കഴിഞ്ഞ പത്ത് വർഷങ്ങളിൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടത് 145 വൈദികർ: ഫീദെസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2015 മുതൽ 2025 വരെയുള്ള പത്തുവർഷകാലയളവിൽ നൈജീരിയയിൽ അക്രമികൾ 145 വൈദികരെ തട്ടിക്കൊണ്ടുപോയെന്നും, അവരിൽ 11 പേർ കൊലചെയ്യപ്പെട്ടുവെന്നും ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. നൈജീരിയയിലെ കത്തോലിക്കാ സെക്രെട്ടറിയേറ്റ് (Catholic Secretariat of Nigeria - CSN) അടുത്തിടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്, മത, വർഗ്ഗീയ, രാഷ്ട്രീയ ഭിന്നതകൾ മൂലം അക്രമസംഭവങ്ങൾ പതിവായി വരുന്ന നൈജീരിയയിലെ ക്രൈസ്തവസമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഫീദെസ് റിപ്പോർട്ട് ചെയ്‌തത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാല് വൈദികരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഫീദെസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ കൂടുതൽ വൈദികരും ഒവ്വേരി (Owerri) അതിരൂപതയിൽനിന്നുള്ളവരാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ നാല്പത്തിയേഴ് വൈദികരെയാണ് ഇവിടെനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇവരിൽ രണ്ടു പേരൊഴികെ ഏവരെയും അക്രമികൾ സുരക്ഷിതരായി വിട്ടയച്ചുവെന്നും, അവരുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങളുടെ മികവോ, നൽകപ്പെട്ട മോചനദ്രവ്യമോ ആണ് ഇതിന് പിന്നിലെന്നും പഠനങ്ങൾ വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്ന ഒനിറ്റ്ഷ (Onitsha) അതിരൂപതയിൽ നിന്ന് മുപ്പത് വൈദികരെയാണ് അക്രമികൾ പിടിച്ചുകൊണ്ടുപോയത്. ഇവരിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
കദുന (Kaduna) അതിരൂപതയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇരുപത്തിനാല് വൈദികരിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും, രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളിലും വച്ച് ഏറ്റവും കൂടുതൽ വൈദികർ കൊലചെയ്യപ്പെട്ടത് ഇവിടെയാണെന്നും ഫീദെസ് അറിയിച്ചു. വടക്കൻ നൈജീരിയയിൽ കൂടുതലായി നിലനിൽക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ, വിമതസംഘടനകളുടെ സ്വാധീനം, മതപരമായ സംഘർഷങ്ങൾ എന്നിവ ഇത്തരം അക്രമങ്ങൾക്ക് പിന്നിലുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
കദുന അതിരൂപതാപ്രദേശത്തെ അക്രമികൾ കൂടുതൽ അപകടകാരികളാണെന്നും, രാഷ്ട്രീയപരമായ കാരണങ്ങളാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും, മോചനദ്രവ്യം ലഭിക്കുന്നതിന് വേണ്ടിയല്ല ഇവയിൽ പലതുമെന്നും റിപ്പോർട്ടിൽ തെളിഞ്ഞു.
അബുജ സംസ്ഥാനതലസ്ഥാനം ഉൾപ്പെടുന്ന അബൂജ (Abuja) അതിരൂപതയിൽ രണ്ടു വൈദികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങൾ പോലും അക്രമവിമുക്തമല്ലെന്നാണ് ഇതുവഴി തെളിയുന്നതെന്നും ഫീദെസ് എഴുതി.
ബെനിൻ (Benin), ഒനിറ്റ്ഷ (Onitsha) അതിരൂപതകളിൽ ഓരോ വൈദികർ വീതമാണ് കൊല്ലപ്പെട്ടതെങ്കിലും, ഇവിടങ്ങളിലും തട്ടിക്കൊണ്ടുപോകൽ അക്രമാസക്തമാണെന്നാണ് മനസ്സിലാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
കദുന, ബെനിൻ അതിരൂപതകളിൽനിന്ന് ഒന്നുവീതവും, ഒവ്വേരി അതിരൂപതയിൽനിന്നുള്ള രണ്ടു വൈദികരെയും ഇനിയും കണ്ടുകിട്ടിയിട്ടില്ല.
ഇബദാൻ (Ibadan) അതിരൂപതയിൽനിന്ന് രണ്ടും, കാലാബാർ (Calabar) അതിരൂപതയിൽനിന്ന് നാലും വൈദികർ തട്ടിക്കൊണ്ടുപോകപ്പെട്ടെങ്കിലും അവരെ അക്രമികൾ പിന്നീട് വിട്ടയച്ചു. സാമ്പത്തികമായി മെച്ചമായ ലാഗോസ് പ്രദേശത്തുള്ള ലാഗോസ് (Lagos) അതിരൂപതയിൽനിന്ന് നാളിതുവരെ വൈദികരെ അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടില്ല. പ്രദേശത്തെ മെച്ചപ്പെട്ട സുരക്ഷാസൗകര്യങ്ങളും, മതതീവ്രവാദപ്രവർത്തനങ്ങളിലെ കുറവുമാകാം ഇതിന് പിന്നിലെന്ന് ഫീദെസ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: