ജീവന്റെ യഥാർത്ഥ ഉറവയും സത്യപ്രകാശവുമായ ക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ, തന്നിൽനിന്ന് ആത്മാവാകുന്ന ജീവജലം സ്വീകരിക്കാനും, തന്നിൽ വിശ്വസിക്കുന്നതുവഴി ജീവജലത്തിന്റെ ആരുവികളായി മാറാനുമുള്ള വിളിയും, താനാകുന്ന യഥാർത്ഥ പ്രകാശത്തെ അനുഗമിക്കാനും, എപ്പോഴും പ്രകാശത്തിൽ നടക്കാനുമുള്ള ആഹ്വാനവും നൽകുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു സുവിശേഷഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഈ രണ്ടു വിളികളും സ്വീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയും യോഗ്യതയും, പുത്രനായ ക്രിസ്തുവിനെ അയച്ച പിതാവായ ദൈവത്തെക്കുറിച്ചുള്ള അറിവാണ് എന്ന് സുവിശേഷം നമ്മോട് പറയുന്നു. ക്രിസ്തുവിനെക്കുറിച്ച് ദൈവശാസ്ത്രപരമായി ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ യോഹന്നാന്റെ പ്രത്യേക ശൈലിയും മറ്റു മൂന്നു സുവിശേഷകന്മാരും രേഖപ്പെടുത്താത്ത ഈ സുവിശേഷഭാഗത്ത് നമുക്ക് കാണാം.
യഥാർത്ഥ ജീവജലമായ ക്രിസ്തു
യഹൂദരുടെ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലാണ്, ദാഹിക്കുന്നവർ തന്റെ അടുക്കൽ വന്ന് കുടിക്കാൻ, വിശുദ്ധലിഖിതത്തെ, അതായത് പഴയനിയമത്തെ പരാമർശിച്ചുകൊണ്ട് യേശു ക്ഷണിക്കുന്നത്. ഈ സുവിശേഷഭാഗം മനസ്സിലാക്കാൻ കൂടാരത്തിരുനാൾ എന്തായിരുന്നുവെന്നും, അത് യഹൂദർ എങ്ങനെയാണ് ആചരിച്ചുപോന്നിരുന്നതെന്നും നാം അറിയേണ്ടതുണ്ട്. എട്ടു ദിവസങ്ങൾ നീണ്ടുനിന്നിരുന്ന കൂടാരത്തിരുനാൾ, ഇസ്രായേൽജനം മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാലത്ത് അവരുടെ ദാഹം ശമിപ്പിക്കാനായി ദൈവം അത്ഭുതകരമായി ജലം നൽകിയതിനെ അനുസ്മരിപ്പിക്കുന്ന ഒരു തിരുനാളാണ്. തങ്ങളുടെ പിതാക്കന്മാരുടെ ജീവൻ നിലനിറുത്താനായി ദൈവം അവർക്ക് ദാഹജലം നൽകിയതിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, ആദ്യ ഏഴു ദിവസങ്ങളിൽ ഗീഹോൻ അരുവിയിൽനിന്ന് സീലൊഹാക്കുളത്തിലേക്ക് ഒഴുകിയെത്തുന്ന ജലം എടുത്തുകൊണ്ടുവന്ന് ജനങ്ങളുടെമേൽ തളിക്കുകയും അൾത്താരയിൽ ഒഴിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. എട്ടാം ദിവസം പക്ഷെ തങ്ങളുടെ പൂർവ്വപിതാക്കന്മാർ ജലത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ്. അതുകൊണ്ടുതന്നെ അന്ന് ബാക്കി ഏഴു ദിവസങ്ങളിൽ ചെയ്തിരുന്നതുപോലെ വെള്ളം ഒഴിക്കാറില്ല. അങ്ങനെ ജലത്തിനായുള്ള ഈയൊരു പ്രാർത്ഥനയുടെ ദിവസമാണ് യേശു യഹൂദരോട് വിളിച്ചുപറയുന്നത്. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. ഏശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിന്റെ വിവിധ അദ്ധ്യായങ്ങളിൽ (44, 3; 55, 1; 58, 11), വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കുമെന്ന വാഗ്ദാനം നൽകുന്ന, തന്റെ ജലാശയത്തിലേക്ക് വരാനും സൗജന്യമായി വീഞ്ഞും പാലും വാങ്ങാൻ ആഹ്വാനം ചെയ്യുന്ന ദൈവത്തെക്കുറിച്ച് എഴുതിവയ്ക്കുന്നുണ്ട്. പഴയനിയമത്തിൽ ദൈവം വാഗ്ദാനം ചെയ്യുന്ന ഈ ജലത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തന്റെ അരികിലേക്ക് വരാനും, ദാഹം ശമിപ്പിക്കാനും, തങ്ങളുടെ ഹൃദയത്തെ ഒരു അരുവിയെന്നപോലെ ജീവന്റെ ജലത്താൽ നിറയ്ക്കാനും ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിന്റെ വാക്കുകളെക്കുറിച്ച് വിശുദ്ധ യോഹന്നാൻ എഴുതുന്നു, തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് അവൻ ഇത് പറഞ്ഞത് (യോഹ. 7, 38-39). ക്രിസ്തുവിന്റെ മരണ, ഉത്ഥാനങ്ങൾക്ക് ശേഷം അവനോട് ചേർന്നുനിൽക്കുന്നവരിലേക്ക് ആത്മാവ് വർഷിക്കപ്പെടുന്നതിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. വിശ്വാസത്തോടെ യേശുവിനോട് ചേർന്ന് നിന്ന്, അവിടുത്തെ പരിശുദ്ധാത്മാവിനെ സ്വന്തമാക്കി, വിശ്വാസത്തിന്റെ സാക്ഷ്യം ലോകത്തിന് നൽകാനുള്ള ഒരു വിളികൂടിയാണ് ഇവിടെ നമുക്ക് മുന്നിലുള്ളത്.
യഥാർത്ഥ വെളിച്ചമായ യേശു
കൂടാരത്തിരുനാളിനോടനുബന്ധിച്ച്, ജെറുസലേം ദേവാലയത്തിലേക്കുള്ള വഴിയും, ദേവാലയവുമൊക്കെ വലിയ നാല് പന്തങ്ങളുടെ പ്രകാശത്തിൽ കുളിച്ചാണ് നിൽക്കുക. പുറപ്പാട് സംഭവത്തിന്റെ സമയത്ത് ജനത്തിന് വഴികാട്ടിയായി ഉണ്ടായിരുന്ന പ്രകാശത്തെയാണ് ഈ പന്തങ്ങൾ സൂചിപ്പിച്ചിരുന്നത്. ഇങ്ങനെ ഏറെ പ്രകാശിതമായ ഒരിടത്തുനിന്നുകൊണ്ടാണ് യേശു വിളിച്ചുപറയുക: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹ. 8, 12). എന്നാൽ, യേശുവിനെ തിരിച്ചറിയാനും, അവന്റെ പ്രകാശം അംഗീകരിക്കാനും, ആ വഴിയേ നടക്കാനും ഇനിയും സാധിക്കാത്ത ചില മനുഷ്യരെ പ്രതിനിധാനം ചെയ്‌തുകൊണ്ട് ഫരിസേയർ അവന്റെ സാക്ഷ്യത്തെ സംശയിക്കുന്നുണ്ട്. രണ്ടുപേരുടെ സാക്ഷ്യമെങ്കിലും ഉണ്ടെങ്കിലേ സാക്ഷ്യം സത്യമാകൂ എന്ന നിയമത്തിന്റെ പിൻബലത്തിനാലാണ് അവർ ഇത്തരമൊരു സംശയം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ യേശു പറയുന്നു, എന്നെക്കുറിച്ച് ഞാൻ തന്നെ സാക്ഷ്യം നൽകുന്നു, എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നു (യോഹ. 8, 18). എന്നാൽ യേശുവിനോട്, നിന്റെ പിതാവ് എവിടെയാണെന്ന് ചോദിക്കുന്ന ആ മനുഷ്യരോട് യേശു പറയുന്നുണ്ട്, നിങ്ങൾ എന്നെയാകട്ടെ, എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല (യോഹ. 8, 19)
വിശുദ്ധ യോഹന്നാന്റെ തന്നെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ ഇതിന് സമാനമായ ഒരു ചിന്ത കടന്നുവരുന്നുണ്ട്. സ്നാപകയോഹന്നാനെക്കുറിച്ച് യേശു സാക്ഷ്യം നൽകുന്നിടത്താണ് നാമിത് കാണുന്നത് (യോഹ. 5, 31-39). കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്ന യോഹന്നാന്റെ പ്രകാശത്തിൽ ആഹ്ളാദിച്ച ആ മനുഷ്യരോട്, യോഹന്നാനെക്കാൾ വലിയ സാക്ഷ്യം തനിക്ക് പിതാവിൽനിന്ന് ലഭിച്ചതിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന യേശു, പിതാവായ ദൈവത്തിന്റെ സാക്ഷ്യം തിരിച്ചറിയാൻ സാധിക്കാത്ത, അങ്ങനെ തന്റെ അടുത്തേക്ക് വരാൻ മനസ്സുതോന്നാത്ത യഹൂദജനത്തിന്റെ അജ്ഞതയെക്കുറിച്ച് അവിടെയും പ്രതിപാദിക്കുന്നുണ്ട്.
സുവിശേഷം നമ്മുടെ ജീവിതത്തിൽ
യേശു തന്റെ ജീവിതത്തിലൂടെ നൽകുന്ന സാക്ഷ്യം അവന്റെ ദൈവികമായ സാന്നിധ്യം, ജീവനേകുന്ന അവന്റെ പ്രവർത്തികൾ, ആത്മാവിന്റെ ദാഹമാറ്റുന്ന ജീവജലമായ പരിശുദ്ധാത്മാവിനെ നൽകുന്നത്, യേശുക്രിസ്തുവിലുള്ള വിശ്വാസം അനേകരെ ജീവന്റെ പ്രകാശത്തിലേക്ക് നയിക്കുന്നത് ഇവയൊന്നും തിരിച്ചറിയാൻ സാധിക്കാത്ത, കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന അനേകരുടെ ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്. സാക്ഷ്യങ്ങളും അടയാളങ്ങളും തേടുന്ന യഹൂദമനഃസ്ഥിതിയോട് ചേർന്നുപോകുന്നതാണ് നമ്മിൽ പലരുടെയും ചിന്താരീതികളും ജീവിതശൈലിയുമൊക്കെ എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഫരിസേയരോടെന്നപോലെ നമ്മോടും അവിടുന്ന് പറയുന്നുണ്ട്, നിങ്ങൾ എന്നെയോ എന്നെ അയച്ച എന്റെ പിതാവിനെയോ അറിയുന്നില്ല, ദൈവഹിതത്തിനൊത്ത പ്രവൃത്തികൾ ചെയ്യുന്നില്ല.
ക്രൈസ്തവരെന്ന പേരിൽ, കത്തോലിക്കാരെന്ന പേരിൽ ജീവിക്കുന്ന നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ വിശ്വാസത്തിന്റെ മാതൃകയായി മാറുന്നുണ്ടോ എന്ന ഒരു വിചിന്തനത്തിനുകൂടിയുള്ള സമയമാണിതെന്ന് നമുക്ക് തിരിച്ചറിയാം. ക്രിസ്തുവേകുന്ന പരിശുദ്ധാത്മാവാകുന്ന ജലം നമ്മിൽ നിറയുന്നുണ്ടോ? നമ്മിൽ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും ഫലങ്ങളും മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കുന്നവിധം ജീവിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? യേശുവാകുന്ന ജീവജലത്തിന്റെ ഉറവയിലേക്ക്, അവനാകുന്ന സത്യപ്രകാശത്തിലേക്ക് മറ്റുള്ളവരെ നയിക്കാൻ നമ്മുടെ വാക്കുകൾക്കും പ്രവർത്തികൾക്കുമാകുന്നുണ്ടോ? റോമക്കാർക്കുള്ള ലേഖനം പന്ത്രണ്ടാം അധ്യായത്തിൽ വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ഈ ലോകത്തിന്റെ ചിന്തകൾക്കും ന്യായങ്ങൾക്കും അനുരൂപരാകാതെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായതും എന്തെന്നും വിവേചിച്ചറിയാനും, ക്രിസ്തുവെന്ന ദൈവപുത്രനിലുള്ള പൂർണ്ണമായ ശരണത്തോടെ ജീവിക്കാനും, അവന്റെ പ്രകാശം ലോകത്തിൽ പരത്തുന്ന, അവന്റെ ആത്മാവാകുന്ന ജീവജലം അനേകർക്ക് പകരുന്ന ജീവിതങ്ങളായി മാറാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: