ഹൃദ്യമായ സംഭാഷണം ജീവിതത്തിന്റെ ആർദ്രതയാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ നിരവധി തവണ ഉപയോഗിക്കുന്ന പദപ്രയോഗമാണ്, "ഹൃദയപൂർവം, ഹൃദയംഗമം, ഹൃദയത്തിൽ തൊട്ടത്, ഹൃദ്യം, ഹാർദ്ദമായ", എന്നൊക്കെയുള്ളത്. നിരവധി പ്രഭാഷണങ്ങളിൽ ഇത്തരം പടങ്ങൾ ഉപയോഗിക്കുക സർവ്വസാധാരണം. ആരെയെങ്കിലും സ്വാഗതം ചെയ്യുന്ന അവസരത്തിലോ, അല്ലെങ്കിൽ കൃതജ്ഞത അർപ്പിക്കുന്ന അവസരത്തിലോ, ഈ വാക്കുകൾ കൂടുതലായി പ്രയോഗിക്കാറുണ്ട്. പക്ഷെ ഇതിന്റെ ആന്തരികാർത്ഥവും, ആഴവും മനസിലാക്കിക്കൊണ്ടാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ഒരുപക്ഷെ, ഒരുനിമിഷത്തേക്ക് ആത്മപരിശോധന നടത്തേണ്ടതായി വരും.
പലപ്പോഴും ഈ വാക്കുകൾ ഉപരിപ്ലവമായി മാത്രം ജീവിതത്തിൽ അവശേഷിക്കുന്നതായി നമുക്ക് അറിയാം. ഈ ഒരു സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പാ 2023 ലെ ആഗോള സമൂഹ മാധ്യമ ദിനത്തിൽ തന്റെ സന്ദേശത്തിൽ ഹൃദയാധിഷ്ഠിതമായ ഒരു ആശയവിനിമയത്തിന് ആഹ്വാനം നൽകുന്നത്. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾച്ചേർക്കുന്ന ഒരു സംഭാഷണകൂട്ടായ്മയ്ക്ക് ബുദ്ധിയേക്കാൾ പ്രധാനം ഹൃദയമാണെന്നും, സത്യത്തിലും, സ്നേഹത്തിലും അടിസ്ഥാനം ഉറപ്പിക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തിന്റെ ശീർഷകത്തിലൂടെ എല്ലാവരെയും ഉദ്‌ബോധിപ്പിക്കുന്നു. എഫേസൂസിലെ സഭയ്‌ക്കെഴുതിയ ലേഖനം നാലാം അധ്യായം പതിനഞ്ചാം തിരുവചനമാണ്, സന്ദേശത്തിന്റെ മൂലവചനമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്. വചനം ഇപ്രകാരമാണ്: "പ്രത്യുത സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു." ഈ വചനത്തിന്റെ അർത്ഥവും, ലക്ഷ്യവും നിലനിർത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറയുന്നത്: "സ്നേഹത്തിലധിഷ്ഠിതമായ സത്യത്തിനനുസരിച്ച് ഹൃദയത്തിൽ നിന്നും സംസാരിക്കുക."
സ്നേഹത്തിന്റെ വിപ്ലവത്തിനാണ് പാപ്പാ ആഹ്വാനം നൽകുന്നത്. എന്നാൽ ഇതാ പ്രവൃത്തികൾ കൂടാതെയുള്ള സ്നേഹമല്ല, മറിച്ച് ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന സ്നേഹമാണ്. ഒരു പക്ഷെ സാഹിത്യമേഖലയിൽ അധികം പരിചയമുള്ള ഒരു പ്രയോഗമാണ്, ഹൃദയവും ഹൃദയവും തമ്മിലുള്ള ആശയവിനിമയം അല്ലെങ്കിൽ സംഭാഷണം. യുദ്ധങ്ങളും, ആക്രമണങ്ങളും, ഭയവും, ഭീകരതയും, സാംക്രമിക രോഗങ്ങളും, സാമ്പത്തിക അസമത്വങ്ങളും ഇന്ന് മനുഷ്യന് തന്റെ ജീവന്റെ അർഥം കണ്ടെത്തുവാൻ ഭീഷണി ഉയർത്തുമ്പോൾ, ഈ മുറിവുകളെല്ലാം ഉണക്കണമെങ്കിൽ, ഇപ്രകാരം ഹൃദയങ്ങൾ തമ്മിലുള്ള ഒരു ബന്ധം ഊട്ടിയുറപ്പിച്ചേ തീരൂ. ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നത്, 'ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ ഏറെ ആവശ്യമായത് മറ്റുള്ളവരെ കാണുവാനുള്ള ഒരു ഹൃദയമാണ്', എന്നാണ്. ഹൃദയത്തിന്റെ ദൃഷ്ടി നാം ഉറപ്പിച്ചെങ്കിൽ മാത്രമേ, സത്യം എന്താണെന്നു തിരിച്ചറിയുവാൻ നമുക്ക് സാധിക്കുകയുള്ളൂ, അല്ലെങ്കിൽ വ്യർത്ഥമായ വിധികളിൽ നാം നമ്മെത്തന്നെ ഒതുക്കിനിർത്തുന്നു. ഇത് നമ്മെ മായികപ്രപഞ്ചത്തിലേക്ക് നയിക്കുകയും, അവിടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചു മാത്രം നാം ജീവിക്കുകയും ചെയ്യുന്നു.
അതിനാൽ സ്നേഹത്തിലധിഷ്ഠിതമായി സത്യസന്ധമായ ഒരു ആശയവിനിമയം നടത്തുന്നതിന്, ഹൃദയഭാഷയെ ശുദ്ധീകരിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നുമാണ് അധരം സംസാരിക്കുന്നതെന്ന വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ വചനം ഓർമ്മിപ്പിച്ചുകൊണ്ട്, ശുദ്ധമായ ഹൃദയത്തോടെ കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ബാഹ്യമായ നേത്രങ്ങളുടെ പരിധിക്കുമപ്പുറം അപരനെ നമ്മുടെ ജീവിതത്തോട് ചേർത്തുനിർത്തുന്നതിനും, അവനെ പൂർണ്ണമായി മനസിലാക്കുവാനും നമുക്ക് സാധിക്കുകയുള്ളൂവെന്നു പാപ്പാ അടിവരയിടുന്നു. അതിനാൽ വിവേചനബുദ്ധിയോടെ ഹൃദ്യമായി ആശയവിനിമയം നടത്തുന്നതിന് പാപ്പാ തന്റെ സന്ദേശത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു.
എന്താണ് ഹൃദ്യമായ സംഭാഷണം കൊണ്ടർത്ഥമാക്കുന്നത്. അത് വാക്കുകൾക്കുമപ്പുറം ജീവിതത്തിന്റെ ആർദ്രതയാണ്. വേദനകൾ നിറഞ്ഞതും, ആശങ്കാകുലവുമായ ഈ ലോകത്ത് നമ്മുടെ സഹോദരങ്ങൾക്ക് നല്ല അയൽക്കാരനാകുവാനുള്ള വിളിയാണ് പാപ്പാ ഓർമ്മിപ്പിക്കുന്നത്. സന്തോഷത്തിലും ഭയത്തിലും പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലും അപരനു അവന്റെ സ്വാതന്ത്ര്യം ലംഘിക്കാതെ തന്നെ, അവന്റെ അന്തസ്സിനെ സംരക്ഷിച്ചുകൊണ്ട് പ്രദാനം ചെയ്യുന്ന കരുതലിനെയാണ് ഹൃദ്യമായ സംഭാഷണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ജീവിതത്തിന്റെ അർത്ഥം അതിന്റെ ആഴത്തിൽ, എല്ലാത്തരം ദുരിതങ്ങളെയും മറികടന്നുകൊണ്ട് കണ്ടെത്തുന്നതിന് മറ്റുള്ളവരെ സഹായിക്കുവാൻ, പാപ്പാ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിക്കുന്ന വചനം എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കൂടെ യാത്ര ചെയ്ത യേശുവിനെയും, അവസാനം അവരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തിയ യേശുവിന്റെ ആശീർവാദ വചനങ്ങളുമാണ്. നല്ല വാക്കുകൾ പറഞ്ഞു കൊണ്ട് , മറ്റുള്ളവരുടെ ജീവിതത്തിൽ ആശീർവാദം പകരുന്നതിനും, ആശീർവാദമാകുവാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമായിരിക്കുന്നത്.
ഹൃദയങ്ങളെയും ബന്ധങ്ങളെയും വിഷലിപ്തമാക്കുന്ന ക്രൂരതയ്ക്കുള്ള ഒരു യഥാർത്ഥ മറുമരുന്നായും സൗഹാർദ്ദപരമായ സംസാരത്തെ പാപ്പാ എടുത്തു കാണിക്കുന്നു. സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു ജനപ്രിയ അടയാളവും, സ്നേഹത്തിന്റെ ശക്തിയുമാണ് ഹൃദയം. പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ പറയുന്നത്, "ലോകത്തിലെ മനോഹാരിത സ്പർശിക്കുവാനോ, കാണുവാനോ, കേൾക്കുവാനോ പലപ്പോഴും സാധിക്കുകയില്ല, മറിച്ച് അവ ഹൃദയം കൊണ്ട് അനുഭവിക്കുക തന്നെ വേണം" എന്നാണ്. എല്ലാ നന്മകളും ഉത്ഭവിക്കുകയും കുടികൊള്ളുകയും ചെയ്യുന്ന ഉറവിടം എന്നുള്ള നിലയിൽ ലോകത്തിന് ആവശ്യമായ മഹത്തായ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള ശക്തമായ ഒരു ഉപകരണമായിട്ടാണ് ഹൃദയത്തെ പരിശുദ്ധ പിതാവ് എടുത്തു കാണിക്കുന്നത്.
കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസും, ഇപ്രകാരം ഹൃദയത്തിൽ നിന്നും രൂപപ്പെടേണ്ടുന്ന ആശയവിനിമയത്തിന്റെ പ്രാധാന്യം അടിവരയിട്ടിട്ടുണ്ട്. ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും വിശുദ്ധന്റെ ജീവിതത്തിൽ അദ്ദേഹം പാലിച്ചിരുന്ന, സൗമ്യമായ മനോഭാവം, മനുഷ്യത്വം, ക്ഷമയോടെ സംവദിക്കാനുള്ള കഴിവ്, കരുണ എന്നിവ അദ്ദേഹത്തെ മാധ്യമപ്രവർത്തകർക്ക് മാതൃകയാക്കി മാറ്റി. "ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു"എന്ന അദ്ദേഹത്തിന്റ വചനം, പിന്നീട് സഭയുടെ ചരിത്രത്തിൽ നിരവധിയാളുകൾക്ക് പ്രചോദനമായി മാറിയിട്ടുണ്ട്. അതിൽ ഒരാളാണ് പിൽക്കാലത്ത് വിശുദ്ധനായി മാറിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ. “Cor ad cor loquitur”, "നല്ലത് പറയാൻ നന്നായി സ്നേഹിച്ചാൽ മതി", ഈ വാക്കുകൾ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ഉൾപ്പെടുത്തിയതിന് ഒരു കാരണം, സ്നേഹത്തിന്റെ ശക്തിയാൽ ഹൃദയത്തിന്റെ ഭാഷയ്ക്ക് ഈ ലോകത്തെ കീഴടക്കാൻ സാധിക്കും എന്ന് ഇന്നത്തെ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണ്.
അതിനാൽ ആശയവിനിമയത്തിന്റെ മാനദണ്ഡം സ്‌നേഹവും, സത്യവും മാർഗം ഹൃദയവുമാണെന്നു പാപ്പാ എടുത്തു പറയുന്നു. സമൂഹ മാധ്യമങ്ങൾ വഴിയായി ആശയവിനിമയം പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഇത്തരത്തിൽ സത്യത്തിനു സാക്ഷ്യം വഹിക്കുന്ന ഒരു മാധ്യമപ്രവർത്തനത്തിനു പാപ്പാ ആഹ്വാനം നൽകുന്നു. ധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കൂടി സത്യം അന്വേഷിക്കുകയും പറയുകയും, അതേസമയം സംവേദനാത്മകവും ആക്രമണാത്മകവുമായ പദപ്രയോഗങ്ങൾ ഉപയോഗിക്കാനുള്ള പ്രലോഭനത്തെ നിരസിക്കുകയും ചെയ്യണമെന്നും മാധ്യമപ്രവർത്തകരെ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഒരുമിച്ചുനടക്കുവാനുള്ള ആഹ്വാനമാണ് ആത്യന്തികമായി പാപ്പാ നൽകുന്നത്. സഭയുടെ സിനഡൽ ശൈലി ഓരോ വ്യക്തിജീവിതത്തിലും പാലിക്കുവാൻ ശ്രദ്ധിക്കണമെന്നും ഈ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. മനുഷ്യഹൃദയത്തിനുള്ളിൽ നിന്നും യുദ്ധം ഉടലെടുക്കുന്നതുപോലെ, ഹൃദയത്തിൽ നിന്ന് തന്നെയാണ് പരിവർത്തനത്തിന്റെയും, സമാധാനത്തിന്റെയും ചിന്തകളും ഉടലെടുക്കുന്നത്. 2025 ജൂബിലി വർഷത്തിൽ പ്രത്യാശയിലേക്ക് ഈ ലോകം മുഴുവനെയും നയിക്കുന്നതിനായി, ഹൃദ്യമായ ആശയവിനിമയം പ്രാവർത്തികമാക്കുവാൻ പരിശുദ്ധ പിതാവിന്റെ ഈ ആഗോള സമൂഹമാധ്യമദിന സന്ദേശം നമ്മെ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: