തിന്മ ചെയ്യരുത്! വിധിക്കരുത്! ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുക!
ഫാ. പീറ്റർ ടാജീഷ് O de M.
സ്നേഹവും നീതിയും ഇഴ കലർത്തിയ ഒരു പുതിയ ജീവിതമാർഗമാണ് കർത്താവ് തന്റെ ശിഷ്യർക്ക് നൽകുന്നത്. എങ്ങനെ സ്നേഹിക്കണം എന്ന് മാത്രമല്ല എന്തിന് മറ്റൊരാളെ സ്നേഹിക്കണം എന്ന് ചോദ്യത്തിന്റെ ഉത്തരം കുടെയാണ് ഇന്നത്തെ സുവിശേഷം.
അറിയണം, സ്നേഹമെന്ന പാഠശാല തന്നെയാണ് ഒരാളെ നല്ല ക്രിസ്തു ശിഷ്യനാക്കി മാറ്റുന്നത്. ആ പാഠശാലയിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയും, ക്രിസ്തുസ്നേഹം ജീവിതം മുഴുവൻ വിന്യസിപ്പിച്ചുകൊണ്ട് ജീവിതത്തെ സാക്ഷ്യമാക്കി മുന്നോട്ടു പോകുമ്പോഴാണ് ഒരാൾ സ്നേഹമെന്ന പാഠശാലയിലെ നല്ലൊരു വിദ്യാർത്ഥിയാവുന്നത്.
സുവിശേഷം സമ്മാനിക്കുന്നത് ഈ ഒരു പാഠമാണ്. സാഹചര്യങ്ങളുടെ വ്യത്യസ്തതകൾക്ക് മുന്നിലും, ഇളകാത്ത ഒരു സ്നേഹം ഹൃദയത്തിൽ ഉണ്ടാവുക. അവസ്ഥകളും ജീവിത പരിസരങ്ങളും മനുഷ്യരും മാറി വന്നാലും ഒരാളുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ മാറ്റ് കുറയാതിരിക്കുക. ആ സ്നേഹം മിഴിവോടെയും അഴകോടും സമ്മാനിക്കുക.
മൂന്ന് കാര്യങ്ങൾ കർത്താവ് വ്യക്തമായിട്ട് പറയുന്നുണ്ട് കരണത്ത് അടിക്കുന്നവനോട് മറുകരണം കാണിച്ചു കൊടുക്കാൻ, മേലങ്കി ചോദിക്കുന്നവനോട് പുറം കുപ്പായം കൂടി കൊടുക്കാൻ, ഒരു മൈൽ നടക്കാൻ ആവശ്യപ്പെടുന്നവന്റെകൂടെ രണ്ടു മൈൽ നടക്കാൻ സന്നദ്ധത കാണിക്കുക.
അറിയണം ഈ മൂന്ന് കാര്യങ്ങളും സംഭവിക്കുന്നത് ഒരാൾ മുറിവേറ്റ് നിൽക്കുന്ന അവസ്ഥയിലാണ്. അതിനർത്ഥം ജീവിതസാഹചര്യങ്ങളും മനുഷ്യരും അടിമുടി ഒരാളെ മുറിവേൽപ്പിച്ചാലും, മുറിവേറ്റ ക്രിസ്തു ശിഷ്യനിൽ നിന്ന് പുറത്തേക്ക് വരേണ്ട ഭാവം സ്നേഹത്തിന്റെ സുവിശേഷം മാത്രമായിരിക്കണം.
അതുകൊണ്ടാണ് മുമ്പ് പറഞ്ഞതുപോലെ ക്രിസ്തുശിഷ്യനെ, സ്നേഹം അയാൾ ജീവിക്കുന്ന സാഹചര്യങ്ങളുമായിട്ടോ കണ്ടുമുട്ടുന്ന മനുഷ്യരുമായി ബന്ധപ്പെട്ടല്ല നിൽക്കുന്നത് മറിച്ച് ക്രിസ്തു ശിഷ്യന്റെ സ്നേഹം ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് അടിമുടി ക്രിസ്തുവായി മാറുന്ന അവസ്ഥയാണ്.
ഈ വചനഭാഗം യേശുവിന് ഉണ്ടായ ആബ അനുഭവത്തിന്റെ ബാക്കിപത്രമാണ് കാരണം ലൂക്കായുടെ സുവിശേഷം ആറാം അധ്യായം പന്ത്രണ്ടാം വാക്യം ക്രിസ്തുവിന്റെ അനുഭവത്തെ വ്യക്തമായിട്ട് കാണിച്ചു തരുന്നുണ്ട്. പ്രാർത്ഥനയിൽ നിന്നുണ്ടായ അനുഭവത്തിന് ശേഷം പന്ത്രണ്ടു ശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിലും, രോഗികളെ സുഖപ്പെടുത്തുന്നതിലും പ്രതിഫലിച്ചു. അതിനുശേഷം ദുരിതത്തിൽ സൗഭാഗ്യം കണ്ടെത്തിയ (6,20) വാക്യത്തിൽ യേശു സമൂഹത്തിലെ തിന്മകളെ പ്രവാചകശബ്ദത്തോടെ എതിർത്തു, നാലു ദുരിതങ്ങൾ പങ്കുവെച്ചുകൊണ്ട്. എന്നാൽ ആബ അനുഭവത്തിന്റെ ബലത്തിലാണ് ഇന്ന് നമ്മൾ കേൾക്കുന്ന വചനഭാഗം, അതായത് ശത്രുക്കളെ സ്നേഹിക്കുവാൻ ഒരുങ്ങിയിരിക്കുക എന്ന വചനഭാഗം ലൂക്ക സുവിശേഷകൻ പങ്കുവയ്ക്കുന്നത്.
യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നത് ആരാണോ അവരിൽ വീരോചിതമായ സ്നേഹം ഉടലെടുക്കണം എന്ന സന്ദേശം ഈ വാക്യത്തിലൂടെ കർത്താവ് ശിഷ്യർക്ക് നൽകുകയാണ്. മറ്റൊരാർത്ഥത്തിൽ അത്യുന്നതന്റെ പുത്രന്മാരാകണം 6, 35 മത്തെ വാക്യത്തിൽ അർത്ഥമാക്കുന്നത് ഒരു ക്രിസ്തു ശിഷ്യൻ മനുഷ്യരുടെ ഇടയിൽ ദൈവത്തിന്റെ ജീവൻ പ്രകാശിപ്പിക്കുന്നവൻ ആകണം എന്നാണ്.
ഓർക്കണം നാലു ദുരിതങ്ങൾ പ്രവചിച്ചതിനുശേഷമാണ് പിന്നീട് സമാന്തരമായ നാല് നിർദ്ദേശങ്ങളും ഈ സുവിശേഷത്തിൽ നൽകുന്നത്. നിർദ്ദേശങ്ങൾ ഇപ്രകാരമാണ് സ്നേഹിക്കുക, നന്മ ചെയ്യുക, അനുഗ്രഹിക്കുക, പ്രാർത്ഥിക്കുക.
ഇവയെല്ലാം ഒരു ക്രിസ്തു ശിഷ്യന്റെ സ്വഭാവസവിശേഷമായിട്ട് മാറണം കാരണം നന്മ ചെയ്യാനും, സ്നേഹിക്കാനും അനുഗ്രഹിക്കാനും പ്രാർത്ഥിക്കാനും ഒരുക്കമുള്ള ജീവിതമാണ് ക്രിസ്തീയ വിളി എന്ന ജീവിതം.
അതുകൊണ്ടുതന്നെ ജീവിതത്തിന്റെ കലുഷിതമായ അവസ്ഥകളിലും സന്ദർഭങ്ങളിലും മറ്റു മനുഷ്യർ മത്സരിച്ച മുറിപ്പെടുത്തുന്ന ഇടങ്ങളിലും ക്രിസ്തു ശിഷ്യൻ സ്നേഹിക്കാനും അനുഗ്രഹിക്കാനും പ്രാർത്ഥിക്കാനും നന്മ ചെയ്യാനും ഒരുങ്ങിയിരിക്കുക.
സ്നേഹം മനോഹരമാകുന്നത് മുറിവേൽപ്പിച്ച മനുഷ്യർക്കും കൂടി അത് നൽകാൻ ഒരുങ്ങുമ്പോഴാണ്. അതുകൊണ്ടുതന്നെ തന്റെ ശിഷ്യരെ ക്രിസ്തു ഒരുക്കുന്ന സമയങ്ങളിലെല്ലാം പരസ്പരം സ്നേഹിക്കുക എന്ന സ്നേഹത്തിന്റെ കൽപ്പന കൂടി കർത്താവ് അവർക്ക് നൽകിയിട്ടുമുണ്ട് കാരണം സ്നേഹമാണ് സുവിശേഷസാക്ഷ്യമായി മാറുന്നത്, ഒരാളുടെ ജീവിതത്തിൽ സുവിശേഷത്തെ അടയാളപ്പെടുത്തുന്നതും.
നന്മ ചെയ്യുക എന്നുള്ളത് ഉപവിയുടെ അത്യുന്നതമായ ക്രിയയാണ് കാരണം ദ്രോഹിച്ചവർക്ക് പോലും നന്മ ചെയ്യുമ്പോൾ ഓരോ നന്മയും ഉദ്ദേശം വെക്കുന്നത് അത് സ്വീകരിക്കുന്ന വ്യക്തിയുടെ വളർച്ചയ്ക്ക് കൂടിയാണ്. നിങ്ങൾ വെറുക്കുന്നവർക്കും, നിങ്ങളെ മുറിവേൽപ്പിക്കുന്നവർക്കും നന്മ ചെയ്യുക എന്ന് പറയുമ്പോൾ ഹൃദയത്തിൽ പോലും അവരോട് കളങ്കമില്ലാതെ, വെറുപ്പില്ലാതെ നിലനിൽക്കാൻ പഠിക്കണം എന്നതാണ് കർത്താവ് ഉദ്ദേശിക്കുന്നത്.
അനുഗ്രഹിക്കുക എന്ന പദത്തിന് പ്രാർത്ഥിക്കുക എന്നും കൂടെ അർത്ഥമുണ്ട്. ആർക്കാണ് നമ്മൾ അനുഗ്രഹം നൽകുന്നത് നമുക്ക് ഇഷ്ടപ്പെട്ട മനുഷ്യർ, നമ്മളോട് ഇണങ്ങിച്ചേർന്ന മനുഷ്യർ, പക്ഷേ സുവിശേഷത്തിന്റെ ഭാഷയിൽ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായിട്ട് മാറണം. തിന്മ ചെയ്യുന്നവരെ പോലും അനുഗ്രഹിക്കുവാൻ, അവർക്ക് നല്ലത് വരുത്തുവാൻ, പ്രാർത്ഥിക്കുവാൻ തയ്യാറാവുക എന്നുള്ളത് പ്രാർത്ഥനയാണ് അനുഗ്രഹം എന്ന പദം കൊണ്ടും കർത്താവ് ഉദ്ദേശിക്കുന്നത്.
ഒടുവിലായി മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന് പറയുമ്പോൾ ജീവിതം പ്രാർത്ഥനയാക്കി മാറ്റുക എന്നുള്ളതാണ്. അവിടെ കളങ്കമില്ല, വെറുപ്പില്ല, പകയില്ല മറിച്ച് പ്രാർത്ഥനയുടെ ഇടം എന്നുള്ളത് ദൈവ ഇടമാണ്. ആരാണോ പ്രാർത്ഥിക്കുന്നത് അയാളുടെ ഹൃദയത്തിൽ ദൈവം സ്ഥാനം പിടിക്കും. അയാളിൽ നിന്ന് പുറത്തേക്ക് വരുന്നത് ദൈവിക വചനങ്ങളും, ദൈവസ്വഭാവവും ദൈവ നന്മകളും മാത്രമായിരിക്കും അതുകൊണ്ടുതന്നെ പ്രാർത്ഥിക്കുക എന്ന പദത്തിന് അർത്ഥം പ്രാർത്ഥന ജീവിതമാക്കി മാറ്റുക എന്നുള്ളതും ജീവിതം പ്രാർത്ഥനയാക്കി മാറ്റുക എന്നുള്ളതുമാണ്.
അതുകൊണ്ടുതന്നെ ഈ നാല് കാര്യങ്ങളും കർത്താവ് ആവശ്യപ്പെടുമ്പോൾ അതൊരു ശിഷ്യന്റെ ജീവിതത്തെ ദൈവരാജ്യത്തിലേക്ക് ഉയർത്തുകയാണ് കാരണം ക്രിസ്തു ശിഷ്യൻ മണ്ണിൽ ചവിട്ടി നടക്കുമ്പോഴും സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി, സ്വർഗ്ഗത്തെ നോക്കി ജീവിക്കാൻ വിളിക്കപ്പെട്ട ഒരാളാണ്. ആ ഒരു അവസ്ഥയിൽ ഈ നാല് പുണ്യങ്ങളും അയാളെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്തിന് ഈ നാല് പുണ്യങ്ങൾ ജീവിക്കണമെന്ന് ചോദ്യത്തിന് നിങ്ങൾ ദൈവമക്കൾ ആണെന്നുള്ള ഉത്തരമാണ് അതിൽ സംജാതമാവുന്നതും. ഒടുവിലായി കർത്താവ് ഒരു സൗഭാഗ്യത്തെ കുറിച്ചും കൂടി പറയുന്നുണ്ട്, നിങ്ങൾ കൊടുക്കുന്നതുപോലെ നിങ്ങൾക്കും ലഭിക്കുമെന്നുള്ളത്. നാലു പുണ്യങ്ങളിലൂടെ ഒരാൾ ദൈവരാജ്യം ജീവിക്കുമ്പോൾ അയാളിലേക്ക് ചൊരിയപ്പെടുന്നതോ അയാൾ സ്വീകരിക്കപ്പെടുന്നതോ കർത്താവിന്റെ ദൈവരാജ്യത്തിലേക്കാണ്. അതുകൊണ്ടുതന്നെ ഈ പുണ്യങ്ങളുടെ അടിസ്ഥാന ഫലം എന്നുള്ളത് ഈ നാല് പുണ്യങ്ങൾ ജീവിക്കുന്ന ഒരാൾ സ്വർഗ്ഗത്തിലേക്ക് എത്തിച്ചേർന്നു, ദൈവമകനായിട്ട് മാറുന്നു എന്നതാണ്.
ഏതൊരു വിശ്വാസിയുടെയും ക്രിസ്തു ശിഷ്യന്റെയും ആത്യന്തികമായുള്ള ലക്ഷ്യം ദൈവരാജ്യം തന്നെയാണ്. നമ്മൾ എന്തിനു പുണ്യങ്ങൾ ജീവിക്കണം, എന്തിന് ക്രിസ്തു സാക്ഷിയാവണം എന്ന ചോദ്യത്തിന് ഉത്തരം ദൈവരാജ്യ പ്രവേശനത്തിന് വേണ്ടി മാത്രമാണ്. അതുകൊണ്ടുതന്നെ ഭൂമിയിൽ ദൈവരാജ്യം ജീവിച്ച ഒരാൾ സ്വർഗ്ഗത്തിലെ ദൈവരാജ്യത്തിന് ഉടമയായിട്ട് മാറും എന്ന് പറഞ്ഞുകൊണ്ടാണ് ഈ സുവിശേഷം അവസാനിക്കുന്നതും.
പ്രിയമുള്ളവരെ കർത്താവിന്റെ വരികൾക്ക് ചെവി കൊടുക്കാം. സ്നേഹം നമ്മളിൽ വളരട്ടെ. നന്മ ചെയ്യാനുള്ള സന്നദ്ധത നമ്മളിൽ ഉണ്ടാവട്ടെ. ജീവിതം അനുഗ്രഹമായി മാറട്ടെ, ഒടുവിലായി ജീവിതം പ്രാർത്ഥനയായി ആ പ്രാർത്ഥന സ്വർഗ്ഗരാജ്യത്തിലേക്ക് എത്തട്ടെ. ദൈവത്തിന് നമ്മൾ സ്വന്തമായി മാറുവോളം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: