അവസാനിക്കപ്പെടേണ്ട ചൂഷണങ്ങൾ അവസാനിക്കപ്പെടേണ്ട ചൂഷണങ്ങൾ  (©soupstock - stock.adobe.com)

ഫ്രാൻസ്: സഭയിൽ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായവർക്ക് സഹായമേകി സഭാനേതൃത്വം

ഫ്രാൻസിലെ സഭയിൽ നാളിതുവരെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായ 1200-ലധികം പേർക്ക് സഹായമേകി സഭാനേതൃത്വം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പ്രവർത്തനത്തിന്റെ ഭാഗമായാണ്, "തിരിച്ചറിയലിനും പരിഹാരത്തിനുമായുള്ള ദേശീയ സ്വതന്ത്രസ്ഥാപനം" എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനം, പ്രായപൂർത്തിയാകാത്ത കാലത്ത്, കത്തോലിക്കാസഭയിൽ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായവർക്ക് സാമ്പത്തികപരിഹാരം, അവരെ ശാരീരികവും മാനസികവുമായ സൗഖ്യത്തിലേക്ക് നയിക്കാൻ വേണ്ട മറ്റ് പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

ഷാൻ-ബെന്വാ ഹരേൽ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിലെ സഭാനേതൃത്വത്തിന്റെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായ 1200-ലധികം ആളുകൾക്ക് വ്യത്യസ്തമായ പരിഹാരങ്ങൾ നൽകാൻ തങ്ങൾക്ക് സാധിച്ചുവെന്ന് "തിരിച്ചറിയലിനും പരിഹാരത്തിനുമായുള്ള ദേശീയ സ്വതന്ത്രസ്ഥാപനം" എന്ന പേരിൽ കത്തോലിക്കാസഭ ഏർപ്പെടുത്തിയ പ്രസ്ഥാനം അറിയിച്ചു. മാർച്ച് 25 ചൊവ്വാഴ്ച ഒരുക്കിയ പ്രെസ് കോൺഫെറെൻസിൽ, പ്രസ്ഥാനം ആരംഭിച്ച 2021 മുതൽ ഇതിന്റെ പ്രസിഡന്റായിരുന്ന മരീ ദെറേനാണ്, വൈദികരും സന്ന്യസ്തരും ഉൾപ്പെടെയുള്ളവരുടെ ചൂഷണങ്ങൾക്ക് വിധേയരായവർക്കായി, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങളും പഠനങ്ങളും വഴി തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് പ്രസ്താവന നടത്തിയത്.

പ്രായപൂർത്തിയാകാത്ത പ്രായത്തിൽ ഫ്രാൻസിലെ കത്തോലിക്കാസഭയിൽ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായവർക്ക് സാമ്പത്തികപരിഹാരം മാത്രമല്ല, അവരുടെ മാനസികസൗഖ്യം കൂടി ഉറപ്പുവരുത്താനും, മുറിവുകൾ സുഖപ്പെടുത്താനും വേണ്ടി സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെയും മറ്റ് ശ്രമങ്ങളുടെയും ഉത്തരമായാണ് ഇത്തരമൊരു ഫലപ്രാപ്തിയിലേക്കെത്തിയത്. മാർച്ച് 24 വരെയുള്ള കാലയളവിൽ 1580 വ്യക്തികൾ തങ്ങളെ സമീപിച്ചുവെന്നും, ഇവരിൽ 1235 പേരെ തങ്ങൾ അനുധാവനം ചെയ്തുവെന്നും, ഇതിൽ 66 ശതമാനവും പുരുഷന്മാരായിരുന്നുവെന്നും, ഇവരിൽ ഭൂരിഭാഗവും 61 വയസ്സോളം ഉള്ളവരായിരുന്നുവെന്നും പ്രെസ് കോൺഫെറെൻസിൽ സംഘടന വ്യക്തമാക്കി.

"തിരിച്ചറിയലിനും പരിഹാരത്തിനുമായുള്ള ദേശീയ സ്വതന്ത്രസ്ഥാപനം" അതിന്റെ സ്ഥാപനഘട്ടത്തിൽ മൂന്ന് വർഷത്തേക്കായാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും, പുതിയ തീരുമാനമനുസരിച്ച് ഇത് 2026 ജൂൺ വരെ തുടരുമെന്നും, എന്നാൽ രൂപതകളിൽ ഉൾപ്പെടെ കൂടുതൽ ശക്തമായ പ്രവർത്തനം ആവശ്യമാണെന്നും, 2026 ജൂണിൽ പുതിയൊരു പഠനം പ്രസിദ്ധീകരിക്കപ്പെടുമെന്നും മരീ ദെറേൻ അറിയിച്ചു.

മാർച്ച് 24 മുതൽ 28 വരെ തീയതികളിൽ നടന്നുവരുന്ന പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ സമ്മേളനത്തിലേക്ക് കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തിൽ പ്രായപൂർത്തിയാകാത്തവരുടെ നേർക്കുള്ള ലൈംഗികദുരുപയോഗങ്ങളടക്കമുള്ള തിന്മകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ എഴുതിയിരുന്നു. ഇരകളായവരുടെ ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകൾ സൗഖ്യപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതിന്റെ കാര്യം പാപ്പാ പ്രത്യേകം പരാമർശിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മാർച്ച് 2025, 14:10