർ ജോൺ ഉബേച്ചുവിനെ അക്രമികൾ തട്ടിക്കൊണ്ടുപോയെങ്കിലും, മാർച്ചുമാസം ഇരുപത്തിയാറാം തീയതി മോചിപ്പിച്ചതായി അതിരൂപതയുടെ ചാൻസലർ ഫാദർ പാട്രിക് സി. എംബാര അറിയിച്ചു.
"ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും, ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിനും ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു. നിങ്ങളുടെ സഹോദരഐക്യദാർഢ്യത്തിനും പ്രാർത്ഥനകൾക്കും ഞങ്ങൾ നന്ദി പറയുന്നു. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ", ഈ വാക്കുകളോടെയാണ് സന്തോഷകരമായ മോചന വാർത്ത അറിയിച്ചത്.
മാർച്ച് 23 ഞായറാഴ്ച വൈകുന്നേരം, തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒഗുട്ട പ്രവിശ്യയിൽ നിന്നാണ് വാർഷിക വൈദിക ധ്യാനത്തിലേക്ക് പോകുന്നതിനിടെ, ഇസോംബെ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന ഫാദർ ജോൺ ഉബേച്ചുവിനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിൽ ഇക്കഴിഞ്ഞ കാലയളവിൽ നിരവധി വൈദികരെയും, സന്യസ്തരെയും, വൈദിക വിദ്യാർത്ഥികളെയും അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവരിൽ ചിലർ മോചിതരായെങ്കിലും, ചിലർ കൊലചെയ്യപ്പെട്ടുവെന്നത് ഖേദകരമായ ഒരു വസ്തുതയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: