ജൂബിലി വർഷത്തിലെ നോമ്പുകാലം: പ്രത്യാശയുടെ ദിവ്യരഹസ്യങ്ങളെ ധ്യാനിക്കാം
ഫാ. ബെനഡിക്ട് വാരുവിള, പാറശ്ശാല മലങ്കര കത്തോലിക്കാ രൂപത
പ്രത്യാശ എന്ന വാക്കിന് മനുഷ്യജീവിതത്തിൽ, പ്രത്യേകിച്ചും ക്രൈസ്തവ ജീവിതത്തിൽ അതുല്യമായ സ്ഥാനമാണുള്ളത്. എന്നാൽ പ്രത്യാശ മനുഷ്യശക്തിയാൽ ആർജ്ജിക്കുന്ന ഒന്നാണോ എന്ന് ചോദിച്ചാൽ, അല്ല എന്നാണുത്തരം. പ്രത്യാശ ദൈവത്തിന്റെ ഒരു ദാനമാണ്. അതുകൊണ്ടാണ് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ പുണ്യങ്ങളെ ദൈവീക പുണ്യങ്ങൾ എന്ന് വിളിക്കുന്നത്. കാരണം ഇവയുടെ അടിസ്ഥാനം ദൈവം തന്നെയാണ്. ഈ മൂന്നു പുണ്യങ്ങളും എല്ലാ മനുഷ്യരിലും ദൈവം ദാനമായി ചൊരിഞ്ഞിരിക്കുന്നു. എന്നാൽ ഈ മൂന്നു പുണ്യങ്ങളും നൽകിക്കൊണ്ട്, ഇവയിൽ വളർന്നു വരുവാൻ അല്ലെങ്കിൽ ഈ കൃപകൾ പരിപോഷിപ്പിക്കുവാൻ, ദൈവം മനുഷ്യന്റെ സഹകരണം ആവശ്യപ്പെടുന്നു. ഇതിനെയാണ് കൃപയോടു ചേർന്നുള്ള ജീവിതം എന്ന് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ ഇപ്രകാരം മനുഷ്യന്റെ സഹകരണം ആവശ്യപ്പെടുന്ന വചനങ്ങൾ നമുക്ക് കാണാവുന്നതാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിനാലാം വചനം ഇപ്രകാരമാണ് പറയുന്നത്: " അതിനാൽ ഞാൻ പറയുന്നു: പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും." വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായം പതിനാറാം തിരുവചനത്തിലും യേശു പറയുന്നത് ഇപ്രകാരമാണ്: "തൻമൂലം നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും." ഇങ്ങനെ മനുഷ്യജീവിതത്തിൽ ദൈവീകപദ്ധതിയുമായി യോജിച്ചു പോകുന്നതിനാണ് യേശു എല്ലാവരെയും ക്ഷണിക്കുന്നത്.
പ്രത്യേകിച്ചും ഈ ജൂബിലി വർഷത്തിൽ നാം കടന്നു പോകുന്ന നോമ്പുകാലത്തിൽ, ഇപ്രകാരം ദൈവീക പുണ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുവാനും, ഈ പുണ്യങ്ങളോട് സഹകരിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുവാനും നമുക്ക് സാധിക്കണം. സാംക്രമിക രോഗങ്ങളും, യുദ്ധങ്ങളുടെ ഭീകരതയും, സാമ്പത്തിക അസമത്വങ്ങളും, മനുഷ്യജീവിതത്തെയും ബന്ധങ്ങളെയും മുൾമുനയിൽ നിർത്തുമ്പോൾ, ഒരുപക്ഷെ ജീവിതത്തിൽ പ്രത്യാശ നഷ്ട്ടപെട്ടുപോകുന്നത് മാനുഷികമായ ബലഹീനതയാണ്. എന്നാൽ ഈ ബലഹീനതകൾക്കു മാത്രം നാം വശംവദരാകുകയാണെങ്കിൽ, ജീവിതത്തിൽ നാം പരാജയപ്പെട്ടേക്കാം, ഇത് ജീവൻ തന്നെ നഷ്ടപെടുത്തുന്നതിനും ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിൽ പ്രത്യാശയിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നാം മറന്നുപോകരുത്. "ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല, ഒരു രാവും പുലരാതിരുന്നിട്ടില്ല, ഒരു നോവും കുറയാതിരുന്നിട്ടില്ല", മലയാള ക്രിസ്ത്രീയ ഗാനശാഖയിലെ ഈ പ്രശസ്തമായ ഗാനത്തിൽ ജീവിതത്തിൽ യേശു പകരുന്ന പ്രത്യാശയുടെ സ്നേഹം നമുക്ക് അനുഭവിക്കുവാൻ സാധിക്കും. ഇപ്രകാരം ഒരിക്കൽക്കൂടി ജീവിതത്തിൽ പ്രത്യാശ പകരുന്ന വചന ഭാഗങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ് ഇന്ന് നാം ശ്രവിക്കുന്നത്.
രക്ഷാകര രഹസ്യങ്ങളെ ജപമാലയിൽ നാല് രഹസ്യങ്ങൾ ആയി തിരുസഭ വേർതിരിച്ചിട്ടുണ്ട്: സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ, പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ, ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ, മഹത്വത്തിന്റെ ദിവ്യരഹസ്യങ്ങൾ. ഈ ദിവ്യ രഹസ്യങ്ങൾക്ക് പുറമേ പ്രത്യാശയുടെ അഞ്ച് രഹസ്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യാശയോടെ ഈ ജൂബിലി വർഷത്തിൽ ഭൂമിയിലെ തീർത്ഥാടകരായ നമ്മൾ സഞ്ചരിക്കുമ്പോൾ നോമ്പിന്റെ ഈ സമയം പ്രത്യാശയുടെ രഹസ്യങ്ങൾ ഒന്ന് പരിശോധിച്ചു നോക്കാം. ഈശോയുടെ ഈ ലോക ജീവിതത്തിൽ മനുഷ്യജീവിതത്തെ കൈപിടിച്ച് ഉയർത്തുന്ന പ്രത്യാശയുടെ അഞ്ച് നിമിഷങ്ങളാണ് ഇവ.
പ്രത്യാശയുടെ അഞ്ചു നിമിഷങ്ങൾ ഇവയാണ്: ഈശോയുടെ മരുഭൂമിയിലെ പരീക്ഷ, ഈശോ കടലിനെ ശാന്തമാക്കുന്നു, ഈശോ ലാസറിനെ ഉയർപ്പിക്കുന്നു, ഈശോ പിശാചുക്കളെ പുറത്താക്കുന്നു, ഈശോ രോഗികളെ സുഖപ്പെടുത്തുന്നു.
പ്രത്യാശയുടെ ഒന്നാം ദിവ്യരഹസ്യം: യേശുവിന്റെ മരുഭൂമിയിലെ പരീക്ഷ
ജീവിതത്തിലെ പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും സമയത്ത് തളർന്നു പോകുന്ന ജീവിതങ്ങളാണ് നമ്മുടേത്. അങ്ങനെയുള്ള നിമിഷങ്ങളിൽ പ്രത്യാശയോടെ മരുഭൂമിയിൽ പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുവിനെ നോക്കാൻ ഈ രഹസ്യം നമ്മെ പ്രചോദിപ്പിക്കുന്നു. ജീവിതത്തിൽ പ്രധാനമായും മൂന്നു തരത്തിലുള്ള പ്രലോഭനങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഒന്നാമതായി അഹം എന്ന ഭാവം. പിശാച് നമ്മുടെ അഹത്തെ ചോദ്യം ചെയ്യും. ഈശോയുടെ അടുക്കൽ പിശാച് ആദ്യം പറയുന്നത് നീ ദൈവപുത്രൻ ആണെങ്കിൽ ഈ കല്ലുകളെ അപ്പമാക്കുക എന്നാണ്. ഈശോയുടെ ഉള്ളിലെ അഹത്തെ ചോദ്യം ചെയ്യുകയാണ് പിശാച്. നമ്മൾ എപ്പോഴും വീണുപോകാൻ സാധ്യതയുള്ളതും ഇവിടെയാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ നമ്മെ ഓർമിപ്പിക്കുന്നത് ഈശോ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. ശൂന്യൻ ആക്കുക എന്നാൽ അഹം വെടിയുക എന്നർത്ഥം. അഥവാ എന്നിലെ അഹത്തിൽ ദൈവം നിറയുക.
രണ്ടാമതായി നമ്മെ കാത്തിരിക്കുന്ന വലിയ പ്രലോഭനം അധികാരത്തിന്റെ പ്രലോഭനമാണ്. നീ ദൈവപുത്രൻ ആണെങ്കിൽ താഴേക്ക് ചാടുക എന്നാണ് പിശാച് യേശുവിനോട് പറയുന്നത്. എന്നുപറഞ്ഞാൽ നിനക്ക് അധികാരം ഉണ്ട് നിനക്ക് ശക്തിയുണ്ട് അതുകൊണ്ട് നീ താഴേക്ക് ചാടണം. നമ്മുടെ ജീവിതത്തിൽ ഈ അധികാരത്തിന്റെ പ്രലോഭനം എങ്ങനെയാണ് വരുന്നത് എന്ന് ചോദിച്ചാൽ നമ്മൾ പോലും അറിയാതെ നമ്മുടെ ബന്ധങ്ങളിൽ ഞാൻ മറ്റുള്ളവരെക്കാളും വലുതാണ് എന്ന ചിന്ത നിറയും. ശിശുക്കളെ പോലെയുള്ളവർക്കാണ് സ്വർഗ്ഗരാജ്യം എന്ന് കർത്താവ് പറയുമ്പോൾ ചെറുതാകാൻ കർത്താവ് നമ്മെ ക്ഷണിക്കുകയാണ്.
മൂന്നാമതായി പിശാച് നമുക്ക് നൽകുന്ന പ്രലോഭനം സമ്പത്തിന്റെ മേഖലയിലാണ്. നീ എന്നെ ഒന്ന് താണുവണങ്ങിയാൽ കാണുന്നതെല്ലാം നിനക്ക് തരാമെന്നാണ് ഈശോയോട് പിശാച് പറയുന്നത്. നമ്മുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും മർമ്മപ്രധാനമായ ഒരു പ്രലോഭനമാണിത്. ദൈവത്തിലുമുപരി സമ്പത്തിനുവേണ്ടി ഓടുക. ഇതാണ് പിശാച് നമ്മുടെ മുമ്പിൽ വയ്ക്കുന്ന മൂന്നാമത്തെ പ്രലോഭനം. മനോഹരമായിട്ടാണ് വചനം ഉപയോഗിച്ച് ഈശോ ഈ പ്രലോഭനങ്ങളെ മറികടക്കുന്നത്. നിന്റെ ജീവിതത്തിലെ പ്രത്യാശയ്ക്ക് എതിരായി നിൽക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇത് ഒന്ന് അഹം എന്ന ബോധം രണ്ട് ചെറുതാകാനുള്ള മടി മൂന്ന് സമ്പത്തിനോടുള്ള അഭിനിവേശം. ഇവ മൂന്നും പ്രത്യാശയ്ക്ക് എതിരാണ്. അഥവാ പ്രത്യാശക്കെതിരെയുള്ള പ്രലോഭനങ്ങളാണ്. പ്രലോഭനങ്ങളെ മറികടക്കാൻ വചനത്തെ ആയുധമാക്കണമെന്ന് മരുഭൂമിയിലെ പരീക്ഷയിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതെല്ലാം മറികടക്കാൻ കഴിയും എന്ന വലിയ പ്രത്യാശ ക്രിസ്തു എന്ന വലിയ മാതൃക നമുക്ക് നൽകുന്നു. വചനം എല്ലാ ദിവസവും വായിക്കുന്ന വ്യക്തികളെ, വചനം പഠിക്കുന്ന വ്യക്തികളെ, വചനത്തെ സ്നേഹിക്കുന്ന വ്യക്തികളെ ജയിക്കാൻ പിശാചിന് ഒരിക്കലും ആവില്ല. ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്നു പോകാതെ പ്രത്യാശയോടെ ജീവിക്കാൻ വചനത്തെ ആയുധമാക്കാൻ ഈ രഹസ്യം നമ്മോട് ആവശ്യപ്പെടുന്നു.
പ്രത്യാശയുടെ രണ്ടാം ദിവ്യരഹസ്യം: യേശു കടലിനെ ശാന്തമാക്കുന്നു
സർവ്വതും സൃഷ്ടിച്ച സർവ്വശക്തനായ കർത്താവിന് പ്രപഞ്ചത്തിനു മുകളിൽ ഉള്ള ശക്തി വെളിവാക്കുന്നതാണ് കടലിനെ ശാന്തമാക്കുന്നതിലൂടെ നാം മനസ്സിലാക്കുന്നത്. പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ ഈശോ പ്രപഞ്ചത്തിന്റെ ശക്തികളെ നിയന്ത്രിച്ചുകൊണ്ട് മനുഷ്യന് രക്ഷയാകുന്നു. വെള്ളപ്പൊക്കവും ഭൂകമ്പവും മണ്ണിടിച്ചിലും പ്രപഞ്ച ദുരന്തങ്ങളും മനുഷ്യനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലൗദാതോ സീയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ ഈ ഭൂമിയെ വീടായി കണക്കാക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. ഭൂദുരന്തങ്ങളും പ്രപഞ്ചത്തിന്റെ പ്രതിസന്ധികളും നമ്മുടെ ജീവിതത്തെ വേട്ടയാടുമ്പോൾ പ്രപഞ്ചത്തെ നിയന്ത്രിക്കാൻ കഴിവുള്ള സർവ്വശക്തനായ കർത്താവിലേക്ക് പ്രത്യാശയോടെ നോക്കാൻ കടലിനെ ശാന്തമാക്കിയ കർത്താവ് നമ്മോട് അരുളി ചെയ്യുന്നു.
യേശു നമ്മുടെ അവസാന സാധ്യതയല്ല മറിച്ച് ആദ്യം നാം ആശ്രയിക്കേണ്ടത് യേശുവിലാണ്.. ഈശോ ഒരുപാട് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ശിഷ്യന്മാർ കണ്ടതാണ്. ശിഷ്യന്മാരോടൊപ്പം ഈശോയും ആ വള്ളത്തിൽ ഉണ്ടായിരുന്നു. എന്നിട്ടും കടൽക്ഷോഭിച്ചപ്പോൾ ശിഷ്യന്മാർ പരിഭ്രാന്തരായി. ഈശോയെ അവർ വിളിച്ച് എഴുന്നേൽപ്പിക്കുമ്പോൾ ഈശോ ചോദിക്കുന്നത് അല്പവിശ്വാസികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത് എന്നാണ്. പ്രപഞ്ചത്തെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവനാണ് കൂടെയുള്ള ക്രിസ്തു എന്ന് ശിഷ്യന്മാർ മറന്നു പോയി. ഈശോ തന്റെ വാക്കുകൾ കൊണ്ട് കടലിനെ ശാന്തമാക്കി. ചുറ്റും പ്രപഞ്ചം പോലും നമുക്കെതിരെ ക്ഷോഭിച്ചു നിൽക്കുമ്പോൾ നീ സമീപിക്കേണ്ടതും പ്രത്യാശയോടെ നോക്കേണ്ടതും പ്രത്യാശയോടെ പ്രാർത്ഥിക്കേണ്ടതും യേശുവിനോടാണ്. കാരണം സകലത്തെയും നിയന്ത്രിക്കുന്നവൻ സർവ്വശക്തനായ ദൈവമാണ്.
പ്രത്യാശയുടെ മൂന്നാം ദിവ്യരഹസ്യം:യേശു ലാസറിനെ ഉയർപ്പിക്കുന്നു
ജീവനായ, ജീവ ദാതാവായ ദൈവത്തിന് ജീവന്റെ മേൽ അധികാരമുണ്ട് എന്ന് വെളിവാക്കുന്നതാണ് ലാസറിന്റെ ഉയിർപ്പ്. മരിച്ച് മൂന്നുദിവസം കഴിഞ്ഞതിനുശേഷമാണ് ലാസറിനെ യേശു ഉയർപ്പിക്കുന്നത്. മനുഷ്യബുദ്ധിയിൽ ലാസറിന്റെ ശരീരം അഴുകി തുടങ്ങുന്ന സമയത്ത് എത്രമാത്രം ചിന്തിച്ചാലും ഒരിക്കലും ലാസർ തിരികെ ജീവിതത്തിലേക്ക് വരില്ല എന്ന് ചിന്തിക്കുന്ന നിമിഷങ്ങളിൽ ലാസറിനെ ജീവിതത്തിലേക്ക് കർത്താവ് തിരിച്ചുകൊണ്ടുവരുന്നു. ലാസറിന്റെ സഹോദരിമാർ അവന്റെ മരണത്തിൽ ഒരുപാട് തകർന്നു പോയി. ഈശോയെ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു എന്നാണ് മർത്ത ഈശോയോട് പറയുന്നത്. ഈശോ അവളോട് ചോദിക്കുന്നുണ്ട് നീ വിശ്വസിക്കുന്നുണ്ടോ നിന്റെ സഹോദരൻ ജീവിക്കുമെന്ന്. ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന് പറയുന്നവൻ, വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കും എന്ന് പറയുന്നവൻ മരണത്തിന്റെ മേൽ അധികാരമുള്ള മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ നമ്മെ അറിയുന്ന സർവ്വശക്തനായ ദൈവമാണ്. ഈ സർവ്വശക്തനായ ദൈവത്തെ ജീവിതത്തിലെ ഓരോ നിമിഷവും പ്രത്യേകിച്ച് ജീവിതം തന്നെ ഇല്ലാതാകുന്നു എന്ന് തോന്നുന്ന നിമിഷങ്ങളിൽ പ്രത്യാശയോടെ നോക്കാൻ നമുക്കാകണം. പ്രത്യാശയോടെ ജീവിതത്തിന്റെ മരണസമയത്ത് കർത്താവിനെ നോക്കാൻ ഈ രഹസ്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. മരണം ശാരീരികം മാത്രമല്ല അത് ആത്മീയ മരണവുമാകാം. പാപത്തിൽ ജീവിക്കുമ്പോൾ ആത്മാവ് നാം പോലും അറിയാതെ നിർജീവമായി പോകുന്നു. അവിടെനിന്നും കർത്താവിലേക്ക് നടക്കാനുള്ള പ്രത്യാശ നമുക്ക് ലാസറിന്റെ ഉയർപ്പിലൂടെ ലഭിക്കുന്നു. നീ എത്രമാത്രം പാപത്തിൽ ആണെങ്കിലും നിന്റെ ആത്മാവ് എത്രമാത്രം നിർജീവമാണെങ്കിലും ഈശോയെ നോക്കിയാൽ അവൻ നിന്നെ കർത്താവിലേക്ക് ഉയിർപ്പിക്കും.
പ്രത്യാശയുടെ നാലാം ദിവ്യരഹസ്യം:യേശു പിശാചുക്കളെ ബഹിഷ്കരിക്കുന്നു
പ്രത്യാശയോടെ ജീവിതത്തിൽ ക്രിസ്തുവിനെ നോക്കേണ്ട മറ്റൊരു മേഖലയാണ് ജീവിതത്തിലെ പൈശാചിക ബന്ധനങ്ങൾ. നാം പോലും അറിയാതെ നമ്മുടെ ജീവിതത്തിൽ പാപം വഴി കടന്നുവരുന്ന പിശാചിന്റെ സ്വാധീനത്തിൽ നിന്നും രക്ഷപ്പെടാൻ പ്രത്യാശയോടെ യേശുവിൽ നമ്മൾ ആശ്രയിക്കണം. യേശുവിന്റെ പരസ്യ ജീവിതകാലത്ത് യേശുവിനെ സമീപിച്ച പിശാച് ബാധിച്ച വ്യക്തികളെ സുഖപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. യേശുവിന്റെ അടുക്കലേക്ക് വരിക എന്നുള്ളതാണ് പ്രധാനം. പാപത്തിന്റെ സ്വാധീനം അത് ശാരീരികം മാത്രമല്ല അത് മാനസികവും ആത്മീയവുമാണ് എന്ന വലിയ തിരിച്ചറിവാണ് പ്രത്യാശയോടെ യേശുവിനെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. പിശാചിന്റെ സ്വാധീനത്തിൽ നിന്ന് രക്ഷ പ്രാപിക്കാനുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുമ്പസാരമാണ്. ജീവിതത്തിൽ പാപക്കറ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ തന്നെ കുമ്പസാരക്കൂട്ടിലേക്ക് ഓടിപ്പോകാൻ നമുക്കാകണം. കാരണം ആത്മാവിന്റെ സ്നാനമാണ് വിശുദ്ധ കുമ്പസാരം. യോഗ്യതയോടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു വ്യക്തിയെ സ്പർശിക്കാൻ പിശാചിന് ഒരിക്കലുമാവില്ല. ജീവിതത്തിലെ പ്രത്യേക പാപസ്വാധീനങ്ങളിൽ നിന്നും, പിശാചിന്റെ പിടിയിൽ നിന്നും നമ്മെ സ്വതന്ത്രരാക്കാൻ യേശുവിന് മാത്രമേ കഴിയൂ.
പ്രത്യാശയുടെ അഞ്ചാം ദിവ്യരഹസ്യം:യേശു രോഗികളെ സുഖപ്പെടുത്തുന്നു
ശാരീരികമായ അസുഖങ്ങളാണ് പലപ്പോഴും മനുഷ്യ ജീവിതത്തെ സങ്കീർണ്ണം ആക്കുന്നത്. മനുഷ്യ ജീവിതത്തിലെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ശാരീരികമായ ചില അസ്വസ്ഥതകളാണ്. യേശുവിന്റെ പരസ്യ ജീവിതകാലത്ത് വിശ്വാസത്തോടെ യേശുവിനെ സ്പർശിച്ചവർ സുഖം പ്രാപിച്ചു. പ്രത്യാശയോടെ യേശുവിന്റെ പിന്നാലെ പോയവർ സൗഖ്യത്തിന്റെ മാധുര്യമനുഭവിച്ചു. പ്രത്യാശയോടെ കാത്തിരുന്നവരുടെ അടുക്കലേക്ക് യേശു കടന്നുചെന്നു. 38 വർഷമായി കുളക്കരയിൽ സൗഖ്യത്തിനായി കാത്തിരുന്നവന്റെ അടുക്കലേക്ക് ചെന്നതും 12 വർഷമായി രക്തസ്രാവം ബാധിച്ച സ്ത്രീ അവനെ സ്പർശിച്ചപ്പോൾ അവൾക്ക് സൗഖ്യം ലഭിച്ചതും ചില ഉദാഹരണങ്ങൾ മാത്രമാണ്. പ്രത്യാശയോടെ ശാരീരിക ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ ഈശോയെ നോക്കിയാൽ കർത്താവ് നിന്നെ സുഖപ്പെടുത്തും. സൗഖ്യം സംഭവിക്കണമെങ്കിൽ ദൈവവുമായും പ്രപഞ്ചവുമായും മറ്റുള്ളവരുമായും നല്ല ബന്ധം നമ്മൾ കാത്തുസൂക്ഷിക്കണം. ദൈവത്തെ സ്നേഹിക്കാത്തവർക്ക് സൗഖ്യം സംഭവിക്കില്ല. അതുപോലെതന്നെ മറ്റുള്ളവരെ സ്നേഹിക്കാത്തവർക്ക് ദൈവീകസൗഖ്യം അനുഭവിക്കാൻ ആവില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയുള്ള ഒരു മനസ്സിന് മാത്രമേ സൗഖ്യം അനുഭവിക്കാൻ കഴിയൂ എന്നുള്ളതാണ്. പ്രത്യാശയുടെ ഏറ്റവും മഹോന്നതലം അടങ്ങിയിരിക്കുന്നതും ഇവിടെയാണ്. ക്ഷമയുടെ ഹൃദയമുള്ളവനെ പ്രത്യാശയിൽ വളരാൻ കഴിയൂ. നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളോട് ക്ഷമിക്കുന്നില്ലെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോട് ക്ഷമിക്കില്ല എന്ന് യേശു നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട വചനമാണ് മറ്റുള്ളവർ നിങ്ങൾക്ക് എന്ത് ചെയ്തു തരാൻ നിങ്ങൾ ആഗ്രഹിക്കുന്നു അത് നിങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കണം. ഇതാണ് വചനത്തിലെ സുവർണ്ണ നിയമം. പ്രത്യാശയിൽ വളരാൻ പ്രത്യാശയിൽ സൗഖ്യം പ്രാപിക്കാൻ മറ്റുള്ളവരെ നമ്മെപ്പോലെ തന്നെ സ്നേഹിക്കാൻ നമുക്കാകണം.
പ്രത്യാശയുടെ ഈ അഞ്ചു രഹസ്യങ്ങൾ ജീവിതത്തിൽ നമ്മെ പ്രത്യാശയുടെ തീർത്ഥാടകരാകാൻ സഹായിക്കുന്നു. ഓർക്കുക ഭൂമിയിൽ ജീവിക്കണമെങ്കിൽ പൈശാചികമായ സ്വാധീനങ്ങളിൽ നിന്നും പ്രപഞ്ചത്തിന്റെ സങ്കീർണമായ അപകടങ്ങളിൽ നിന്നും പാപത്തിന്റെ മരണത്തിൽ നിന്നും നാം രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. അതിനായി പ്രത്യാശയുടെ അഞ്ചു രഹസ്യങ്ങൾ ധ്യാനപൂർവ്വം പ്രാർത്ഥിച്ച് നോമ്പിലൂടെ, ജൂബിലി വർഷത്തിൽ നമുക്ക് യാത്ര ചെയ്യാം.. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. പ്രത്യാശ ഭൂമിയിലെ തീർത്ഥടകരായ നമ്മെ സ്വർഗ്ഗത്തിലേയ്ക്ക് അടുപ്പിയ്ക്കുകയും ഈശോയെ നോക്കി ജീവിയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: