നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർത്ഥി വധിക്കപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തട്ടിക്കൊണ്ടുപോകലുകൾ പതിവായിരിക്കുന്ന ആഫ്രിക്കൻ നാടായ നൈജീരിയായിൽ ബന്ദിയാക്കപ്പെട്ടിരുന്ന വൈദികവിദ്യാർത്ഥി ആൻഡ്രൂ പീറ്റർ വധിക്കപ്പെട്ടു.
ഔചി രൂപതയുടെ സാമൂഹ്യവിനിമയവിഭാഗത്തിൻറെ മേധാവിയായ വൈദികൻ പീറ്റർ എജിയെലെവയുടെ പത്രക്കുറിപ്പിൻറെ വെളിച്ചത്തിൽ പ്രേഷിതവാർത്താ എജൻസിയായ ഫിദെസാണ് ഈ വിവരം വെളിപ്പെടുത്തിയത്.
21 വയസ്സു പ്രായമുണ്ടായിരുന്ന പീറ്റർ മാർച്ച് 3-ന് ഏദൊ സംസ്ഥാനത്തിലെ അമുഗെ ഗ്രാമത്തിൽവച്ച് ഫിലിപ്പ് എക്വേലി എന്ന വൈദികനോടൊപ്പമാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്. എന്നാൽ വൈദികൻ എക്വേലിയെ ബന്ദികർത്താക്കൾ മാർച്ച് 13-ന് വിട്ടയച്ചിരുന്നു. ആയുധധാരികൾ ദേവാലയവും വൈദികഭവനവും ആക്രമിക്കുകയും ഇവരെ തട്ടിക്കൊണ്ട് അടുത്തുള്ള വനത്തിലേക്കു പോകുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോകലുകൾ നിരന്തരം നടക്കുന്ന ഏദൊ സംസ്ഥാനത്ത് ജനങ്ങൾക്ക് സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഔച്ചി രൂപതയുടെ മെത്രാൻ ഗബ്രിയേൽ ദുനിയ അഭ്യർത്ഥിച്ചിരുന്നു. ഈ സംസ്ഥാനം ബന്ദികർത്താക്കൾക്ക് ഒരു സുരക്ഷാകേന്ദ്രമായി മാറിയിരിക്കയാണ്. തങ്ങൾ നസ്സഹായരും പരിത്യക്തരുമാണെന്ന തോന്നലാണ് അവിടത്തെ ജനങ്ങൾക്കുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: