യേശുവും സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവും സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും 

സേവനവും അധികാരവും ക്രിസ്തുവിലും ക്രൈസ്തവരിലും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ നോമ്പുകാലം മൂന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: മത്തായി 20, 17-28
ശബ്ദരേഖ - സേവനവും അധികാരവും ക്രിസ്തുവിലും ക്രൈസ്തവരിലും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലും (മത്തായി 20, 17-28) വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തിലും (മർക്കോസ് 10, 35-45) ഏതാണ്ട് സമാനമായ രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. യേശു താൻ കടന്നുപോകാനിരിക്കുന്ന പീഡാനുഭവത്തെക്കുറിച്ചും പിന്നീടുള്ള ഉത്ഥാനത്തെക്കുറിച്ചും നടത്തുന്ന മൂന്നാം പ്രവചനവും, യേശുവിന്റെ രാജ്യത്തിൽ അവന്റെ വലതും ഇടതും സ്ഥാനങ്ങൾ കൈക്കലാക്കാനുള്ള സെബദീപുത്രന്മാരുടെ അഭിലാഷവും, സെബദീപുത്രന്മാർക്ക് നേരെയുള്ള മറ്റു പത്ത് ശിഷ്യന്മാരുടെ അമർഷവും, സേവനത്തെയും ഭരണത്തെയും കുറിച്ചുള്ള ക്രിസ്തുവിന്റെ മനോഭാവവും, ശിഷ്യത്വം ആവശ്യപ്പെടുന്ന എളിമയും അനുസരണവും ഒക്കെയാണ് ഈ സുവിശേഷഭാഗത്ത് നാം കണ്ടുമുട്ടുന്നത്.

ജെറുസലേമിലേക്കുള്ള യാത്രയും കുരിശുമരണവും ഉയിർപ്പും

വിശുദ്ധ മത്തായിയും മർക്കോസും ലൂക്കായും തങ്ങളുടെ സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്ന പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നാം പ്രവചനമാണ് ഈ സുവിശേഷഭാഗത്തിന്റെ ആദ്യമുള്ളത് (മത്തായി 20, 17-19; മർക്കോസ് 10, 32-34; ലൂക്ക 18, 31-34). തന്റെ പരസ്യജീവിതകാലത്ത് പലതും പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിച്ച, അത്ഭുതങ്ങൾ പ്രവർത്തിച്ച യേശു, തന്റെ പീഡാനുഭവത്തെകുറിച്ചുള്ള ഈ മൂന്നാം പ്രവചനം തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് മുന്നിൽ മാത്രമായാണ് വെളിവാക്കുന്നത്. പ്രധാനപുരോഹിതന്മാർക്കും നിയമജ്ഞർക്കും ഏല്പിച്ചുകൊടുക്കപ്പെടാനായി ജെറുസലേമിലേക്കുള്ള യാത്രാമധ്യേയാണ് അവനിത് പറയുന്നതും. ഇവിടെ, സ്വയം എന്തെങ്കിലും ചെയ്യുക എന്നതിനേക്കാൾ, മറ്റുള്ളവരുടെ പ്രവൃത്തികളുടെ ഫലം ഏറ്റെടുക്കുന്ന യേശുവിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മറ്റുള്ളവരാൽ പരിഹസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്ന യേശു. ഫിലിപ്പ്യർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് എഴുതുന്നതുപോലെ, മരണം വരെയും അനുസരണമുള്ള, സ്വയം ചെറുതാകുന്ന യേശു (ഫിലി. 2, 8). എന്നാൽ താൻ മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുമെന്നും അവൻ തന്റെ ശിഷ്യരോട് അറിയിക്കുന്നുണ്ട് എന്ന് നമുക്ക് കാണാം.

സെബദീപുത്രന്മാരും പ്രമുഖസ്ഥാനങ്ങളും

താൻ സഹിക്കുവാൻ പോകുന്ന ദുരിതങ്ങളെക്കുറിച്ചും, മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും യേശു പറയുമ്പോൾ, സെബദീപുത്രന്മാരുടെ, യാക്കോബിന്റെയും യോഹന്നാന്‍റെയും മുന്നിലുള്ളത് മറ്റൊരു ചിത്രമാണ്. ക്രിസ്തു ജെറുസലേമിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അവൻ സഹനങ്ങൾക്കപ്പുറം ഉയർപ്പിക്കപ്പെടുമെങ്കിൽ, അവന്റെ രാജ്യത്തെ പ്രമുഖ സ്ഥാനങ്ങൾ, ഇടതും വലതുമുള്ള സ്ഥാനങ്ങൾ തങ്ങൾക്ക് സ്വന്തമാക്കാണം. ശിഷ്യന്മാരെ കഴിവതും നന്നായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന വിശുദ്ധ മത്തായി, മർക്കോസിൽനിന്ന് വിഭിന്നമായി, സെബദീപുത്രന്മാരുടെ അമ്മ, അവർക്കുവേണ്ടി സംസാരിക്കുന്നതിനെക്കുറിച്ചാണ് പറയുക. എന്നാൽ യേശു ഉത്തരം നൽകുന്നത് ഈ രണ്ടു പ്രിയപ്പെട്ട ശിഷ്യന്മാർക്കാണ്.

തന്റെ രാജ്യത്തിൽ ഭരണപങ്കാളികൾകാൻ രണ്ട് വ്യവസ്ഥകളാണ് യേശു മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ ഒന്നാമത്തേത് താൻ കുടിക്കുവാൻ പോകുന്ന സഹനത്തിന്റെ കാസാ കുടിക്കുവാൻ അവർ തയ്യാറാകണം എന്നുള്ളതാണ്. ഇതിന് സമ്മതം മൂളുന്ന ശിഷ്യന്മാരോട് യേശു രണ്ടാമത്തെ വ്യവസ്ഥ അറിയിക്കുന്നു; പിതാവിന്റെ ഹിതമനുസരിച്ച് ജീവിക്കാനുള്ള മനോഭാവവും സന്നദ്ധതയും നിങ്ങൾക്കുണ്ടാകണം. എന്റെ പിതാവ് ആർക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നോ അവർക്കുള്ളതാണ് ആ വലതും ഇടതുമുള്ള സ്ഥാനങ്ങൾ. ഇത് അംഗീകരിക്കാൻ തയ്യാറായി, അനുസരണമുള്ള ശിഷ്യരായി മുന്നോട്ടുപോവുക എന്ന ഒരു മാർഗ്ഗമാണ് യേശു മുന്നോട്ടുവയ്ക്കുക.

പത്തുപേരുടെ അമർഷവും അധികാരത്തെക്കുറിച്ചുള്ള യേശുവിന്റെ ചിന്തയും

ക്രിസ്തുവിന്റെ രാജ്യത്തിൽ സെബദീപുത്രന്മാർക്ക് പ്രമുഖസ്ഥാനങ്ങൾ കിട്ടിയേക്കുമോയെന്ന ഭയത്തോടെയാണ് മറ്റു പത്ത് ശിഷ്യന്മാർ ഈ സംഭവത്തോട് പ്രതികരിക്കുന്നത്. അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി എന്ന് സുവിശേഷം എഴുതുന്നു (മത്തായി 20, 23; മർക്കോസ് 10, 41). എന്തൊക്കെ നേരിടേണ്ടിവന്നാലും, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും, തങ്ങൾക്കും അധികാരവും ഭരണവും വേണമെന്ന ചിന്ത ആ പത്തു ശിഷ്യന്മാരിലും ഉണ്ടെന്ന് ഈ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിൽ, തന്റെ ശിഷ്യന്മാരുടെ അജ്ഞതയിലും ദുരാഗ്രഹത്തിലും യേശു അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതായി സുവിശേഷങ്ങൾ പറയുന്നില്ല. മറിച്ച് അവൻ അവരെ അടുത്തേക്ക് വിളിച്ച് യഥാർത്ഥത്തിൽ ഒരു ഭരണാധികാരി എങ്ങനെയുള്ളവനായിരിക്കണമെന്ന് അവരോട് പറയുന്നു.

വിജാതീയരുടെ ഭരണകർത്താക്കളും പ്രമാണികളും കാണിച്ചിരുന്ന മറ്റുള്ളവരുടെനേരെയുള്ള യജമാനത്വമനോഭാവവും, പ്രമാണി മനോഭാവവുമൊന്നുമല്ല ക്രിസ്തുവിന്റെ രാജ്യത്തിലുള്ളതെന്ന്, അവിടെ ഭരിക്കുന്നതിലല്ല, സേവനം ചെയ്യുന്നതിലാണ് യഥാർത്ഥ അധികാരം അടങ്ങിയിരിക്കുന്നതെന്ന് അവൻ വ്യക്തമാക്കുന്നു. വലിയവനാകാൻ ആഗ്രഹിക്കുന്നവൻ ശുശ്രൂഷകനായി മാറുന്ന, ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായി സ്വയം ചെറുതാകുന്ന ഒരു ജീവിതമാതൃകയും ഉദ്ബോധനവുമാണ് യേശുവിന് മുന്നോട്ടുവയ്ക്കാനുള്ളത്. ഫിലിപ്പ്യർക്കെഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് ഇത് കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്, ദാസന്റെ രൂപം സ്വീകരിച്ച്, മരണം വരെ അനുസരണമുള്ളവനായി സ്വയം താഴ്ത്തുന്ന ക്രിസ്തു (ഫിലിപ്പി 2, 7-8).

ദൈവപുത്രനായ, സർവ്വാധികാരവുമുള്ള ക്രിസ്തു, അനേകർക്കുള്ള മോചനദ്രവ്യമായി സ്വന്തം ജീവനെ നൽകുവാനായാണ് താൻ വന്നിരിക്കുന്നതെന്ന് തന്റെ ശിഷ്യരോട് വെളിപ്പെടുത്തുന്നു. നമുക്കറിയാം അടിമകളെയോ, കാരാഗൃഹവാസികളെയോ, തട്ടിക്കൊണ്ടുപോകപ്പെട്ടവരെയോ ഒക്കെ മോചിപ്പിക്കുന്നതിനുള്ള തുകയാണ് മോചനദ്രവ്യം. അനേകർക്കുള്ള മോചനദ്രവ്യം എന്ന ചിന്ത, യേശു കൊണ്ടുവരുന്ന രക്ഷ ചിലർക്ക് മാത്രമുള്ളതാണോ എന്ന ഒരു സംശയം ഉയർത്തിയേക്കാം. എന്നാൽ സെമിറ്റിക്, യഹൂദമനോഭാവത്തിൽ അനേകർ എന്ന ഈ പ്രയോഗത്തിന് എല്ലാവരും എന്ന അർത്ഥമാണെന്നാണ് സുവിശേഷവ്യഖ്യാതാക്കൾ പറയുന്നത്.

അധികാരവും സേവനവും ക്രൈസ്തവജീവിതവും

ദൈവപുത്രനായ ക്രിസ്തുവിന്റെ പാതയിൽ, അവനെ അനുകരിച്ച്, രക്ഷയിലേക്ക് നടക്കുവാനും നിത്യജീവൻ അവകാശമാക്കുവാനും ആഗ്രഹിക്കുന്നവരെന്ന നിലയിൽ അധികാരത്തെയും സേവനത്തെയും കുറിച്ചുള്ള യേശുവിന്റെ മനോഭാവം നമ്മുടെ ജീവിതത്തിലും സ്വന്തമാക്കുക എന്നത് പ്രധാനപെട്ടതാണെന്ന് നമുക്കറിയാം. തങ്ങളുടെ ജീവിതം കൊണ്ട്,  പൂർണ്ണമായ ക്രിസ്ത്വാനുകരണം ലക്ഷ്യമാക്കുന്ന, സഭയിൽ നേതൃത്വത്തിലേക്ക്, മറ്റുള്ളവരെ നയിക്കാൻ വിളിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഈ വചനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. യേശുവിനെപ്പോലെ, മറ്റുള്ളവർക്ക് സേവനം ചെയ്യാനും, അവർക്കായി മോചനദ്രവ്യമാകാനും തയ്യാറാകാനുള്ള ഒരു വിളിയാണിതെന്ന് തിരിച്ചറിയാൻ സാധിക്കണം. പീഡാസഹനങ്ങളിലൂടെയും, കുരിശിലെ മരണത്തിലൂടെയും മഹത്വത്തിലേക്ക് കടക്കുന്ന യേശുവിനെക്കുറിച്ചുള്ള ചിന്തകളുടെ പശ്ചാത്തലത്തിൽ, അവന്റെ അനുയായികളെന്ന് വിളിക്കപ്പെടുന്ന ഓരോ ക്രൈസ്തവനും, ക്രിസ്തുവിനെപ്പോലെ, പിതാവിന്റെ ഹിതമനുസരിച്ച് ജീവിക്കാനും, പൂർണ്ണമായി അനുസരിക്കാനും വിളിക്കപ്പെട്ടവനാണ്.

വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം ഏഴാം അദ്ധ്യായത്തിൽ (റോമാ 7, 14-25) ഓർമ്മിപ്പിക്കുന്നതുപോലെ, നന്മ ചെയ്യാനും, വിശുദ്ധമായി ജീവിക്കാനും നമ്മെ അനുവദിക്കാത്ത പാപത്തെ വെറുത്തുപേക്ഷിക്കാനും, നമ്മിൽ ദൈവം എഴുതിവച്ചിട്ടുള്ള സ്നേഹത്തിന്റെ നിയമമനുസരിച്ച് ജീവിക്കാനും പരിശ്രമിക്കാം. അധികാരത്തിനും ശക്തിക്കും ഉന്നതസ്ഥാനങ്ങൾക്കുമായുള്ള ആഗ്രഹങ്ങൾ വെടിഞ്ഞ്, സേവനത്തിന്റെയും സ്നേഹത്തിന്റെയും ക്രൈസ്തവമായ വിശുദ്ധിയുടെയും അനുസരണത്തിന്റെയും പാതയിൽ, ദൈവഹിതം അംഗീകരിച്ചുകൊണ്ട് ജീവിക്കുകയും അതുവഴി ക്രിസ്തുവിന്റെ രാജ്യത്തിന് അവകാശികളായി മാറുകയും ചെയ്യാം. സേവനത്തിന്റെയും എളിമയുടെയും ദാസ്യത്തിന്റെയും അനുസരണത്തിന്റെയും മാതൃക ജീവിതം കൊണ്ട് കാണിച്ചുതരുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യവും സംരക്ഷണവും അമ്മയുടെ പുത്രനായ ക്രിസ്തുവിന്റെ പിന്നാലെയുള്ള നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2025, 18:23