സിറിയയിൽ സാധാരണജനം കടുത്ത മാനവികപ്രതിസന്ധിയിൽ: യൂറോപ്യൻ മെത്രാൻസമിതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി സിറിയയിലെ സാധാരണക്കാരായ ആളുകൾ, പ്രത്യേകിച്ച് അവിടെയുള്ള ക്രൈസ്തവസമൂഹങ്ങൾ കടന്നുപോകുന്ന കടുത്ത മാനവികപ്രതിസന്ധിയിൽ ആശങ്കയറിയിച്ചും, രാജ്യത്തെ ജനങ്ങൾക്ക് നല്ലൊരു ഭാവിക്കായി തന്റെ പ്രാർത്ഥനകൾ ആശംസിച്ചും യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ പ്രെസിഡന്റ് ബിഷപ് മരിയാനോ ക്രൊച്ചാത്ത. സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയായി, ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്‌താവനയിൽ, രാജ്യത്ത് ഏവർക്കും മെച്ചപ്പെട്ട ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിച്ച അഭിവന്ദ്യ ക്രൊച്ചാത്ത ഏവർക്കും തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു.
സിറിയയിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവസമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ, ചരിത്രപരമായ തങ്ങളുടെ തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ് ക്രൊച്ചാത്ത തന്റെ പ്രസ്താവനയിൽ എഴുതി. സിറിയയിലെ ക്രൈസ്തവസാന്നിദ്ധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണിയുയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യൂറോപ്യൻ യൂണിയനും, അന്താരാഷ്ട്രസമൂഹവും, സിറിയയിലെ ക്രൈസ്തവസമൂഹങ്ങളുൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, അവിടുത്തെ ജനത്തിന്റെ, പ്രത്യേകിച്ച് ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയും, വയോധികരുടെയും, അംഗപരിമിതികൾ ഉള്ളവരുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും, അഭിവൃദ്ധയും ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനാ പ്രെസിഡന്റ് ആവശ്യപ്പെട്ടു. ഇത് നിലവിലുള്ള മാനവികപ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം ലഭ്യമാക്കി മാത്രമല്ല, സമാധാനസ്ഥാപനത്തിനും, പുനരുദ്ധാരണത്തിനുമായുള്ള നീണ്ടുനിൽക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുവേണമെന്ന് അദ്ദേഹം വിശദീകരിച്ചു.
സിറിയയ്‌ക്കെതിരെ നിലനിൽക്കുന്ന പ്രതിരോധം സാവധാനത്തിൽ നീക്കം ചെയ്യാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ബിഷപ് ക്രൊച്ചാത്ത, രാജ്യത്തെ പൊതുജനത്തിന്, ഭക്ഷണവും, വീടും, ആരോഗ്യപരിപാലനവും ഉൾപ്പെടെയുള്ള പ്രാഥമികാവശ്യങ്ങൾ ഉറപ്പാക്കുന്നതിനായി, വിശ്വസനീയരായ സംഘടനകൾക്ക് വേണ്ട സാമ്പത്തികസഹായം നൽകുന്നതിനായി ശ്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു.
മതന്യൂനപക്ഷസമൂഹാംഗങ്ങൾക്ക് രാജ്യത്തെ പൗരന്മാരെന്ന നിലയിൽ തുല്യത ഉറപ്പുവരുത്താനും, ഏവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ യൂറോപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ബിഷപ് ക്രൊച്ചാത്ത ആവശ്യപ്പെട്ടു. രാജ്യത്ത് സംവാദങ്ങളും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുകയും, വൈരാഗ്യമനോഭാവം ഒഴിവാക്കാനുള്ള ശ്രമങ്ങളും, ശരിയായ നീതി നടപ്പാക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിലെ മെത്രാന്മാർ എന്ന നിലയിൽ, ഏവരോടും, പ്രത്യേകിച്ച് സിറിയയിലെ ക്രൈസ്തവസമൂഹങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യവും അഭിവന്ദ്യ ക്രൊച്ചാത്ത തന്റെ പ്രസ്താവനയിലൂടെ ഉറപ്പുനൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: