മനുഷ്യ ഹൃദയത്തിന്റെ ജ്ഞാനം നിർമ്മിത ബുദ്ധിയെ അതിശയിപ്പിക്കണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അഭൂതപൂർവമായ പുരോഗതിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കാണ് നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഭൂതകാലത്തിൽ തന്നെ ഇതിനെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഇതൊന്നും സാധ്യമാവുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജീവിതത്തിന്റെ ഭാഗമാകുവാൻ ഈ അത്യാധുനിക സാങ്കേതിക വിദ്യ കളമൊരുക്കുമ്പോൾ, അവയെ ഒഴിവാക്കിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുവാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഇവയെ എങ്ങനെ ജീവിതത്തിൽ ഉൾക്കൊള്ളണമെന്നും, അവയുടെ നേട്ടങ്ങളെ എപ്രകാരം ഉപയോഗപ്പെടുത്തണമെന്നും പഠിക്കുന്നതാണ് ഉത്തമമെന്നു പറയുമ്പോൾ, അവയിൽ ഒരു പടികൂടി കടന്നുകൊണ്ട്, ആത്മീയതയുടെയും പാഠങ്ങളെ പഠിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിലൂടെ.
അൻപത്തിയേഴാമത് ആഗോള സമാധാന ദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ഊന്നൽ നൽകിയത്, സാങ്കേതിക-ശാസ്ത്ര പുരോഗതി മനുഷ്യന്റെ കൈകളിൽ വിശാലമായ സാധ്യതകൾ നൽകുമ്പോൾ, അവയിൽ ഏറ്റവും നൂതനമായ, നിർമ്മിതബുദ്ധിയുടെ ഉപയോഗം സമാധാനനിർമ്മാണത്തിനു ഉപകരിക്കപ്പെടട്ടെ എന്നാണ്. സമീപ ദശകങ്ങളിലെ വിവരസാങ്കേതികവിദ്യയുടെ പുരോഗതിയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വികസനവും ആഗോള സമൂഹത്തിൽ ആഴത്തിലുള്ള പരിവർത്തനങ്ങൾ സൃഷ്ടിക്കുമ്പോൾ, ഇത്തരം നേട്ടങ്ങളുടെ നന്മയിലേക്കുള്ള സാധ്യതകൾ കൂടുതൽ സമൂഹത്തിൽ ഉപയോഗിക്കപ്പെടണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അസമത്വങ്ങളും സംഘർഷങ്ങളും വർദ്ധിപ്പിക്കുന്ന സാങ്കേതിക വികാസങ്ങളെ ഒരിക്കലും യഥാർത്ഥ പുരോഗതിയായി കണക്കാക്കാനാവില്ല എന്ന് അസന്നിഗ്ധമായി പറയുന്ന പാപ്പാ, യാഥാർത്ഥവികസനം മാനവീകതയുടെ കൂട്ടായ്മയാണെന്നും ചൂണ്ടിക്കാണിക്കുന്നു. ആഗോള സമാധാന ദിനത്തിൽ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, അവയുടെ തുടർച്ചയെന്നോണമാണ്, 2024 ലെ ആഗോള സമൂഹമാധ്യമദിനത്തിൽ ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി നിർമ്മിതബുദ്ധി ഇന്നത്തെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും, അവയെ എപ്രകാരം വ്യക്തിജീവിതത്തിൽ ഉൾക്കൊള്ളണമെന്നും പഠിപ്പിക്കുന്നത്.
സന്ദേശത്തിനു പാപ്പാ നൽകിയ ശീർഷകം ഏറെ അർത്ഥവത്താണ്. പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിനായി നിർമ്മിത ബുദ്ധിയും, ഹൃദയത്തിന്റെ ജ്ഞാനവും. മാനുഷികവും എന്നാൽ പരിപൂർണ്ണവുമായ ആശയവിനിമയത്തിന്, മനുഷ്യഹൃദയത്തിനു ദൈവം നൽകിയിരിക്കുന്ന ജ്ഞാനവും, അതുവഴിയായി മനുഷ്യൻ രൂപപ്പെടുത്തുന്ന നിർമ്മിത സാങ്കേതിക ബുദ്ധിയും ഏറെ ആവശ്യമാണെന്നു പാപ്പാ പ്രഥമമായി പറഞ്ഞുവയ്ക്കുന്നു. അത്ഭുതകരമായ കണ്ടുപിടുത്തങ്ങളുടെ ത്വരിതഗതിയിലുള്ള വ്യാപനം ജീവിതത്തിന്റെ ഒഴുക്കിനെ മനസിലാക്കുവാൻ പോലും സാധിക്കാത്ത രീതിയിൽ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നാണ് പാപ്പാ പ്രത്യേകം തന്റെ സന്ദേശത്തിൽ പറയുന്നത്. അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നൂതനമായ ഇത്തരം കണ്ടുപിടുത്തങ്ങളുടെ കടന്നുവരവ്. ഏറി വരുന്ന ആവശ്യങ്ങൾക്ക് മുൻപിൽ മാനുഷിക ശ്രോതസുകളുടെ അഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട്, മനുഷ്യന്റെ ബുദ്ധിക്കു പകരമായി കൃത്രിമമായ ബൗദ്ധികതയെ മുൻപോട്ടുവയ്ക്കുമ്പോൾ, പാപ്പാ അടിസ്ഥാനപരമായി പറയുന്നത്, എല്ലാം ഹൃദയത്തിൽ നിന്നും തുടങ്ങണം എന്നുള്ളതാണ്.
എല്ലാം ഹൃദയത്തിൽ നിന്നും
സാങ്കേതികവിദ്യകളുടെയും, ശാസ്ത്രത്തിന്റെയും പുരോഗതി ലോകത്തിന്റെ ബന്ധങ്ങളിലടിസ്ഥാനമാക്കിയ മനോഹാരിത കുറക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഹൃദയംഗമമായ ഒരു ആശയവിനിമയ മാർഗം ഉൾക്കൊള്ളണമെന്നു പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ലോകത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ പ്രശനങ്ങളുടെ പരിഹാരമാർഗം മനുഷ്യഹൃദയത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടതെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തിന്റെ ജ്ഞാനം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും, പൂർണ്ണമായ മനുഷ്യ ആശയവിനിമയത്തിലേക്കുള്ള പാത വീണ്ടും കണ്ടെത്താനും സാധിക്കുകയുള്ളൂവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നു.
ആശയവിനിമയത്തിനും, അതുവഴിയായി നടക്കുന്ന സമൂഹ സൃഷ്ടിക്കും, മനുഷ്യഹൃദയം വഹിക്കുന്ന പങ്കിനെ, വിശുദ്ധ ഗ്രന്ഥം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വിശദീകരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളുടെയും ഇരിപ്പിടമായി വിശുദ്ധ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നത് മനുഷ്യഹൃദയത്തെയാണ്. അത് സമഗ്രതയുടെയും ഐക്യത്തിന്റെയും പ്രതീകമായും, സ്നേഹങ്ങളെയും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഉണർത്തുന്ന കേന്ദ്രമായും, ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ സ്ഥലവുമെന്ന നിലയിൽ മനുഷ്യന്റെ സമഗ്രത കൈവരിക്കുവാൻ അവനെ പ്രാപ്തനാക്കുന്നത്, അവന്റെ ഹൃദയമാണ്. അതിനാൽ ഹൃദയോന്മുഖമായ ഒരു ആശയവിനിമയത്തിനാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. ദൈവത്തിന്റെ കണ്ണുകളാൽ കാര്യങ്ങൾ കാണാനും, ബന്ധങ്ങൾ, സാഹചര്യങ്ങൾ, സംഭവങ്ങൾ എന്നിവ മനസ്സിലാക്കാനും അവയുടെ അർത്ഥം കണ്ടെത്താനും നമ്മെ സഹായിക്കുന്ന ഹൃദയം പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും പാപ്പാ പ്രത്യേകം നമ്മെ അനുസ്മരിപ്പിക്കുന്നു. ഹൃദയത്തിന്റെ ഈ ജ്ഞാനം ശാസ്ത്രസാങ്കേതികകളുടെ അപകടങ്ങളെ തിരിച്ചറിയുന്നതിനും, അപകടങ്ങൾ ഒഴിവാക്കി ജീവിതത്തിനു ഉപകാരപ്രദമായ രീതിയിൽ രൂപാന്തരപ്പെടുത്തുന്നതിനും സഹായിക്കുമെന്നും പാപ്പാ പറയുന്നു.
യന്ത്രങ്ങൾ മനുഷ്യർക്ക് പകരമല്ല
യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ മനുഷ്യ അധ്വാനത്തെ വളരെയധികം കുറച്ചിട്ടുണ്ടെന്നത് പരമാർത്ഥം. എന്നാൽ, ആ യന്ത്രങ്ങൾ മനുഷ്യനു പകരമായി നിലകൊള്ളുന്നത് ഏറെ അപകടകരമാണെന്നു പാപ്പാ എടുത്തു കാണിക്കുന്നു. യന്ത്രങ്ങൾക്ക് തങ്ങളേക്കാൾ ശക്തിയുണ്ടെന്ന് കരുതുന്നത് തന്നെ തെറ്റാണെന്നും, മറിച്ച് മനുഷ്യന്റെ അസ്തിത്വത്തിന്റെ മഹത്വം യന്ത്രങ്ങൾക്ക് ഏറ്റെടുക്കുവാൻ സാധിക്കുകയില്ലെന്നും സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദൈവമില്ലാതെ, ദൈവത്തെപ്പോലെയാകാനുള്ള പ്രലോഭനമായിട്ടാണ്, സാങ്കേതിക ജീവിതത്തെ പാപ്പാ എടുത്തു കാണിക്കുന്നത്. ആശയവിനിമയത്തിനും കൂട്ടായ്മയ്ക്കുമുള്ള ഇടമായി സൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതം, ഒരു പക്ഷെ യന്ത്രങ്ങളുടെ നിർമ്മിത ബുദ്ധിക്കു മാത്രം വശംവദരാകുകയാണെങ്കിൽ അവ "വൈജ്ഞാനിക മലിനീകരണത്തിന്റെ" തുടക്കം കുറിക്കുന്നുവെന്നു പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നു. വ്യാജ വാർത്തകൾ, സമൂഹമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, പൊതുജനാഭിപ്രായത്തിന്റെ ധ്രുവീകരണം എന്നിങ്ങനെയുള്ള സാമൂഹ്യ പ്രശ്നങ്ങളും ഈ യന്ത്രോന്മുഖമായ നിയന്ത്രണത്തിന്റെ പരിണിതഫലങ്ങളാണ്.
ആധികാരികമായ മനുഷ്യത്വം ആശയവിനിമയത്തിന്റെ അടിസ്ഥാനം
സങ്കീർണ്ണമായ, ബഹു-വംശീയ, ബഹുമത, ബഹുസ്വര സമൂഹത്തിന്റെ ദൗത്യം നിറവേറ്റുന്നതിന് ആശയവിനിമയത്തിന്റെയും അറിവിന്റെയും ഈ പുതിയ ഉപകരണങ്ങളുടെ സൈദ്ധാന്തിക വികാസത്തെയും പ്രായോഗിക ഉപയോഗത്തെയും കുറിച്ചുള്ള ചർച്ചകൾ നടത്തിക്കൊണ്ട്, ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള മനുഷ്യ ഹൃദയത്തിന്റെയും, ആശയങ്ങളുടെയും, ബുദ്ധിയുടെയും ഉപയോഗത്തെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലും പാപ്പാ തന്റെ സന്ദേശത്തിൽ നൽകുന്നു. മനുഷ്യനിൽ നിന്നും മാറിയുള്ള സാങ്കേതികത, ചരിത്രത്തെ തന്നെ ശിഥിലമാക്കുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. നിർമ്മിതബുദ്ധി മനുഷ്യജീവിതത്തെ അതിശയിപ്പിക്കുമെങ്കിലും, അവ അജ്ഞാതമായ ഒരു ചിന്താലോകത്തിലേക്ക് നമ്മെ നയിക്കുവാനുള്ള സാധ്യത പാപ്പാ ചൂണ്ടിക്കാണിക്കുന്നു. നിർമ്മിത ബുദ്ധിയുടെ ശരിയായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും, എന്നാൽ അവ സൃഷ്ടിക്കുന്ന തിന്മകളെ ഉന്മൂലനം ചെയ്യുകയും ചെയ്യുമ്പോഴാണ്, ആധികാരികമായ മനുഷ്യത്വം ആശയവിനിമയത്തിന്റെ അടിസ്ഥാനമായി പരിണമിക്കുന്നത്.
തീരുമാനം നമ്മുടേതാണ്
ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ ഒരു വലിയ പ്രത്യേകത, അത് ആരെയും ഒരു കാര്യത്തിനും നിർബന്ധിക്കുന്നതല്ല എന്നുള്ളതാണ്. മറിച്ച് പിതൃവാത്സല്യത്തോടെ ഉദ്ബോധിപ്പിക്കുന്നതാണ്. നിർമ്മിതബുദ്ധിയുടെ വിവിധങ്ങളായ നന്മകളും, തിന്മകളും ചൂണ്ടിക്കാണിച്ചശേഷം, പാപ്പാ പറയുന്നത്, ഇവയുടെ ശരിയായ തിരഞ്ഞെടുപ്പ് മനുഷ്യവിവേചനത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. സ്വന്തം ഹൃദയത്തെ സ്വാതന്ത്ര്യത്താൽ പോഷിപ്പിച്ചുകൊണ്ട്, ജ്ഞാനത്താൽ വസ്തുതകളെ ജീവിതത്തിൽ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു പറയുന്നു. ഇവിടെയാണ്, സന്ദേശത്തിന്റെ ശീർഷകം നൽകുന്ന അർത്ഥം നമുക്ക് മനസിലാകുന്നത്. കൃത്രിമബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും കൂടിച്ചേരുമ്പോഴാണ് യഥാർത്ഥത്തിൽ പരിപൂർണ്ണമായ ഒരു മാനുഷിക ആശയവിനിമയം സാധ്യമാവുകയുള്ളു. ഭൂതകാലത്തെക്കുറിച്ച് ഓർമ്മയുള്ളവരും ഭാവിയെക്കുറിച്ച് ദർശനമുള്ളവരുമായി മാറിക്കൊണ്ട്, തലമുറകൾ തമ്മിൽ ഐക്യത്തിൽ കാര്യങ്ങളെ വിവേചിച്ചറിയുവാനും, ജാഗരൂകരായിരിക്കുവാനും പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: