കോംഗോയിലെ സായുധസംഘർഷം: ഒരു ദേവാലയത്തിൽ 70 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിമതസംഘങ്ങളും സൈന്യവും തമ്മിലുള്ള സായുധസംഘർഷങ്ങൾ തുടരുന്ന കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻഭാഗത്തുള്ള മൈബയിലെ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ 70 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ചർച്ച് ഇൻ നീഡ് (സഹിക്കുന്ന സഭകൾക്കുള്ള സഹായം) സംഘടന, പ്രാദേശികറിപ്പോർട്ടുകളെ അധികരിച്ച് അറിയിച്ചു. ഉഗാണ്ടയിൽനിന്നുള്ള ഒരു ഇസ്ലാമികസംഘടനയിലെ ആളുകൾ കോംഗോയിലെ മൈബ ഗ്രാമത്തിലെത്തി നൂറോളം പേരെ തട്ടിക്കൊണ്ടുപോയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സഖ്യജനാധിപത്യശക്തികൾ (Allied Democratic Forces) എന്ന പേരിലുള്ള ഈ സംഘടനയാകണം ഫെബ്രുവരി 12-നും 15-നും ഇടയിൽ ഭീകരമായ രീതിയിൽ കൊല്ലപ്പെട്ട ഈ എഴുപത് പേരുടെയും മരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
കിവു പ്രദേശത്ത് റുവാണ്ടൻ ചായ്‌വുള്ള M23 വിമതസംഘടനയിലെ പ്രവർത്തകർ അതിക്രമങ്ങൾ തുടരുന്നതിനിടെയാണ് ഇസ്ലാമികസംഘടനകൾ കോംഗോയുടെ കിഴക്കൻ ഭാഗത്തുള്ള ലുബെറോ പ്രദേശത്തെ ഗ്രാമങ്ങളിൽ ആക്രമണങ്ങളും കൊള്ളയും നടത്തുന്നത്. കൊള്ളമുതൽ ചുമന്നു കൊണ്ടുപോകാനും, കൊള്ളക്കാർക്കായി സേവനമനുഷ്ഠിക്കാനുമാണ് പലരെയും ഇത്തരം സംഘടനകൾ തട്ടിക്കൊണ്ടുപോകുന്നതെന്നും, എതിർക്കുകയോ, ജോലി ചെയ്യാൻ കഴിയാതെ വരികയോ ചെയ്യുന്നവരെ ഇത്തരം സംഘടനകൾ കൊന്നുകളയുകയാണ് പതിവെന്ന് പ്രാദേശികവൃത്തങ്ങൾ വ്യക്തമാക്കിയതായി ചർച്ച് ഇൻ നീഡ് വിശദീകരിച്ചു.
ഇതിനോടകം കോംഗോയിലെ ഗോമ, ബുക്കാവ് തുടങ്ങി നിരവധി പ്രധാന നഗരങ്ങൾ M23 വിമതസംഘടന പിടിച്ചെടുത്തിരുന്നു. കോംഗോയിലെ സൈന്യത്തിന്റെ ദുർബലമായ ചെറുത്തുനിൽപ്പിനിടയിലും M23 വിമതസംഘടന രാജ്യത്തിന്റെ വടക്കും തെക്കും പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
സഖ്യജനാധിപത്യശക്തികൾ എന്ന പേരിലുള്ള ഇസ്ലാമികസംഘടനയുടെ പ്രവർത്തനങ്ങൾ ഉയർത്തുന്ന ഭീതിക്ക് പുറമെ, ഗോമ, ബുക്കാവ് നഗരങ്ങൾ പിടിച്ചടക്കിയതുപോലെ M23 വടക്കൻ കിവുവിലെ രണ്ടാമത്തെ വലിയ നഗരമായ ബത്തേമ്പോ പിടിച്ചടക്കിയേക്കുമെന്ന ഭയത്തിലാണ് രാജ്യത്തെ ജനങ്ങളെന്ന് ചർച്ച് ഇൻ നീഡ് അറിയിച്ചു.
ഇതുസംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ഒസ്സെർവത്തോറെ റൊമാനോ പത്രവും പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: