സമകാലീനലോകവും കുടുംബബന്ധങ്ങളിലെ ചില പ്രതിസന്ധികളും പരിഹാരങ്ങളും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ക്രൈസ്തവവിശ്വാസമനുസരിച്ച് വിവാഹമെന്ന കൂദാശ ആശീർവ്വദിക്കപ്പെടുമ്പോൾ സാധാരണയായി വായിക്കപ്പെടുന്നത് കാനായിലെ വിവാഹവിരുന്നിനെ സംബന്ധിച്ചും (യോഹന്നാൻ 2, 1-11), വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് യേശു മറുപടി പറയുന്നതിനെക്കുറിച്ചുമുള്ള സുവിശേഷഭാഗങ്ങളും (മത്തായി 19, 3-6; മർക്കോസ് 10, 2-9), ഭാര്യാഭർതൃബന്ധത്തിലുണ്ടായിരിക്കേണ്ട മൂല്യങ്ങളെയും ദമ്പതികളുടെ കടമകളെയും കുറിച്ചുള്ള വിശുദ്ധ പൗലോസിന്റെയും പത്രോസിന്റെയും ഉദ്ബോധനങ്ങളുമാണ് (എഫേസൂസ് 5, 22-33; 1 പത്രോസ് 3, 1-7). ആദിയിൽ സ്രഷ്ടാവ്, ഏകശരീരമായിരിക്കാനായും, സൃഷ്ടികർമ്മം തുടരുവാനായും സ്ത്രീപുരുഷന്മാരെ ഒരുമിപ്പിച്ചവെന്നതാണ് വിശ്വാസപരമായ കാഴ്ചപ്പാട് (ഉത്പത്തി 127; 2, 24; മത്തായി 10, 4-6, മർക്കോസ് 10, 6-8). എത്ര വലിയ കുറ്റമുണ്ടായാൽപ്പോലും വേർപെടുത്താനാകാത്തത്ര ഒരു ബന്ധമായാണ്, വിശുദ്ധഗ്രന്ഥ ഉദ്ബോധനങ്ങളുടെ അടിസ്ഥാനത്തിൽ, കത്തോലിക്കാസഭ വിവാഹത്തെ കാണുന്നത് (മത്തായി 5, 31; 19, 9; മർക്കോസ് 10, 11; 1 കോറി. 7, 10).
കുടുംബങ്ങൾ ഇന്ന്
പത്രമാധ്യമങ്ങളിലൂടെ വരുന്ന ചില വാർത്തകൾ, കുടുംബജീവിതമൂല്യങ്ങൾ ജീവിക്കാൻ ഇന്നത്തെ ആളുകൾക്ക് സാധിക്കുന്നുണ്ടോ എന്ന ഒരു ചോദ്യത്തിലേക്ക് നയിക്കുന്നുണ്ട്. മാതൃകാപരമായ കുടുംബങ്ങൾ ഉണ്ടായിരുന്ന മലയാളക്കരയിൽ ഇന്ന് പല കുടുംബങ്ങളും പത്രമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്, വഴക്കുകളുടെയും അടിപിടിയുടെയും എന്തിന്, കൊലപാതകങ്ങളുടെയും ആത്മഹത്യയുടെയും വരെ പേരിലാണ്. 2025-ന്റെ ആദ്യ രണ്ടര മാസങ്ങളിൽ മാത്രം കേരളത്തിൽ ഏതാണ്ട് നൂറ്റിയൻപതോളം കൊലപാതകങ്ങൾ നടന്നു എന്നൊരു വാർത്ത കേൾക്കുവാനിടയായി. ഇന്ന് വ്യക്തികൾ ജീവിക്കുന്ന മൂല്യങ്ങളും സാഹചര്യങ്ങളും, ക്ഷമിക്കാനും ശരിയായ സ്നേഹബന്ധങ്ങൾ വളർത്താനും അവയിൽ നിലനിൽക്കാനുമുള്ള കഴിവും ഒക്കെ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമാണെന്ന് കാണാം. കുടുംബങ്ങളിലും സ്‌കൂളുകളിലും മത, സാമൂഹിക, കലാ, സാംസ്കാരികയിടങ്ങളിലും പങ്കുവയ്ക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ചിന്തകളുടെയും ഒക്കെ നന്മതിന്മകളിലേക്കും ഗുണമേന്മയിലേക്കുമൊക്കെ ഇത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
വിവിധതരം കുടുംബങ്ങൾ
ഇന്നത്തെ സമൂഹത്തിൽ പല കുടുംബങ്ങളും തെറ്റായ രീതിയിലും ശൈലിയിലും, ജീവിതവിശുദ്ധിയും ആത്മാർത്ഥസ്നേഹവും ഇല്ലാതെയും, അമിതമായ കുറ്റപ്പെടുത്തലുകളും വഴക്കുകളുമായി, പരസ്പരബഹുമാനവും ഐക്യവും നഷ്ടപ്പെട്ട്, വല്ലാത്തൊരു ലാഘവത്വത്തോടെയാണ് തങ്ങളുടെ ജീവിതം കൊണ്ടുപോകുന്നതെന്ന് നമുക്ക് കാണാം. എന്നാൽ നല്ല മൂല്യങ്ങൾ ജീവിച്ച് മുന്നോട്ടുപോകുന്ന വലിയൊരു വിഭാഗം കുടുംബങ്ങൾ ഉണ്ടെന്നതും സത്യമാണ്. നമ്മുടെ സമൂഹത്തിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ചില പ്രത്യേകതകളെക്കുറിച്ച് നമുക്ക് ചെറുതായൊന്ന് വിചിന്തനം ചെയ്യാം.
പുരുഷമേധാവിത്വം
ചുരുക്കം ചില ഇടങ്ങളിലൊഴിച്ച് നമ്മുടെ സമൂഹത്തിലുള്ളത് പുരുഷകേന്ദ്രീകൃതമായ കുടുംബങ്ങളാണ്. കായികബലം അതിജീവനത്തിനും ജോലികൾക്കും ഒക്കെ പ്രധാനപ്പെട്ടതായിരുന്ന ഒരു വ്യവസ്ഥിതിയിൽ ഇത്തരമൊരു ശൈലി സാമൂഹികമായി അംഗീകരിക്കപ്പെട്ടുപോന്നു എന്നതാണ് സത്യം. എന്നാൽ പലപ്പോഴും ഇത് സ്ത്രീകളോടുള്ള അവഗണനയ്ക്കും, അന്യായമായ പുരുഷമേൽക്കോയ്മയ്ക്കും, ശാരീരിക, മാനസിക ആക്രമണങ്ങൾക്കും, അമിതമായ സാമ്പത്തിക ആശ്രിതത്വത്തിനും, ഒക്കെ കാരണമാകാറുണ്ട്. ഈ ആധുനികകാലത്തുപോലും, മദ്യത്തിനും മയക്കുമരുന്നിനും തെറ്റായ പ്രവണതകൾക്കും അടിപ്പെട്ട്, പങ്കാളികളുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്ന, അവളെ അടിമയും ഉപഭോഗവസ്തുവും വരുമാനമാർഗ്ഗവുമായി കാണുന്ന, അവളുടെ പ്രിയപ്പെട്ടവരിൽനിന്നുപോലും അവളെ അകറ്റിനിറുത്തുന്ന, മരണത്തിലേക്ക് പോലും തള്ളിവിടുന്ന പുരുഷന്മാരുണ്ട് എന്നത് മാനവികതയ്ക്കുതന്നെ ലജ്ജാവഹമാണ്. താരതമ്യേന ആരോഗ്യവും മനഃശക്തിയും കുറവുള്ള സ്ത്രീകളെ അക്ഷരാർത്ഥത്തിൽ പീഡിപ്പിക്കുകയും, അതിൽ സന്തോഷം കണ്ടെത്തുകയും, അതിലാണ് തന്റെ പുരുഷത്വമെന്ന് കരുതുകയും ചെയ്യുന്ന ചില ഭർത്താക്കന്മാരുണ്ട്. പല കുടുംബങ്ങളിലും, മാതാപിതാക്കളും സഹോദരങ്ങളും പോലും ഇതിൽ പുരുഷന് പിന്തുണ നൽകുകയും ചെയ്യാറുണ്ട്.
ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭർത്താവ് ഭാര്യയുടെ ശിരസ്സാണ് എന്നും, സഭ ക്രിസ്തുവിന് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കന്മാർക്ക് വിധേയരായിരിക്കണം (എഫേസോസ് 5, 23-24; 1 പത്രോസ് 3, 1) എന്നുമുള്ള വിശുദ്ധ പൗലോസിന്റെയും വിശുദ്ധ പത്രോസിന്റെയും ചിന്തകൾ വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടെന്നത് സത്യം തന്നെ. എന്നാൽ, ക്രിസ്തു സഭയെയെന്നതുപോലെ, ഭാര്യയെ സ്നേഹിക്കാനും സംരക്ഷിക്കാനും അവൾക്കായി സ്വയം സമർപ്പിക്കാനും (എഫേസൂസ് 5, 25-33), വിവേകത്തോടെ ഭാര്യമാരോടൊത്ത് ജീവിക്കാനും, അവൾ ബലഹീനപാത്രമാണെങ്കിലും അവളോട് ബഹുമാനം കാണിക്കാനും (1 പത്രോസ് 3, 7) ഇതേ പൗലോസും പത്രോസും ആഹ്വാനം ചെയ്യുന്നത് പലപ്പോഴും ഭർത്താക്കന്മാർ മറക്കാറുണ്ട്.
സ്ത്രീമേധാവിത്വം
തെറ്റായ പുരുഷമേധാവിത്വം പോലെ, തെറ്റായ സ്ത്രീമേധാവിത്വവും കുടുംബത്തിന്റെ മൂല്യങ്ങളെയും ഭംഗിയേയും തകർക്കുന്നതാണ്. ആധുനികസമൂഹത്തിൽ ലഭിക്കുന്ന കൂടിയ പരിഗണനകളും അനുകൂലനിയമങ്ങളും ദുരുപയോഗം ചെയ്ത് പുരുഷന്മാരുടെ ജീവിതം തകർക്കുന്ന ചില സ്ത്രീകളെക്കുറിച്ച് നാം വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും, സ്വന്തം ഭർത്താവിനോട് വഴക്കിടുകയും, ശാരീരികമായിപ്പോലും ആക്രമിക്കുകയും, കൊലപാതകങ്ങൾ വരെ നടത്തുകയും ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് നാം കേൾക്കാറുണ്ട്. ഭർത്താവിന്റേതിനേക്കാൾ മെച്ചപ്പെട്ട ജോലിയുടെയോ കുടുംബമഹിമയുടെയോ സമ്പത്തിന്റെയോ ഒക്കെ പേരിൽ, താനാണ് എല്ലാം നിയന്ത്രിക്കേണ്ടതെന്നും, ഭർത്താവ് താൻ പറയുന്നതനുസരിച്ച് ജീവിക്കണമെന്നും ശഠിക്കുന്ന സ്ത്രീകളുണ്ട്. ഭർത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബമായി കാണാൻമാത്രം വിശാലഹൃദയമില്ലാത്ത സ്ത്രീകളുമുണ്ട്. പുരുഷനുപകരം സ്ത്രീ സാമ്പത്തികസ്രോതസ്സാകുകയും, പാരമ്പര്യമായി സ്ത്രീകൾ ചെയ്തുകൊണ്ടിരുന്ന ഗാർഹിക ജോലികൾ ഏറ്റെടുക്കാൻ പുരുഷൻ നിർബന്ധിതനാവുകയും ചെയ്യുന്നത് ചിലയിടങ്ങളിലെങ്കിലും തെറ്റായ സ്ത്രീമേധാവിത്വത്തിലേക്കും പുരുഷ അടിമത്തത്തിലേക്കും നയിക്കാറുണ്ട്. മദ്യ, മയക്കുമരുന്ന് ഉപയോഗത്തിലും കച്ചവടത്തിലും, ലൈംഗികചൂഷണത്തിലുമൊക്കെ പുരുഷന്മാരെപ്പോലെ ചില സ്ത്രീകളും ഏർപ്പെടുന്നത് നമുക്കറിയാം. സഭ ക്രിസ്തുവിനോടെന്നപോലെ, ഭർത്താവിന് വിധേയരായിരിക്കാനും, അവനെ ബഹുമാനിക്കാനും സ്നേഹിക്കാനും, തങ്ങളുടെ ആദരപൂർവ്വകവും നിഷ്കളങ്കവുമായ പെരുമാറ്റം കൊണ്ട് അവനെ വിശ്വാസത്തിലേക്ക് നയിക്കാനും, സാറാ അബ്രാഹത്തെയെന്നപോലെ ഭർത്താവിനെ അനുസരിക്കാനും ആഹ്വാനം ചെയ്യുന്ന വിശുദ്ധ പൗലോസിന്റെയും പത്രോസിന്റെയും (എഫേസൂസ് 5, 24-33; 1 പത്രോസ് 3, 1-7) നിർദ്ദേശങ്ങൾ വിവാഹിതരായ എല്ലാ സ്ത്രീകൾക്കുള്ള ഒരു ഉദ്ബോധനമാണ്.
നാഥനില്ലാക്കളരികൾ
ഇന്നത്തെ സമൂഹത്തിൽ തങ്ങളുടെ പങ്കാളിയുടെ കുറവുകളെ ഒരവസരമായിക്കരുതി സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്ന ചില പങ്കാളികളുണ്ട്. ഭർത്താവിന്റെ തെറ്റായ ജീവിതവും സൗഹൃദങ്ങളും, മദ്യ, മയക്കുമരുന്നുപയോഗങ്ങളും ഒക്കെ കുടുംബത്തിന്റെ അടിത്തറ തകർക്കുമ്പോൾ, അത്തരം സാഹചര്യങ്ങൾക്ക് ശരിയായ പരിഹാരം കണ്ടെത്താനും, കുടുംബത്തിൽ ആ തിന്മകൾ മൂലമുണ്ടാകുന്ന കുറവുകൾ നികത്താനും പരിശ്രമിക്കുന്നതിന് പകരം, ഭർത്താവിനെപ്പോലെതന്നെ ജീവിക്കാൻ തീരുമാനമെടുക്കുകയും, മറ്റിടങ്ങളിൽ സ്നേഹവും സംരക്ഷണവും തേടുകയും ചെയ്യുന്ന ഭാര്യമാരുണ്ട്. അതുപോലെ, ഭാര്യയുടെ കുറവുകൾക്കും, ദുഃശ്ശീലങ്ങൾക്കും ശരിയായ പരിഹാരം തേടാനും, അവളെ നല്ലവഴിയിലേക്ക് തിരികെ നയിക്കാൻ അംഗീകൃതമായ മാർഗ്ഗങ്ങൾ തേടുന്നതിന് പകരം, നിരുത്തരവാദിത്വപരമായി തന്നിഷ്ടപ്രകാരം ജീവിക്കുന്ന, മദ്യത്തിലും മറ്റിടങ്ങളിലും ആശ്വാസം തേടുന്ന ഭർത്താക്കന്മാരും ഇന്ന് സമൂഹത്തിലുണ്ട്. മറ്റൊരു കൂട്ടരാകട്ടെ, കുടുംബത്തിന്റെയോ, തന്റെ പങ്കാളിയുടെയോ മക്കളുടെയോ കാര്യത്തിൽ അല്പം പോലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാതെയും ജീവിതത്തെ അതിന്റെതായ ഗൗരവത്തിൽ എടുക്കാതെയും ജീവിക്കുന്നവരാണ്. കുടുംബത്തെ ഭൂമിയിലെ സ്വർഗ്ഗമാക്കി മാറ്റാനും, തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും, ജീവിതമാതൃകയും ലക്ഷ്യബോധവും നൽകി ശരിയായ രീതിയിൽ വളർത്താതെ, ദൈവം തങ്ങളിൽ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ നേർക്കുള്ള അവഗണനയും, ധാർമ്മിക, മത, സാമൂഹിക മൂല്യങ്ങളോടുള്ള വെല്ലുവിളിയും, ജീവനോടുള്ള അനാദരവുമാണ് ഇത്തരം ഭാര്യാഭർത്താക്കന്മാർ ജീവിക്കുന്നത്. അധികമായ സമ്പത്തിനും സ്ഥാനമാനങ്ങൾക്കും സ്വാർത്ഥനേട്ടങ്ങൾക്കും വേണ്ടിയുള്ള നെട്ടോട്ടവും, കുടുംബത്തിനായി സമയം കണ്ടെത്താനുള്ള മടിയും, കുടുംബങ്ങളിൽ മറ്റുള്ളവരുടെ അനാവശ്യവും തെറ്റായതുമായ ഇടപെടലുകളും, കുടുംബബന്ധങ്ങൾ ശരിയായ രീതിയിൽ ജീവിക്കുന്നതിൽ തടസ്സമായേക്കാം.
മക്കളും കുടുംബങ്ങളും സമൂഹവും
ഭാര്യാഭർതൃബന്ധം ശരിയായ രീതിയിൽ കൊണ്ടുപോകാനാകാത്ത വിധത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുമ്പോൾ തകരുന്നതും ഇല്ലാതാകുന്നതും രണ്ടു ജീവിതങ്ങൾ മാത്രമല്ല, അവരുടെ കുട്ടികളുടെ ജീവിതവും ഭാവിയും കൂടിയാണ്. മാതാപിതാക്കൾ സ്നേഹത്തിലും സഹകരണത്തിലും ജീവിക്കാത്ത കുടുംബങ്ങളിലെ മക്കൾ പലപ്പോഴും വികലമായ ജീവിതബോധ്യങ്ങളോടെയാകാം വളരുന്നത്. സ്ത്രീയെ ബഹുമാനിക്കാതെയും സ്നേഹിക്കാതെയും ജീവിക്കുന്നതും, ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും ഒരു സാധാരണ കാര്യം മാത്രമാണെന്ന ചിന്തയും അതനുസരിച്ചുള്ള പ്രവർത്തനങ്ങളും കുട്ടികളിൽ രൂപപ്പെട്ടേക്കാം. പെൺകുട്ടികളാകട്ടെ, വിവാഹത്തെയും പുരുഷനെയും ഭയത്തോടെയും വെറുപ്പോടെയും കാണുന്ന മനോഭാവത്തിലേക്ക് വളർന്നേക്കാം. ഭർത്താവിനോട് ബഹുമാനവും സ്നേഹവും വച്ചുപുലർത്താത്ത സ്ത്രീകളുള്ള കുടുംബങ്ങളിൽ, തങ്ങളെത്തന്നെ വിലയില്ലാത്തവരായിക്കാണുകയും ആണായിരിക്കുക എന്നതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ആൺകുട്ടികളുണ്ടായേക്കാം.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അതിരുകവിഞ്ഞ ഭിന്നതകൾ അവരെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും സമാധാനം കൂടിയാണ് ഇല്ലാതാക്കുന്നത്. തങ്ങൾ സ്നേഹിച്ച് വളർത്തിയ മകളെയോ സഹോദരിയെയോ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടയാൾ, അവളെ വെറുമൊരു വസ്തുവിനെപ്പോലെയോ അടിമയെപ്പോലെയോ കൈകാര്യം ചെയ്യുന്നത് കണ്ടുനിൽക്കാനോ, തങ്ങളുടെ മകനെയോ സഹോദരനെയോ അവന്റെ ഭാര്യ, ബഹുമാനിക്കാതെയും സ്നേഹിക്കാതെയും, തന്നിഷ്ടപ്രകാരം ജീവിക്കുന്നത് കണ്ടുനിൽക്കാനോ ആർക്കാണ് സാധിക്കുക?
ഭർത്താവിൽനിന്ന് ലഭിച്ച പീഡനവും, ഭാര്യയിൽനിന്ന് ലഭിച്ച അവഗണനയും സ്വന്തം മക്കളുടെയും കുടുംബാംഗങ്ങളുടെയും, ചിലപ്പോഴൊക്കെ സ്വന്തം ജീവിതത്തിന്റെ മേലും തീർക്കുന്ന, തങ്ങൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ മറ്റുള്ളവരുടെ നേർക്ക് മോശമായ സംസാരവും പ്രവർത്തികളുമായി പ്രകടിപ്പിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഇന്നത്തെ സമൂഹത്തിൽ ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
കുടുംബപ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും
വിവാഹിതർക്കിടയിലെ വലിയ പ്രശ്‌നങ്ങൾ, അവരുടെ ദൈവവിശ്വാസത്തെയും, കുടുംബങ്ങളിലും സമൂഹത്തിലും അവർക്ക് ലഭിച്ച ശിക്ഷണത്തെയും വിദ്യാഭ്യാസത്തെയും, അവരുടെ സാമൂഹികബോധത്തെയും ചോദ്യം ചെയ്യുന്നവയും, സാമൂഹികവും കുടുംബപരവുമായ പ്രതിസന്ധികളിലേക്ക് നയിക്കുന്നവയുമാണ്. ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും ശരിയായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനും, അതിലുപരി നമ്മുടെ യുവതലമുറകൾക്ക് ശരിയായ പരിശീലനവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും നൽകുന്നതിനും നാമേവർക്കും, പ്രത്യേകിച്ച് മാതാപിതാക്കൾക്ക്, ഉത്തരവാദിത്വമുണ്ടെന്ന് മറക്കാതിരിക്കാം.
ക്രൈസ്തവമായ മതചിന്തകൾ ഏവർക്കും സ്വീകാര്യമായേക്കില്ല എന്നിരിക്കിലും, എല്ലാ മതങ്ങളും ആരോഗ്യപരമായ സമൂഹങ്ങളും ഭാര്യാഭർത്തൃബന്ധങ്ങളെയും കുടുംബത്തെയും പാവനവും പവിത്രവും അവിഭാജ്യവുമായാണ് കരുതുന്നതെന്നത് നമുക്ക് അവഗണിക്കാനാകില്ല. പരസ്പരം താങ്ങും തണലും, ധർമ്മകർമ്മങ്ങളിൽ സഹകാരിയും, സഹചാരിയും വഴികാട്ടിയുമായിരിക്കാനും സുഖദുഃഖങ്ങൾ പങ്കിട്ട് ജീവിക്കാനും, നല്ലൊരു കുടുംബം രൂപപ്പെടുത്താനുമാണ് ഭാര്യാഭർത്താക്കന്മാർ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് ഏറെ ഉയർന്ന്, ദൈവികപദ്ധതിയുടെ ഭാഗമായി ഒന്നായി, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം വിശുദ്ധിയിലും വിശ്വസ്തതയിലും ജീവിക്കാനും ഉത്തരവാദിത്വത്തോടെ മക്കൾക്ക് ജന്മം നൽകി സൃഷ്ടികർമ്മം തുടരാനുമാണ് ക്രൈസ്തവമതം ദമ്പതികളോട് ആവശ്യപ്പെടുന്നത്. ഫ്രാൻസിസ് പാപ്പാ പറയാറുള്ളതുപോലെ, ഒരുപാട് ജീവിതാനുഭവങ്ങളുള്ള നമ്മുടെ മാതാപിതാക്കളെയും മുത്തശീമുത്തശ്ശന്മാരെയുമൊക്കെ ചേർത്തുപിടിക്കുന്നതും, അവരിൽനിന്ന് നല്ല പാഠങ്ങൾ അഭ്യസിക്കുന്നതും ജീവിതത്തെ മെച്ചപ്പെട്ടതാക്കാൻ സഹായിക്കും. ഇത്തരം നല്ല ചിന്തകൾ സമൂഹത്തിൽ നിലനിൽക്കെ, അവ പ്രായോഗികമാകണമെങ്കിൽ, തങ്ങളുടെ മക്കളെ ശരിയായ മാനവിക, സാമൂഹിക മൂല്യ,ബോധ്യങ്ങളോടെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളർത്താനും, നല്ല കുടുംബങ്ങൾ രൂപീകരിക്കുന്നതിൽ സഹായിക്കാനും, ജീവിതം കൊണ്ട് മാതൃക നൽകാനും മാതാപിതാക്കൾക്കാകണം. തങ്ങളുടെ ജീവിതപങ്കാളികളെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അവർക്കായി ത്യാഗങ്ങൾ സഹിക്കുന്നതും വിട്ടുവീഴ്ചാമനോഭാവത്തോടെ ജീവിക്കുന്നതും ഒരു കുറവല്ലെന്ന് മനസ്സിലാക്കാനും, തങ്ങളുടെയും തങ്ങളുടെ കുട്ടികളുടെയും നന്മ മുന്നിൽക്കണ്ട്, തങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം ധൈര്യപൂർവ്വം സമയോചിതമായി തേടാനും ദമ്പതികൾക്കാകണം. ഭാര്യാഭർതൃ, കുടുംബ പ്രശ്നങ്ങൾ, ശരിയായ മാനദണ്ഡങ്ങളോടെയും മൂല്യബോധത്തോടെയും കൈകാര്യം ചെയ്യാനും, കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും അവ ഫലപ്രദമായി നടപ്പിലാക്കാനും ശരിയായ പരിശീലനം സിദ്ധിച്ച മത, സാമൂഹ്യ, സാംസ്‌കാരിക നേതൃനിരയിലുള്ളവർക്കും, കോടതികൾക്കും കൃത്യനിർവ്വഹണച്ചുമതലയുള്ള അധികാരികൾക്കും സാധിക്കണം. "വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന" വാചകം മറക്കാതിരിക്കാം.
നമ്മുടെ കുടുംബങ്ങളും ദൈവം നൽകിയിരിക്കുന്ന വിളിയും കടമകളും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞ്, ദൈവത്തിന് പ്രഥമസ്ഥാനം കൊടുത്ത്, പ്രാർത്ഥനയിൽ അടിസ്ഥാനമിട്ട്, വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും വിവേകത്തിന്റെയും ഐക്യത്തിന്‍റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും കരുത്തിൽ ഒരുമിച്ച് മാതൃകാപരമായ കുടുംബങ്ങളായി, ഭൂമിയിലെ സ്വർഗ്ഗമായിത്തീരട്ടെ. ഈശോയും മാതാവും യൗസേപ്പിതാവും ഉൾക്കൊള്ളുന്ന തിരുക്കുടുംബത്തിന്റെ മഹനീയമാതൃകയിൽ ദൈവഹിതം ജീവിക്കാനും അനുഗ്രഹീതമായ ജീവിതം നയിക്കാനും ദൈവം എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: